2024 ഓഗസ്റ്റ് 15ന് പട്ടാമ്പി പരുതൂര്‍ സി.ഇ.യു.പി സ്കൂളിലേക്ക് നിരവധി മാധ്യമ പ്രവർത്തകരും നാട്ടുകാരുമാണ് ഇരച്ചെത്തിയത്. എല്ലാവരും അന്വേഷിച്ചത് ബീന ടീച്ചറെയായിരുന്നു. കാരണം ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയത് തീയേറ്റർ ആർട്ടിസ്റ്റും അധ്യാപികയുമായ ബീന. ആർ. ചന്ദ്രനായായിരുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ ഫലപ്രഖ്യാപന സമയത്ത് അത് വരെ ചർച്ചകളിലില്ലാതിരുന്ന ഒരാൾ പെട്ടെന്ന് എത്തി മികച്ച നടിക്കുള്ള പുരസ്കാരം ഉർവ്വശിയുമായി പങ്കുവെക്കുന്നു. അന്ന് മുതൽ ബീന ടീച്ചർ വാർത്തകളിൽ നിറയാൻ തുടങ്ങി. ഫാസിൽ റസാഖ് എന്ന നവാഗത സംവിധായകന്റെ തടവ് എന്ന ചിത്രത്തിനാണ് ബീന. ആർ. ചന്ദ്രന് അവാർഡ് ലഭിച്ചത്. 2023ൽ ഐഎഫ്എഫ്കെയിൽ റിലീസ് ചെയ്ത ചിത്രം 2025 ഫെബ്രുവരി 21ന് തീയേറ്ററുകളിലെത്തുകയാണ്. തന്റെ ആദ്യ സിനിമ പ്രേക്ഷകരിലേക്കെത്തുമ്പോൾ അതിന്റെ സന്തോഷം അഴിമുഖവുമായി പങ്കുവെക്കുകയാണ് ബീന. ആർ. ചന്ദ്രൻ.
സിനിമ തീയേറ്ററുകളിലേക്കെത്തുന്നു എന്ന് അറിയുമ്പോൾ തന്നെ ഒരുപാട് സന്തോഷമുണ്ട്. എന്റെ അഭിനയം എന്താണ് എന്ന് ആരും കണ്ടിരുന്നില്ല. കാരണം, ഞാൻ അഭിനയിച്ച സിനിമകളൊന്നും തന്നെ തീയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നില്ല. ആർട്ട് സിനിമകളായിരുന്നു ഞാൻ ചെയ്തിരുന്നത്. ഐഎഫ്എഫ്കെയിൽ സിനിമ കണ്ട എല്ലാവരും നല്ല അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ആദ്യ സിനിമ ഇത്രയും നാൾ തീയേറ്ററുകളിലെത്തിയില്ല എന്നോർത്ത് സങ്കടമുണ്ടായിരുന്നു. എന്നെ പരിചയമുള്ള എല്ലാവരും എന്നോട് എപ്പോഴാണ് റിലീസ് ചെയ്യുകയെന്ന് ചോദിക്കുമായിരുന്നു. ഇപ്പോഴാണ് അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിഞ്ഞത്. ഇത് എൻ്റെ നാടിൻ്റെ കൂടി സിനിമയാണ്. നാട്ടിലെ നിരവധി കലാകാരന്മാരെ ഒപ്പം കൂട്ടിയ സിനിമ തീയേറ്ററുകളിലെത്തുന്നതിൽ വളരെയധികം സന്തോഷമുണ്ട്.
സിനിമയുടെ ക്രൂ അവർക്ക് കഴിയുന്ന രീതിയിൽ പ്രൊമോഷനുകൾ ചെയ്യുന്നുണ്ട്. സ്കൂളിലെ അധ്യാപകർ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും പ്രൊമോഷനുകൾക്ക് വളരെയധികം സഹായിക്കുന്നുണ്ട്. അതേസമയം, താരപ്രഭയില്ലാത്തതിനാലും കൊമേഷ്യൽ സിനിമ അല്ലാത്തതിനാലും കുറേ പരിമിതികളുണ്ട്. ഇടക്കെപ്പോഴോ ജനങ്ങൾ എന്നെ മറന്നോ എന്ന് തോന്നലുണ്ടായെങ്കിലും ഇപ്പോൾ ആ ചിന്തയില്ല. സിനിമ കാണാൻ അവർ കാത്തിരിക്കുകയാണ് എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. പ്രേക്ഷകരുടെ മുന്നിലേക്ക് സിനിമ എത്താൻ കുറച്ച് വൈകി എന്ന് തോന്നുന്നുണ്ട്. പക്ഷേ എല്ലാത്തിനും അതിന്റേതായ സമയമുണ്ട് എന്നാണല്ലോ. കൃത്യ സമയത്ത് അത് നടന്നിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
തടവ് സിനിമയിലെ ഭാഗം
ഗീത എന്ന കഥാപാത്രം എനിക്ക് എന്നും ഏറെ പ്രിയപ്പെട്ടത് തന്നെയാണ്. സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരു സാധാരണ അംഗണവാടി ടീച്ചറാണ് ഗീത. നമ്മുടെ നാട്ടിൽ തന്നെ ഒരു അംഗണവാടി ടീച്ചർക്ക് ലഭിക്കുന്ന വരുമാനം എന്തെന്ന് നമുക്ക് അറിയാവുന്നതാണ്. അവർ ചെയ്യുന്ന ജോലിക്ക് അർഹമായ ശമ്പളമല്ല അവർക്ക് ലഭിക്കുന്നത്. അവരുടെ അവസ്ഥയുടെ ഒരു പ്രതിഫലനം കൂടിയാണ് ഗീത. മാനസിക സംഘർഷങ്ങളിലൂടെയും സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോകുന്നുണ്ടെങ്കിലും ഗീത മനക്കട്ടിയുള്ള ശക്തയായ ഒരു സ്ത്രീയാണ്. ഈ കഥയിൽ അവർക്ക് നേരിടേണ്ടി വരുന്ന ഒരു തടവുണ്ട്. എന്നാൽ ആ തടവിലും അവർ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ്. പ്രതിസന്ധികളിൽ തളരാതെ എപ്പോഴും നമ്മുടെ നിലപാടുകളിൽ ഉറച്ചുനിൽക്കണം എന്ന് കൂടി ഗീത എന്ന കഥാപാത്രം ഓർമിപ്പിക്കുന്നു. സുഹൃത്ത് ബന്ധത്തിന്റെ ശക്തിയും തടവിൽ ഒരു പ്രധാന ഘടകമായി പറയുന്നുണ്ട്. സിനിമയിൽ ഗീതയും ഉമയും സുബ്രമണ്യനും തമ്മിലുള്ള സൗഹൃദത്തിൻ്റെ ആഴം കാണിക്കുന്നുണ്ട്. സൗഹൃദം മുന്നോട്ട് കൊണ്ടുപോകാൻ പ്രായം ഒരു പ്രശ്നമല്ല എന്ന് കൂടി തടവ് വ്യക്തമാക്കുന്നു.
ഞാനൊരു അധ്യാപികയായതു കൊണ്ട് തന്നെ കൂടുതൽ സമയവും ഇടപഴകുന്നത് കുട്ടികളുമായിട്ടാണ്. ഈ സിനിമയിൽ അതെനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് അധ്യാപികയോടുള്ള സ്നേഹം കൃത്രിമത്വം ഇല്ലാതെ പ്രകടിപ്പിക്കാൻ കഴിയണം. പഠിപ്പിക്കുന്നതിന്റെ സീനുകൾ അധികം ഇല്ലെങ്കിൽ കൂടി പെട്ടെന്ന് തന്നെ ചെറിയ കുട്ടികളെ കൈയ്യിലെടുക്കാൻ എനിക്ക് കഴിഞ്ഞു. ഞാനൊരു തീയേറ്റർ ആർട്ടിസ്റ്റ് കൂടി ആയതിനാൽ ക്യാമറയുടെ മുന്നിൽ അവതരിപ്പിക്കാനും എനിക്ക് ബുദ്ധിമുട്ടുണ്ടായില്ല. സ്കൂളിലെ കുട്ടികളുടെ നാടക കളരി കുറച്ച് കാലമായി കൊണ്ട് പോകുന്നത് ഞാനും ഈ സിനിമയിൽ ഉമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനിത ടീച്ചറും കൂടിയാണ്. അതിന്റെ ഒരു ആത്മവിശ്വാസവും എനിക്കുണ്ടായിരുന്നു.
ഞാൻ പഠിപ്പിക്കുന്നത് യു.പി വിഭാഗം കുട്ടികളെയാണ്. സ്റ്റേറ്റ് അവാർഡിന്റെ വലിപ്പം എന്താണെന്ന് മനസിലാക്കാനുള്ള പ്രായം അവർക്ക് ആയിട്ടില്ല. പക്ഷേ സ്കൂളിലെ എല്ലാവരും എന്നെ അനുമോദിക്കുന്നത് കണ്ടപ്പോൾ അവരും നിറഞ്ഞ മനസോടെ അതിൽ പങ്കുചേരുകയായിരുന്നു. സ്റ്റേറ്റ് അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഒരു ആരവമായിരുന്നു സ്കൂളിൽ ഉണ്ടായത്. സ്കൂളിൽ കലാപ്രവർത്തനങ്ങളിൽ എല്ലാം തന്നെ ഞാൻ ഒപ്പം ഉണ്ടായിരുന്നു. പാഠഭാഗങ്ങൾ പഠിപ്പിക്കുമ്പോൾ പോലും ഞാൻ അവർക്ക് അഭിനയിച്ച് കാണിക്കാറുണ്ട്. കുഞ്ഞ് മക്കളാണെങ്കിലും അവർക്ക് അറിയാം ടീച്ചറിന് കലയുമായി ബന്ധമുണ്ടെന്ന്. അതുകൊണ്ടു തന്നെ ടീച്ചർക്ക് അവാർഡ് ലഭിക്കാൻ വൈകിപ്പോയി എന്നാണ് അവർ പറഞ്ഞത്. ഒരു അധ്യാപിക എന്ന നിലക്ക് എനിക്ക് ലഭിച്ച വലിയൊരു അംഗീകാരമായിട്ടാണ് ഞാൻ അവരുടെ വാക്കുകളെ കാണുന്നത്.
ആലുവ യു സി കോളേജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദമെടുത്ത കുട്ടിയാണ് ഫാസിൽ. സിനിമ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ചെറുപ്പക്കാരായ കുട്ടികൾ ചെറിയ ഹ്രസ്വ ചിത്രങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്തും മറ്റും പഠിച്ച ശേഷം അതിര് എന്ന ഷോർട്ട് ഫിലിമെടുക്കാൻ എന്റെ നാട്ടിലേക്ക് വരികയായിരുന്നു. ശേഷം എന്നെ പരിചയപ്പെടുകയും അതിരിലേക്ക് കാസ്റ്റ് ചെയ്യുകയുമായിരുന്നു. വളരെ അച്ചടക്കമുള്ള ഒരു ക്രൂ ആയിരുന്നു ഇവരുടേത്. സമയം വെറുതെ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാളാണ് ഞാൻ. സിനിമയിൽ പലപ്പോഴും അതിന് വീഴ്ച പറ്റാറുണ്ട്. എന്നാൽ ഫാസിലുമായി വർക്ക് ചെയ്യുമ്പോൾ എനിക്ക് അത് അനുഭവപ്പെടാറില്ല. കൃത്യമായി സമയം ക്രമീകരിച്ചാണ് അംഗങ്ങളെല്ലാവരും പ്രവർത്തിക്കുന്നത്. അതിര്, പിറ എന്നീ രണ്ട് ഹ്രസ്വ ചിത്രങ്ങളും കഴിഞ്ഞതിന് ശേഷമാണ് എന്നെ കേന്ദ്ര കഥാപാത്രമാക്കി, എല്ലാ വികാരങ്ങളും അവതരിപ്പിക്കാൻ സാധിക്കുന്ന ഒരു സിനിമ ചെയ്യണമെന്ന് ഫാസിൽ എന്നോട് പറയുന്നത്.
തടവ് സിനിമയിലെ ഭാഗം
എന്നാൽ ഇതിന്റെ തിരക്കഥ എന്റെ കൈയ്യിൽ കിട്ടിയപ്പോൾ വലിയൊരു ഉത്തരവാദിത്തമാണ് എന്നിലേക്ക് എത്തിയതെന്ന് തോന്നി. സിനിമ മോഹിച്ച് നടന്ന ഒരാൾക്ക് ആദ്യ സിനിമയിൽ തന്നെ കേന്ദ്ര കഥാപാത്രമായി അഭിനയിക്കാൻ അവസരം ലഭിക്കുകയും ചെയ്യുമ്പോൾ എന്റെ പ്രശ്നം കൊണ്ട് സിനിമ പാളി പോകരുതല്ലോ? ഏത് ഇമോഷനായാലും ഏത് അളവിൽ ചെയ്താൽ ശരിയാകുമെന്ന് ഫാസിൽ കൃത്യമായി പറഞ്ഞു തന്നിരുന്നു. ഈയൊരു കഥാപാത്രത്തിന്റെ വളരെ ചെറിയൊരു അംശം എന്നിലുമുണ്ട്. പെട്ടെന്ന് വികാരങ്ങൾ വരുന്ന ഒരാളാണ് ഞാൻ .സന്തോഷം വന്നാൽ ഞാൻ ഒരുപാട് സന്തോഷിക്കുകയും ചെറിയ കാര്യങ്ങളിൽ പോലും പെട്ടെന്ന് സങ്കടപ്പെടുകയും ചെയ്യും.
ഞാനിപ്പോൾ ഒരു ഏകപാത്ര നാടകം ചെയ്തുകൊണ്ടിരിക്കുകയാണ്. മാധവിക്കുട്ടിയുടെ വേനലിന്റെ ഒഴിവ് എന്നൊരു കഥ അഞ്ചാം ക്ലാസിലെ പാഠപുസ്കത്തിലുണ്ടായിരുന്നു. അത് പഠിപ്പിച്ച് കൊണ്ടിരിക്കുമ്പോൾ ഇത് നാടകമായി അവതരിപ്പിച്ചാൽ എങ്ങനെയുണ്ടാകും എന്നൊരു തോന്നലുണ്ടായി. അങ്ങനെ നാടക സംഘങ്ങളോട് സംസാരിക്കുകയും അതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. അവാർഡ് പ്രഖ്യാപനത്തിന്റെ മുൻപ് തന്നെ ഒറ്റഞാവൽമരം എന്ന നാടകം ഞാൻ ചിട്ടപ്പെടുത്തിയിരുന്നു.
തടവ് സിനിമയിലെ ഭാഗം
ഉമാ ദാസ്ഗുപ്ത എന്ന അഭിനയത്രി പഥേർ പാഞ്ചാലി മാത്രം ചെയ്ത ഒരാളാണ്. അവർ ഒരു അധ്യാപികയാണ്. പഥേർ പാഞ്ചാലിക്ക് ശേഷം അവർ സിനിമയിൽ അഭിനയിച്ചിട്ടില്ല എന്നാണ് ഞാൻ വായിച്ചറിഞ്ഞിട്ടുള്ളത്. ചിലപ്പോൾ തടവ് എന്നൊരു ചിത്രം മാത്രമായി ബീന. ആർ. ചന്ദ്രൻ ഒതുങ്ങി പോകാം. ഇനിയൊരു സിനിമ ജീവിതത്തിൽ സംഭവിച്ചില്ലെങ്കിൽ കൂടി എനിക്ക് പരിഭവമില്ല. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന അഭിനയം എന്ന കലയിൽ എവിടെയെങ്കിലും എന്റെ പേര് അടയാളപ്പെടുത്താൻ എനിക്ക് കഴിഞ്ഞല്ലോ. അതിൽ സന്തോഷമുണ്ട്. ഇനിയും സിനിമയിൽ അവസരം ലഭിച്ചാൽ എത്ര ചെറിയ വേഷമാണെങ്കിൽ കൂടി എന്റെ കഴിവിന്റെ പരമാവധി അതിനോട് നീതി പുലർത്തുക തന്നെ ചെയ്യും.
Content Summary: An interview with Tadavu movie actress, state award winner Beena. R. Chandran
Tadavu movie Beena. R. Chandran