അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ (എ.ജി.സി.എൽ) രണ്ട് ജലവൈദ്യുതി പദ്ധതികൾ ഉപേക്ഷിച്ചതായി ആന്ധ്രപ്രദേശ് സർക്കാർ തിങ്കളാഴ്ച അറിയിച്ചു. 1200 മെഗാവാട്ടിന്റെ കുറുകുറ്റി പദ്ധതിയും 1000 മെഗാവാട്ടിന്റെ കാരിവലാസ പദ്ധതിയുമാണ് ഉപേക്ഷിക്കുന്നതെന്ന് ആന്ധ്ര ചീഫ് സെക്രട്ടറി കെ.വിജയാനന്ദ് സർക്കാർ ഉത്തരവിലൂടെ അറിയിച്ചു. ആന്ധപ്രദേശും ഒഡിഷയുമായുള്ള അതിർത്തി പ്രശ്‌നങ്ങളെ തുടർന്ന് അദാനി ഗ്രീൻ എനർജി തന്നെ പദ്ധതിയിൽ നിന്ന് പിൻമാറുന്നുവെന്ന് അറിയിച്ചതിനെ തുടർന്നാണ് സർക്കാരിന്റെ തീരുമാനം.
എജിസിഎല്ലിന്റെ പദ്ധതി നിർദ്ദേശങ്ങൾ പരിശോധിക്കുകയും ഇതുമായി ബന്ധപ്പെട്ട വിവിധ തത്പരകക്ഷികളുമായി കൂടിയാലോചിക്കുകയും ചെയ്തതിന് ശേഷം പാർവതീപുരം മാന്യം ജില്ലയിലുള്ള കുറുകുറ്റി, കാരിവിലാസ ജലവൈദ്യുതി പദ്ധതികൾ വേണ്ടന്ന് വയ്ക്കാൻ തീരുമാനമായി- ചീഫ് സെക്രട്ടറി വ്യക്തമാക്കി.
ആന്ധ്രയിൽ ഭരണം നടത്തിയിരുന്ന വൈ.എസ്.ആർ.കോൺഗ്രസ് പാർട്ടിയുടെ സർക്കാരിന്റെ കാലത്ത്, 2022 ജൂൺ 29നാണ്, എ.ജി.ഇ.എല്ലിന് ഈ രണ്ട് പദ്ധതികൾ ആരംഭിക്കാൻ അനുമതി നൽകിയത്. ആന്ധ്രപ്രദേശിന്റെ പാരമ്പര്യേതര ഊർജ്ജ വികസന കോർപറേഷൻ (എൻ.ആർ.ഇ.ഡി.സി.എ.പി) സാധ്യത പഠനം നടത്താനുള്ള ഉത്തരവാദിത്തമേറ്റെടുത്തു. അതേസമയം സർവ്വേകളും അന്വേഷണങ്ങളും നടത്തുന്നതിന്റെ ഉത്തരവാദിത്തം എ.ജി.ഇ.എൽ തന്നെയാണ് നിർവ്വഹിച്ചിരുന്നത്. 2024 സെപ്തംബർ 12ന് തന്നെ എ.ജി.ഇ.എൽ ഈ രണ്ട് പദ്ധതികളും റദ്ദാക്കാൻ അപേക്ഷ നൽകിയിരുന്നു. ഒഡിഷയും ആന്ധപ്രദേശും തമ്മിലുള്ള അതിർത്തി തർക്കങ്ങളാണ് ഇതിന് കാരണമായി കാണിച്ചത്. ഇതിനായി സർക്കാരിലേയക്ക് എ.ജി.ഇ.എൽ അടച്ച പണം തിരികെ വേണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ അദാനി ഗ്രീൻ പവർ തന്നെ ആന്ധ്രയിൽ നടത്തുന്ന 1000 മെഗാവാട്ടിന്റെ പെടകോട്ട ജനവൈദ്യുതി പദ്ധതിയുടേയോ 600 മെഗാവാട്ടിന്റെ റൈവാഡ ജലവൈദ്യുതി പദ്ധതിയുടേയും കണക്കിലേയ്ക്ക് ഈ പണം മാറ്റണമെന്നും അവർ സർക്കാരിനോട് ആവശ്യപ്പെട്ടു.
പദ്ധതിക്ക് വേണ്ട സർവ്വേ പൂർത്തിയാക്കാൻ സാധിക്കുന്നില്ല എന്ന് എൻ.ആർ.ഇ.ഡി.സി.എ.പിയും റിപ്പോർട്ട് നൽകി. അതോടെ അദാനി കോർപറേഷന് ആന്ധപ്രദേശ് ക്ലീൻ ചിറ്റും നൽകി. എ.ജി.ഇ.എല്ലിന്റെ ഭാഗത്ത് നിന്ന് യാതൊരു പിഴവുകളും സംഭവിച്ചിട്ടില്ല എന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്.
Content Summary: Andhra Pradesh government cancels two Adani power projects
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.