June 18, 2025 |
Share on

ആഞ്ജലീന ജോളി -ബ്രാഡ് പിറ്റ് വിവാഹമോചനം; നിയമയുദ്ധം എട്ട് വർഷം നീളാൻ കാരണമെന്ത്?

പല സെലിബ്രിറ്റികളും പെട്ടെന്ന് വിവാഹമോചനം നേടാൻ ശ്രമിക്കുന്ന കാലത്ത് ഇത്രയും വർഷം നീണ്ട വിവാഹമോചനം ശ്രദ്ധേയമാണെന്ന് അഭിഭാഷകൻ ക്രിസ് മെൽച്ചർ

എ ലിസ്റ്റ് സെലിബ്രിറ്റി ദമ്പതിമാരായ ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും നിയമപരമായി വിവാഹ മോചിതരായി എന്ന വാർത്തയാണ് സോഷ്യൽ മീഡിയകളിലും മാധ്യമങ്ങളിലും ഇപ്പോൾ നിറഞ്ഞ് നിൽക്കുന്നത്. വിവാഹമോചന പ്രഖ്യാപനം നടത്തി എട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും നിയമപരമായി വേർപിരിഞ്ഞത്. 2024 ഡിസംബർ 30 നാണ് ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വിവാഹ മോചന കരാറിൽ ഒപ്പ് വെച്ചത്. എന്തുകൊണ്ടാണ് താര ദമ്പതികളുടെ വിവാഹമോചനം നടക്കാൻ ഇത്രയും വർഷമെടുത്തതെന്നാണ് ചർച്ചാ വിഷയം. Angelina Jolie-Brad Pitt Divorce

വളരെയധികം സങ്കീർണതകൾ നിറഞ്ഞ ഒരു വിവാഹമോചനമായിരുന്നു ആഞ്ജലീന ജോളിയുടേയും ബ്രാഡ് പിറ്റിന്റേതും. ഇരുവരുടേയും കുട്ടികളേയും താരങ്ങൾ ഒരുമിച്ച് വാങ്ങിയ മുന്തിരിത്തോട്ടത്തിന്റേയും പേരിൽ കടുത്ത നിയമ തർക്കങ്ങൾ നിലനിന്നിരുന്നുവെന്നും ഇനിയും അതിൽ ഒത്തുതീർപ്പാക്കാൻ നിരവധി കാര്യങ്ങളുണ്ടെന്നും സെലിബ്രിറ്റി അഭിഭാഷകൻ ക്രിസ് മെൽച്ചർ പറഞ്ഞു. പല സെലിബ്രിറ്റികളും വളരെ പെട്ടെന്ന് വിവാഹമോചനം നേടാൻ ശ്രമിക്കുന്ന കാലത്താണ് ഇത്രയും വർഷം നീണ്ട വിവാഹമോചനം എന്നത് ശ്രദ്ധേയമാണെന്നും ക്രിസ് മെൽച്ചർ കൂട്ടിച്ചേർത്തു.

2005ൽ പുറത്തിറങ്ങിയ മിസ്റ്റർ ആന്റ് മിസിസ് സ്മിത്തിന്റെ സെറ്റിൽ വെച്ചാണ് ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും പ്രണയത്തിലാകുന്നത്. മിസ്റ്റർ ആന്റ് മിസിസ് സ്മിത്ത് സിനിമ കാരണമാണ് പല ഭ്രാന്തമായ കാര്യങ്ങൾ ഒരുമിച്ച് ചെയ്യാൻ കഴിഞ്ഞതെന്നും ഞങ്ങൾ തമ്മിൽ വിചിത്രമായ ഒരു സൗഹൃദവും ബന്ധവും പെട്ടെന്ന് ഉണ്ടായിയെന്നും 2007ൽ വോ​ഗിന് നൽകിയ അഭിമുഖത്തിൽ ആഞ്ജലീന ജോളി പറഞ്ഞിരുന്നു.

വിവാഹത്തിന് മുൻപ് ഇരുവരും നേരത്തെ വിവാഹം കഴിച്ചിരുന്നു. ഫ്രണ്ട്സ് ടെലിവിഷൻ ഷോ താരം ജെന്നിഫർ ആനിസ്റ്റണെയായിരുന്നു ബ്രാഡ് പിറ്റ് ആദ്യം വിവാഹം കഴിച്ചിരുന്നത്. ആഞ്ജലീന ജോളി താരങ്ങളായ ജോണി ലീ മില്ലറിനെയും ബില്ലി ബോബ് തോൺടണിനെയും വിവാഹം കഴിച്ചിരുന്നു. 2014ലാണ് ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വിവാഹിതരാകുന്നത്. ഇരുവർക്കും ആറ് കുട്ടികളാണുള്ളത്. മൂന്ന് കുട്ടികളെ ഇരുവരും ചേർന്ന് ദത്തെടുക്കുകയായിരുന്നു.

ആഞ്ജലീന ജോളി സംവിധാനം ചെയ്ത ബൈ ദ സീ എന്ന ചിത്രത്തിന്റെ ഭാ​ഗമായി 2015ലാണ് ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും അവസാനമായി ഒരുമിച്ച് റെഡ് കാർപ്പറ്റിൽ പ്രത്യക്ഷപ്പെട്ടത്. മറ്റേത് ദമ്പതികൾക്കിടയിലുള്ള പ്രശ്നങ്ങൾ മാത്രമേ ഞങ്ങൾക്കിടയിലുള്ളുവെന്ന് സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിൽ ആഞ്ജലീന ജോളി പറഞ്ഞിരുന്നു. എന്നാൽ 2016 സെപ്റ്റംബറിൽ ആഞ്ജലീന ജോളി വിവാഹമോചനം ഫയൽ ചെയ്തത് എല്ലാവർക്കിടയിലും ഞെട്ടലുണ്ടാക്കിയിരുന്നു.

ഫ്രാൻസിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള വിമാനയാത്രക്കിടെ തങ്ങളുടെ 15 വയസുള്ള മകൻ മഡോക്സിനെ ബ്രാഡ് പിറ്റ് മർദ്ദിച്ചതായി ആരോപണം ഉയർന്നിരുന്നു. എന്നാൽ ആരോപണത്തെ ബ്രാഡ് പിറ്റ് നിഷേധിക്കുകയാണുണ്ടായത്. തുടർന്ന് 2022ൽ ഇരുവരുടേയും മുന്തിരിത്തോട്ടവുമായി ബന്ധപ്പെട്ട തർക്കത്തിൽ, വിമാനയാത്രക്കിടെ തന്നെയും രണ്ട് കുട്ടികളെയും മദ്യപിച്ച് ബ്രാഡ് പിറ്റ് മർദ്ദിച്ചിരുന്നുവെന്ന് ആഞ്ജലീന ജോളി പറഞ്ഞു. തന്റെ കുടുംബത്തിന്റെ നല്ലതിന് വേണ്ടിയാണ് ബ്രാഡ് പിറ്റുമായുള്ള വിവാഹബന്ധം ഉപേക്ഷിച്ചതെന്ന് പിന്നീട് ആഞ്ജലീന ജോളി പറഞ്ഞിരുന്നു.

കുട്ടികളുടെ കസ്റ്റഡി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പിന്നീട് ഇരുവരും തമ്മിലുള്ള നിയമയുദ്ധം. 2019 ൽ ദമ്പതികൾ ഒരുമിച്ച് കഴിയേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചുവെങ്കിലും വിവാഹമോചനം പൂർണ്ണമായിട്ടില്ലെന്ന് വിധിച്ചിരുന്നു. 2021ൽ പിറ്റിന് സംയുക്ത കസ്റ്റഡി ലഭിച്ചിരുന്നു. എന്നാൽ അഭിഭാഷകരുമായുള്ള പിറ്റിൻ്റെ ബിസിനസ്സ് ബന്ധം വെളിപ്പെടുത്താത്തതിനെ തുടർന്ന് അത് നീക്കം ചെയ്യുകയായിരുന്നു. ഇരുവരും ഒന്നിച്ച് വാങ്ങിയ മുന്തിരിത്തോട്ടവുമായി ബന്ധപ്പെട്ട തർക്കമായിരുന്നു പിന്നീട് നടന്നത്.

2008ലാണ് ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും ചാറ്റോ മിറാവൽ വാങ്ങിയത്. 2014 ൽ അവിടെ വെച്ച് തന്നെ വിവാഹിതരായി. പിറ്റിൻ്റെ വ്യവഹാര പ്രകാരം ജോളി തൻ്റെ ഓഹരി ഒരു റഷ്യൻ പ്രഭുക്കന്മാരുടെ സ്പിരിറ്റ് കമ്പനിക്ക് വിറ്റിരുന്നു. എന്നാൽ, തന്റെ അനുമതിയില്ലാതെയാണ് ഓഹരികൾ വിറ്റതെന്ന് ബ്രാഡ് പിറ്റ് ആരോപിച്ചു. വിഷയത്തിൽ ആഞ്ജലീന ജോളി ഇതുവരെയും പ്രതികരിച്ചിട്ടില്ല. Angelina Jolie-Brad Pitt Divorce

Content Summary: Angelina Jolie-Brad Pitt Divorce; What caused the legal battle to last eight years?

Angelina Jolie-Brad Pitt Divorce Angelina Jolie film 

Leave a Reply

Your email address will not be published. Required fields are marked *

×