ഇന്ത്യയുടെ ശാസ്ത്ര ഗവേഷണ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള ശാസ്ത്രജ്ഞയാണ് പീരുമേട് സ്വദേശിയായ അന്ന മാണി. ഇന്ത്യന്‍ മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്‌റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായിരുന്നു. സോളാര്‍ റേഡിയേഷന്‍, ഓസോണ്‍, എനര്‍ജി ഇന്‍സ്ട്രുമെന്‌റേഷന്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഓസോണ്‍ പാളി സംബന്ധിച്ച് അന്ന മാണിയുടെ നേതൃത്വത്തില്‍ നടന്ന പഠനം ഇന്ത്യക്ക് ഏറെ വിശ്വസനീയമായ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ സഹായകമായി. അന്താരാഷ്ട്ര ഓസോണ്‍ കമ്മീഷനില്‍ അംഗമായിരുന്നു.
1913ല്‍ തിരുവിതാംകൂറിന്‌റ ഭാഗമായിരുന്ന പീരുമേട്ടിലെ ഒരു സമ്പന്ന കുടുംബത്തിലാണ് അന്ന മാണിയുടെ ജനനം. അച്ഛന്‍ അറിയപ്പെടുന്ന ഒരു സിവില്‍ എഞ്ചിനിയറായിരുന്നു. എന്നാല്‍ കുടുംബത്തില്‍ ആണ്‍കുട്ടികളെ മാത്രമാണ് ഉന്നതപഠനത്തിന് അയച്ചിരുന്നത്. അന്ന മാണി ഇതില്‍ നിന്നെല്ലാം വഴി മാറി നടന്നു. കൗമാര പ്രായത്തില്‍ തന്നെ വിവാഹിതരായ സഹോദരിമാരില്‍ നിന്ന് വ്യത്യസ്തയായി അന്ന ഉന്നത പഠനത്തിലേയ്ക്ക് കടന്നു. വളരെ ചെറുപ്പത്തില്‍ തന്നെ നല്ലൊരു വായനക്കാരിയായി. 1925ല്‍ വൈക്കം സത്യാഗ്രത്തിന് പിന്തുണയുമായി എംകെ ഗാന്ധി വൈക്കത്തെത്തി. 12 വയസ് പ്രായമുണ്ടായിരുന്ന അന്ന, അന്നത്തെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി ശ്രദ്ധിച്ചിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ ദേശീയ പ്രസ്ഥാനത്തോടും ഗാന്ധിസത്തോടും ഖദര്‍ ഉപയോഗത്തോടും അന്നയ്ക്ക് താല്‍പര്യമുണ്ടായിരുന്നു.
മെഡിസിന് പഠിക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും അത് നടക്കാതെ വന്നപ്പോള്‍ ഫിസിക്‌സ് തിരഞ്ഞെടുത്തു. മദ്രാസ് പ്രസിഡന്‍സി കോളേജില്‍ ഫിസിക്‌സ് ഓണേഴ്‌സാണ് തിരഞ്ഞെടുത്തത്. 1939ല്‍ ബിരുദ പഠന പൂര്‍ത്തിയാക്കി. 1940 ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ തുടര്‍പഠനത്തിന് സ്‌കോളര്‍ഷിപ്പ് നേടി. സിവി രാമന്‌റെ ലബോറട്ടറിയിലാണ് അന്ന പ്രവര്‍ത്തിച്ചത്. വജ്രങ്ങളും റൂബികളുമായി ബന്ധപ്പെട്ട പ്രകാശ തരംഗദൈര്‍ഘ്യ പഠനമാണ് ആദ്യ ഘട്ടത്തില്‍ അന്ന നടത്തിയത്. അക്കാലത്ത് സിവി രാമന്‌റെ ലബോറട്ടറിയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള 300ഓളം തരം വജ്രങ്ങളുടെ ശേഖരമുണ്ടായിരുന്നു. ഫ്ലൂറസെന്‍സിനെക്കുറിച്ചു മറ്റുമൊക്കെ അന്ന പഠിച്ചു. പലപ്പോഴും 15 മണിക്കൂറിലധികം നീണ്ടു നില്‍ക്കുന്ന പരീക്ഷണങ്ങള്‍.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബംഗളൂരു
1942നും 1945നും ഇടയ്ക്ക് ഡയമണ്ടിന്‌റേയും റൂബിയുടേയും പ്രകാശകിരണം സംബന്ധിച്ചുള്ള ഏഴ് പേപ്പറുകള്‍ അന്ന പ്രസിദ്ധീകരിച്ചു. 1945ല്‍ മദ്രാസ് സര്‍വകലാശാലയില്‍ പിഎച്ച്ഡി തീസിസ് പൂര്‍ത്തിയാക്കി സമര്‍പ്പിച്ചു. ഇംഗ്ലണ്ടില്‍ തുടര്‍പഠനത്തിനായി സ്‌കോളര്‍ഷിപ്പ് ലഭിച്ചു. എന്നാല്‍ ശാസ്ത്രപഠന കേന്ദ്രങ്ങളിലും കടുത്ത ലിംഗവിവേചനമുണ്ടായിരുന്നു. പരീക്ഷണങ്ങളില്‍ അന്നയടക്കമുള്ള സ്ത്രീകളുടെ ഭാഗത്ത് നിന്ന് ചെറിയ തെറ്റുകള്‍ സംഭവിക്കുമ്പോള്‍ പോലും സഹപ്രവര്‍ത്തകരായ പുരുഷന്മാര്‍ അതിനെ സ്ത്രീകളുടെ കഴിവില്ലായ്മയായാണ് ചിത്രീകരിച്ചിരുന്നത്. എം എസ് സി ബിരുദമില്ലെന്ന് ചൂണ്ടിക്കാട്ടി പിഎച്ച്ഡി നിഷേധിക്കപ്പെട്ടു. എന്നാല്‍ ഫിസിക്‌സ്, കെമിസ്ട്രി ഓണേഴ്‌സുകളും ഈ ബിരുദങ്ങളുടെ അടിസ്ഥാനത്തിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്രിറ്റിയൂട്ട് ഓഫ് സയന്‍സിന്‌റെ സ്‌കോളര്‍ഷിപ്പും പരിഗണിച്ച് ഈ തീരുമാനം പുനപരിശോധിക്കുന്നതിനെ കുറിച്ച് ആലോചിക്കാനിടയാക്കിയെങ്കിലും അന്ന മാണിക്ക് ഒരിക്കലും പിഎച്ച്ഡി ലഭിച്ചില്ല. അന്ന മാണിയുടെ പൂര്‍ത്തിയാക്കിയ ഡെസര്‍ട്ടേഷന്‍, രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലൈബ്രറിയില്‍ ഇപ്പോഴുമുണ്ട്.
എന്നാല്‍ പിഎച്ച്ഡി കിട്ടാത്തതൊന്നും അന്നയ്ക്ക് വലിയ പ്രശ്‌നമായില്ല. ഗവണ്‍മെന്‌റ് സ്‌കോളര്‍ഷിപ്പിന്‌റെ അടിസ്ഥാനത്തില്‍ 1945ല്‍ അന്ന ഇംഗ്ലണ്ടിലേയ്ക്ക് പോയി. ലണ്ടനിലെ ഇംപീരിയല്‍ കോളേജിലായിരുന്നു പഠനം. മെറ്ററോളജിക്കല്‍ ഇന്‍സ്ട്രുമെന്‌റേഷനില്‍ മാത്രമാണ് അന്നയ്ക്ക് ഇന്‌റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം കിട്ടിയത്. ഇത് വഴിത്തിരിവായി. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം 1948ലാണ് അന്ന ഇന്ത്യയില്‍ തിരിച്ചെത്തിയത്. പൂനെയിലെ ഇന്ത്യന്‍ മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്‌റില്‍ പ്രവര്‍ത്തിച്ച് തുടങ്ങി. നൂറോളം കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങളുടെ ഡിസൈന്‍ തയ്യാറാക്കിയത് അന്ന മാണിയാണ്. 1957-58 അന്താരാഷ്ട്ര ജിയോഫിസിക്കല്‍ വര്‍ഷമായിരുന്നു. അന്ന മാണിയുടെ നേതൃത്വത്തില്‍ സോളാര്‍ റേഡിയേഷനെ കുറിച്ച് പഠിക്കാന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ആഗോളതലത്തില്‍ കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങളുടെ താരതമ്യപഠനം, ഓസോണ്‍ സംബന്ധിച്ച പഠനം തുടങ്ങിയ വിഷയങ്ങളില്‍ നിരവധി പേപ്പറുകള്‍ പ്രസീദ്ധികരിച്ചു.
ഇന്ത്യന്‍ മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ്, പൂനെ
1963ല്‍ വിക്രം സാരാഭായിയുടെ അഭ്യര്‍ത്ഥന പ്രകാരം തിരുവനന്തപുരം തുമ്പയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും ഇന്‍സ്ട്രുമെന്‌റേഷന്‍ ടവറും സ്ഥാപിച്ചു. 1976ല്‍ ഇന്ത്യന്‍ മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്‌റിന്‌റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായി അന്ന മാണി വിരമിച്ചു. ഇതിന് ശേഷം രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് മടങ്ങി. അവിടെ വിസിറ്റിംഗ് പ്രൊഫസറായി മൂന്ന് വര്‍ഷം. ബാഗ്ലൂരിലെ നന്ദി ഹില്‍സില്‍ മില്ലിമീറ്റര്‍ വേവ് ടെലസ്‌കോപ്പ് സ്ഥാപിച്ചു. The Handbook for Solar Radiation Data for India (1980) and Solar Radiation over India (1981) എന്നിങ്ങനെ രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. സോളാര്‍ ടെക്‌നോളജി എഞ്ചിനിയര്‍മാര്‍ക്ക് ഇത് റഫറന്‍സ് ഗ്രന്ഥങ്ങളമായി മാറി.
ഇന്ത്യക്ക് ഭാവിയില്‍ സോളാര്‍ വൈദ്യുതി, കാറ്റില്‍ നിന്നുള്ള വൈദ്യുതി എന്നിവയെ കൂടുതലായി ആശ്രയിക്കേണ്ടി വരുമെന്ന ബോദ്ധ്യം അന്നയ്ക്കുണ്ടായിരുന്നു. കാറ്റിന്‌റെ വേഗതയും സൗരോര്‍ജ്ജ തീവ്രതയും അളക്കാനുള്ള ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ചെറിയൊരു വര്‍ക്ക്‌ഷോപ്പ് ബാംഗ്ലൂരില്‍ തുടങ്ങിയിരുന്നു. പഠനത്തിനും ഗവേഷണത്തിനുമായി നീക്കി വച്ച വിശ്രമമില്ലാത്ത ജീവിതത്തിനിടയില്‍ വിവാഹം കഴിച്ചില്ല. പക്ഷി നിരീക്ഷണവും ട്രക്കിംഗുമെല്ലാം ഹരമായിരുന്നു. ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാഡമി, അമേരിക്കന്‍ മെറ്ററോളജിക്കല്‍ സൊസൈറ്റി, ഇന്‌റര്‍നാഷണല്‍ സോളാര്‍ എനര്‍ജി സൊസൈറ്റി എന്നിവയിലെല്ലാം അംഗമായിരുന്നു അന്ന മാണി. 1987ല്‍ ശാസ്ത്രരംഗത്തെ സംഭാവനകള്‍ക്ക് കെആര്‍ രാമനാഥന്‍ പുരസ്‌കാരം നേടി. 1994ല്‍ പക്ഷാഘാതം ബാധിച്ച് കിടപ്പിലായ അന്ന 2001 ഓഗസ്റ്റ് 16ന് തിരുവനന്തപുരത്ത് വച്ച് അന്തരിക്കുന്നത് വരെ അതേ നിലയില്‍ തുടര്‍ന്നു. കാലാവസ്ഥാ നിരീക്ഷണ രംഗത്തുള്‍പ്പടെ വിവിധ ശാസ്ത്രരംഗങ്ങളില്‍ അന്ന മാണിയെ പോലെ അപൂര്‍വം വരുന്ന വനിത ശാസ്ത്രജ്ഞരുടെ സംഭാവനകളെ ഉചിതമായ രീതിയില്‍ പരിഗണിക്കേണ്ടതുണ്ട്.
വായനയ്ക്ക്: https://goo.gl/yhFSXU