ഒട്ടും സാഹിത്യമില്ലാതെ ജീവിതം മാത്രമാണ് ആൻ തന്റെ ഡയറിയിൽ കുറിച്ചതത്രയും. യൂറോപ്പിലെ നാസി വാഴ്ചയുടെ ക്രൂരമായ അധ്യായങ്ങൾ ആൻ ഫ്രാങ്കിന്റെ ഡയറിയിലൂടെ ലോകത്തിന് മുന്നിലെത്തുകയും ചെയ്തു. ആ ഡയറിയുടെ ഉടമയുടെ 95-ാം പിറന്നാളാണിന്ന്. 82 വർഷങ്ങൾക്ക് മുൻപ് ഇത് പോലൊരു പതിമൂന്നാം പിറന്നാൾ ദിവസമാണ്, അടച്ചുപൂട്ടുള്ള ചുവപ്പും വെളുപ്പും ചേർന്ന ചെക്ക് സുന്ദരമായ ഡയറി ആൻ ഫ്രാങ്കിന് ലഭിച്ചത്. അന്നേ ദിവസം മുതൽ അവൾ ഡയറിയിൽ എഴുതിത്തുടങ്ങി അതിലെ ആദ്യ വരികൾ ഇപ്രകാരമായിരുന്നു “എനിക്ക് ഒരിക്കലും മറ്റാരോടും പറയാൻ കഴിഞ്ഞിട്ടില്ലാത്ത എല്ലാ കാര്യങ്ങളും നിന്നോട് പറയാൻ കഴിയുമെന്ന് ഞാൻ കരുതുന്നു, കൂടാതെ നീ എനിക്ക് വലിയ ആശ്വാസവും പിന്തുണയും നൽകുന്നവനായി മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” ഒളിത്താവളങ്ങളിൽ ജീവിതത്തിനും മരണത്തിനുമിടയിൽ കഴിയുന്ന ഒരു വംശത്തിന്‍റെ വേദന അവള്‍ തന്‍റെ വരികളിലൂടെ കുറിച്ചിട്ടു.
ആൻ തന്റെ അനുഭവങ്ങൾ, ചിന്തകൾ, വികാരങ്ങൾ എന്നിവ ഡയറിയിൽ രേഖപ്പെടുത്തി. അഗ്‌നി പടർന്ന അവളുടെ അനുഭവങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ടു. ആ പതിമൂന്നു വയസ്സുകാരിയുടെ ഡയറിക്കുറിപ്പുകളിലൂടെയാണ് ലോകചരിത്രത്തിലെ ഏറ്റവും മനുഷ്യത്വവിരുദ്ധമായ ഒരു ഭരണകൂടത്തിന്റെ ചെയ്തികൾ മറനീക്കി വെളിച്ചം കണ്ടത്. കിറ്റി എന്ന സാങ്കൽപ്പിക കൂട്ടുകാരിയോട് പറയുന്നതരത്തിലുള്ളതായിരുന്നു ആനിന്റെ എഴുത്തുകള്‍.
ആ ഡയറിയിൽ അവളുടെ സ്വപ്നങ്ങളും പേടികളും പ്രതീക്ഷകളും അനുഭവങ്ങളും അവൾ തന്റേതായ രീതിയിൽ വാക്കുകളാൽ വരച്ചിട്ടു. സാഹിത്യം കലരാത്ത പച്ചയായ ഒരു കൊച്ചു പെൺകുട്ടിയുടെ അനുഭവങ്ങൾ ആണ് ആ പുസ്തകം മുഴുവനും. 1929 ജൂൺ 12-ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഓട്ടോ ഫ്രാങ്കിന്റെയും ഈഡിത്തിന്റെം മകളായാണ് ആൻ ജനിച്ചത്. ആൻനെലീസ് മേരി ഫ്രാങ്ക് എന്നാണ് മുഴുവൻ പേര്. 1933 ജനുവരിയിൽ ജർമനിക്ക് പുതിയൊരു ഭരണാധികാരിയായി നാസി എന്ന പാർട്ടിയെ പ്രതിനിധാനം ചെയ്തിരുന്ന അഡോൾഫ് ഹിറ്റ്‌ലർ ഭരണത്തിൽ വന്നു. നെതർലൻഡ്‌സിൽ താമസിച്ചിരുന്ന ഒരു ലക്ഷത്തോളം ജൂതർ കോൺസൻട്രേഷൻ ക്യാംപുകളിലേക്ക് അയയ്ക്കപ്പെട്ടു. 140,000 ജൂതന്മാരുള്ള നെതർലാൻഡ്‌സിൽ വെറും 38,000 ജൂതന്മാർ മാത്രമാണ് ജീവനോടെയുണ്ടായിരുന്നത്. ആൻ ഫ്രാങ്കിന്റെ ജീവിതത്തിലെ ഏറ്റവും വിഷാദാത്മകവും സംഘർഷഭരിതവും ഭീതിയും നിറഞ്ഞ കാലമായിരുന്നു ആ രണ്ടു വർഷങ്ങൾ. 1942 ജൂലൈയിൽ, നാസികൾ യഹൂദന്മാർക്കെതിരെയുള്ള അടിച്ചമർത്തൽ ശക്തമാക്കിയപ്പോൾ, ആനിന്റെ കുടുംബത്തിന് ഒളിത്താവളത്തിലേക്ക് പോകേണ്ടിവന്നു. അവർ ഒട്ടോ ഫ്രാങ്കിന്റെ ബിസിനസ്സ് സ്ഥാപനത്തിന്റെ പിൻവശത്തുള്ള രഹസ്യ സങ്കേതത്തിൽ താമസം ആരംഭിക്കുകയും ചെയ്‌തു.
എന്നാൽ ആൻ ഫ്രാങ്കിനും കുടുംബത്തിനും ഭാഗ്യമുണ്ടായിരുന്നില്ല.1944 ഓഗസ്റ്റ് 4-ന്, രഹസ്യ പോലീസായ ഗസ്റ്റാപോ രഹസ്യ സങ്കേതം കണ്ടുപിടിക്കുകയും, അവിടെ ഒളിച്ചു താമസിച്ചിരുന്നവരെ അറസ്റ്റുചെയ്യുകയും ചെയ്തു. ആനും സഹോദരിയായ മാർഗോട്ടും പിന്നീട് ജർമ്മനിയിലുള്ള ബെർഗൻ-ബെൽസൻ കോൺസൻട്രേഷൻ ക്യാമ്പിലേക്ക് നാടുകടത്തപ്പെട്ടു, അവിടെ അവർക്ക് ഒട്ടേറെ ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്നു. 1945 മാർച്ചിൽ ടൈഫസിന്റെ ബാധിച്ച് ഇരുവരും മരിച്ചു. 1945 ഏപ്രിൽ 15ന് അമേരിക്കയുടെയും ബ്രിട്ടന്‍റെയും സഖ്യസേന ബർഗൻ ബെൽസൻ ക്യാമ്പ് സ്വതന്ത്രമാക്കപ്പെടുന്നതിന് ഏതാനും ദിവസം മുൻപായിരുന്നു ഇരുവരുടെയും മരണം.
യുദ്ധം കഴിഞ്ഞ്, കുടുംബത്തിലെ ഏക ജീവിച്ചിരിക്കുന്ന അംഗമായ ഒട്ടോ ഫ്രാങ്ക് ആംസ്റ്റർഡാമിലേക്ക് മടങ്ങി. അന്നയുടെ ഡയറി, കുടുംബത്തെ സഹായിച്ച ആളുകളിൽ ഒരാൾ, സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. തന്റെ മകളുടെ എഴുത്തുകൾ ആഴത്തിൽ സ്പർശിച്ച ഒട്ടോ ഫ്രാങ്ക് ആ ഡയറി പ്രസിദ്ധികരിക്കാൻ തീരുമാനിച്ചു. 1947-ൽ “ഹെറ്റ് അച്ഛെർഹുയിസ്” എന്ന പേരിൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ ഡയറി, “ദി ഡയറി ഓഫ് എ യങ് ഗേൾ” എന്ന പേരിലാണ് ഇംഗ്ലീഷിൽ അറിയപ്പെടുന്നത്. 65-ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്തിരിക്കുന്ന ഡയറി, ഹോളോകോസ്റ്റിലെ ഭീതിപ്പെടുത്തുന്ന കഥകളടങ്ങുന്ന ഡയറിയാണ്. പിന്നീട് ലോകത്ത് ഈ പുസ്തകത്തിന്‌റെ മൂന്നു കോടിയോളം പകർപ്പുകൾ വിറ്റഴിക്കപ്പെട്ടു. ലോകത്ത് പല സ്‌കൂളുകളിലും ഇതു പാഠ്യപദ്ധതിയുടെ ഭാഗമായി. രണ്ടരക്കോടി കോപ്പികളാണ് വിറ്റൊഴിഞ്ഞത്. ബൈബിളിനു ശേഷം കഥേതരവിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റൊഴിക്കപ്പെട്ട പുസ്തകം ദ ഡയറി ഓഹ് ആൻ ഫ്രാങ്കാണ്.
വെറും 16 വർഷങ്ങളാണ് ആൻ ഫ്രാങ്ക് ഭൂമിയിൽ ജീവിച്ചത്. ആ ചെറിയ പ്രായത്തിലും തന്റെ ചിന്തകൾകൊണ്ടും വാക്കുകൾകൊണ്ടും അവൾ തന്നിൽ സ്വാംശീകരിച്ചിരുന്നു. കഴിഞ്ഞുപോയ കാലഘട്ടങ്ങളിൽ ലോകത്ത് തങ്ങളുടേതായ അടയാളങ്ങൾ പതിപ്പിച്ച ധാരാളം പെൺകുട്ടികളുണ്ട്. അതിൽ വേദനയോടെ ഓർക്കുന്ന ഒരു പേരാണ് ആൻഫ്രാങ്ക്.
content summary : Anne Frank 95th birthday of the girl who wrote diaries that shocked the world