April 18, 2025 |
Share on

ട്രംപിനെ കണ്ട് മടങ്ങിയെത്തിയപ്പോള്‍ രാജിയുമായി മന്ത്രി; ബ്രിട്ടനില്‍ സ്റ്റാര്‍മര്‍ക്കെതിരേയും പ്രതിഷേധം

ധനസഹായം വെട്ടിക്കുറക്കുന്നത് ബ്രിട്ടന് ദോഷം ചെയ്യുമെന്ന് അനലീസ് ഡോഡ്‌സ്

പ്രതിരോധ ചിലവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി സഹായ ബജറ്റ് വെട്ടിക്കുറക്കാനുള്ള യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച് അന്താരാഷ്ട്ര വികസനകാര്യ മന്ത്രി അനലീസ് ഡോഡ്‌സ്. ബജറ്റ് വെട്ടിക്കുറക്കാനുള്ള തീരുമാനം റഷ്യക്കും ചൈനക്കും അവരുടെ ആഗോള സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്നും അനലീസ് ഡോഡ്‌സ് മുന്നറിപ്പ് നല്‍കി.

നിരാശരായ ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആഹാരവും ആരോഗ്യ സംരക്ഷണവും നഷ്ടപ്പെടുത്തുന്നത് ബ്രിട്ടന്റെ പ്രശസ്തിയെ ബാധിക്കുമെന്ന് അനലീസ് ഡോഡ്‌സ് കെയര്‍ സ്റ്റാര്‍മര്‍ക്കയച്ച കത്തില്‍ പറയുന്നു.

യുക്രെയ്നുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചകള്‍ക്കായി വാഷിംഗ്ടണിലേക്ക് പോയ സ്റ്റാര്‍മര്‍ അവിടെ നിന്നും മടങ്ങിയെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഡോഡ്സ് രാജി വെച്ചത്.

2027 ഓടെ 6 ബില്യണ്‍ പൗണ്ട് കുറയുമെന്ന് പ്രതീക്ഷിക്കുന്ന ബജറ്റ് കുറച്ചതോടെ ഗാസ, സുഡാന്‍, ഉക്രെയ്ന്‍ എന്നിവയ്ക്കുള്ള സഹായം നിലനിര്‍ത്താന്‍ സര്‍ക്കാരിന് കഴിയാതെ വരുമെന്നും ഡോഡ്സ് പറഞ്ഞു. അതേസമയം, പ്രതിരോധ ചെലവ് വര്‍ദ്ധിപ്പിക്കാനുള്ള സ്റ്റാര്‍മറിന്റെ തീരുമാനത്തെ പിന്തുണക്കുന്നുവെന്നും റഷ്യയുടെ അധിനിവേശത്തിന് ശേഷം യുദ്ധാനന്തര സമവാക്യം തകര്‍ന്നുവെന്നും അനലീസ് ഡോഡ്‌സ് അറിയിച്ചു.

പ്രതിരോധ ചെലവ് വര്‍ദ്ധിപ്പിക്കുന്നതിന്റെ വെല്ലുവിളികള്‍ അംഗീകരിച്ച ഡോഡ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ബജറ്റുകള്‍ വെട്ടിക്കുറയ്ക്കുന്നതിനുപകരം കടം വാങ്ങല്‍, നികുതി തുടങ്ങിയ മറ്റ് ഫണ്ടിംഗ് ഓപ്ഷനുകള്‍ പര്യവേക്ഷണം ചെയ്യാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. യുകെയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സാമ്പത്തിക അവലോകനത്തെക്കുറിച്ചുള്ള വിശാലമായ ചര്‍ച്ച നടത്തണമെന്നും ഡോഡ്‌സ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ധനസഹായം വെട്ടിക്കുറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

കര്‍ശനമായ സാമ്പത്തിക നിയമങ്ങള്‍ സര്‍ക്കാരിന്റെ അജണ്ടയെ ദോഷകരമായി ബാധിക്കുമെന്ന് ചില കാബിനറ്റ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. ബജറ്റ് സന്തുലിതമാക്കാന്‍ ശ്രമിക്കുന്നതിനാല്‍ ജൂണില്‍ കൂടുതല്‍ വെട്ടിക്കുറവുകള്‍ പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം, ഡോഡ്‌സിന്റെ രാജി അംഗീകരിച്ച സ്റ്റാർമർ ഡോഡ്‌സിന്റെ തീരുമാനത്തെ പ്രശംസിക്കുകയും സഹായ വെട്ടിക്കുറയ്ക്കലിനെ ന്യായീകരിക്കുകയും ചെയ്തു. തുടര്‍ന്ന് പുതിയ അന്താരാഷ്ട്ര വികസന മന്ത്രിയായി ജെന്നി ചാപ്മാനെ പ്രഖ്യാപിക്കുകയായിരുന്നു.

Content Summary: Anneliese Dodds resigns after keir starmer’s meeting with Trump, Protest against Starmer in Britain
Anneliese Dodds keir starmer 

Leave a Reply

Your email address will not be published. Required fields are marked *

×