ശ്വാസകോശ അണുബാധയെ തുടർന്ന് പത്ത് ദിവസത്തോളമായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ലെന്ന് റിപ്പോർട്ട്. വൃക്കകളുടെ പ്രവർത്തനത്തിലും നേരിയ പ്രശ്നങ്ങൾ കണ്ടെത്തിയതായി വത്തിക്കാൻ അറിയിച്ചു. രക്തപരിശോധനയിലാണ് വൃക്കകളുടെ പ്രവർത്തനത്തിൽ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയത്. അതേസമയം, വൃക്കരോഗം ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും ശനിയാഴ്ച ആസ്ത്മയുടെ ബുദ്ധിമുട്ട് അനുഭവപ്പെട്ടെങ്കിലും പിന്നീട് പ്രശ്‌നങ്ങൾ ആവർത്തിച്ചിട്ടില്ലെന്നും വത്തിക്കാൻ അറിയിച്ചു.
തന്റെ ആരോഗ്യാവസ്ഥയിൽ ജാഗ്രത പുലർത്തുന്ന മാർപാപ്പ മെഡിക്കൽ സംഘത്തോടൊപ്പം ആശുപത്രി മുറിയിൽ കുർബാനയിൽ പങ്കെടുക്കുകയും ചെയ്തു. പോപിന് നേരത്തെ ശ്വാസകോശത്തിലും ശ്വസനവ്യവസ്ഥയിലും വൈറസുകളും ബാക്ടീരിയകളും ഉൾപ്പെടുന്ന മിശ്രിത അണുബാധയായ പോളി മൈക്രോബിയൽ അണുബാധ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പോപ്പിന് ചികിത്സക്കായി ആശുപത്രിയിൽ തന്നെ തുടരേണ്ടി വരുമെന്നും വത്തിക്കാൻ അറിയിച്ചിരുന്നു.
രക്തത്തിൽ പ്ളേറ്റ്‌ലറ്റുകളുടെ അളവ് കുറഞ്ഞതിനാൽ രണ്ട് യൂണിറ്റ് രക്തം നൽകേണ്ടതായി വന്നു. കഴിഞ്ഞ ദിവസം കുർബാനയിൽ മാർപാപ്പയുടെ സന്ദേശം വത്തിക്കാൻ പ്രസിദ്ധീകരിച്ചിരുന്നു. തനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും പ്രാർത്ഥന തുടരണമെന്നും മാർപാപ്പയുടെ സന്ദേശത്തിൽ പറയുന്നു. 2023 ലും ശ്വാസകോശ അണുബാധയെ തുടർന്ന് പോപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ മൂന്ന് ദിവസത്തിനുള്ളിൽ അദ്ദേഹത്തിന് ആശുപത്രി വിടാൻ സാധിച്ചിരുന്നു.
ഫെബ്രുവരി 14 നാണ് റോമിലെ ജെമേലി ആശുപത്രിയിൽ ഫ്രാൻസിസ് മാർപ്പാപ്പയെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രായവും രോഗത്തിന്റെ ഗൗരവവും കണക്കിലെടുത്ത് ആരോഗ്യാവസ്ഥയിൽ ആശങ്കയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. 88കാരനായ അദ്ദേഹത്തിന് ആന്റി ബയോട്ടിക് ചികിത്സ തുടരുകയാണ്. കഴിഞ്ഞദിവസവും അദ്ദേഹത്തിന് ഉയർന്ന അളവിൽ ഓക്സിജൻ നൽകേണ്ടി വന്നുവെന്നാണ് വത്തിക്കാൻ അറിയിക്കുന്നത്.’പരിശുദ്ധ പിതാവിന്റെ നില അതീവ ഗുരുതരമാണ്. എന്നാൽ ഇന്നലെ രാത്രിമുതൽ അദ്ദേഹം കൂടുതൽ ശ്വസന പ്രതിസന്ധികൾ അനുഭവിച്ചിട്ടില്ല.’ ഞായറാഴ്‌ച വത്തിക്കാൻ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. മൂക്കിലൂടെ ട്യൂബിട്ട് ഓക്‌സിജൻ അദ്ദേഹത്തിന് നൽകുന്നുണ്ട് എന്നും വത്തിക്കാൻ അറിയിച്ചു.
Content Summary: Apart from lung infection, kidney disease is also confirmed; Pope’s condition remains critical
Francis pope vatican