July 17, 2025 |
Share on

ട്രംപിന്റെ എതിര്‍പ്പിനെ മറികടന്ന് ആപ്പിള്‍; ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ ലക്ഷ്യമിടുന്നത് 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപം

ഇന്ത്യ, ഐഫോണ്‍ ഉത്പാദനത്തിന്റെ പ്രധാന വിപണിയായി മാറിയിരിക്കുകയാണ്

ആപ്പിള്‍ ഐഫോണുകളുടെ പ്രധാന കരാര്‍ നിര്‍മാണ കമ്പനിയായ ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ 1.5 ബില്യണ്‍ ഡോളറിന്റെ ഡിസ്‌പ്ലേ മൊഡ്യൂള്‍ പ്ലാന്റുമായി മുന്നോട്ട്. ആപ്പിള്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കേണ്ടതില്ലെന്ന് സിഇഒ ടിം കുക്കിനോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.

ഫോക്‌സ്‌കോണ്‍ ഇന്ത്യയിലെ തങ്ങളുടെ യൂണിറ്റുകളിലൊന്നായ യുഷാന്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡില്‍ 1.49 ബില്യണ്‍ ഡോളര്‍ നിക്ഷേിക്കുന്നതായി ഈ ആഴ്ച ആദ്യം ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നടന്ന എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിച്ചു. കൂടാതെ ഫോക്‌സ്‌കോണിന്റെ പ്രധാന ഐഫോണ്‍ നിര്‍മാണ കേന്ദ്രത്തിനായി തമിഴ്‌നാട്ടില്‍ ഒരു പ്ലാന്റും പ്രതീക്ഷിക്കുന്നതായി കമ്പനി വ്യക്തമാക്കി.

‘വിതരണ ശ്യംഖലകള്‍ ഒറ്റരാത്രികൊണ്ട് പുനഃക്രമീകരിക്കപ്പെടുന്നില്ല. ആപ്പിളിനെപോലുള്ള വമ്പന്‍ കമ്പനികള്‍ മാസങ്ങളും വര്‍ഷങ്ങളും നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് വിതരണ ശ്യംഖലകള്‍ കെട്ടിപ്പടുക്കുന്നത്. ഇന്ത്യയിലെ ഉത്പാദനം ഇരട്ടിയാക്കാനുള്ള അവരുടെ നീക്കത്തെ നിരുത്സാഹപ്പെടുത്താനാകില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ചെന്നൈയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ കാഞ്ചീപുരത്ത് 13,180 കോടി രൂപ ചെലവില്‍ യുഷാന്‍ ടെക്‌നോളജിയുടെ പദ്ധതിക്ക് തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞ ഒക്‌ടോബറില്‍ അനുമതി നല്‍കിയിരുന്നു. ഫോക്‌സ്‌കോണിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപം ഈ പ്ലാന്റിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ ഇന്ത്യ, ഐഫോണ്‍ ഉത്പാദനത്തിന്റെ പ്രധാന വിപണിയായി മാറിയിരിക്കുകയാണ്. മൊത്തം ഉത്പാദനത്തിന്റെ 15 ശതമാനത്തോളം ഇപ്പോള്‍ ഇവിടെയാണ് ഉത്പാദിപ്പിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇത് നാലിലൊന്നായി ഉയര്‍ത്തുകയാണ് ലക്ഷ്യം.

യുഎസും ചൈനയും തമ്മിലുള്ള വാണിജ്യതര്‍ക്കത്തിന്റെ ഭാഗമായി ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് പ്രസിഡന്റ് ട്രംപ് ഉയര്‍ന്ന താരിഫ് ചുമത്തിയതോടെയാണ് ആപ്പിള്‍ ഇന്ത്യയോട് അടുത്തത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം വര്‍ധിപ്പിച്ച് വരികയാണ് ആപ്പിള്‍. നിലവില്‍ ആപ്പിളിന് ഇന്ത്യയില്‍ മൂന്ന് പ്ലാന്റുകളാണ് ഉള്ളത്. രണ്ടെണ്ണം തമിഴ്‌നാട്ടിലും ഒന്ന് കര്‍ണാടകയിലുമാണ്.

ഇക്കഴിഞ്ഞ മെയ് 15 നായിരുന്നു ആപ്പിള്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കേണ്ടെന്ന് സിഇഒ ടിം കുക്കിന് ട്രംപ് നിര്‍ദേശം നല്‍കിയത്. ‘എനിക്ക് ആപ്പിളിന്റെ ടിം കുക്കുമായി ചെറിയ പ്രശ്നമുണ്ട്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഞാന്‍ നിങ്ങളോട് വളരെ നല്ലരീതിയിലാണ് പെരുമാറുന്നത്. നിങ്ങള്‍ അഞ്ഞൂറ് ബില്യണ്‍ ഡോളറാണ് കൊണ്ടുവരുന്നത്. എന്നാല്‍, നിങ്ങള്‍ ഇന്ത്യയില്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുകയാണെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. നിങ്ങള്‍ ഇന്ത്യയില്‍ ഉല്‍പാദനം നടത്തേണ്ടതില്ല. നിങ്ങള്‍ ഇന്ത്യയെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നെങ്കില്‍ നിങ്ങള്‍ക്ക് അവിടെ ഉല്‍പാദനം നടത്താം. കാരണം, ലോകത്തില്‍ ഏറ്റവും കൂടുതല്‍ തീരുവ ഈടാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യയില്‍ കച്ചവടം നടത്തുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്, ട്രംപ് പറഞ്ഞിരുന്നു.

2026 ഓടെ യുഎസ് വിപണിയിലേക്ക് പ്രതിവര്‍ഷം വിറ്റഴിക്കുന്ന ആറുകോടി ഐഫോണുകളും ഇന്ത്യയില്‍ നിന്ന് നിര്‍മിക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. അതിനായി ഇന്ത്യയില്‍ നിന്നുള്ള ഉത്പാദവും ഇരട്ടിയാക്കും. apple foxconn to expand in india through 1.5 billion dollar 

Content Summary: apple foxconn to expand in india through 1.5 billion dollar

Leave a Reply

Your email address will not be published. Required fields are marked *

×