മുന്നറിയിപ്പുകള്‍ വകവച്ചില്ല, ലൈംഗികത പറയുന്ന ചാറ്റ് ബോട്ടുകളില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും പ്രവേശനം; മെറ്റക്കെതിരേ കോടതിയില്‍ ആരോപണം

മെറ്റാ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനെതിരേ ഗുരുതര ആരോപണമാണുള്ളത്

Meta AI

പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ലൈംഗികച്ചുവയുള്ള സംഭാഷണങ്ങള്‍ നടത്താന്‍ സാധിക്കുന്ന എ ഐ ചാറ്റ്‌ബോട്ടുകള്‍ ലഭ്യമാക്കാന്‍ മെറ്റാ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ഈ നീക്കം നടന്നതെന്ന് ന്യൂ മെക്‌സിക്കോ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ആഭ്യന്തര രേഖകള്‍ വ്യക്തമാക്കുന്നു.

ന്യൂ മെക്‌സിക്കോ അറ്റോര്‍ണി ജനറല്‍ റൗള്‍ ടോറസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവ വഴി കുട്ടികള്‍ക്ക് ദോഷകരമായ ലൈംഗിക ഉള്ളടക്കങ്ങളും നിര്‍ദ്ദേശങ്ങളും ലഭിക്കുന്നത് തടയാന്‍ മെറ്റ പരാജയപ്പെട്ടുവെന്ന് ആരോപിക്കുന്നു.

മെറ്റയിലെ ജീവനക്കാര്‍ തമ്മില്‍ കൈമാറിയ ഇമെയിലുകളും സന്ദേശങ്ങളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

സക്കര്‍ബര്‍ഗിന്റെ താല്പര്യപ്രകാരം, കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നത് തടയാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ മെറ്റാ നിരസിച്ചുവെന്ന് അറ്റോര്‍ണി ജനറല്‍ ആരോപിച്ചു. 2024-ന്റെ തുടക്കത്തിലാണ് മെറ്റാ എ ഐ ചാറ്റ്‌ബോട്ടുകള്‍ പുറത്തിറക്കിയത്.

മെറ്റയുടെ ചൈല്‍ഡ് സേഫ്റ്റി പോളിസി മേധാവി രവി സിന്‍ഹ, പ്രായപൂര്‍ത്തിയാകാത്ത എ ഐ കഥാപാത്രങ്ങളെ മുതിര്‍ന്നവര്‍ക്കായി പ്രണയ ആവശ്യങ്ങള്‍ക്കായി നല്‍കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ജനുവരിയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

ഗ്ലോബല്‍ സേഫ്റ്റി ഹെഡ് ആന്റിഗണി ഡേവിസും സമാന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് കുട്ടികളെ ലൈംഗികവല്‍ക്കരിക്കുമെന്നും മുതിര്‍ന്നവര്‍ക്ക് ഇത്തരം സേവനങ്ങള്‍ നല്‍കുന്നത് തടയണമെന്നമാണ് ഇവര്‍ ആവശ്യപ്പെട്ടത്.

കൗമാരക്കാര്‍ ലൈംഗിക ആവശ്യങ്ങള്‍ക്കായി മാത്രം ഈ ചാറ്റ്‌ബോട്ടുകള്‍ ഉപയോഗിക്കുമോ എന്നായിരുന്നു മുന്‍ ഗ്ലോബല്‍ പോളിസി മേധാവി നിക് ക്ലെഗ് ആശങ്ക പ്രകടിപ്പിച്ചിരുന്നത്. ഇത് സമൂഹത്തില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

ഫെബ്രുവരി 20-ലെ ഒരു മീറ്റിംഗ് റിപ്പോര്‍ട്ട് പ്രകാരം, സെന്‍സര്‍ഷിപ്പ് കുറയ്ക്കണമെന്ന നിലപാടാണ് സക്കര്‍ബര്‍ഗ് സ്വീകരിച്ചത്.

കുട്ടികള്‍ക്ക് ലൈംഗികമായി തുറന്ന സംഭാഷണങ്ങള്‍ നിയന്ത്രിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും, മുതിര്‍ന്നവര്‍ക്ക് ലൈംഗിക വിഷയങ്ങളില്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.

രക്ഷിതാക്കള്‍ക്ക് ഈ ചാറ്റ്‌ബോട്ടുകള്‍ നിയന്ത്രിക്കാനുള്ള ‘പേരന്റല്‍ കണ്‍ട്രോള്‍’ സംവിധാനം സക്കര്‍ബര്‍ഗ് നിരസിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

അറ്റോര്‍ണി ജനറല്‍ രേഖകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് മെറ്റാ വക്താവ് ആന്‍ഡി സ്റ്റോണ്‍ പറഞ്ഞു. സക്കര്‍ബര്‍ഗ് കുട്ടികളുടെ സുരക്ഷയ്ക്കായി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നാണ് കമ്പനിയുടെ വാദം. എന്നാല്‍, പുതിയ പതിപ്പ് തയ്യാറാക്കുന്നത് വരെ കൗമാരക്കാര്‍ക്ക് എ ഐ ചാറ്റ്‌ബോട്ടുകള്‍ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് കഴിഞ്ഞയാഴ്ച മെറ്റ അറിയിച്ചിരുന്നു.

2025-ല്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, മെറ്റയുടെ ചാറ്റ്‌ബോട്ടുകളില്‍ പ്രായപൂര്‍ത്തിയാകാത്ത രീതിയിലുള്ള ലൈംഗിക കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു.

കുട്ടികളുമായി പ്രണയപരമോ ലൈംഗികമോ ആയ സംഭാഷണങ്ങള്‍ നടത്തുന്നത് ‘അംഗീകരിക്കാവുന്നതാണെന്ന്’ മെറ്റയുടെ ഔദ്യോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഉണ്ടായിരുന്നു ഇത് പിന്നീട് തെറ്റായി സംഭവിച്ചതാണെന്ന് പറഞ്ഞ് മെറ്റ തിരുത്തി.

Content Summary; approved allowing minors to access artificial intelligence chatbot lawsuit alleges against meta ceo Mark Zuckerberg

This post was last modified on January 28, 2026 10:05 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment