June 03, 2026 |

സമരം ചെയ്ത് ഞങ്ങള്‍ മടുത്തു; രണ്ടര വര്‍ഷത്തിനിടെ അരൂര്‍-തുറവൂര്‍ ദേശീയപാതയില്‍ പൊലിഞ്ഞത് 40 ഓളം ജീവനുകള്‍

അധികാരികളുടെ അനാസ്ഥയാണ് ഈ നിര്‍മാണപ്രവര്‍ത്തനത്തില്‍ ഉടനീളം കാണാനാകുന്നത്

”അരൂര്‍-തുറവൂര്‍ ഉയരപ്പാതയുടെ നിര്‍മാണം ആരംഭിക്കുന്ന കാലത്ത് ആലപ്പുഴ കളക്ടര്‍ ഹരിത വി കുമാറായിരുന്നു. അന്ന് കളക്ടര്‍ പറഞ്ഞത്, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് മൂലം ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുകയില്ലെന്നായിരുന്നു. എന്നാല്‍ നിര്‍മാണം തുടങ്ങി അധികം വൈകാതെ തന്നെ അപകട മരണങ്ങള്‍ പെരുകാന്‍ തുടങ്ങി. ഇന്നാകട്ടെ ആ റോഡിലൂടെ സഞ്ചരിക്കണമെങ്കില്‍ ജീവന്‍ കൈയ്യില്‍ പിടിച്ചുവേണം” ജനകീയ സമരസമിതി കണ്‍വീനര്‍ വികെ ഗൗരീശന്റെ വാക്കുകളാണിത്.

രാജ്യത്തെ ഏറ്റവും നീളം കൂടിയ ആകാശ പാതയുടെ നിര്‍മാണമാണ് ദേശീയപാതയില്‍ അരൂര്‍ ബൈപാസ് മുതല്‍ തുറവൂര്‍ വരെ നടക്കുന്നത്. എന്‍.എച്ച് 66-ലെ അരൂര്‍-തുറവൂര്‍ റോഡിലൂടെയുള്ള യാത്ര ഇപ്പോള്‍ പേടിസ്വപ്‌നമാകുകയാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡ് എറണാകുളം-തിരുവനന്തപുരം ദേശീയപാതയില്‍ വലിയ ഗതാഗതക്കുരുക്കിനും കാരണമായിരിക്കുകയാണ്.

aroor - thuravoor elevated highway

”നിര്‍മാണ സാമഗ്രികളൊക്കെ റോഡിനോട് ചേര്‍ത്ത് വയ്ക്കുന്നത് ആളുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടാക്കുന്നത്. അശ്രദ്ധമായ നിര്‍മാണത്തിനെതിരെ അമിക്കസ് ക്യൂറിക്കെതിരെ ഞങ്ങള്‍ പരാതി കൊടുത്തതിന് ശേഷമാണ് നടപ്പാത പോലും ശരിയാക്കിയത്. കരാറ് കമ്പനിക്കാര്‍ വളരെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളാണ് ഇതുവരെ നടത്തിക്കൊണ്ടിരിക്കുന്നത്. സമാന്തരപാത നിര്‍മിച്ച ശേഷം വേണമായിരുന്നു ഉയരപ്പാത നിര്‍മിക്കാന്‍. ഉയരപ്പാതയ്ക്ക് എതിരല്ല ഞങ്ങള്‍. പക്ഷേ കരാറുകാരുടെ അശാസ്ത്രീയ നിര്‍മാണത്തിനെതിരെയാണ് ഞങ്ങള്‍ നിരന്തരമായി പ്രതിഷേധിക്കുന്നത്” ഗൗരീശന്‍ പറയുന്നു.

മഹാരാഷ്ട്രയിലെ നാസിക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അശോക് ബില്‍കോണ്‍ കമ്പനിയാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത്. 1668.50 കോടി രൂപയാണ് പദ്ധതി ചെലവ്. അരൂര്‍ മുതല്‍ തുറവൂര്‍ വരെ 12.752 കിലോ മീറ്ററില്‍ ദൂരത്തിലാണ് ആറ് വരിപ്പാതയുടെ നിര്‍മാണം നടക്കുന്നത്.

”അരൂര്‍ മേഖലയിലെ മുഴുവന്‍ ഇടറോഡുകളും ഉയരപ്പാതയുടെ നിര്‍മാണം ആരംഭിച്ച ശേഷം കുണ്ടും കുഴിയുമായി. ഗതാഗതക്കുരുക്ക് മൂലം ഭൂരിഭാഗം വാഹനങ്ങളും നിലവില്‍ ഇടറോഡുകളെയാണ് ആശ്രയിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് അരൂര്‍ മുതല്‍ തുറവൂര്‍ വരെ നിരവധി കടകളാണ് അടച്ചുപൂട്ടിയത്. ആംബുലന്‍സുകള്‍ പോലും മണിക്കൂറുകളോളമാണ് ഇവിടെ ബ്ലോക്കില്‍ കിടക്കുന്നത്. ഞങ്ങള്‍ സമരം ചെയ്ത് മടുത്തു. ഇനി എന്ത് സമരമാണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്ക് അറിയില്ല” ഗൗരീശന്‍ പറഞ്ഞ് നിര്‍ത്തുന്നു.

ചന്തിരൂര്‍ പാലം മുതല്‍ അരൂര്‍ പള്ളിവരെ മൂന്നു കിലോമീറ്റര്‍ കടക്കാന്‍ ബസ് യാത്രികര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരു മണിക്കൂറോളം കാത്തിരിക്കണം. ഇഴഞ്ഞും നിരങ്ങിയുമാണ് ഇവിടെ വാഹനങ്ങള്‍ നീങ്ങുന്നത്. ഇത് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നുണ്ടങ്കിലും അധികാരികള്‍ ഗൗനിക്കുന്നില്ല. 12.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എലിവേറ്റഡ് ഹൈവേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ കരാര്‍ കമ്പനിയും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും (NHAI) കാണിക്കുന്ന അലംഭാവമാണ് ഈ ദുരിതങ്ങള്‍ക്ക് കാരണമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.

”ഉയരപ്പാതയുടെ നിര്‍മാണം തുടങ്ങിയ സമയത്തൊക്കെ ഇതുവഴി തന്നെയായിരുന്നു ഓഫീസില്‍ പോയിരുന്നത്. എന്നാല്‍ പിന്നീട് റോഡ് മുഴുവന്‍ തകര്‍ന്ന് കുണ്ടും കുഴിയും ആയതോടെ ബൈക്കില്‍  കടന്നുപോകുക ബുദ്ധിമുട്ടാണ്” എഴുപുന്ന സ്വദേശിയായ മനീഷ് അഴിമുഖത്തോട് പ്രതികരിച്ചു.

”പല ദിവസങ്ങളിലും മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കാണ്. ഇപ്പോള്‍ മഴയായത് കൊണ്ട് തന്നെ റോഡ് ഏതാ കുഴിയേതാ എന്നറിയാത്ത തരത്തില്‍ കുഴികളില്‍ വെള്ളക്കെട്ടുമുണ്ട്. തകര്‍ന്ന ഈ റോഡിലൂടെ കടന്ന് പോകുക ബുദ്ധിമുട്ടായതിനാല്‍ നിലവില്‍ കുണ്ടന്നൂര്‍ വഴി തേവര വഴിയാണ് ഞാന്‍ ഓഫീസിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത്” മനീഷ് കൂട്ടിച്ചേര്‍ത്തു.

aroor - thuravoor elevated highway

മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത് കൊണ്ട് തന്നെ വലിയ വാഹനങ്ങളും ദീര്‍ഘദൂര വാഹനങ്ങളും തിക്കിത്തിരക്കി കടക്കുമ്പോള്‍ ചെറിയ വാഹനങ്ങള്‍ അപകടത്തില്‍ പെടുകയാണ് പതിവ്.

” നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് മൂലം ഈ വഴി പോകാനേ പ്രയാസമാണ്. ബദല്‍ സംവിധാനങ്ങള്‍ യാതൊന്നുമില്ലാതെയാണ് നിര്‍മാണം. ഈ വഴി നടന്ന് പോകുന്നത് ഭയപ്പാടോടെയാണ്. കുട്ടികളെയൊക്കെ സ്‌കൂളിലേക്ക് കൊണ്ടുപോയി ആക്കുകയാണ് പതിവ്. കുട്ടികള്‍, മുതിര്‍ന്നവരെ പോലെ ശ്രദ്ധിക്കണമെന്നില്ലല്ലോ. പലപ്പോഴും കോണ്‍ക്രീറ്റിന്റെ ബാക്കിയൊക്കെ മുകളില്‍ നിന്ന് താഴേക്ക് കാറുകളുടെ മുകളിലൊക്കെ വീഴാറുണ്ട്. വെല്‍ഡിംഗ് ചെയ്യുമ്പോഴും തീപ്പൊരികള്‍ താഴേക്ക് വീഴുന്നതും പലപ്പോഴും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്” ചന്തിരൂര്‍ സ്വദേശിനിയായ കുഞ്ഞുമോള്‍ അഴിമുഖത്തോട് പറഞ്ഞു.

ഉയരപ്പാത നിര്‍മ്മാണക്കമ്പനിയുടെ അശ്രദ്ധയും അലംഭാവവും നാട്ടുകാരെ വലിയ ദുരിതങ്ങളിലേക്ക് തള്ളിവിടുന്നത്. കഴിഞ്ഞ ദിവസം തുറവൂര്‍ കവലയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മേല്‍പാലത്തിന്റെ മുകളില്‍ നിന്നും സ്‌കൈ ബീം, ക്രെയിന്റെ സഹായത്തോടെ റോപ്പിലൂടെ താഴെയിറക്കുമ്പോള്‍ കൊളുത്തുതെറ്റി 50 ടണ്‍ ഭാരമുള്ള സ്‌കൈ ബീം റോഡിന് കുറുകെ വീണെങ്കിലും ആര്‍ക്കും പരുക്കേറ്റില്ല. എന്നാല്‍ ഇത് കയറ്റാന്‍ ഇട്ടിരുന്ന പുള്ളര്‍ ലോറി രണ്ടായി ചിതറിപ്പോയിരുന്നു. ഇതെല്ലാം ജനങ്ങളെ ആശങ്കാകുലരാക്കുന്നുണ്ട്.

”നിലവില്‍ അരൂര്‍ ഭാഗത്താണ് ഗതാഗതക്കുരുക്ക് രൂക്ഷായിരിക്കുന്നത്. റോഡുകളുടെ വീതിക്കുറവാണ് പ്രധാന പ്രതിസന്ധിക്ക് കാരണം. ദേശീയപാതയിലെ റോഡുകള്‍ നിര്‍മാണത്തെ തുടര്‍ന്ന് കുണ്ടും കുഴിയും ആയതോടെ ഇരുചക്രവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ് ഉള്ളത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടര്‍ച്ചയായി മഴ പെയ്യുന്നത് മൂലം റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നത് മൂലം അപകടങ്ങളും പതിവാണ്. കൂടാതെ പൈലിങിന്റെ ചെളിയും വെള്ളവും റോഡിലേക്ക് ഒലിച്ച് ഇറങ്ങുന്നത് മൂലം കാല്‍നടയാത്രികര്‍ക്ക് പോലും സഞ്ചരിക്കാന്‍ പ്രയാസമാണ്” അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി അഴിമുഖത്തോട് പ്രതികരിച്ചു.

2023 ഫെബ്രുവരിയിലാണ് അരൂര്‍- തുറവൂര്‍ ഉയരപ്പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇതിനോടകം 40 ലധികം ആളുകളാണ് വിവിധ അപകടങ്ങളിലായി ഈ മേഖലയില്‍ മരണപ്പെട്ടത്. അതിലേറെയും ഇരുചക്രവാഹന യാത്രികരും സ്ത്രീകളുമാണ്. കൂടാതെ തൊഴിലാളികളായ മൂന്ന് പേരും ഉള്‍പ്പെടുന്നു.

അരൂര്‍-തുറവൂര്‍ ദേശീയപാതയിലെ ഗതാഗതക്കുരുക്കിനും സഞ്ചാരയോഗ്യമല്ലാത്ത റോഡിനുമെതിരെ ഹൈക്കോടതി പോലും വിമര്‍ശനം ഉന്നച്ചിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ആലപ്പുഴ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള അധികാരികളുടെ അനാസ്ഥയാണ് ഈ നിര്‍മാണപ്രവര്‍ത്തനത്തില്‍ ഉടനീളം കാണാനാകുന്നതെന്ന വിമര്‍ശനവും രൂക്ഷമാണ്.

”പല വാഹനങ്ങളും ഇടറോഡുകളെ ആശ്രയിക്കുന്നത് മൂലം ആ റോഡുകളും തകര്‍ന്ന് തരിപ്പണമായി. അരൂര്‍ പഞ്ചായത്തിന്റെ ഏകദേശം 25 മീറ്ററോളം വരെയാണ് നിര്‍മാണം നടക്കുന്നത്. അരൂര്‍ മുതല്‍ കൊച്ചുപള്ളിക്കവല വരെയാണ് യാത്രക്കാര്‍ കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്. നിരവധി സ്‌കൂളുകളാണ് ദേശീയപാതയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. നിര്‍മാണത്തെ തുടര്‍ന്ന് കൃത്യസമയത്ത് കുട്ടികള്‍ക്ക് സ്‌കൂളില്‍ എത്തിച്ചേരാന്‍ കഴിയാത്ത അവസ്ഥയുമാണ്. കൂടാതെ അരൂരിലെ പ്രൈമറി ഹെല്‍ത്ത് സെന്ററിലേക്ക് പ്രായമായവര്‍ക്ക് വരാന്‍ പോലും പറ്റാത്ത സ്ഥിതിയാണുള്ളത്. പലരും ചെളിയില്‍ വീഴുന്നത് പതിവാണ്” രാഖി ആന്റണി കൂട്ടിച്ചേര്‍ത്തു.

കൃത്യമായ വഴിതിരിച്ചുവിടലുകള്‍ ഇല്ലാത്തതും, റോഡിന്റെ ശോചനീയാവസ്ഥയും, സുരക്ഷിതമല്ലാത്ത നിര്‍മ്മാണരീതികളും ഈ ഭാഗത്ത് പതിവ് അപകടങ്ങള്‍ക്കും രൂക്ഷമായ ഗതാഗതക്കുരുക്കിനും കാരണമാകുന്നതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.

അരൂര്‍ – തുറവൂര്‍ ദേശീയപാതയില്‍ ഉയരപ്പാതയുടെ നിര്‍മാണം നടക്കുന്ന ഭാഗത്ത് മൂന്നര മീറ്ററോളം റോഡ് മാത്രമാണ് സഞ്ചാരയോഗ്യമായിട്ടുള്ളൂ. പൊതുവെ മറ്റിടങ്ങളില്‍ പണി നടക്കുമ്പോള്‍ 45 മീറ്റര്‍ വീതിയിലുള്ള റോഡുകളാകും ഉണ്ടാകുക. റോഡിന്റെ വീതിക്കുറവ് മൂലം ഒരപകടം ഉണ്ടായാല്‍ തന്നെ മരണസാധ്യതയും ഏറെയാണെന്ന് നിര്‍മാണ കമ്പനിയായ അശോക് ബില്‍കോണ്‍ അധികൃതര്‍ അഴിമുഖത്തോട് പ്രതികരിച്ചു.

aroor - thuravoor elevated highway

”ഉയരപ്പാതയുടെ നിര്‍മാണം നടക്കുന്നത് കൊണ്ടോ അശ്രദ്ധയോ അല്ല അപകടങ്ങള്‍ക്ക് കാരണം. റോഡിന്റെ വീതിക്കുറവാണ്. ഈ റോഡില്‍ 35 കിലോമീറ്റര്‍ വേഗതയില്‍ മാത്രമേ സഞ്ചരിക്കാവൂ. ഒപ്പം ഓവര്‍ടേക്കിങ്ങും അനുവദനീയമല്ല. പക്ഷേ, ആളുകള്‍ അനുവദനീയമായതില്‍ കൂടുതല്‍ സ്പീഡില്‍ സഞ്ചരിക്കുന്നതും അപകടത്തിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തില്‍ പെടുന്നത്.

പൊതുവെ മെട്രോ നിര്‍മാണത്തിലൊക്കെ ബാരിക്കേഡിന് വെളിയിലൂടെയാണ് വാഹനങ്ങള്‍ പോകുന്നത്. പക്ഷേ, ഇവിടെ സൈറ്റിന് താഴെക്കൂടി തന്നെയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. അതിന്റെ ബുദ്ധിമുട്ടുകളാണ് നിലവില്‍ നേരിടുന്നത്” കമ്പനി വൃത്തങ്ങള്‍ പറയുന്നു. On the Aroor–Thuravoor national highway, nearly 40 lives have been lost over the last two and a half years

Content Summary: Aroor-Thuravoor elevated highway construction and traffic block

രാജേശ്വരി പി ആര്‍

രാജേശ്വരി പി ആര്‍

അഴിമുഖം ചീഫ് സബ് എഡിറ്റര്‍

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×