July 09, 2025 |
Share on

സഹപാഠിയുടെ രൂപം കലാസൃഷ്ടിയില്‍ കണ്ട അത്ഭുതവുമായി സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍

കൊച്ചിയിലെ അടുക്കളകളെക്കുറിച്ച് വിപിന്‍ ധനുര്‍ധരന്‍ ഒരുക്കിയ പ്രതിഷ്ഠാപനത്തിലാണ് സ്‌പെഷ്യല്‍ സ്‌ക്കൂള്‍ അന്തേവാസികള്‍ സ്വന്തം രൂപം കണ്ടത്

കൊച്ചിയിലെ വിവിധ മുഖങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിപിന്‍ ധനുര്‍ധരന്റെ ചിത്രങ്ങള്‍ കോട്ടോലെംഗോ സ്‌പെഷ്യല്‍ സ്‌ക്കൂളിലെ അന്തേവാസികള്‍ അത്ഭുതത്തോടെയാണ് കണ്ടത്. അവരുടെ സഹപാഠിയുടെ മുഖം കൂടി ആ വരകളില്‍ നിറഞ്ഞത് കുട്ടികളുടെ മനസും നിറയ്ക്കുന്നതായി.

കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കം കാണുന്നതിനായാണ് സ്‌പെഷ്യല്‍ സ്‌ക്കൂള്‍ അന്തേവാസികള്‍ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിലെത്തിയത്. എട്ടു മുതല്‍ 30 വയസ്സുവരെ പ്രായമുള്ളവരായിരുന്നു അന്തേവാസികള്‍.

കൊച്ചിയിലെ അടുക്കളകളെക്കുറിച്ച് വിപിന്‍ ധനുര്‍ധരന്‍ ഒരുക്കിയ പ്രതിഷ്ഠാപനത്തിലാണ് സ്‌പെഷ്യല്‍ സ്‌ക്കൂള്‍ അന്തേവാസികള്‍ സ്വന്തം രൂപം കൂടി കണ്ടത്. ഈ ചിത്രം കണ്ടപ്പോള്‍ കുട്ടികള്‍ക്കുണ്ടായ സന്തോഷം ചില്ലറയല്ലെന്ന് കോട്ടോലെംഗോ സ്‌ക്കൂളിലെ സിസ്റ്റര്‍ തേരേസ പറഞ്ഞു.പ്രദര്‍ശനത്തിലെ ഓരോ പ്രതിഷ്ഠാപനവും വിദ്യാര്‍ത്ഥികള്‍ നടന്നു കണ്ടു. ആസ്പിന്‍വാളിന്റെ മുറ്റത്ത് കെട്ടിയ ഊഞ്ഞാലില്‍ ആടിയും മറ്റ് സന്ദര്‍ശകരെ അഭിവാദ്യം ചെയ്തും ഫോട്ടോയെടുത്തും അവര്‍ സന്ദര്‍ശനം ആഘോഷമാക്കി.

വൈകല്യമുള്ള കുട്ടികളുമായി എത്തുമ്പോള്‍ ബിനാലെയുടെ ചുമതലക്കാര്‍ എങ്ങിനെ പെരുമാറും എന്ന ആശങ്കയുണ്ടായിരുന്നതായി സിസ്റ്റര്‍ തെരേസ പറഞ്ഞു. പക്ഷെ ബിനാലെയിലെ വോളണ്ടിയര്‍മാരും ആര്‍ട്ട് മീഡിയേറ്റര്‍മാരും വളരെ ഹൃദ്യമായാണ് പെരുമാറിയതെന്ന് അവര്‍ പറഞ്ഞു. ഒരിക്കല്‍ കൂടി ബിനാലെ സന്ദര്‍ശിക്കണമെന്ന ആഗ്രഹവുമായാണ് ഇവിടെ നിന്നും പോകുന്നത്. വൈകല്യമുള്ള കുട്ടികള്‍ക്ക് അവര്‍ക്ക് കൂടെ ഗ്രഹിക്കുന്ന ഭാഷയില്‍ ക്ഷമയോടെയാണ് ആര്‍ട്ട് മീഡിയേറ്റര്‍മാര്‍ വിശദീകരിച്ചു നല്‍കിയതെന്നും സിസ്റ്റര്‍ ചൂണ്ടിക്കാട്ടി.

സോങ്‌ഡോങിന്റെ പ്രതിഷ്ഠാപനത്തില്‍ വെള്ളം കൊണ്ട് ചിത്രം വരയ്ക്കാന്‍ എല്ലാവര്‍ക്കും ഏറെ ഇഷ്ടമായി. വില്യം കെന്റ്റിഡ്ജിന്റെ വീഡിയോ പ്രതിഷ്ഠാപനവും വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഇ്ഷ്ടമായി. സ്യൂ വില്യംസണ്‍, സൈറസ് കബീറു, വ്യാംസ് പ്രൊജക്ട്, ജുന്‍ ഗുയെന്‍ ഹാറ്റ്‌സുഷിബ എന്നിവരുടെ പ്രതിഷ്ഠാപനങ്ങള്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഇഷ്ടമായെന്നും സിസ്റ്റര്‍ തെരേസ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

×