ലോകത്തിലെ ഏറ്റവും വേഗതകൂടിയ കാര്‍ട്ടൂണിസ്റ്റും ഇന്റര്‍നാഷണല്‍ റാങ്കര്‍ ലിസ്റ്റിന്റെ ആഗോള സെലിബ്രിറ്റി റാങ്കില്‍ ടോപ്പ് 10 ഇടം നേടിയ മലയാളി ചിത്രകാരന്‍ ജിതേഷ്ജിക്ക് (എസ് ജിതേഷ്) ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മലയാളി അസ്സോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ (M A V ) ആദരവ്. മെല്‍ബണിലെ വിക്‌റ്റോറിയയിലെ സ്പ്രിംഗ് വെയ്ല്‍ ടൗണ്‍ഹാളില്‍ നടന്ന ഓണാഘോഷച്ചടങ്ങുകളുടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത് ജിതേഷാണ്.
ജിതേഷിന്റെ വേഗവരയുടെ വീഡിയോ കഴിഞ്ഞമാസം ഒരു കോടിയിലേറെ ആളുകള്‍ കണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇരു കൈകളും ഉപയോഗിച്ച് അഞ്ചു മിനിറ്റിനുള്ളില്‍ 50 ലോക പ്രശസ്തരുടെ ചിത്രങ്ങള്‍ വരച്ച്‌കൊണ്ട് 2008-ല്‍ ലോക റെക്കോര്‍ഡ് ജേതാവായ വ്യക്തിയാണ് ജിതേഷ്.
ചിത്രകലയുടെ രംഗകലാരൂപമായ വരയരങ്ങിന്റെ ആവിഷ്‌ക്കര്‍ത്താവെന്ന നിലയില്‍ ഇതിന്റെ ട്രെയിഡ് മാര്‍ക്കും പേറ്റന്റും ഇദ്ദേഹം ഇതിനകം സ്വന്തമാക്കികഴിഞ്ഞു. 22 ലേറെ രാജ്യങ്ങളില്‍ സ്പീഡ് കാര്‍ട്ടൂണിങ്ങില്‍ വിസ്മയം സൃഷ്ടിച്ചിട്ടുള്ള ജിതേഷ് പത്തനംതിട്ട പന്തളം തെക്കേക്കര കല്ലുഴത്തില്‍ നിവാസിയാണ്. ക്രിമിനല്‍ അഭിഭാഷകന്‍ കൂടിയാണ് ജിതേഷ്ജി.
ഓസ്‌ട്രേലിയന്‍ സാംസ്‌കാരിക മന്ത്രി ജയ്സണ്‍ വുഡ്, പാര്‍ലമന്റ് അംഗങ്ങള്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്കു പുറമേ മലയാളി അസോസിയേഷന്‍ (M A V) പ്രസിഡന്റ് തമ്പി ചെമ്മനം, സെക്രട്ടറി മദനന്‍ ചെല്ലപ്പന്‍, മറ്റ് നിരവധി പ്രവാസി സംഘടനാപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കാളികളായി.