മലയാള പ്രൊഫഷണല്‍ നാടകവേദിയുടെ അരനൂറ്റാണ്ടത്തെ ചരിത്രം ഒരുപേരില്‍ ഒതുക്കണമെങ്കില്‍ ആര്‍ട്ടിസ്റ്റ് സുജാതനെന്നു എഴുതിയാല്‍ മതി. തലമുറകളുടെ ഇടവേളകള്‍ക്ക് അപ്പുറവും ഇപ്പുറവും നമ്മള്‍ കണ്ട നാടകങ്ങള്‍ക്കെല്ലാം രംഗപടം ഒരുക്കിയത് ഈയൊരു മനുഷ്യനായിരുന്നു. കൈവരകൊണ്ട് കലയുടെ മായികത തീര്‍ത്ത സുജാതന്‍. നാടകവും നാടകപ്രസ്ഥാനങ്ങളും പൊതുരംഗത്തു നിറം മങ്ങിത്തുടങ്ങിയിട്ടും ഈ കലാകരന്റെ ഛായക്കൂട്ടുകള്‍ക്ക് ഇപ്പോഴും തിളക്കമാണ്. മുമ്പ് പലരും പലവട്ടം എഴുതിയും പറഞ്ഞിട്ടുമുണ്ട് ആര്‍ട്ടിസ്റ്റ് സുജാതനെ കുറിച്ച്. എന്നാല്‍ പോയകാലത്തിന്റെ കളിത്തട്ടില്‍ ജീവിതം ആടിത്തീര്‍ത്ത പല കലാകാരന്മാരും ഓര്‍മകള്‍കൊണ്ടുപോലും വീണ്ടെടുക്കപ്പെടാതെ പോവുകയും അവശേഷിക്കുന്നവര്‍ ഒരു നുള്ളു കണ്ണീര്‍ കഥയായി മാത്രം പറയപ്പെടുകയും ചെയ്യുന്നൊരു കാലത്ത് അമ്പതുവര്‍ഷത്തോളമായി നാടക കലാരംഗത്ത് നിലനിന്ന്, പല ജീവിതങ്ങളും കണ്ട്, വാണവരെയും വീണവരെയും കണ്ട്, അനുഭവങ്ങള്‍ സ്വന്തമാക്കിയ ഒരാള്‍ക്ക് പറയാന്‍ ഇനിയും പലതും ബാക്കിയുണ്ടാകും…ആര്‍ട്ടിസ്റ്റ് സുജാതനും അഴിമുഖം പ്രതിനിധി രാകേഷ് സനലും തമ്മിലുള്ള സംഭാഷണം.
രാകേഷ് : ഈയടുത്ത് പഴയൊരു കലാകാരനെ വീട്ടില്‍ പോയി കാണാനിടവന്നിരുന്നു. ഒരു കാലത്ത് പ്രശ്‌സതിയുടെ ഉന്നതിയില്‍ നിന്നൊരാളാണ്, ഇന്നത്തെ അവസ്ഥ തീരെ ദയനീയവും. ജീവിതം നശിപ്പിച്ചു കളഞ്ഞ കലാകാരന്‍ എന്നാണ് മക്കള്‍പോലും അദ്ദേഹത്തെ കുറിച്ച് പറയുന്നത്. ഇതേപോലൊരു ഉദ്ദാഹരണം വേറെയുമുണ്ട്. വര്‍ഷങ്ങളായി സിനിമയില്‍ നിന്ന ഒരു നടന്‍. ഇപ്പോള്‍ പ്രായം തളര്‍ത്തിയിരിക്കുന്നു. അദ്ദേഹത്തെ കുറിച്ചും മക്കള്‍ പറഞ്ഞത്, അച്ഛന്‍ തങ്ങളുടെ ജീവിതത്തിന് വഴികാട്ടിയായില്ല എന്നായിരുന്നു. ഇത്തരം ഉദ്ദാഹരണങ്ങള്‍ വേറെയുമുണ്ട്. ഇന്നത്തെ തലമുറ പരാജിതര്‍ എന്നു വിളിക്കുന്ന കലാകാരന്മാരുടെ ശ്രേണിയിലെ അവസാനഅംഗം എന്നു പറയാവുന്നൊരാളാണ് ആര്‍ട്ടിസ്റ്റ് സുജാതന്‍. വാസ്തവത്തില്‍ നിങ്ങളുടെ തലമുറ പരാജയമായിരുന്നോ?
സുജാതന്‍:പരാജയവും വിജയവും ഓരോരുത്തരുടെയും കാഴ്ച്ചപ്പാടിന് അനുസരിച്ച് വ്യത്യാസപ്പെടുന്ന ഒന്നാണ്. ഇന്നത്തെ സാഹചര്യത്തില്‍ നിന്നുകൊണ്ട് നോക്കുമ്പോള്‍ പഴയതലമുറ പരാജയമായി തോന്നിയേക്കാം. പക്ഷെ അതവരെ വേണ്ടരീതിയില്‍ മനസ്സിലാക്കാഞ്ഞിട്ടാണ്. സ്വാര്‍ത്ഥയില്ലാത്തവരായിരുന്നു മുന്‍കാല കലാകാരന്മാര്‍. വെള്ളത്തില്‍ ഒഴുകി നടന്ന പൊങ്ങുതടിപോലെയായിരുന്നു അവരുടെ ജീവിതം. കുടുംബം, മക്കള്‍, ഭാര്യ എന്നതിനെ കുറിച്ചൊന്നും അവര്‍ കാര്യമായി ചിന്തിച്ചിരുന്നില്ല. കലയായിരുന്നു അവര്‍ക്കെല്ലാം. അതിനപ്പുറം ഒന്നുമില്ലായിരുന്നു. അതുകൊണ്ടു തന്നെ അവരില്‍ പലര്‍ക്കും വഴിയരികില്‍ കിടന്നു മരിക്കേണ്ടി വന്നു. മക്കള്‍ അച്ഛന്മാരെ തള്ളിപ്പറയുന്നതു കേള്‍ക്കേണ്ടി വന്നൂ. കലയോടുണ്ടായിരുന്ന നിസ്വാര്‍ത്ഥമനോഭാവമാണ് അവരെ വല്ലാത്ത വഴികളിലൂടെയെല്ലാം സഞ്ചരിപ്പിച്ചത്. അവരെ മനസ്സിലാക്കാത്തവര്‍ക്ക് അവരെന്നും പരാജയമായിരിക്കും, പക്ഷെ, അവര്‍ യഥാര്‍ത്ഥ കലാകാരന്മാരായിരുന്നു. അവര്‍ ദൂര്‍ബലരുമായിരുന്നു.
രാ:ആ കൂട്ടത്തില്‍ ഒരാളായിരുന്നില്ലേ ആര്‍ട്ടിസ്റ്റ് കേശവന്‍, താങ്കളുടെ അച്ഛന്‍?
സു:സ്വാര്‍ത്ഥയില്ലാത്ത കലാകാരനായിരുന്നു അച്ഛനും. പന്തല്‍ പണിമുതല്‍ രംഗപടം വരെ അച്ഛന്‍ ചെയ്തു. അച്ഛന്‍ ചെയ്യാത്ത കൈത്തൊഴിലുകള്‍ ഇല്ലായിരുന്നു. ഓരോ മേഖലയിലൂടെ സഞ്ചരിക്കുമ്പോഴും ജീവിതത്തില്‍ ഒന്നും സമ്പാദിക്കാന്‍ അദ്ദേഹത്തിനായില്ല. കലയോട് അമിതമായ സ്‌നേഹമായിരുന്നു. എന്നെയൊഴിച്ച് ബാക്കിയുള്ള മക്കളെയെല്ലാം അദ്ദേഹം സംഗീതം, നൃത്തം തുടങ്ങിയ കലകളൊക്കെ അഭ്യസിച്ചിരുന്നു. എന്നെ അതിനൊന്നും കൂട്ടിയിരുന്നില്ല. കഴിവില്ലെന്നു കണ്ടിട്ടായിരിക്കാം. മക്കള്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ സ്വത്ത് കലയാണെന്ന് അദ്ദേഹം വിശ്വസിച്ചു. അദ്ദേഹത്തിന്റെ ജീവിതവും കലയ്ക്കുവേണ്ടി മാത്രമായിരുന്നു. ഒരിക്കലും കണക്കു പറഞ്ഞു കാശുവാങ്ങിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അപ്പോഴോക്കെ അച്ഛന്‍ സ്വന്തം കുടുംബത്തെ കുറിച്ചും അവിടെയുള്ള ജീവനുകളെ കുറിച്ചും ആലോചിച്ചില്ല. അച്ഛനെപ്പോലുള്ള കലാകാരന്‍ എന്നും മറന്നിരുന്നതും സ്വന്തം കുടുംബത്തെയായിരുന്നു. പഴയകാല കലാകാരനെ നശിപ്പിച്ച പ്രധാനസംഗതി ലഹരി ആയിരുന്നു. അച്ഛനും അതിന് അടിമയായിരുന്നു. കലാകാരന്‍ സമ്പാദിക്കുന്നവല്ല എന്നതായിരുന്നു അവരുടെയെല്ലാം തത്വം. അവരാണ് ശരിയെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ അവര്‍ക്ക് അങ്ങനെയാകാനേ കഴിയുമായിരുന്നുള്ളൂ. അങ്ങനെ തന്നെ ജീവിച്ച് മരിച്ചു. ജീവിതത്തില്‍ ഒന്നും നേടിയില്ല, ആര്‍ക്കുമൊന്നും നേടിക്കൊടുത്തുമില്ല. കുടുംബത്തെ സംരക്ഷിക്കാനോ മക്കളെ സംരക്ഷിക്കാനോ ശ്രമിച്ചില്ല. പക്ഷെ അച്ഛന്റെ ജീവിതം മുഴുവന്‍ കണ്ടുവളര്‍ന്ന എനിക്ക് ഒരിക്കലും അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ പറ്റില്ല. അച്ഛന്‍ ഞങ്ങള്‍ മക്കളുടെ ജീവിതത്തിന്റെ വഴിയടിച്ചില്ല. ആ അച്ഛന്റെ മകനായതുകൊണ്ടുമാത്രമാണ് ഞാന്‍ ഇന്നത്തെ ആര്‍ട്ടിസ്റ്റ് സുജാതനായതും. ജീവിതത്തില്‍ ഒന്നുമാകാതെ പോകുമായിരുന്നെങ്കില്‍ അച്ഛന്‍ തെറ്റായിരുന്നുവെന്ന് ഞാന്‍ പറയുമായിരുന്നു. എന്നാല്‍ എന്റെ അച്ഛന്‍ ആരായിരുന്നുവെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്, അതിനാല്‍ തന്നെ ഞാനദ്ദേഹത്തെ തള്ളിപ്പറയില്ല. സ്വന്തം പിതാവിനെ മനസ്സിലാക്കാതെ പോകുന്ന മക്കളാണ് അവരെ തള്ളിപ്പറയുന്നത്.
രാ:മാറി വന്നൊരു തലമുറ കലപ്രവര്‍ത്തനങ്ങളോട് പ്രത്യേകിച്ച് നാടകത്തോട് അകന്നു പോകുന്നില്ലേ?
സു:കലയോട് സ്‌നേഹമില്ലാത്തൊരു തലമുറ തന്നെയാണ് ഇന്നുള്ളത്. ഏറ്റവും വിലകൂടിയത് ഏറ്റവും നല്ലതെന്ന് ധരിച്ചുവച്ചിരിക്കുകയാണവര്‍. കലയിലും അതേ മനോഭാവമാണ്. നാടകം അവര്‍ക്കിന്ന് യാതൊരു വിലയുമില്ലാത്ത ഒന്നാണ്.
രാ:നാടകവും മാറിയിരക്കുന്നു. പഴയകാല നാടകങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അങ്ങനെ പറയുന്നതില്‍ തെറ്റുണ്ടോ?
സു:മാറിയിട്ടുണ്ട്, നാടകവും നാടകകലാകാരന്മാരും. പണ്ടത്തെ തലമുറ പ്രതിഫലേച്ഛയില്ലാതെയായിരുന്നു ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നത്. നാടകം തന്നെയായിരുന്നു അവരുടെ ജീവിതം. അതിനായി എല്ലാ പീഢകളും സഹിച്ചു. നാടക ക്യാമ്പായിരുന്നു അവരുടെ ലോകം. അതിനപ്പുറം തനിക്കൊരു ജീവിതം ഇല്ലെന്നായിരുന്നു അവര്‍ വിശ്വസിച്ചിരുന്നത്. തന്റെ കുഴപ്പം മൂലം ഒരു നാടകവും മുടങ്ങരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നവര്‍. അവരെത്ര മദ്യാപാനിയോ അരാജകവാദിയോ കുടുംബത്തെ നോക്കാത്തവരോ ആകട്ടെ, കലയോട് ആത്മാര്‍ത്ഥയുള്ളവരായിരുന്നു. സത്യസന്ധരായിരുന്നു. ഇന്ന് അതല്ല സ്ഥിതി. നിസ്സാരമായൊരു പ്രശ്‌നം കൊണ്ടുപോലും നാടകം മുടങ്ങുന്ന അവസ്ഥയാണ്. നാടകം കളിക്കേണ്ട സ്ഥലത്ത് എത്തിയിട്ട് ആര്‍ട്ടിസ്റ്റ് വരാത്തതിനാല്‍ നാടകം മുടങ്ങുന്ന അവസ്ഥകള്‍ ഉണ്ടാവുന്നു. അപ്രോച്ചിന്റെ കുഴപ്പമാണ്.
ഇന്ന് പ്രതിഫലം കണക്കു പറഞ്ഞ് വാങ്ങുന്നവരാണുള്ളത്. അവരെ കുറ്റം പറയാന്‍ പറ്റില്ല. ചുറ്റുമുള്ളവര്‍ ജീവിക്കുന്നതുപോലെ തനിക്കും ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണവര്‍. എന്നാല്‍ ഒരു നാടകകലാകാരനും അവന്‍ ആഗ്രഹിക്കുന്നതുപോലെ പ്രതിഫലം ഇന്നും കിട്ടുന്നില്ല. നാടകം അന്നും ഇന്നും ഒരു ദാരിദ്ര്യപ്രസ്ഥാനമാണ്. വളരെ സീനിയറായിട്ടുള്ള ഒരാള്‍ക്കുപോലും ആയിരമോ രണ്ടായിരമോ മാത്രമാണ് പ്രതിഫലം. മിനിമം 750 രൂപയാണ് ഇന്നും പലര്‍ക്കും കിട്ടുന്നത്. വര്‍ഷത്തില്‍ നൂറോ നൂറ്റിയിരുപതോ നാടകങ്ങള്‍ കാണും. അതില്‍ നിന്നുള്ള വരുമാനം മാത്രമാണ് അവര്‍ക്കുള്ളത്. ഈയൊരു യാഥാര്‍ത്ഥ്യം നിലനില്‍ക്കെ തന്നെ വാങ്ങുന്ന കാശിനോട് ആത്മാര്‍ത്ഥയില്ലാത്തവരുമാണ് ഇന്നുള്ളവരില്‍ കൂടുതലും.
രാ:നാടകങ്ങള്‍ ഈ സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങള്‍ വളരെ വലുതാണ്. ഒരുപക്ഷേ മറ്റൊരു കലാരൂപത്തിനും അവകാശപ്പെടാന്‍ കഴിയാത്ത കാര്യമാണത്. എന്നാല്‍ ഇന്നുണ്ടാകുന്ന നാടകങ്ങള്‍ ഒരുതരത്തിലുള്ള സാമൂഹ്യ ഇടപെടലുകളും നടത്തുന്നില്ല?
സു:മാറിയ സാഹചര്യങ്ങളാണ് അതിന് കാരണം. പണ്ട് ഭഗവാന്‍ കാലുമാറി, ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്നീ നാടകങ്ങളൊക്കെ നമുക്കുവിടെ ഉണ്ടായി. രൂക്ഷമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടും അതൊക്കെ ഇവിടെ കളിച്ചു, ആളുകള്‍ കണ്ടു. അന്ന് ഒരു ന്യൂനപക്ഷമായിരുന്നു എതിര്‍ഭാഗത്ത്. ഇന്നതല്ല സ്ഥിതി. മനുഷ്യന്‍ ചെറിയ കാര്യത്തോടുപോലും പ്രതികരിക്കാന്‍ വല്ലാത്ത ആവേശം കാണിക്കുന്നു. എന്തുകൊണ്ട് സാമൂഹ്യവിമര്‍ശനമുള്ള നാടകങ്ങള്‍ ഉണ്ടാകുന്നല്ലെന്നു ചോദിച്ചാല്‍, അതിനുള്ള വേദികള്‍ ഇവിടെ കിട്ടുന്നില്ല എന്നു തന്നെയാണ് ഉത്തരം. ആരെയും വേദനിപ്പിക്കാതെ, കുറ്റപ്പെടുത്താതെ വേണം ഇന്നു നാടകമുണ്ടാക്കാന്‍. സമൂഹത്തിന്റെ ചോദ്യം ചെയ്യല്‍ പ്രവണത കലയെ ബാധിക്കുന്നുണ്ട്. ഇന്ന് ഒരു രംഗപടം സജ്ജീകരിക്കുമ്പോള്‍ അമ്പലമോ പള്ളിയോ ഏതെങ്കിലും മതചിഹ്നങ്ങളോ വരാതിരിക്കാന്‍ നോക്കും. രംഗത്ത് അമ്പലമുണ്ടെങ്കില്‍ അതൊരു ഹിന്ദു പശ്ചാത്തലമുള്ള നാടകമായി മുദ്രകുത്തും. പിന്നെയത് പള്ളികളില്‍ ബുക്ക് ചെയ്യില്ല, ഇതു തന്നെ തിരിച്ചും നടക്കും. അത്രകണ്ട് സങ്കുചിതമായി മാറി സമൂഹം.
രാ:നാടകസങ്കല്‍പ്പങ്ങളില്‍ തന്നെ മാറ്റം വന്നിരിക്കുന്നു?
സു:നേരത്തെ പ്രൊഫഷണല്‍ നാടക സമിതിക്കാര്‍ പ്രേക്ഷകരെ മുന്‍കൂട്ടി കണ്ട് നാടകങ്ങള്‍ രൂപപ്പെടുത്തിയിരുന്നു. ഉത്സവപ്പറമ്പുകളില്‍ കളിക്കാനാണെങ്കില്‍ അവിടെ ഉണ്ടാകുന്ന കാണികള്‍ ഏതുതരത്തിലുള്ളവരായിരിക്കുമെന്നും അവരെ സന്തോഷിപ്പിക്കാന്‍ എന്ത് നാടകം വേണമെന്നും അറിയാം. എന്നാല്‍ ഒരു ഫൈന്‍ ആര്‍ട്‌സ് സൊസറ്റിയില്‍ അവതരിപ്പിക്കാനാണെങ്കില്‍ നാടകത്തിന്റെ സ്വഭാവം മാറണം. ഇന്ന് പക്ഷെ പ്രേക്ഷകന്റെ മനോനില പ്രവചിക്കാന്‍ പറ്റില്ല. നേരത്തെ നമ്മള്‍ സംസാരിച്ച സാമൂഹ്യ വിമര്‍ശമനമില്ലേ, അത്തരമൊരു നാടകം, ഇന്നത്തെ സമൂഹത്തിലെ പല അധപതനങ്ങളെയും പരാമര്‍ശിക്കുന്നൊരു നാടകം ഞങ്ങള്‍ തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയില്‍ അവതരിപ്പിച്ചു. എന്നാല്‍ സംഘാടകരുടെ സമീപനം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇതില്‍ എന്താണുള്ളത്? സുജാതന്‍ ഇതില്‍ എന്താണ് ചെയ്തിരിക്കുന്നത്? തുടങ്ങി പലതരത്തിലുള്ള ചോദ്യം ചെയ്യലുകള്‍. അവര്‍ക്ക് വേണ്ടത് സിനിമാചേരുവകകള്‍ നിറഞ്ഞൊരു നാടകമാണ്. അതായത് ഒരു രണ്ടാംതരം സിനിമയായി നാടകത്തെ മാറ്റണമെന്ന്. ഈ സങ്കല്‍പ്പത്തിനനുസരിച്ച് നാടകങ്ങള്‍ കുറെ മാറിയിട്ടുമുണ്ട്.
രാ:ഒരുകാലത്ത് നാടക ക്യാമ്പുകള്‍ ഉണ്ടാക്കിയരുന്നത് ഒരു ഉത്സവാന്തരീക്ഷം തന്നെയായിരുന്നു. ആ പരിസരത്ത് ഒന്നു ചെല്ലാന്‍ പോലും വലിയ ബുദ്ധിമുട്ടായിരുന്നു.
സു:വളരെ ശരിയാണ്. എവിടെയെങ്കിലും നാടക ക്യാമ്പ് ഉണ്ടെന്നു കേട്ടാല്‍ ആ പരിസരത്ത് എന്തുമാത്രം ആളുകൂടുമായിരുന്നു. ഒന്നു രണ്ടുമാസത്തോളം കാണും ക്യാമ്പ്. ആളുകള്‍ ഇവിടെ വന്നുപോയി കൊണ്ടിരിക്കും. ചിലര്‍ സ്ഥിരം സന്ദര്‍ശകരാകും. ഇവരില്‍ ചിലര്‍ പ്രോംപ്റ്റര്‍ ആകും. ചിലര്‍ക്ക് ചെറിയ വേഷങ്ങള്‍ കിട്ടും. വേറെ ചിലര്‍ക്ക് പാചക പുരയിലെങ്കിലും സ്ഥാനം കിട്ടിയാല്‍ മതിയെന്നാണ്. അത്ര താല്‍പര്യമായിരുന്നു നാടകത്തോട്. ഇന്നിപ്പോള്‍ എവിടെയൊക്കെ നാടക ക്യാമ്പ് നടക്കുന്നുണ്ടെന്നുപോലും ആര്‍ക്കുമറിയില്ല.
രാ:കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഈ രംഗത്തോട് കാണിക്കുന്ന വിമുഖതയും ഈ സാഹചര്യത്തില്‍ നമുക്ക് ചര്‍ച്ച ചെയ്യേണ്ടതുണ്ട്?
സു:ഭഗവാന്‍ കാലുമാറുന്നു എന്ന നാടകം കേരളത്തില്‍ അങ്ങോളമിങ്ങോളം കളിക്കാന്‍ കെപിഎസ്‌സിക്ക് കഴിഞ്ഞത് പിന്നില്‍ ശക്തമായയൊരു രാഷ്ട്രീയപ്രസ്ഥാനം ഉണ്ടായതുകൊണ്ടുതന്നെയാണ്. ഇന്ന് അങ്ങനൊരു സംരക്ഷണമില്ല. തങ്ങളെ പ്രതിരോധിക്കാന്‍ ആരുമില്ലെന്നു മനസ്സിലാക്കുന്നവര്‍ വിമര്‍ശിക്കാന്‍ ധൈര്യപ്പെടില്ല. അവരെ സംരക്ഷിക്കാന്‍ ഒരു പ്രസ്ഥാനവും മുന്നോട്ടുവരുന്നില്ല. സ്വഭാവികമായി പഴയകാലത്തെ പോലെ പ്രതികരണസ്വഭാവമുള്ള നാടകങ്ങളും ഉണ്ടാകില്ല.
രാ:അങ്ങ് നേരത്തെ പറഞ്ഞതുപോലെ ഈ കലാരൂപം ഇപ്പോഴും ഒരു ദാരിദ്ര്യപ്രസ്ഥാനമായി നിലനില്‍ക്കുന്നതും അവഗണിക്കപ്പെടുന്നതും ഇതിലേക്ക് കൂടുതല്‍ ആളുകള്‍ ആകൃഷ്ടരാകാതിരിക്കാന്‍ കാരണമാകുന്നില്ലേ?
സു:നാടകക്കാരനെപ്പോലെ ഇത്രയും അവഗണിക്കപ്പെട്ട മറ്റൊരു വിഭാഗം ഉണ്ടാകാന്‍ സാധ്യതതയില്ല. ഒരു മിമിക്രിക്കാരന് കിട്ടുന്ന പരിഗണനപോലും നാടകക്കാരന് കിട്ടുന്നില്ല. പണ്ട് ഏതെങ്കിലും സ്ഥലത്ത് നാടക വണ്ടി എത്തിയാല്‍ അതിനു ചുറ്റും ഓടിക്കൂടുന്ന കുറെ ചെറുപ്പക്കാരുണ്ടായിരുന്നു. നടകക്കാരെ കാണാനും സംസാരിക്കാനുമൊക്കെ തിരക്കുകൂട്ടുന്നവര്‍. സംഘാടകരാകട്ടെ നമ്മളെ വളരെ കാര്യമായിട്ടായിരിക്കും സ്വീകരിക്കുക. സ്ഥലത്തെ സമ്പന്നനായൊരു വ്യക്തിയുടെ വീട്ടിലേക്കായിരിക്കും നമ്മളെ കൂട്ടിക്കൊണ്ടു പോവുന്നത്. അവിടെ റസ്റ്റ്, ഭക്ഷണം എല്ലാം ഒരുക്കും. ഇന്നതല്ല സ്ഥിതി. ഒരു നാടക വണ്ടി ചെന്നു നിന്നാല്‍ ആരും തിരിഞ്ഞുനോക്കില്ല. എവിടെയങ്കിലും കൊണ്ടുചെന്നിരുത്താന്‍ പോലും സംഘാടകര്‍ തയ്യാറാകില്ല. നാടക വണ്ടിയില്‍ തന്നെ കഴിയേണ്ട അവസ്ഥയാണ്. ഏതു നാടകക്കാരനെയാണ് ഇന്ന് പൊതുസമൂഹം തിരിച്ചറിയുന്നത്. ഒരു ടെലിഫിമില്‍ എങ്കിലും അഭിനയിച്ചവനുപോലും ആരാധകരുണ്ട്. ജീവിതം മുഴുവന്‍ നാടകത്തിനുവേണ്ടി ഹോമിച്ചവനെ ആരും തിരിച്ചറിയില്ല.
മാധ്യമങ്ങള്‍ക്ക്പോലും അവനോട് താല്‍പര്യമില്ല. ഒരു മാധ്യമവും നാടകക്കാരനെ പ്രമോട്ട് ചെയ്യുന്നില്ല. ഓണം, വിഷും, ക്രിസ്തുമസ് തുടങ്ങിയ വിശേഷാവസരങ്ങളിലെല്ലാം ഒരാഴ്ച്ച മുമ്പേ ചാനലുകളില്‍ സിനിമാ-സീരിയല്‍ താരങ്ങളുടെ കുടുംബവിശേഷങ്ങളും വ്യക്തിവിശേഷങ്ങളുമൊക്കെ സംപ്രേക്ഷണം ചെയ്യാന്‍ തുടങ്ങും. ഇതിങ്ങനെ കണ്ടു കണ്ടാണ് അവര്‍ ജനങ്ങളുടെ മനസ്സില്‍ കയറുന്നത്. ഇന്നേവരെ ഒരൊറ്റ നാടകക്കാരനെപോലും ചാനലുകള്‍ ഇങ്ങനെ അവതരിപ്പിച്ചിട്ടുണ്ടോ?എന്താണ് ഒരു നാടകക്കാരന്റെ ജീവിതമെന്ന് ചാനലുകള്‍ കാണിച്ചിട്ടുണ്ടോ? പത്തിരുപതടി മുന്നിലിരുന്ന് നാടകം കാണുന്ന ഒരാള്‍ സ്റ്റേജില്‍ നിന്നഭിനയിക്കുന്ന ഒരാളെ ഓര്‍ത്തിരിക്കണമെന്നില്ല. ഉള്ള കഴിവിനെ പെരുപ്പിച്ചു കാണിച്ച് ഇന്നു പലരെയും മാധ്യമങ്ങള്‍ സ്റ്റാര്‍ ആക്കുകയാണ്. പ്രതിഭയുള്ളവന്‍ നാടകക്കാരന്‍ ആയിപ്പോയാല്‍ അവന് ആരുമറിയാതെ ചാകാനായിരിക്കും വിധി.
രാ:പി ജെ ആന്റണി, തിലകന്‍, എന്‍ എന്‍ പിള്ള, തുടങ്ങിയവരൊക്കെ സിനിമയില്‍ എത്തിയിരുന്നില്ലെങ്കില്‍ ഇത്രകണ്ട് പോപ്പുലര്‍ ആകാതെ പോകുമായിരുന്നോ?
സു:എന്താ സംശയം. ഇന്ന് അവരെയൊക്കെ അറിയുന്നവരില്‍ പത്ത് ശതമാനംപോലും അവര്‍ വെറും നാടകക്കാര്‍ മാത്രമായിരുന്നെങ്കില്‍ ഓര്‍ക്കില്ലായിരുന്നു. ഒരു ഉദ്ദാഹരണം പറയാം. ഗോഡ്ഫാദര്‍ എന്ന സിനിമ ഇറങ്ങിയതോടെ എന്‍ എന്‍ പിള്ള സാര്‍ വലിയ സ്റ്റാര്‍ ആയി. ഒരു ദിവസം തിരുവനന്തപുരത്ത് നാടക അസോസിയേഷന്റെ മീറ്റിംഗ് ഉദ്ഘാടനം ചെയ്യാന്‍ സാറു പോയി. എന്‍ എന്‍ പിള്ള സാറും ഓമന ചേച്ചിയും അമ്മയും ഇളയപെങ്ങള്‍ രേണുവുമൊക്കെ കൂടെയുണ്ട്. ഞാനും അന്നവിടെ ഉണ്ടായിരുന്നു. സാറിനന്ന് ഒരു ഇംപാല കാറുണ്ട്. തിരികെ പോരുമ്പോള്‍ എന്നെയും കൂടെ കൂട്ടി. മടങ്ങും വഴി കൊട്ടാരക്കര ജംഗ്ഷനില്‍ വണ്ടി നിര്‍ത്തി. അന്നവിടെയൊരു ചായക്കടയുണ്ട്. രാത്രികാലത്ത് തുറന്നിരിക്കുന്ന കടയാണ്. നാടകക്കാരുടെയെല്ലാം സ്ഥിരം കട. അവിടെ നിര്‍ത്തി ഒരു ചായ കുടിച്ചിട്ടുപോകാം എന്നു സാറു പറഞ്ഞു. ചായ പറഞ്ഞ് കാത്തിരിക്കുമ്പോള്‍ പെട്ടെന്ന് സാറിന്റെ കാറിനു ചുറ്റും ആളുകൂടി. സിനിമാനടന്‍ എന്‍ എന്‍ പിള്ളയെ കാണാന്‍. അവിടെ നിന്നു വണ്ടിയെടുക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു, എടി ഓമനേ…നമ്മളെത്രയോ വര്‍ഷമായിട്ട് നാടകം കളിക്കുന്നു, എത്രയോ തവണ ഇവിടെ വന്ന് ചായ കുടിച്ചിരിക്കുന്നു. അന്നൊന്നും കൂടാത്ത ആളുകള്‍ ഇപ്പോള്‍ എനിക്കു ചുറ്റും കൂടിയതു കണ്ടോ, അതാണ് സിനിമ. എന്‍ എന്‍ പിള്ള സാറിനെയാലും ആന്റണി ചേട്ടനെ ആയാലുമൊക്കെ ഇന്നത്തെ തലമുറയിലുള്ളവരും ഓര്‍ത്തിരിക്കുന്നത് അവര്‍ സിനിമാനടന്മാര്‍ കൂടിയായതുകൊണ്ടാണ്.
നാടകം എത്ര ഉദാത്തമായ കലയാണെന്നൊക്കെ പറയുമെങ്കിലും ജനങ്ങള്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള കല എന്നും സിനിമ തന്നെയാണ്. അതുകൊണ്ട് തന്നെ ആ ഭ്രമം മനസ്സില്‍ കയറ്റിയാണ് ഓരോരുത്തരും ഇന്ന് കലാരംഗത്തേക്കു വരുന്നത് തന്നെ.
രാ:ഇന്ന് സിനിമയിലേക്ക് പോകാനുള്ള ചവിട്ടു പടി മിമിക്രിയാണ്, പണ്ട് നാടകമായിരുന്നു. അങ്ങനെ സിനിമയിലെത്തിയവര്‍ പിന്നീട് നാടകത്തോട് കാണിച്ച മനോഭവം എന്തായിരുന്നു?
സു:ഒരു നാടകനടന്‍ സിനിമയിലേക്ക് പോകുന്നതോടെ അവനിലെ യഥാര്‍ത്ഥ കലാകരനെ നഷ്ടപ്പെടുകയാണ്. അവന്റേത് യാന്ത്രികജീവിതമായി മാറും. പബ്ലിക്കിന് മുന്നില്‍ പോകാന്‍ മടി, ആളുകൂടുന്നതും പ്രശ്‌നം, ഇനിയാരും കൂടിയില്ലെങ്കില്‍ അത് മറ്റൊരു തരത്തില്‍ പ്രശ്‌നം. നാടകം ജീവിതത്തിന്റെ പച്ചയായ അനുഭവങ്ങള്‍ പകര്‍ന്നു നല്‍കുന്ന കലാരൂപമാണ്. ജനങ്ങള്‍ക്കു മുന്നിലാണ് ഒരു നാടകകലാകാരന്റെ ജീവിതം. അതേ വ്യക്തി സിനിമയില്‍ എത്തിയാല്‍ ജനത്തെ കാണുന്നത് അലര്‍ജി. ഒരു സാസംകാരിക പരിപാടിക്കു വിളിച്ചാല്‍ പോലും തിരക്ക് പറയും. അതേ സമയം സ്വര്‍ണ്ണക്കടയുടെ ഉത്ഘാടനമാണെങ്കില്‍ ചാടിയിറങ്ങും. ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നവനാണ് നാടകക്കാരനെങ്കില്‍ സിനിമാതാരം കണ്ണാടിക്കൂട്ടില്‍ കഴിയുന്നവനാണ്.
എല്ലാവരും അങ്ങനെയെന്നു പറയുന്നില്ല. പഴയകാലത്തുള്ളവരൊന്നും നാടകത്തെ ഒരിക്കലും തള്ളിപ്പറഞ്ഞിരുന്നില്ല. വലിയ തിരക്കുള്ള നടനായി കഴിഞ്ഞിട്ടും വര്‍ഷത്തില്‍ ഒരുമാസം സിനിമയെല്ലാം മാറ്റിവച്ച് നാടകത്തിനുവേണ്ടി സമയം കണ്ടെത്തുമായിരുന്നു രാജന്‍ പി ദേവ്. നാടക ക്യാമ്പില്‍ വന്ന് എല്ലാവരോടും ഇടപഴകി, അവര്‍ക്കെല്ലാം ഭക്ഷണമൊരുക്കി, തനി നാടകക്കാരനായി മാറുമായിരുന്നു.
ഇന്ന് പക്ഷെ എത്രപേര്‍ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് അറിയില്ല. താനൊരു നാടകനടിയായിരുന്നുവെന്ന് പറയുന്നത് പുച്ഛമായി കരുതുന്ന ചില നടിമാരുണ്ട്. നാടകത്തില്‍ നിന്നുപോയി സിനിമയില്‍ പ്രശ്‌സതരായവര്‍ ഏതെങ്കിലുമൊക്കെ അവസരത്തില്‍ താനൊരു നാടകനടനോ നടിയോ ആയിരുന്നുവെന്ന് പബ്ലിക്കിനോട് പറയുമ്പോള്‍ അവിടെ ഉയരുന്നത് ഈ പ്രസ്ഥാനത്തിന്റെ അഭിമാനമാണ്. പക്ഷെ ആരുമതിന് ശ്രമിക്കുന്നില്ല, അതവര്‍ക്കൊരു നാണക്കേടുപോലെ. നാടകക്കാരനായിരുന്നുവെന്ന് അറിഞ്ഞുപോയാല്‍ തന്റെ ഇമേജ് ഇടിയുമെന്നാണ് പേടി. തിലകനും പി ജെ ആന്റണിയുമൊക്കെ നാടകക്കാരായിരുന്നുവെന്ന് ഈ മലയാളക്കര മുഴുവന്‍ അറിയാം. ആരാണവരെ അതിന്റെ പേരില്‍ മാറ്റി നിര്‍ത്തിയിട്ടുള്ളത്? ആര്‍ക്കാണവരെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടുള്ളത്? സ്വയം തോറ്റുപോയതല്ലാതെ മറ്റൊരാള്‍ക്കും തോല്‍പ്പിക്കാന്‍ കഴിയാതെപോയ ആളല്ലെ പി ജെ ആന്റണി. അതൊന്നും മനസ്സിലാക്കാനുള്ള കഴിവില്ലാതെ പോകുന്നവരാണ് ഇപ്പോഴുള്ളത്. നാടകക്കാരനുള്ള അസ്ഥിത്വം മറ്റൊരു കലാകാരനും കിട്ടില്ല.
രാ:പി ജെ ആന്റണിയെ കുറിച്ചും പിള്ള സാറിനെ കുറിച്ചുമൊക്കെ സംസാരിച്ചപ്പോള്‍ തോന്നിയതാണ്, ഈ തലമുറയ്ക്കപ്പുറം ഇവരെയൊക്കെ ആരെങ്കിലും ഓര്‍ത്തിരിക്കാന്‍ സാധ്യതയുണ്ടോ?
സു:പഴയ പ്രതിഭകളെ കുറിച്ച് ഇന്നത്തെ തലമുറപോലും അജ്ഞരാണ്. തോപ്പില്‍ ഭാസി, എന്‍ എന്‍ പിള്ള, പി ജെ, തിലകന്‍, എസ് എല്‍ പുരം തുടങ്ങി കുറച്ചുപേരെ അറിഞ്ഞേക്കാം. എന്നാല്‍ അതീവ പ്രതിഭാശാലികളായ വേറെയും ആളുകളുണ്ടായിരുന്നു. ആര്‍ക്കും അവരെ കുറിച്ച് അറിയില്ല. ആരും അവരെ കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ല. കെപിഎസ്‌സിയുടെ ആദ്യകാല സെക്രട്ടറിയായിരുന്നു പി ജി ഗോപിനാഥന്‍. നടന്‍, നാടകകൃത്ത്, സംവിധായകനൊക്കെയായിരുന്ന ഒരാള്‍. നിങ്ങളെന്നെ കമ്യൂണിസ്റ്റ് ആക്കി, അശ്വമേധം തുടങ്ങിയ നാടകങ്ങളിലൊക്കെ ഗോപി ചേട്ടന്‍ അഭിനയിച്ചിട്ടുണ്ട്(അദ്ദേഹത്തിന്റെ മകനാണ് സ്ഫടികം എന്ന സിനിമയുടെ തിരക്കഥാകൃത്ത് ഡോ. രാജേന്ദ്ര ബാബു). പിന്നീട് കെപിഎസ്‌സിയുമായി തെറ്റി കായംകുളം കേന്ദ്രമാക്കി പീപ്പിള്‍ തിയെറ്റേഴ്‌സ് ആരംഭിച്ചു. കുരുതിക്കളം പോലുള്ള മികച്ച നാടകങ്ങള്‍ അദ്ദേഹം ഒരുക്കി. ലോകനാടകവേദിയെ കുറിച്ച് നല്ല പാണ്ഡിത്യമുണ്ടായിരുന്നു. പരീക്ഷണ നാടകകങ്ങള്‍ അവതരിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നൊരാള്‍. കലയുടെ പലമേഖലകളിലും പ്രതിഭാവിലാസം പുലര്‍ത്തിയിരുന്ന ഗോപി ചേട്ടനെ ഇന്ന് ഈ ഭൂമിയില്‍ എത്രപേര്‍ ഓര്‍ക്കുന്നുണ്ട്. കോട്ടയം ശ്രീനിയെന്ന വലിയൊരു നാടകകലാകാരനുണ്ടായിരുന്നു. സിപിഐയുടെ പ്രമുഖനായ നേതാവുമായിരുന്നു. ഇന്ന് ശ്രീനിച്ചേട്ടന്റെ അനുസ്മരണം ഈ കോട്ടയത്തുപോലും നടത്താറില്ല. പാര്‍ട്ടിപോലും അദ്ദേഹത്തെ ഓര്‍ക്കുന്നുണ്ടോയെന്ന് സംശയമാണ്.
ചങ്ങനാശ്ശേരി നടരാജന്‍ എന്ന പേര് കേരളം ആവേശത്തോടെ പറഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു. ആ മനുഷ്യന്റെ ജീവിതം എങ്ങനെയായിരുന്നുവെന്ന് ഇന്നത്തെ ആര്‍ക്കെങ്കിലും അറിയുമോ? നാടകവേദിയിലെ ആ താരം എന്തോരം മനോവേദനയോടെയാണ് മരിച്ചത്. മക്കള്‍ മൂന്നിനും ബുദ്ധിസ്ഥിരത ഇല്ലായിരുന്നു. രണ്ടപേരുടെ മരണം അദ്ദേഹത്തിന് ജീവിച്ചിരിക്കുമ്പോള്‍ തന്നെ കാണേണ്ടി വന്നൂ. ഒരു മകന്‍ നടരാജന്‍ ചേട്ടന്‍ പോയതിനുശേഷമാണ് മരിച്ചത്. സ്വന്തമായൊരു കിടപ്പാടം പോലുമില്ലാതെ, അവസാനകാലത്ത് ഒരു കാലും മുറിച്ചു മാറ്റിയതിന്റെ വേദനയുമായിരുന്നു ചങ്ങനാശ്ശേരി നടരാജന്‍ മരിച്ചത്. ആകെയുണ്ടായിരുന്നത് കുറെ പുരസ്‌കാരങ്ങള്‍. ഒരിക്കല്‍ അദ്ദേഹത്തിന്റെ ഭാര്യ എന്നെ വിളിച്ചിരുന്നു. അവര്‍ക്കാ പുരസ്‌കാരങ്ങള്‍ ഒരു ഭാരമായിരിക്കുന്നു. സഹോദരന്റെ കാരുണ്യത്തില്‍ ഒരൊറ്റമുറി താമസസൗകര്യം കിട്ടിയ അവര്‍ക്ക് ആ പുരസ്‌കാരങ്ങള്‍ വയ്ക്കാന്‍പോലും ഇടമില്ല. വില്‍ക്കാന്‍ മനസ്സുവരുന്നില്ല. ആരെങ്കിലും ഏറ്റെടുത്ത് സംരക്ഷിക്കുമോ എന്നായിരുന്നു അവര്‍ എന്നോട് ചേദിച്ചത്. നാട് മുഴുവന്‍ ആരാധിച്ച ഒരു കലാകാരനാണ് ഈ ഗതി വന്നതെന്നോര്‍ക്കണം. ആര്‍ക്കറിയാം ഇന്ന് ചങ്ങനാശ്ശേരി നടരാജനെന്ന കലാകാരനെ?
ഫെബ്രുവരി 5 ന് എല്ലാ കൊല്ലവും ഞാന്‍ അച്ഛന്റെ അനുസ്മരണം സംഘടിപ്പിക്കാറുണ്ട്. അതു ഞങ്ങള്‍ മക്കള്‍ ഒരു കടമയായി നിര്‍വഹിക്കുകയാണ്. അല്ലാതെ നാട്ടുകാര്‍ക്ക് ആര്‍ട്ടിസ്റ്റ് കേശവന്റെ അനുസ്മരണം കൊല്ലാകൊല്ലം നടത്തണമെന്ന് വാശിയൊന്നുമില്ല. ഒരിക്കല്‍ അച്ഛന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവെ ഒരാള്‍ പറഞ്ഞു, ഇന്ന് സ്വന്തം മാതാപിതാക്കളെപ്പോലും ഓര്‍ക്കാന്‍ നേരമില്ലാത്ത തലമുറയാണ് ഉള്ളത്, അവരോട് ആര്‍ട്ടിസ്റ്റ് കേശവനെ കുറിച്ച് ഓര്‍ക്കണമെന്ന് പറയുന്നത് വിഡ്ഢിത്തമാണ്. ശരിയാണ്, ഒരു കലാകാരനെ ഓര്‍ത്തിരിക്കണമെന്ന് ആരും നിര്‍ബന്ധം പിടിക്കരുത്.
രാ:ആര്‍ട്ടിസ്റ്റ് സുജാതനും ഈ ഗതി തന്നെ വരുമെന്ന് ഭയമുണ്ടോ?
സു:ഈ തലമുറയക്കപ്പുറം ആരും എന്നെ ഓര്‍ത്തിരിക്കാന്‍ പോകുന്നില്ല. ആരും ആരെയും തിരിച്ചറിയാതെ പോകുന്നൊരു കാലമാണിത്. എല്ലാവരും ഒറ്റപ്പെട്ട് ജീവിക്കുന്നു. സ്വന്തം വീട്ടില്‍പ്പോലും അന്യോനം ഒറ്റപ്പെട്ടു ജീവിക്കുന്നവരായി മനുഷ്യന്‍ മാറിയിരിക്കുന്നു. അങ്ങനെയുള്ളിടത്ത് ഞാന്‍ ഓര്‍ക്കപ്പെടണമെന്ന് പറയുന്നതില്‍ എന്ത് യുക്തി. പ്രത്യേകിച്ച് ഒരു നാടകകലാകാരനെ. വിരലില്‍ എണ്ണാവുന്ന ഏതാനുംപേരില്‍ അവസാനിക്കുന്നതെയുള്ളൂ ഈ സമൂഹത്തിന് നാടകത്തോടുള്ള ബന്ധം.
എനിക്ക് കിട്ടിയെന്നു കരുതുന്ന ഒരു ഭാഗ്യം, ഒരു തലമുറയെങ്കിലും എന്റെ പേര് സ്ഥിരമായി കേട്ടുകൊണ്ടിരുന്നു എന്നതാണ്. ഇപ്പോള്‍ നാല്‍പ്പത്തിയൊമ്പതു വര്‍ഷം കഴിഞ്ഞിരിക്കുന്നു പ്രൊഫഷണല്‍ നാടകവേദിയില്‍ ഞാന്‍ നിലനില്‍ക്കാന്‍ തുടങ്ങിയിട്ട്. ഈ കാലയളവില്‍ വളര്‍ന്നുവന്നൊരു തലമുറയ്ക്ക് എന്നെ നേരിട്ട് പരിചയമില്ലെങ്കില്‍ പോലും ആര്‍ട്ടിസ്റ്റ് സുജാതന്‍ എന്ന പേര് ഓര്‍മ്മ കാണും. ഒരിക്കല്‍ തിരുവനന്തപുരത്ത് ഒരു ബില്‍ഡിംഗ് ഗ്രൂപ്പ് സംഘടപ്പിച്ച പരിപാടിയുടെ സെറ്റ് വര്‍ക്ക് ചെയ്യാന്‍ പോയി. ഞാന്‍ എന്റെ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ആ കമ്പനിയുടെ മാനേജരും മറ്റൊരാളും അടുത്തിരിപ്പുണ്ട്. കുറച്ച് കഴിഞ്ഞാണ് മജീഷ്യന്‍ സാമ്രാജ് അങ്ങോട്ട് വരുന്നത്. അദ്ദേഹമാണ് എന്നെ അവിടെയിരുന്നവര്‍ക്ക് പരിചയപ്പെടുത്തുന്നത്. പെട്ടെന്ന് തന്നെ അവര്‍ അത്ഭുതത്തോടെ എന്നോട് പറഞ്ഞു, മാഷ് ക്ഷണിക്കണം, ഈ പേര് ഞങ്ങള്‍ ഒത്തിരി കേട്ടിട്ടുണ്ടെങ്കിലും ആളെ നേരിട്ട് കാണാന്‍ പറ്റിയിരുന്നില്ല. അതാണ് മാഷിനെ മനസ്സിലാകാതെ പോയത്. അങ്ങനെയെങ്കിലും ഞാന്‍ മറ്റുള്ളവരുടെ മനസ്സില്‍ ഉണ്ടല്ലോ എന്നതില്‍ ആശ്വാസം. ഞാന്‍ ചെല്ലുന്നിടത്തൊക്കെ ആളുകൂടണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എന്റെ കലാസൃഷ്ടികള്‍ കണ്ടിട്ടുള്ള ഒരാളുടെയെങ്കിലും മനസ്സില്‍ സ്ഥാനം ഉണ്ടായാല്‍ മതി. ഇന്നും കോട്ടയം പട്ടണത്തില്‍ ചെന്നാല്‍ എന്നെ തിരിച്ചറിയുന്നവര്‍ അധികമൊന്നും കാണില്ല.
രാ:കലാകരന്‍മാര്‍ തമ്മിലുള്ള സൗഹൃദങ്ങള്‍പോലും ഇന്നില്ലല്ലോ. പണ്ട് അതല്ലായിരുന്നു സ്ഥിതി. കൂട്ടുകെട്ടുകളാണ് പലപ്പോഴും മികച്ച കലാസൃഷ്ടികള്‍ സമ്മാനിച്ചിരുന്നത്.?
സു:നമ്മളിന്ന് നമ്മളിലേക്ക് തന്നെ ഒതുങ്ങാന്‍ ആഗ്രഹിക്കുകയല്ലേ. ആര്‍ക്കും സമയമില്ല. ആരെങ്കിലുമൊക്കെ ഇന്ന് ഒരുമിച്ച് കൂടുന്നുണ്ടെങ്കില്‍ അത് മദ്യപിക്കാനാണ്. അല്ലാതെ കലയെ കുറിച്ചോ സമൂഹത്തെ കുറിച്ചോ ചര്‍ച്ച ചെയ്യാന്‍ ആരാണ് ഒത്തുകൂടുന്നത്. പണ്ട് അതല്ലായിരുന്നു. അന്ന് എല്ലാവര്‍ക്കും സമയമുണ്ടായിരുന്നു. അവര്‍ ഒത്തുകൂടിയിരുന്നു സംസാരിച്ചു, തര്‍ക്കിച്ചു. സാംസ്‌കാരികമായൊരു ഇടപെടലുകളായിരുന്നു അവിടെ സംഭവിച്ചത്.
രാ:ഇങ്ങനെയൊക്കെ മാറിയൊരു കാലത്ത് മാഷ് എങ്ങിനെ പിടിച്ചു നില്‍ക്കുന്നു? ഒരുതരം മടുപ്പ്, അല്ലെങ്കില്‍ യാന്ത്രികത തോന്നിതുടങ്ങിയില്ലേ?
സു:കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കാതെ, ഒരേ രീതിയില്‍ തന്നെ പോകുന്ന ഒന്നാണ് പ്രൊഫഷണല്‍ നാടകങ്ങള്‍. അതിന്റെ ആവര്‍ത്തനവിരസത എല്ലാത്തിലുമെന്നപോലെ എന്റെ വര്‍ക്കിലുമുണ്ട്. ഒരു ഫോര്‍മുലയില്‍ തന്നെ കുടുങ്ങിപ്പോകുന്നു. ഒത്തിരി പരിമിതകള്‍ ഉള്ളൊരു കലാരുപമായതും കാരണമാകാം. എങ്കിലും കിട്ടാവുന്ന സാഹചര്യങ്ങളിലൊക്കെ നമ്മളെ കൊണ്ട് കഴിയാവുന്ന പരീക്ഷണങ്ങള്‍ നടത്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും പരിധിയുണ്ട്. ഇത്രയും കാലം എനിക്കിതില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചത് കാലത്തിനൊപ്പം സഞ്ചരിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്. മാറ്റങ്ങള്‍ പിന്തുടരാന്‍ ഞാന്‍ ശ്രമിക്കുന്നു. പുതിയ മെറ്റീരിയലുകള്‍ ഉപയോഗിച്ച് ചെയ്യാന്‍ കഴിയുന്ന പരീക്ഷണങ്ങളൊക്കെ നടത്തുന്നുണ്ട്. എന്നാലും പണ്ടത്തെ സംതൃപ്തി എനിക്കിന്നു കിട്ടുന്നില്ല. പുതിയതായി ഈ രംഗത്തേക്ക് ആരും കടന്നുവരാത്തതും മറ്റൊരു കാരണമാണ്. കഴിവുള്ള എത്രയോപേര്‍ ആര്‍ട്‌സ് കോളേജുകളില്‍ നിന്നും മറ്റും ഓരോ വര്‍ഷവും പുറത്തിറങ്ങുന്നു. അവര്‍ക്കുമെല്ലാം സിനിമയോടാണ് താല്‍പര്യം. നാടകം ആരെയും ആകര്‍ഷിക്കുന്നില്ല. ഒരു പത്തുമുപ്പത് വര്‍ഷമൊക്കെ കഴിഞ്ഞപ്പോഴെ നിര്‍ത്തി വാനപ്രസ്ഥത്തിന് ഒരുങ്ങേണ്ടതായിരുന്നു. ജീവിതത്തില്‍ പ്രാരംബ്ദങ്ങള്‍ ഇപ്പോഴും ബാക്കി നില്‍ക്കുന്നതുകൊണ്ടും വരുമാനത്തിന് മറ്റുമാര്‍ഗങ്ങളോ ചെയ്യാന്‍ വേറെ ജോലികളോ ഇല്ലാത്തുകൊണ്ടും ഞാന്‍ ഈ ഫീല്‍ഡില്‍ തുടരുകയാണ്. പിന്നെ കുറെ ബന്ധങ്ങളും കടപ്പാടുകളും. ഒരു ഭാരിച്ച ചികിത്സ ചെലവു വന്നാല്‍ ഉള്ളതെല്ലാം വിറ്റു പെറുക്കേണ്ടി വരും. എനിക്കിന്നും സാമ്പാദ്യമെന്നു പറയാന്‍ ഒന്നുമില്ല. ഒരു ബാങ്ക് അകൗണ്ട് പോലും. ഉള്ളത് ലോണ്‍ എടുത്തതിന്റെ കാശ് തിരിച്ചടയ്ക്കാനുള്ള അകൗണ്ട് മാത്രം. ബാങ്ക് പ്രസ്ഥാനവുമായിട്ടൊക്കെ ഞാന്‍ ബന്ധപ്പെടുന്നു തന്നെ പത്തുനാല്‍പ്പത് വയസ്സായപ്പോഴാണ്. അതും ലോണ്‍ എടുക്കാനായിട്ട്. കണക്കു പറഞ്ഞ് കാശു വാങ്ങാന്‍ അറിയില്ല. കലയ്ക്ക് കണക്കു പറയരുതെന്ന് അച്ഛന്‍ പറഞ്ഞു തന്നിട്ടുണ്ട്. അച്ഛനില്‍ നിന്ന് എനിക്ക് കിട്ടിയ ശീലമാണ്. ഇന്നത്തെ കാലത്ത് ഈ സ്വഭാവം മണ്ടത്തരമായിരിക്കം. പക്ഷെ, കല വേറെ കാശ് വേറെ എന്ന പ്രമാണം എനിക്ക് മാറ്റാന്‍ കഴിയില്ല. ഞങ്ങള്‍ മക്കള്‍ക്ക് അച്ഛനില്‍ നിന്നുകിട്ടിയ പാരമ്പര്യഗുണമാണത്. ഞാനാദ്യമായി ഒരു നല്ല കുപ്പായം ഇടുന്നതുപോലും പത്താം ക്ലാസ് ജയിച്ചപ്പോഴാണ്. അതും എന്റെ ചേച്ചി വാങ്ങിത്തന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരെ വീട്ടില്‍ വിളിച്ചുകൊണ്ടുവരാന്‍ എനിക്ക് വല്ലാത്ത നാണക്കേട് തോന്നിയിട്ടുണ്ട്. പക്ഷെ അതൊന്നും അച്ഛനെതിരെ ചിന്തിക്കാന്‍ കാരണമായില്ല. ആര്‍ട്ടിസ്റ്റ് കേശവന്റെ മകന്‍ എന്ന് പറഞ്ഞാല്‍ എവിടെയും എനിക്കൊരു സ്ഥാനം കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ അച്ഛനെ ഫോളോ ചെയ്യാന്‍ എനിക്ക് ഉത്സാഹമേ ഉണ്ടായിട്ടുള്ളൂ. എന്നാല്‍ എല്ലാക്കാര്യത്തിലും അച്ഛനെ ഞാന്‍ പിന്തുടര്‍ന്നിട്ടുമില്ല. മദ്യത്തിന്റെ കാര്യത്തില്‍ ഒട്ടും. അച്ഛന് ചാരായകുപ്പി വാങ്ങിക്കൊണ്ടുവരുന്ന ജോലി എനിക്കുണ്ടായിരുന്നിട്ടുപോലും ഞാനതുവരെ അതിന്റെ രുചി നോക്കാന്‍ പോയിട്ടുമില്ല. എന്റെ മക്കള്‍ എന്നെ എങ്ങനെ വിലയിരുത്തുമെന്ന് അറിയില്ല. പക്ഷെ എനിക്ക്് ഇങ്ങനെയൊക്കെ ആകാനേ കഴിയൂ. ഇതുവരെ ചെയ്തുവന്നതും അങ്ങനെയൊക്കെ തന്നെ. എല്ലാം അവസാനിപ്പാക്കാനുള്ള സമയം ആയിരിക്കുന്നു എന്ന് ഇപ്പോള്‍ തോന്നിത്തുടങ്ങിയിട്ടുണ്ട്.
രാ:പരാജയപ്പെട്ടൊരു കലാകാരനായിരുന്നു ആര്‍ട്ടിസ്റ്റ് സുജാതനെന്ന് ആരെങ്കിലും പറഞ്ഞാല്‍?സു:ആണല്ലോ. പ്രാക്ടിക്കലായി ഞാനൊരു പരാജയം തന്നെയാണ്. എനിക്കൊരിക്കലുമൊരു കച്ചവടക്കാരനാകാന്‍ കഴിഞ്ഞിട്ടില്ല. ഞാനൊരു കലാകാരനായി നില്‍ക്കാനെ ശ്രമിച്ചിട്ടുള്ളൂ. ആ നിലയ്ക്ക് ഞാനൊരു പരാജയം തന്നെയായിരിക്കും.പക്ഷെ ഞാന്‍ സംതൃപ്തനാണ്. എനിക്ക് വിഷമം ഈ കലാരൂപത്തെ കുറിച്ചോര്‍ത്തുമാത്രമാണ്. പുതിയ പ്രതിഭകള്‍ നമുക്കിവിടെ ഉണ്ടാകുന്നില്ല. ഇന്നും നാടകം പഴയകാല കലാകാരന്മാരുടെ ചരിത്രം പേറി നിലനില്‍ക്കുകയാണ്. താല്‍പര്യവും അനുഭവവും ഇല്ലാത്തവരാണ് ഇവിടെയുള്ളത്. ജീവിതാനുഭവങ്ങള്‍ ഉണ്ടൈങ്കിലെ ഒരു യഥാര്‍ത്ഥ കലാകാരന്‍ ഉണ്ടാകൂ. ഇപ്പോഴും ഏതെങ്കിലും ഒരു സെക്ച്ച് നോക്കിയല്ല ഞാന്‍ വരയ്ക്കുന്നത്. എന്റെ ജീവിതാനുഭവങ്ങളില്‍ നിന്നോര്‍ത്തെടുത്താണ്. ചില രംഗപടങ്ങളിലെ അമ്പലം കണ്ടിട്ട്, ഒരു വീട് കണ്ടിട്ട്; മാഷേ ഇത് ഞങ്ങളുടെ നാട്ടിലുള്ളതാണല്ലോ എന്ന് ചോദിച്ചവരുണ്ട്. എവിടെയൊക്കെയോ വച്ച് എപ്പോഴോക്കെയോ ഞാനതൊക്കെ കണ്ടിട്ടുണ്ടാവും. പ്രകൃതിയെ വരയ്ക്കുമ്പോള്‍ ചിലര്‍ ചോദിക്കും,ഇപ്പോഴെവിടാ മാഷേ ഇത്തരം സ്ഥലങ്ങള്‍ ഉള്ളതെന്ന്. ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടുള്ളതാണ് വരയ്ക്കുന്നത്. എന്റെ ബാല്യകൗമാരങ്ങള്‍ പ്രകൃതിയോടിണങ്ങിയുള്ളതായിരുന്നു. അച്ഛന്‍ പലവിധ തൊഴില്‍ ചെയ്തിട്ടും അമ്മ കൊയ്ത്തും കയറു പിരിയും പോലുള്ള ജോലികള്‍ക്ക് പോയിട്ടും പത്തോളം അംഗങ്ങളുള്ള ഞങ്ങളുടെ വീട്ടിലെ ദാരിദ്ര്യം മാറ്റാന്‍ പറ്റിയിരുന്നില്ല. അന്ന് ഞങ്ങള്‍ കുട്ടികളും ആവുന്നിവിധം സഹായങ്ങള്‍ വീട്ടിലേക്ക് ചെയ്യുമായിരുന്നു. നിറയെ കണ്ടമായിരുന്നു ഇവിടെ. അവിടെ കൊയ്ത്തു കഴിഞ്ഞാല്‍ പിന്നെ പശുക്കളെ മേയാന്‍ വിടും. ഞങ്ങള്‍ കുട്ടികള്‍ ഈ പശുക്കളുടെ പിറകെ നടന്ന് അവയുടെ ചാണകം വാരി കൊട്ടയിലാക്കും. വീട്ടില്‍ കൊണ്ടുവന്ന് അമ്മയത് വരളികളാക്കി ഉണക്കിയെടുക്കും. ചാണക വരളിയും ചാര വരളിയും(അടുപ്പിലെ ചാരം) വങ്ങാന്‍ മഴക്കാലത്ത് പുത്തനാറില്‍ കിഴക്കുള്ള കര്‍ഷകര്‍ വള്ളത്തില്‍ വരും. ചാണക വരളിക്ക് ഒരണയും ചാര വരളിക്ക് അരയണയും കിട്ടും. ഇതേ കണ്ടങ്ങളില്‍ തന്നെ വെള്ളം കേറ്റി നിറയ്ക്കുന്നൊരു ഏര്‍പ്പാടുണ്ട്. ഈ വെള്ളക്കെട്ടിലേക്ക് മീന്‍ കയറും. പിന്നെ മീന്‍ പിടുത്തമാണ്. വാഴത്തണ്ട് കൊണ്ട് പള്ളത്തിയെ പിടിക്കുന്നൊരു കലയുണ്ട്. അതൊന്നും ഇന്നത്തെ പിള്ളേരോട് പറഞ്ഞാല്‍ അവര്‍ക്കത് തമാശയാണ്, പറയുന്നവന്‍ അറുപഴഞ്ചനും. ഈ വിധമെല്ലാം പ്രകൃതിയോട് ഇടപെട്ട് ജീവിച്ചു വളര്‍ന്നുവന്നൊരു തലമുറയാണ് എന്റെത്. ആ കാലത്തിന്റെ അനുഭവങ്ങളാണ് എനിക്ക് ഇപ്പോഴും തുണയാകുന്നത്. അത്തരം അനുഭവങ്ങള്‍ ഇല്ലാത്തതാണ് ഇന്നത്തെ തലമുറയുടെ ശാപവും.
എല്ലാം അവാസനിപ്പിക്കുമെന്നു പറയുമ്പോഴും ഞാന്‍ പേറുന്നൊരു വലിയ നിരാശ ഈ പ്രസ്ഥാനം നശിച്ചുപോകുമോയെന്നാണ്. ആര്‍ക്കും താല്‍പര്യമില്ല. ഒരു ഡോക്യുമെന്റുപോലും ആരും നാടകത്തെ കുറിച്ച് സൂക്ഷിക്കുന്നില്ല. പഴയകാല നാടകകലാകാരന്‍മാരെ കുറിച്ച് എനിക്ക് പറയാവുന്നതുപോലെ ഇപ്പോള്‍ മറ്റാര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല. ഒരാള്‍ക്ക് തോപ്പില്‍ ഭാസിയെക്കുറിച്ച് പറയാന്‍ കഴിയുമായിരിക്കും മറ്റൊരാള്‍ക്ക് എന്‍ എന്‍ പിള്ളയെ കുറിച്ച്. പക്ഷെ ഇവര്‍ക്കാര്‍ക്കും അതില്‍കൂടുതല്‍ ആളുകളെ കുറിച്ച് പറയാന്‍ പറ്റില്ല. എന്നാല്‍ ഒരുവിധ എല്ലാ കലാകാരന്മാര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ ഭാഗ്യം സിദ്ധിച്ചവനാണ് ഞാന്‍. പക്ഷെ ആ ചരിത്രമെല്ലാം എനിക്കൊപ്പം ഇല്ലാതായിപ്പോകുമല്ലോ എന്നോര്‍ക്കുമ്പോഴാണ് വിഷമം.
ബാങ്കില്‍ നിന്ന് ലോണെടുത്താണ് ഞാന്‍ അച്ഛന്റെ പേരിലൊരു ഓഡിറ്റോറിയം നിര്‍മിച്ചത്. ഇതുണ്ടാക്കുമ്പോള്‍ എന്റെ ലക്ഷ്യം നാടകത്തെ സ്‌നേഹിക്കുന്ന, അതിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ക്ക് അതിനുള്ളൊരു സ്ഥലസൗകര്യം, അവര്‍ക്ക് ഒത്തുകൂടാനും റിഹേഴ്‌സല്‍ നടത്താനുമൊക്കെ ഒരിടം എന്നതായിരുന്നു. ഞങ്ങളൊക്കെ പണ്ട് ഒരു നാടകം കളിക്കാന്‍ എന്തൊക്കെ ദുരിതം സഹിച്ചിരുന്നു. ഒരു സ്റ്റേജ് കെട്ടാന്‍ തന്നെ കിലോമീറ്ററുകളോളം വെട്ടിയെടുത്ത കവുങ്ങു തടിയും ചുമന്നു നടന്നിട്ടുണ്ട്. അത്തരം കഷ്ടപ്പാടൊന്നും സഹിക്കാതെ നാടകത്തിനായി ഒരിടം. പക്ഷെ എനിക്ക് തെറ്റി. ഞാന്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം ആണ് ഈ ഓഡിറ്റോറിയം. നാടകത്തെ വേണ്ടത്താവര്‍ക്ക് എന്തിന് എന്റെയീ സൗജന്യം. വലിയൊരു കടബാധ്യത മാത്രം എനിക്ക് മിച്ചം.
രാ:നമുക്ക് പ്രതീക്ഷകള്‍ കൈവിടാതിരിക്കാം മാഷേ…
സു:അതിനു വേണ്ടത് സമൂഹത്തിന്റെ പിന്തുണയാണ്. എല്ലാം സര്‍ക്കാര്‍ നോക്കട്ടെ എന്ന മനോഭാവം മാറണം. എന്തിനും ഏതിനും പാശ്ചാത്യരെ അനുകരിക്കുന്നവരാണ് നമ്മള്‍. പക്ഷെ കലയോട് പടിഞ്ഞാറുള്ളവര്‍ കാണിക്കുന്ന വൈകാരികബന്ധം മാത്രം നമ്മള്‍ ഇവിടെ അനുകരിക്കുന്നില്ല. നാടകം മൂലം ഭരണമാറ്റത്തിനു വരെ വേദിയായ സ്ഥലമാണ് കേരളം. അതേ നമ്മള്‍ ഇന്ന് നാടകത്തെ വിസ്മരിക്കുന്നു. നാടകപ്രസ്ഥാനങ്ങള്‍ക്കുപോലും അലസത വന്നിരിക്കുന്നു. കമ്യൂണിസ്റ്റ് ഭരണത്തിന് വഴിയൊരുക്കിയ നാടകങ്ങള്‍ കളിച്ച കെപിഎസ്‌സിയെ അടുത്തറിയാനായി എത്തിയ ഒരു വിദേശ സംഘത്തിന് മുന്നില്‍ കാണിക്കാന്‍ കഴിഞ്ഞകാലനാടകങ്ങളുടെ ഒരു ശേഷിപ്പുപോലും അവിടെ സൂക്ഷിച്ചിരുന്നില്ല. ഇത്തരം ഗതികേടുകള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ പ്രൊഫഷണല്‍ നാടക പ്രസ്ഥാനം കൂടുതലായൊന്നും ഇനി പ്രതീക്ഷിക്കണ്ട. എങ്കിലും ഞാന്‍ ഛായ കൂട്ടുകള്‍ താഴെവച്ചാലും ഈ കലാരൂപത്തിന്റെ യവനിക ഉയര്‍ന്നു തന്നെ നില്‍ക്കണമെന്നാണ് ആഗ്രഹം…