February 08, 2025 |

ഇന്ത്യ മുന്നണി വിടുമോ എഎപി

ഈ ചോദ്യങ്ങൾക്ക് പിന്നിലെ കാതലെന്താണ് ?

അരവിന്ദ് കെജരിവാൾ ഇന്ത്യ മുന്നണി വിടാൻ ഒരുങ്ങുകയാണെന്ന ചോദ്യങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. യഥാർത്ഥത്തിൽ ഈ ചോദ്യങ്ങൾക്ക് പിന്നിലെ കാതലെന്താണ്? ബുധനാഴ്ച്ച നൽകിയ ഒരു അഭിമുഖത്തിലാണ്, ഇന്ത്യ മുന്നണിയുമായുള്ള ബന്ധത്തെ കുറിച്ച് പരാമർശിക്കുന്നത്. കോൺഗ്രസും ഇന്ത്യ മുന്നണിയുമായി എഎപിക്കുള്ള ബന്ധം താൽക്കാലികമാണെന്നാണ് ഡൽഹി മുഖ്യമന്ത്രി പറയുന്നത്. ബിജെപിയെ പരാജയപ്പെടുത്തുകയാണ് എഎപിയുടെയും കോൺഗ്രസിൻ്റെയും നിലവിലെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

” പാർട്ടിയും കോൺഗ്രസ്സും തമ്മിൽ സ്ഥായിയാ ഒരു ബന്ധമില്ല. തൽക്കാലം ബിജെപിയെ പരാജയപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം, അതിനു വേണ്ടി ഞങ്ങൾ ഒരുമിച്ചു നിൽക്കുകയാണ്.” ഇന്ത്യാ ടുഡേയുടെ രാജ്ദീപ് സർദേശായിക്ക് നൽകിയ അഭിമുഖത്തിലാണ് കേജരിവാളിന്റെ പരാമർശം. തെരഞ്ഞെടുപ്പിൽ ജനവിധി അനുകൂലമാകുമെന്ന ഉറച്ച ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ” ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യൻ സഖ്യം വിജയിക്കും. ജൂൺ 4 ന് ഒരു വലിയ മാറ്റം ഉണ്ടാകാൻ പോകുകയാണെന്നും ” എഎപിയുടെ ദേശീയ കൺവീനർ കൂടിയായ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ” വീണ്ടും ജയിലിലേക്ക് പോകുന്നതിൽ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. പക്ഷെ ഈ രാജ്യത്തിൻ്റെ ഭാവി അപകടത്തിലാണ്. അവർ എന്നെ എത്ര കാലം വേണമെങ്കിലും ജയിലിലടക്കട്ടെ, ഞാൻ ഭയക്കപ്പെടില്ല,” അദ്ദേഹം പറഞ്ഞു.

നിലവിൽ ജൂൺ 1 വരെ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ഇടക്കാല ജാമ്യത്തിലാണ് അരവിന്ദ് കെജ്‌രിവാൾ. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം ജൂൺ 2 ന് അദ്ദേഹത്തിന് തിഹാർ ജയിലിൽ കീഴടങ്ങേണ്ടി വരും. കെജ്‌രിവാളിൻ്റെ ജയിൽ മോചനം ബിജെപിയെയല്ല കോൺഗ്രസിനെയാണ് ദോഷകരമായി ബാധിക്കുകയെന്ന് രാഷ്ട്രീയ നിരീക്ഷകൻ പ്രശാന്ത് കിഷോർ ഈ മാസം ആദ്യം പറഞ്ഞിരുന്നു. കെജ്‌രിവാൾ ജയിലിൽ നിന്ന് പുറത്തുവരുന്നത് എഎപി നേതാക്കളുടെയും പ്രവർത്തകരുടെയും മനോവീര്യം വർദ്ധിപ്പിക്കുമെന്ന് കിഷോർ വിശദീകരിച്ചു.

അതേസമയം ഡൽഹിക്കും പഞ്ചാബിനും അപ്പുറം വോട്ടർമാരെ സ്വാധീനിക്കാൻ ഇതിന് കഴിയില്ലെന്നും കൂട്ടിച്ചേർത്തു. പഞ്ചാബിൽ 14, ഡൽഹിയിൽ 7, ഗുജറാത്തിൽ 1 എന്നിങ്ങനെ 22 സീറ്റുകളിൽ മാത്രമാണ് എഎപി മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “ഈ 22 ൽ 14 എണ്ണവും പഞ്ചാബിലാണ്, അവിടെ എഎപിയും കോൺഗ്രസും തമ്മിൽ നേരിട്ടുള്ള മത്സരം നടക്കുന്നുണ്ട്. പഞ്ചാബിൽ എഎപിക്ക് നേട്ടമുണ്ടായാൽ അത് കോൺഗ്രസിന് നഷ്ടമാകും,” ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡൽഹിയിൽ മെയ് 25 നായിരുന്നു വോട്ടെടുപ്പ്. പഞ്ചാബിൽ ജൂൺ 1 ന് ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഫലം ജൂൺ 4 ഓടെ പ്രഖ്യാപിക്കും.

content summary; Delhi CM Arvind Kejriwal says AAP is not in a permanent marriage with Congress

×