‘രണ്ട് മിനിറ്റ്, നീ പുറത്തേക്ക് നടന്നോളൂ, ഞാൻ ഉടൻ വരാം എന്നാണ് അവൻ പറഞ്ഞത്’, ബി. ജെ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ആര്യൻ രജ്പുത്തിന്റെ അവസാന വാക്കുകൾ സുഹൃത്ത് ഓർത്തെടുക്കുന്നതിങ്ങനെയാണ്.
തന്റെ കയ്യിൽ ഫോൺ നൽകിയിട്ട് ഹോസ്റ്റലിലെ മെസ് ഹാളിൽ നിന്നിരുന്ന ആര്യനെ പിന്നെ താൻ ജീവനോടെ കണ്ടിട്ടില്ലായെന്നാണ് സുഹൃത്ത് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത്. അപകടം നടന്ന ജൂൺ 12ന് ആര്യനും സുഹൃത്തും ഏകദേശം ഉച്ചയ്ക്ക് രണ്ട് മണിയോടെ ഭക്ഷണം കഴിച്ച് ഇറങ്ങാനൊരുങ്ങുകയായിരുന്നു. എന്നാൽ ഫോൺ സുഹൃത്തിനെ ഏൽപ്പിച്ച ശേഷം കൈ കഴുകിയിട്ട് വരാമെന്നും സുഹൃത്തിനോട് പുറത്തേക്ക് പൊയ്ക്കോളൂവെന്നും ആര്യൻ പറഞ്ഞു.
തുടർന്ന് സുഹൃത്ത് മെസിൽ നിന്നും പുറത്തേക്കിറങ്ങി. സെക്കന്റുകൾക്കുള്ളിൽ എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനം മെസ് ഹാളിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. രണ്ട് മിനിറ്റിനുള്ളിൽ തന്റെ അടുത്തേക്ക് വരാമെന്ന് പറഞ്ഞ ആര്യനെ പിന്നീട് സുഹൃത്തിന് കാണാനായിട്ടില്ല.
അപകടമുണ്ടാക്കിയ ഞെട്ടലിൽ നിന്ന സുഹൃത്ത് 10 മിനിറ്റിനുള്ളിൽ തന്നെ ബോധം വീണ്ടെടുക്കുകയും ആര്യന്റെ ഫോണിൽ നിന്ന് ബന്ധുക്കളിലൊരാളെ ബന്ധപ്പെടുകയും ഉടൻ അഹമ്മദാബാദിലേക്ക് വരണമെന്ന് പറയുകയും ചെയ്തു. ആര്യൻ പരിക്കുകളോടെ ഐസിയുവിൽ കഴിയുകയാണ് എന്നാണ് ബന്ധുക്കളെ അറിയിച്ചിരുന്നത്. വിവരം അറിഞ്ഞയുടൻ മധ്യപ്രദേശിലെ ജിക്സൗലി ഗ്രാമത്തിൽ നിന്നും ആര്യന്റെ കുടുംബം അഹമ്മദാബാദിലേക്ക് പുറപ്പെട്ടു. എന്നാൽ അഹമ്മദാബാദിലെത്തിയ കുടുംബത്തിന് ആര്യന്റെ മരണവാർത്തയാണ് അറിയാൻ കഴിഞ്ഞതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ബി. ജെ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു ആര്യൻ. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആര്യനെ രക്ഷിക്കാനായില്ലെന്നും ആര്യൻ്റെ മൃതദേഹം കുടുംബത്തിന് കൈമാറിയിട്ടുണ്ടെന്നും ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റും ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ അംഗവുമായ ഡോ. ധവാൽ ഖമേതി പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
ആര്യന്റെ കസിനായ ബീഗം സിങ്ങിനാണ് സുഹൃത്തിന്റെ കോൾ ലഭിച്ചത്. മെസിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് വിമാനാപകടം സംഭവിച്ചതെന്ന് സുഹൃത്ത് അറിയിച്ചുവെന്നും ബീഗം സിങ്ങ് പറയുന്നു.
കോച്ചിംഗ് സെന്ററിൽ പോലും പോകാതെയാണ് മെഡിക്കൽ പ്രവേശന പരീക്ഷയിൽ ആര്യൻ 720 ൽ 700 മാർക്ക് നേടിയിരുന്നു. ആദ്യ ശ്രമത്തിൽ തന്നെയാണ് ആര്യൻ ഇത് നേടിയെടുത്തതും. നഗരങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് വിദഗ്ധരുടെ മാർനിർദേശങ്ങളും ചെലവേറിയ കോഴ്സുകളും മറ്റും ചെയ്യാൻ അവസരമുണ്ടായിരുന്നു. എന്നാൽ എന്റെ സഹോദരൻ ഇന്റർനെറ്റിന്റെ സഹായത്തോടെയാണ് പരീക്ഷയിൽ വിജയിച്ചത്. അവൻ വളരെ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു, ബീഗം സിങ്ങ് പറഞ്ഞു.
തന്റെ രണ്ടാമത്തെ മകനെ ഡോക്ടറാക്കുക എന്ന ആഗ്രഹമാണ് കർഷകനായ പിതാവ് രാംഹേത് രജ്പുത്തിന് ഇതോടെ നഷ്ടമായിരിക്കുന്നത്. മൂത്ത മകൻ സിവിൽ സർവീസിന് തയ്യാറെടുക്കുമ്പോഴും മെഡിക്കൽ കോളേജിൽ അഡ്മിഷൻ ലഭിച്ച ആര്യന് വേണ്ടിയാണ് അച്ഛൻ സഹായം മുഴുവൻ നൽകിയിരുന്നത്. ആര്യന്റെ മരണത്തെക്കുറിച്ച് ഇപ്പോഴും അമ്മയ്ക്ക് അറിയില്ലെന്നും അന്ത്യകർമത്തിനായി ഗ്രാമത്തിലെത്തിക്കുമ്പോൾ താൻ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന ആശങ്കയിലാണെന്നും രാംഹേത് രജ്പുത്ത് പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥികളുടെ മരണസംഖ്യയിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനോ അധികൃതരോ വ്യക്തത വരുത്തിയിട്ടില്ല. നിരവധി വിദ്യാർത്ഥികളെ കാണാതായി എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Content Summary: Aryan Never Seen Alive again, Medical Student Shattered losing friend in air india tragedy
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.