June 06, 2026 |
Share on

‘അപ്പുക്കുട്ടാ ഓവറാക്കി ചളവാക്കതെടേ’; വേദിയില്‍ കരഞ്ഞ സ്ഥാനാര്‍ത്ഥിയോട് അഖിലേഷ്

സമാജ്‌വാദി പാര്‍ട്ടിയുടെ ബര്‍ഹാജ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പിഡി തിവാരിയാണ് വോട്ടര്‍മാര്‍ക്ക് മുന്നില്‍ തേങ്ങിക്കരഞ്ഞത്

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചതോടെ സ്ഥാനാര്‍ത്ഥികളെല്ലാം കരച്ചിലോട് കരച്ചിലാണ്‌. വോട്ടര്‍മാര്‍ക്ക് മുന്നില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് ചെല്ലുമ്പോള്‍ പലരും അറിയാതെ കരഞ്ഞ് പോകുകയാണ്. ഇത്തവണ വോട്ടര്‍മാര്‍ക്കും മുഖ്യമന്ത്രി അഖിലേഷ് യാദവിനും മുന്നില്‍ വച്ചാണ് ഒരു സ്ഥാനാര്‍ത്ഥി കരഞ്ഞിരിക്കുന്നത്. അവസാനം ആ സ്ഥാനര്‍ത്ഥിയോട് അഖിലേഷ് യാദവിന് ‘അപ്പുക്കുട്ടാ ഓവറാക്കി ചളവാക്കതെടേ’ എന്നു പറയേണ്ടി വന്നുവെന്നാണ് അണിയറ സംസാരം. സ്ഥാനാര്‍ത്ഥിയുടെ കരച്ചിലിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചരണമാണ് ലഭിച്ചിരിക്കുന്നതും.

സമാജ്‌വാദി പാര്‍ട്ടിയുടെ ബര്‍ഹാജ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പിഡി തിവാരിയാണ് വോട്ടര്‍മാര്‍ക്ക് മുന്നില്‍ തേങ്ങിക്കരഞ്ഞത്. നാളെയാണ് ഇവിടുത്തെ വോട്ടെടുപ്പ്. പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിനെതിരെ അഭിപ്രായഭിന്നത രൂപപ്പെട്ടിരിക്കുന്നതിനാല്‍ തിവാരി വളരെയേറെ അസ്വസ്ഥനായിരുന്നെന്ന് അദ്ദേഹത്തിന്റെ അണികള്‍ പറയുന്നു. അഖിലേഷ് യാദവിന്റെ പ്രസംഗത്തില്‍ തിവാരിയെ വളരെയേറെ പ്രശംസിച്ചെങ്കിലും സ്റ്റേജിലെത്തിയ അദ്ദേഹം പൊട്ടിക്കരയുകയായിരുന്നു. ‘പ്രധാനമന്ത്രി മോദി പറഞ്ഞത് ബിജെപി സീറ്റുകളെല്ലാം പിടിക്കുമെന്നാണ്. എന്നാല്‍ ബര്‍ഹാജ് സീറ്റ് അദ്ദേഹം എങ്ങനെ പിടിച്ചെടുക്കുമെന്ന് നമുക്ക് നോക്കാം’ എന്നായിരുന്നു അഖിലേഷിന്റെ പ്രസംഗം.

ജനങ്ങള്‍ ആര്‍പ്പുവിളികളോടെ ഈ വാക്കുകളെ സ്വീകരിച്ചപ്പോള്‍ തിവാരി അഭിമാനത്തോടെ ചുറ്റും നോക്കുന്നുമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം മൈക്കിന് മുന്നിലെത്തി സെക്കന്റുകള്‍ക്കകം പൊട്ടിക്കരയുകയും ചെയ്തു. തിവാരിയുടെ കരച്ചില്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായെങ്കിലും മറ്റൊരു സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ കരച്ചിലിന് മുന്നില്‍ അതൊന്നുമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

മുമ്പ്‌ ബുലന്ദ്ഷഹര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഷുജത് അലം  സ്വന്തം ചെരുപ്പൂരി തലയിലടിച്ച് കരഞ്ഞിരുന്നു. താന്‍ അറിയാതെ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ വോട്ടര്‍മാര്‍ ക്ഷമിക്കണമെന്നും ഇതിനിടെ അദ്ദേഹം തുടര്‍ച്ചയായി അപേക്ഷിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ഇദ്ദേഹം ഇവിടെ പരാജയപ്പെട്ടിരുന്നു. ഏഴ് ഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാകുന്ന ഉത്തര്‍പ്രദേശില്‍ ഈ മാസം പതിനൊന്നിനാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×