March 27, 2025 |
Share on

മുന്നില്‍ നിന്ന് നയിച്ച് കേരളം; മാതൃ വിദ്യാഭ്യാസ നിലവാരത്തില്‍ മുന്നേറി ഇന്ത്യ

സ്‌കൂളില്‍ പോകുന്നവരുടെയും ഉപരിപഠനം നടത്തുന്നവരുടെയും എണ്ണത്തില്‍ കേരളത്തിലെ അമ്മമാരാണ് മുന്നില്‍

വിദ്യാഭ്യാസ രംഗത്ത് ഗ്രാമീണ ഇന്ത്യയില്‍ ഒരു നിശബ്ദ വിപ്ലവം നടന്നു വരുകയാണ്. അതിന്റെ പുരോഗതി ആഹ്ലാദിപ്പിക്കുന്നതുമാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മക്കളുള്ള അമ്മമാരുടെ വിദ്യാഭ്യാസമാണ്(മാതൃവിദ്യാഭ്യാസം) രാജ്യത്തെ ആഹ്ലാദിപ്പിക്കുന്ന തരത്തില്‍ മുന്നേറുന്നത്. ഈ കാര്യത്തില്‍ മുന്നിലെത്തിക്കൊണ്ട് കേരളം ഒരിക്കല്‍ കൂടി ഇന്ത്യക്ക് അഭിമാനവും മാതൃകയുമായി മാറിയെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ മാസം പുറത്തുവന്ന വാര്‍ഷിക വിദ്യാഭ്യാസ റിപ്പോര്‍ട്ട് (എ എസ് ഇ ആര്‍ ) 2024 പ്രകാരം, കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ മാതൃ വിദ്യാഭ്യാസ നിലവാരത്തില്‍ കാര്യമായ മുന്നേറ്റം രാജ്യത്തുണ്ടായിട്ടുണ്ട്. സ്‌കൂളില്‍ പോയിട്ടില്ലാത്ത അമ്മമാരുടെ (5 മുതല്‍ 16 വയസ് വരെയുളള കുട്ടികളുടെ അമ്മമാരായിട്ടുള്ളവര്‍) അനുപാതം 2016-ല്‍ 46.6% ആയിരുന്നു. 2024-ല്‍ ഈ കണക്ക് 29.4% ആയി കുറഞ്ഞു എന്നാണ് എ എസ് ഇ ആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2001-02-ല്‍ ആരംഭിച്ച സര്‍വശിക്ഷാ അഭിയാന്‍ (നിലവില്‍ സമഗ്ര ശിക്ഷ)-ന്റെ നേട്ടമായാണ് ഈ വ്യത്യാസത്തെ കാണേണ്ടത്.

റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാന നേട്ടം, കൂടുതല്‍ അമ്മമാര്‍ സ്‌കൂളില്‍ പോകുന്നു എന്നത് മാത്രമല്ല, പത്താം ക്ലാസ് കഴിഞ്ഞും പഠിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ടെന്നതാണ്. അമ്മമാര്‍ പത്താം ക്ലാസിനും അപ്പുറത്തേക്കും തങ്ങളുടെ പഠനം കൊണ്ടു പോയി ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നവരാകുകയാണ്. 2016 ല്‍ വെറും 9.2 ശതമാനമായിരുന്നു പത്താം ക്ലാസിന് അപ്പുറവും വിദ്യാഭ്യാസം നേടാന്‍ താത്പര്യം കാണിച്ചിരുന്നത്. 2024 ല്‍ എത്തുമ്പോള്‍ 19.5 ശതമാനമായി. പത്തു ശതമാനത്തിന്റെ വര്‍ദ്ധനവ്.

ഒന്നാമത് കേരളം
സ്‌കൂളില്‍ പോകുന്ന അമ്മമാരുടെ എണ്ണത്തില്‍ കഴിഞ്ഞ എട്ടുവര്‍ഷത്തെ കണക്കില്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. സ്‌കൂളില്‍ വരുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നു എന്നത് മാത്രമല്ല, അമ്മമാരുടെ സ്‌കൂള്‍ വിദ്യാഭ്യാസ നിലവാരത്തിലും കേരളം മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നു എന്നാണ് എ എസ് ഇ ആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

2016ല്‍, 40% അമ്മമാരാണ് കേരളത്തില്‍ പത്താം ക്ലാസ് കഴിഞ്ഞുള്ള ഉപരിപഠനത്തിന് പോയിരുന്നത്. 2024-ല്‍ ഇത് 69.6% ആയി ഉയര്‍ന്നു. 29 ശതമാനത്തിന്റെ വര്‍ദ്ധനവ്. 2016-ലും 2024-ലും സംസ്ഥാനങ്ങള്‍ക്കിടയില്‍ പത്താം ക്ലാസിനുമപ്പുറം വിദ്യാഭ്യാസമുള്ള അമ്മമാരുടെ ഏറ്റവും ഉയര്‍ന്ന ശതമാനവും കേരളത്തിലാണ്.

ഈ നേട്ടത്തില്‍ കേരളത്തിന് പിന്നിലുള്ളത് ഹിമാചല്‍ പ്രദേശാണ്. കഴിഞ്ഞ് എട്ടു വര്‍ഷത്തിനിടയില്‍ 22 ശതമാനം വര്‍ദ്ധനവാണ് ഹിമാചല്‍ പ്രദേശ് ഉണ്ടാക്കിയിരിക്കുന്നത്. പത്താം ക്ലാസ് കഴിഞ്ഞ് ഉപരിപഠനത്തിന് പോകുന്ന അമ്മമാരുടെ എണ്ണം 2016 ല്‍ 30.7 ശതമാനമായിരുന്നു. 2024 ല്‍ അത് 52.4 ആക്കി ഹിമാചല്‍ ഉയര്‍ത്തിയിട്ടുണ്ട്. ഹരിയാന, ആന്ധ്ര പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളും അമ്മമാരുടെ ഉപരിപഠനത്തില്‍ പത്തു ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടാക്കിയിട്ടുണ്ട്. ഈ പട്ടികയില്‍ കാര്യമായ പുരോഗതി ഉണ്ടാക്കാത്ത സംസ്ഥാനം മധ്യപ്രദേശാണ്. ഇവിടെ പത്താം ക്ലാസിന് അപ്പുറം പഠിച്ചിരുന്ന അമ്മമാരുടെ എണ്ണം 2016 ല്‍ 3.6 ശതമനമായിരുന്നു. 2024 ല്‍ ഇത് വെറും 9.7 ശതമാനത്തിലേക്ക് മാത്രമാണ് എത്തിയത്.

അച്ഛന്മാരെക്കാള്‍ കൂടുതല്‍ പഠിക്കുന്ന അമ്മമാര്‍
അതേസമയം, എ എസ് ഇ ആര്‍ റിപ്പോര്‍ട്ടിലെ കൗതുകകരമായ മറ്റൊരു കണക്ക്, വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കുന്ന അമ്മമാരുടെ എണ്ണം കൂടുമ്പോള്‍, അച്ഛന്‍മാരുടെ എണ്ണത്തില്‍ കാര്യമായ പുരോഗതി ഇല്ലെന്നതാണ്. പത്താം ക്ലാസിന് അപ്പുറം പഠിച്ച പിതാക്കന്മാരുടെ എണ്ണം ചെറിയൊരു ശതമാനം മാത്രമാണ് വര്‍ദ്ധിച്ചിട്ടുള്ളത്. 2016 ല്‍ ഇത് 17.4 ശതമാനം ആയിരുന്നു. 2024 ല്‍ എത്തുമ്പോള്‍ 25 ശതമാനമായി. അതായത് കേവലം എട്ടു ശതമാനത്തിന്റെ വര്‍ദ്ധനവ്. മാത്രമല്ല, കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍, പത്താം ക്ലാസിന് അപ്പുറം പഠിച്ചവരുടെ ശതമാനത്തില്‍ അച്ഛന്മാരുമായുള്ള വിടവ് അമ്മമാര്‍ കാര്യമായി കുറച്ചിട്ടുമുണ്ട്. 2016 ല്‍ പത്താം ക്ലാസ് കഴിഞ്ഞുള്ള വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമ്മമാരെക്കാള്‍ എട്ട് ശതമാനം കൂടുതല്‍ അച്ഛന്മാരായിരുന്നു മുന്നില്‍. 2024 ല്‍ എത്തുമ്പോള്‍ ഈ അന്തരം അഞ്ച് ശതമാനമാക്കി അമ്മമാര്‍ കുറച്ചിരിക്കുകയാണ്.

‘എന്‍ജിഒ പ്രഥം’ നടത്തിയ ദേശീയ ഗ്രാമീണ ഗാര്‍ഹിക സര്‍വേയാണ് എ എസ് ഈ ആര്‍. രാജ്യത്തെ 605 ഗ്രാമീണ ജില്ലകളിലായി 6,49,491 കുട്ടികളെ അവരുടെ അടിസ്ഥാന വായനാ നിലവാരവും ഗണിതശാസ്ത്രത്തിലെ മികവും സര്‍വേയില്‍ പരിശോധിച്ചിട്ടുണ്ട്. കുട്ടികള്‍ സ്‌കൂളില്‍ പോകുന്ന കാര്യവും അവരുടെ വിദ്യാഭ്യാസ നിലവാരും മാത്രമല്ല സര്‍വേയില്‍ ആരാഞ്ഞത്. കുട്ടികളോട് അവരുടെ അമ്മമാരുടെയും അച്ഛന്മാരുടെയും വിദ്യാഭ്യാസത്തെ കുറിച്ചും വിവരങ്ങള്‍ തിരക്കിയിരുന്നു. ഇതില്‍ നിന്നാണ് അമ്മമാരുടെ വിദ്യാഭ്യാസ നിലവാരം ഉയരുന്നുണ്ടെന്ന കണ്ടെത്തലില്‍ സര്‍വേ എത്തിയത്. കുട്ടികളുടെ സ്‌കൂള്‍ പ്രവേശനത്തിന്റെ കണക്ക് കൂടുന്നതിനൊപ്പം തന്നെ അവരുടെ അമ്മമാരുടെ വിദ്യാഭ്യാസത്തിലും കാര്യമായ പുരോഗതി ഉണ്ടാകുന്നുണ്ടെന്നാണ് പ്രഥം സിഇഒ രുക്മിണി ബാനര്‍ജി പറയുന്നത്.  Kerala leads India in reducing out-of school mothers, ASER report 2024

Content Summary; ASER Report 2024, Kerala leads India in reducing school dropped mothers

×