June 07, 2026 |

‘സമരം തീര്‍ക്കാന്‍ ഞങ്ങളും തയ്യാറാണ്’ മുഖ്യമന്ത്രിയോട് ആശമാര്‍

ചില തെറ്റിദ്ധാരണകളുണ്ടങ്കിലും മുഖ്യമന്ത്രിയുടെ വാക്കുകള്‍ പോസിറ്റീവായി കാണുന്നു

ആശ പ്രവര്‍ത്തകര്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ലെന്ന് മുഖ്യമന്ത്രി പറയാന്‍ കാരണം, ഞങ്ങളുടെ ആവശ്യങ്ങള്‍ കൃത്യമായി അദ്ദേഹത്തിന് മുന്നില്‍ എത്താതുകൊണ്ടാണെന്ന് സമരക്കാര്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍ പോസിറ്റീവായാണ് എടുക്കുന്നതെന്നും സമരത്തിലുള്ള ആശ പ്രവര്‍ത്തക ബിന്ദു അഴിമുഖത്തോടു പറഞ്ഞു. നാലു തവണ സര്‍ക്കാര്‍ തലത്തില്‍ സമരക്കാരുമായി ചര്‍ച്ചകള്‍ നടന്നിട്ടും 61 ദിവസമായി സമരം തുടരുകയാണ്. ഈയവസരത്തിലാണ് സര്‍ക്കാരുമായി വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാണെന്ന നിലപാട് സമരം ചെയ്യുന്നവര്‍ സ്വീകരിച്ചിരിക്കുന്നത്.

ബുധനാഴ്ച്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആശ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ കീഴില്‍ ഒരു വിഭാഗം നടത്തുന്ന സമരവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നല്‍കിയിരുന്നു. സമരത്തിലുള്ളവര്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാകുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. സമരം തീരണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ സമരക്കാര്‍ ഇതിന് മുന്‍കൈ എടുക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. തുടക്കം മുതലുള്ള ഇന്‍സെന്റീവാണ് കേന്ദ്രം ഇപ്പോഴും നല്‍കുന്നത്. എന്നാല്‍ 2016 മുതല്‍ ഇതുവരെ 6000 രൂപയുടെ വര്‍ദ്ധനവ് ആശമാരുടെ ഓണറേറിയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിക്കാതെയാണ് സംസ്ഥാനത്തിനെതിരെ ആശമാര്‍ സമരം നടത്തുന്നതെന്നും മുഖ്യമന്ത്രി പരാതിപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയുടെ വിശദീകരണം വന്നതിനു പിന്നാലെയാണ് അഴിമുഖം സമരത്തിലുള്ള ആശപ്രവര്‍ത്തതകരെ ബന്ധപ്പെട്ടത്. അഴിമുഖവുമായി സംസാരിച്ച ബിന്ദു പറയുന്നത്, മുഖ്യമന്ത്രി ആശ സമരത്തെക്കുറിച്ച് പറഞ്ഞതെല്ലാം ഞങ്ങള്‍ പോസിറ്റീവായാണ് എടുക്കുന്നതെന്നായിരുന്നു. ‘ഞങ്ങള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല എന്ന തരത്തില്‍ അദ്ദേഹം പറഞ്ഞതിനു കാരണം, ഞങ്ങളുടെ വിഷയങ്ങള്‍ കൃത്യമായി അദ്ദേഹത്തിന്റെ മുമ്പില്‍ എത്താത്തത് കൊണ്ടാണ്’ ബിന്ദു പറയുന്നു.

‘സമര ഒത്തുതീര്‍പ്പാക്കാന്‍ വിട്ടുവീഴ്ചയ്ക്ക് ഞങ്ങള്‍ തയ്യാറാണ്. ഞങ്ങളുടെ ആവശ്യങ്ങള്‍ പരിഗണനയ്ക്കണമെന്നാണ് ഞങ്ങള്‍ക്ക് അദ്ദേഹത്തോടുള്ള അഭ്യര്‍ത്ഥന. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യങ്ങള്‍ അവതരിപ്പിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കൂടിക്കാഴ്ച നടത്തിയാല്‍ ഈ വിഷയത്തില്‍ അദ്ദേഹത്തിനുള്ള തെറ്റിദ്ധാരണ മാറുമെന്നാണ് കരുതുന്നത്.’

21,000 രൂപ ഹോണറേറിയവും അഞ്ചു ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യവുമാണ് ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യം. അതിലൊരു തീരുമാനമുണ്ടാവാതെ സമരത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറല്ലെന്നും ബിന്ദു പറയുന്നുണ്ട്. മുഖ്യമന്ത്രിയോട് നേരിട്ട് സംസാരിക്കാൻ അവസരം കിട്ടിയാല്‍ അദ്ദേഹത്തിനുള്ള തെറ്റിദ്ധാരണകള്‍ മാറുമെന്നും സമരപ്രവര്‍ത്തക വിശ്വാസം പ്രകടിപ്പിക്കുന്നു.

‘ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 21,000 വേണമെന്ന് ആശപ്രവര്‍ത്തകര്‍ക്ക് കടുംപിടിത്തമില്ല. സമരം സെറ്റില്‍ ചെയ്യാന്‍ വേണ്ടി ഒരു സെറ്റില്‍മെന്റ് ഫോര്‍മുല ആരോഗ്യമന്ത്രിയുടെ മുമ്പില്‍ വച്ചിട്ടുണ്ട്. കമ്മിറ്റിയെ വച്ച് പഠിച്ചതിന് ശേഷം ഹോണറേറിയം പടിപടിയായി ഉയര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ആ ഘട്ടത്തിലേക്ക് എത്തുമ്പോള്‍ കൃത്യമായ ഒരു തുക പ്രഖ്യാപിക്കണമെന്ന ആവശ്യം ഞങ്ങള്‍ ആരോഗ്യമന്ത്രിയുടെ മുമ്പാകെ ഉന്നയിച്ചിട്ടുണ്ട്. ഈ ആവശ്യങ്ങള്‍ നേടിയെടുക്കുന്നത് വരെ ശക്തമായി മുന്നോട്ട് പോകും. വളരെ താഴ്ന്ന ഒരു സെറ്റില്‍മെന്റ് ഫോര്‍മുലയാണ് ഞങ്ങള്‍ ഇപ്പോള്‍ മുന്നോട്ട് വച്ചിരിക്കുന്നത്’ ബിന്ദു വ്യക്തമാക്കുന്നു.

ഹോണറേറിയം ഓരോ തവണ വര്‍ദ്ധിപ്പിച്ചുവെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ആ പ്രതിഫലത്തേക്കാള്‍ വലിയ ജോലികള്‍ ആശപ്രവര്‍ത്തകര്‍ക്ക് ചെയ്യേണ്ടി വരുന്നുവെന്നാണ് സി ഐടിയുവിന്റെ കീഴിലുള്ള ആശ സംഘടനയിലെ അംഗമാണെന്ന് അവകാശപ്പെട്ട സരസ്വതി പറയുന്നത്. ‘സംസ്ഥാനത്ത് ഭരണപക്ഷത്തോട് അനുഭാവമുള്ള സംഘടനയായ സിഐടിയു സമരം ചെയ്തപ്പോള്‍ മാത്രമാണ് ഹോണറേറിയം വര്‍ദ്ധിപ്പാക്കാമെന്നൊരു തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തുന്നത്. സര്‍ക്കാര്‍ ഭരണത്തില്‍ കയറുന്ന സമയത്ത് 700 രൂപയായി ആശമാരുടെ മിനിമം വേതനം ഉയര്‍ത്തുമെന്ന് പറഞ്ഞിരുന്നു ഇക്കാര്യം നടപ്പിലാക്കണമെന്ന് മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്’; സരസ്വതിയുടെ വാക്കുകള്‍. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശപ്രവര്‍ത്തകര്‍ സമരം ചെയ്യുന്നതെന്ന് മനസിലാക്കിയത് കൊണ്ടാണ് അവര്‍ക്ക് അനുകൂലമായി സിഐടിയു അംഗം കൂടിയായ താന്‍ ആശ സമരത്തെ പിന്തുണയ്ക്കുന്നതെന്ന് സരസ്വതി പറഞ്ഞു. മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിന് മറുപടി നല്‍കുന്നില്ലെന്നും സരസ്വതി വ്യക്തമാക്കി.

സര്‍ക്കാര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ വീണ്ടും സമരം തുടരുന്ന സാഹചര്യത്തില്‍ ട്രേഡ് യൂണിയന്‍ സംഘടനകളുടെ അഭ്യര്‍ത്ഥന മാനിച്ച് തൊഴിലാളി സംഘടനകളുമായി ആരോഗ്യ മന്ത്രി ചര്‍ച്ച നടത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞിരുന്നു. ഈ ചര്‍ച്ചയിലെ ബഹുഭൂരിപക്ഷത്തിന്റെയും നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ഐഎഎസ് ഉദ്യേഗസ്ഥന്റെ നേതൃത്വത്തില്‍ ആശമാരുടെ ഹോണറേറിയം ഉള്‍പ്പെടെയുള്ള എല്ലാ പ്രശ്‌നങ്ങളും പഠിക്കാന്‍ കമ്മിറ്റി രൂപീകരിക്കാനുള്ള തീരുമാനത്തില്‍ എത്തുന്നത്. ബഹുഭൂരിപക്ഷം ആശമാര്‍ അംഗങ്ങളായ ട്രേഡ് യൂണിയനുകള്‍ ഒറ്റക്കെട്ടായി ഈ തീരുമാനത്തെ അംഗീകരിക്കുകയും ചെയ്തിരുന്നു. സമരംചെയ്യുന്ന സംഘടനയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ ഒരു തീരുമാനം അറിയിക്കാമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും സമരത്തില്‍ നിന്നും പിന്മാറാന്‍ ആശപ്രവത്തകര്‍ തയ്യാറാവുന്നില്ല. കാര്യങ്ങളില്‍ കൃത്യമായ വ്യക്തത ലഭിച്ചിട്ടും ഇനിയും എല്ലാവരും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന്റെ കാരണവും ആശസമരത്തിന് പിന്നിലെ ഉദ്ദേശവും വ്യക്തമാണ്; സമരത്തെ തള്ളിക്കൊണ്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളാണിത്.

സംസ്ഥാനത്ത് 26125 ആശമാരുണ്ട് ഇതില്‍ 95 ശതമാനവും സമരത്തില്‍ പങ്കെടുക്കില്ലെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. സമരസമിതി ഉന്നയിച്ച ഉപാധിരഹിത ഓണറേറിയം, ശൈലി സര്‍വ്വേയിലെ ഒടിപി സംവിധാനം, ലെപ്രസി സര്‍വ്വേയുമായി ബന്ധപ്പെട്ട് ഉന്നയിച്ച പ്രശ്‌നം, ഓണറേറിയവും ഇന്‍സെന്റീവും കുടിശിക വിതരണം, വിരമിക്കല്‍ പ്രായം തുടങ്ങിയവയിലെല്ലാം സര്‍ക്കാര്‍ തീരുമാനമെടുത്തു. എന്നിട്ടും 21,000 ഓണറേറിയവും അഞ്ചു ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യവും നല്‍കിയാല്‍ മാത്രമേ പിന്‍മാറൂവെന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സമരസമിതി. അനുകൂല സാഹചര്യം ഉണ്ടായാല്‍ ആ ആവശ്യം പരിഗണിക്കും. ഓണറേറിയം കൂട്ടുന്നത് പഠിക്കാന്‍ സമിതിയെ വെക്കാമെന്ന് ഉറപ്പ് നല്‍കിയതാണ്. സര്‍ക്കാരിന് ഒരു വിരോധവുമില്ല വാശിയുമില്ല സമരം അവസാനിപ്പിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
content summary: ASHA workers in Kerala have agreed to the Chief Minister’s assurances and are prepared to call off their strike.

Leave a Reply

Your email address will not be published. Required fields are marked *

×