February 01, 2026 |
Share on

‘ഞങ്ങളുടെ ഓണം ഈ സമരപ്പന്തലിലാണ്’ വേതന വർധന നടപ്പാക്കാതെ സർക്കാർ; സമരം തുടരാൻ ആശാ പ്രവർത്തകർ

ആശാ പ്രവർത്തകർക്ക് മാത്രമായി വേതന വർധന നടപ്പാക്കാൻ സർക്കാർ തയ്യാറല്ല

നാടുമുഴുവൻ ഓണത്തിന്റെ സന്തോഷം പങ്കിടുമ്പോൾ സെക്രട്ടേറിയറ്റിന് മുന്നിലെ ഒരു കൂട്ടം ആശമാരുടെ ആഘോഷങ്ങളെല്ലാം കുറച്ചു നാളായി സമര പന്തലിൽ തന്നെയാണ്. സമര ദിനങ്ങൾ 200 താണ്ടിയപ്പോൾ പന്തലിൽ കഞ്ഞിവയ്ക്കുന്ന പാത്രങ്ങൾ ഉപയോഗിച്ച് ‘പൂക്കളം’ തീർത്തായിരുന്നു ആശമാർ ഓണത്തെ വരവേറ്റത് പോലും.

പ്രതിബന്ധങ്ങൾ ഏറെയുണ്ടെങ്കിലും വേതനവർദ്ധനയും വിരമിക്കൽ ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തിൽ നിന്നും പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് ആശാ പ്രവർത്തകർ.

ഓണറേറിയം വർധന, വിരമിക്കൽ ആനുകൂല്യം എന്നിവ നേടുംവരെ സമരവുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതായി കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു ‘അഴിമുഖത്തോട്’ പറഞ്ഞു.

‘ഞങ്ങളുടെ ഓണം ഈ സമരപ്പന്തലിലാണ്. മൂന്നാം തവണ ചർച്ചയ്ക്ക് വിളിച്ചപ്പോൾ, ഒരു കമ്മിറ്റിയെ വെച്ച് പഠിച്ച ശേഷം വേതനം വർദ്ധിപ്പിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പറഞ്ഞിട്ട് നാലര-അഞ്ചു മാസമെടുത്താണ് ആ കമ്മിറ്റി ഓഗസ്റ്റ് 27-ന് റിപ്പോർട്ട് സമർപ്പിച്ചത്.

പത്രവാർത്തകളിലൂടെ ഞങ്ങൾ അറിഞ്ഞത്, റിപ്പോർട്ടിൽ വേതന വർധനവും വിരമിക്കൽ ആനുകൂല്യങ്ങളും സംബന്ധിച്ച ശുപാർശകളുണ്ടെന്നാണ്. എന്നാൽ, ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു വേതന വർദ്ധനവ് പ്രഖ്യാപിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.

സമരം തുടങ്ങിയപ്പോൾ തന്നെ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നത്, വേതന വർദ്ധനവ് പ്രഖ്യാപിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്നാണ്. ഞങ്ങളുടെ സമരപ്പന്തൽ ഇപ്പോഴും ഇവിടെയുണ്ട്, ഓണത്തിനും ആശാമാർ സമരപ്പന്തലിൽത്തന്നെയാണ്. ഉത്രാടദിനത്തിൽ വിൻസന്റ് എംഎൽഎ ഞങ്ങൾക്ക് ഓണസദ്യ ഒരുക്കിയിട്ടുണ്ട്. അന്ന് എല്ലാ ആശാ പ്രവർത്തകരും ഇവിടെ ഒത്തുകൂടും’.

‘ഞങ്ങളുടെ സമരം തുടങ്ങിയശേഷം വിഷുവും ഈസ്റ്ററും വന്നു. ആ ആഘോഷങ്ങളിലൊന്നും കുടുംബത്തോടൊപ്പം ചേരാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ജീവിതത്തിൽ സുഖവും ദുഃഖവും നിറഞ്ഞ ഒട്ടേറെ ഘട്ടങ്ങളുണ്ടായപ്പോഴും ഞങ്ങൾക്ക് വീടുകളിലേക്ക് പോകാൻ കഴിഞ്ഞില്ല, സമരപ്പന്തലിൽത്തന്നെയായിരുന്നു.

ജാതിമത ഭേദമന്യേ എല്ലാവരും ഒന്നിച്ച് ആഘോഷിക്കുന്ന കേരളത്തിന്റെ ദേശീയോത്സവ സമയത്തും സർക്കാർ ഞങ്ങളെ തെരുവിലിരുത്തിയിരിക്കുകയാണ്’.

ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾ പഠിക്കാനാണ് വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത എസ്. കുമാറിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചത്.

‘അവർ തന്നെ നിയമിച്ച കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലും ഒരു തീരുമാനമെടുക്കാൻ അവർ തയ്യാറായിട്ടില്ല. ഇത് എന്ത് തരം സർക്കാർ ആണെന്ന് കേരളം തന്നെ വിലയിരുത്തട്ടെയെന്നും ബിന്ദു പറഞ്ഞു.

അനുഭവിക്കേണ്ടിവരുന്ന പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് ആശാപ്രവർത്തകർ സമരം തുടരുന്നത്. കഠിനമായ ചൂടും പൊടിയും മഴയുമെല്ലാം സഹിച്ച് സമരപ്പന്തലിൽ കഴിയേണ്ട അവസ്ഥയാണുള്ളത്. എന്നിട്ടും തങ്ങളുമായി സംസാരിക്കാൻ അധികാരികളാരും ഇതുവരെ തയ്യാറായിട്ടില്ലെന്ന് സമരക്കാർ പറയുന്നു.

കമ്മിറ്റി റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറിക്കും ഡയറക്ടർക്കും അപേക്ഷ നൽകിയിരുന്നു. എന്നാൽ, അതിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും ബിന്ദു കൂട്ടിച്ചേർത്തു.

അതേ സമയം, ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടും ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കാനുള്ള നടപടികൾ സർക്കാർ ഇനിയും സ്വീകരിച്ചിട്ടില്ല. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 10 മുതലാണ് ആശമാർ സമരം ആരംഭിച്ചത്.

ഓണത്തിന് മുമ്പ് എന്തെങ്കിലും പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ആശാ പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ശുപാർശകളെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഓണത്തിന് തൊട്ടുമുമ്പ് മന്ത്രിസഭാ യോഗം ചേരുമെങ്കിലും, ഈ റിപ്പോർട്ട് അജണ്ടയിൽ ഉൾപ്പെടുത്തുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.

നിലവിൽ, ആശാ പ്രവർത്തകർക്ക് മാത്രമായി വേതന വർധന നടപ്പാക്കാൻ സർക്കാർ തയ്യാറല്ല എന്നാണ് വിവരം. പകരം, ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, സ്കൂൾ പാചകത്തൊഴിലാളികൾ എന്നിവർക്ക് മൊത്തത്തിൽ ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്.

content summary: ASHA Workers Mark Onam at Protest Site as 200-Day Strike Continues in Kerala

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×