June 26, 2026 |

പഹൽ​ഗാമിലെ സുരക്ഷ വീഴ്ചയെ ചോദ്യം ചെയ്തു; മാധ്യമപ്രവർത്തകനെ മർദിച്ച് ബിജെപി പ്രവർത്തകർ

എംഎൽഎമാരോടാണ് രാകേഷ് ശ‌‍ർമ സുരക്ഷാ വീഴ്ചയെക്കുറിച്ച് ചോദിക്കുന്നത്.

പഹ​ൽ​ഗാമിലെ സുരക്ഷവീഴ്ചയെ ചോദ്യം ചെയ്തതിൽ പ്രകോപിതരായി മാധ്യമപ്രവർത്തകനെ മർദിച്ച് ബിജെപി പ്രവർത്തകർ. പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ കത്വവയിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിനിടയിലാണ് ദൈനിക് ജാ​ഗരൺ റിപ്പോർട്ടർ രാകേഷ് ശ‌‍ർമ്മയ്ക്ക് മർദനമേൽക്കുന്നത്.

ബിജെപി പ്രവർത്തകർക്ക് പുറമേ പാർട്ടി എംഎൽഎമാരായ ദേവീന്ദർ മന്യാൽ, രാജീവ് ജസ്രോതിയ, ഭരത് ഭൂഷൺ എന്നിവരും പ്രതിഷേധത്തിന് എത്തിയിരുന്നു. എംഎൽഎമാരോടാണ് രാകേഷ് ശ‌‍ർമ സുരക്ഷാ വീഴ്ചയെക്കുറിച്ച് ചോദിക്കുന്നത്. ഇതിൽ പ്രകോപിതരായാണ് ബിജെപി പ്രവർത്തകർ മാധ്യമപ്രവർത്തകനെ മർദിക്കുന്നത്. വിഘടനവാദത്തിന്റെ ഭാഷയിലാണ് നിങ്ങള്‍ സംസാരിക്കുന്നതെന്ന് പറഞ്ഞ് ബിജെപി അം​ഗം ഹിമാൻഷു ശർമ്മ മാധ്യമപ്രവർത്തനോട് കയർത്തുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. പ​ഹൽ​ഗാമിലും കത്വയിലും ഉൾപ്പെടെ തീവ്രവാദികളുടെ അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം തടയുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടില്ലേ എന്നായിരുന്നു രാകേഷ് ശർമ്മ എംഎൽഎമാരോട് ചോദിച്ച ചോദ്യം. ഇതിന് പിന്നാലെയാണ് പ്രകോപിതരായ ബിജെപി പ്രവർത്തകർ രാകേഷ് ശ‍ർമ്മയെ മർദിക്കുന്നത്. സമൂഹ്യ മാധ്യമങ്ങളിലാകെ പ്രചരിക്കുന്ന വീഡിയോയിൽ ബിജെപി പ്രവർത്തകൻ രവീന്ദർ സിങ്ങ് രാകേഷ് ശർമ്മയെ തൊഴിക്കുന്നതും കാണാം. കൈയിൽ കിട്ടിയതെല്ലാം ഉപയോ​ഗിച്ച് അവർ എന്നെ മർദിച്ചു. ഒരുവിധത്തിലാണ് പൊലീസ് ഉദ്യോ​ഗസ്ഥർ അവിടെ നിന്ന് എന്നെ രക്ഷിച്ചത് രാകേഷ് ശ‌‍ർമ്മ ന്യൂസ് ലോൺട്രിയോട് പറഞ്ഞു. മർദനത്തിനിടയിൽ അവർ തന്റെ വസ്ത്രങ്ങൾ വലിച്ചു കീറിയതായും രാകേഷ് ശ‌ർമ്മ പറഞ്ഞു. സംഭവത്തിൽ കത്വ പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 191, 115 പ്രകാരം രവീന്ദർ സിംഗ്, മഞ്ജിത് സിംഗ്, രാജ് സാഗർ, അശ്വിനി കുമാർ, ഹിമാൻഷു ശർമ്മ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

തന്നോടുള്ള മുൻ വൈരാ​​ഗ്യത്തിന്റെ പേരിലാണ് രവീന്ദർ സിങ്ങ് തന്നെ മർദിച്ചതെന്നാണ് രാകേഷ് ശർമ്മ പറയുന്നത്. രണ്ടാഴ്ച മുമ്പ് ഒരു ഭീകരാക്രമണത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥരും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കണമെന്ന രവീന്ദർ സിങ്ങ് ഒരു പ്രസ്താവന നടത്തിയിരുന്നതായും താൻ ചോദ്യം ചെയ്തുവെന്ന് രാകേഷ് ശർമ്മ പറയുന്നു. നിങ്ങളുടെ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ എന്തു കൊണ്ടാണ് ഇത്തരം സംഭവങ്ങൾ വർദ്ധിക്കുന്നതെന്ന് ഞാൻ ചോദിച്ചപ്പോൾ എന്റെ ക്യാമറ ഓഫ് ചെയ്യാൻ ആവശ്യപ്പെടുകയുണ്ടായി, ഇതാണ് പ്രകോപനത്തിന് കാരണമായി ആദ്യ സംഭവം. ഇതിന്റെ തുടർച്ചയാണ് എനിക്കേറ്റ മർദ്ദനം. രാകേഷ് ശർമ്മ പറഞ്ഞു. മാധ്യമപ്രവർത്തകന് മ‍ർദനമേറ്റ സംഭവത്തെ അപലപിച്ചു കൊണ്ട് എംഎൽഎമാരായ ഭരത് ഭൂഷണും രാജീവ് ജസ്രോതിയയും
രം​ഗത്ത് വന്നിരുന്നു. മർദനം നേരിൽ കണ്ടിട്ടും എന്തുകൊണ്ട് ഇവർ ഇടപെട്ടില്ലെന്ന് ചോദിച്ചപ്പോൾ, സംഭവം നടക്കുമ്പോഴേക്കും അവർ റോഡിന്റെ മറുവശത്തേക്ക് മാറിയിരുന്നുവെന്നാണ് ഇരുവരുടെയും വാദം.

രാകേഷ് ശർമ്മയ്ക്കെതിരെ ബിജെപി നേതാക്കൾ ആക്രമണം അഴിച്ചു വിടുമ്പോൾ സ്ഥലത്തുണ്ടായിരുന്ന മറ്റു രണ്ട് മാധ്യമപ്രവർത്തകർ മർദനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് പൊലീസ് ഇടപെട്ട് രക്ഷിക്കുകയും അക്രമത്തിൽ പരിക്കേറ്റത് മൂലം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പ്രതികൾക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മുവിലെ മാധ്യമപ്രവർത്തകർ കത്വ സീനിയർ പൊലീസ് സൂപ്രണ്ട് ശോഭിത് സക്‌സേനയെ കണ്ടു. പ്രതികൾക്കെതിരെ പാർട്ടി നടപടിയെടുക്കുന്നത് വരെ ബിജെപിയുടെ എല്ലാ പരിപാടികളും ബഹിഷ്കരിക്കുമെന്ന് ജമ്മുവിലെ മാധ്യമപ്രവർത്തകർ വ്യക്തമാക്കി.
content summary: BJP activists assaulted a senior journalist for raising questions about the security lapse in Pahalgam

Leave a Reply

Your email address will not be published. Required fields are marked *

×