April 20, 2025 |

ആശ വർക്കർമാരുടെ സമരം; ഇപ്പോഴത്തെ വിജയം ആരുടേത്?

നിലവിലെ സമരക്കാരുടെ വിജയമായി സര്‍ക്കാര്‍ ഉത്തരവിനെ മാറ്റാനാണ് എസ്.യു.സി.ഐ ശ്രമിക്കുന്നത്‌

ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങളില്‍ അഞ്ച് എണ്ണം 2024 ഫെബ്രുവരി ഏഴിന് നടന്ന ചര്‍ച്ചയില്‍ തന്നെ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് സംബന്ധിച്ച അവകാശ തര്‍ക്കം പുതിയ വാക് പോരിന് വഴിതുറന്നിരിക്കുകയാണ്. “ബാക്കി അഞ്ച് മാനദണ്ഡങ്ങള്‍ ഉടനെ പരിഹരിക്കുമെന്നും ഓണറേറിയം വര്‍ധനയും പെന്‍ഷന്‍ കാര്യത്തിലെ തീരമാനവും വൈകില്ല എന്നുമായിരുന്നു ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അന്നത്തെ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ പേരില്‍ അവകാശവാദത്തിന് എസ്.യു.സി.ഐ യുടെ നേതൃത്വത്തില്‍ സമരം ചെയ്ത് കൊണ്ടിരിക്കുന്നവര്‍ ശ്രമിക്കുന്നത് പരിഹാസ്യമാണെന്ന്” കേരള ആശ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് എംബി പ്രഭാവതി അഴിമുഖത്തോട് പറഞ്ഞു. asha workers strike; government order issued all criteria of honorarium

“വൈകല്യമുള്ള (RBFK) കുഞ്ഞുങ്ങള്‍ എല്ലാ വാര്‍ഡുകളിലും ഇല്ല. ഞങ്ങള്‍ സമരം ചെയ്യുന്നതിന് മുമ്പ് 10 കുട്ടികളെ കണ്ടെത്തിയാല്‍ മാത്രമായിരുന്നു 500 രൂപ ലഭിക്കുമായിരുന്നത്. അതുകൊണ്ട് തന്നെ ഓപ്ഷന്‍ വെക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. അതായത് ഒന്നല്ലെങ്കില്‍ മറ്റൊന്ന് ചെയ്താലും പ്രതിഫലം കിട്ടുന്ന രീതിയായിരുന്നു അത്. ഞങ്ങള്‍ ആവശ്യപ്പെട്ടതിന്റെ ഭാഗമായി പുതുക്കിയ ഓര്‍ഡറില്‍ ആര്‍ബിഎഫ്കെ പൂര്‍ണമായും സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്.

asha workers strike

ഓണറേറിയം 21,000 രൂപയായി വര്‍ധിപ്പിക്കുക, പെന്‍ഷന്‍ ആനുകൂല്യം അഞ്ചുലക്ഷം രൂപ അനുവദിക്കുക ഇതായിരുന്നു നിലവില്‍ സമരം നടത്തുന്നവരുടെ മുദ്രാവാക്യം. ഞങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ പെട്ട കാര്യങ്ങളിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അവരുടെ സമരത്തിന്റെ വിജയമായിട്ടാണ് പുതിയ ഉത്തരവിനെ അവര്‍ ഉയര്‍ത്തിക്കാണിക്കുന്നത്. ഇതിനെല്ലാം പുറമെ ‘ശൈലി’ സര്‍വേക്കായി 2,000 രൂപ അനുവദിക്കാമെന്ന് ഞങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇനിയിപ്പോള്‍ അത് അനുവദിച്ച് വന്നാലും അവരുടെ മിടുക്കായി അതിനെ കാണിക്കുമെന്നും” എംബി പ്രഭാവതി അഴിമുഖത്തോട് പറഞ്ഞു.

2024 ഫെബ്രുവരി ആറ്, ഏഴ് തീയതികളിലായി കേരള ആശ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (CITU) ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് മുന്നില്‍ നടത്തിയ സമരത്തിന്റെ ഭാഗമായി ഏഴാം തീയതി ആരോഗ്യമന്ത്രി വീണ ജോര്‍ജും, ഡിഎച്ച്എസും, എന്‍എച്ച്എം ഡയറക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു. ആ ചര്‍ച്ചയില്‍ ഉണ്ടായ ധാരണയില്‍ തന്നെ ആശ വര്‍ക്കര്‍മാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഫെബ്രുവരി 10 മുതലാണ് എസ്.യു.സി.ഐയുടെ നേതൃത്വത്തില്‍ കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.

ഏഴാം തീയതി ആരോഗ്യ മന്ത്രി സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ഓണറേറിയത്തിന് ഉണ്ടായിരുന്ന മാനദണ്ഡങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് ഒരു സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി ആരോഗ്യ വകുപ്പിലെയും നാഷണല്‍ ഹെല്‍ത്ത് മിഷനിലെ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി അത്തരമൊരു സമിതിക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഉപാധികള്‍ പിന്‍വലിക്കുന്ന കാര്യം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 19 ന് ഓണറേറിയം അനുവദിക്കുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും പിന്‍വലിച്ചതായി ആരോഗ്യമന്ത്രി തന്നെ അറിയിച്ചിരുന്നു. മാര്‍ച്ച് 12 നായിരുന്നു ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ കഴിഞ്ഞദിവസമാണ് ഈ ഉത്തരവ് പുറത്തുവന്നത്.

പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്ന ഏപ്രിലോട് കൂടി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ആലോചിച്ച് വേതന വര്‍ധനവും പെന്‍ഷനും സംബന്ധിച്ച് ധാരണയിലെത്താമെന്നും ഉറപ്പ് നല്‍കിയിരുന്നു. പെന്‍ഷന്‍ തുക 15,000 രൂപയാക്കുക, വിരമിക്കല്‍ പ്രായം 65 ആയി നിശ്ചയിക്കുക എന്നിവയായിരുന്നു ആശ വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ ആവശ്യങ്ങള്‍. കൂടാതെ പിരിഞ്ഞുപോകുമ്പോള്‍ അഞ്ചു ലക്ഷം രൂപയും, മാസം 5,000 രൂപ പെന്‍ഷനുമായിരുന്നു ആവശ്യം. ഇക്കാര്യങ്ങളില്‍ ആരോഗ്യ മന്ത്രിക്ക് മാത്രമായി തീരുമാനം എടുക്കാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാരുമായി കൂടിയാലോചിച്ച് നടപടി എടുക്കുമെന്നായിരുന്നു ധാരണ. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ആശ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സമരത്തില്‍ നിന്നും പിന്‍മാറിയത്.

ജനുവരിയിലെയും ഫെബ്രുവരിയിലെയും ശമ്പള കുടിശിക നല്‍കുന്നതോടൊപ്പം മാനദണ്ഡങ്ങളിലെ അഞ്ച് എണ്ണം ഒഴിവാക്കാമെന്നും ബാക്കി അഞ്ച് എണ്ണം ഏപ്രില്‍, മെയ് മാസങ്ങളില്‍ ഒഴിവാക്കാമെന്നുമായിരുന്നു ധാരണ. അന്നേ ഉറപ്പുകൊടുത്ത കാര്യങ്ങളുടെ സര്‍ക്കാര്‍ ഉത്തരവ് ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

asha workers strike

‘ശൈലി’ സര്‍വേയുടെ ഭാഗമായി ആധാര്‍ നമ്പര്‍ ചേര്‍ക്കുമ്പോള്‍ വരുന്ന ഒടിപി, പ്രായമായവര്‍ക്ക് നോക്കി പറയാന്‍ ബുദ്ധിമുട്ടായതിനാല്‍ അത് ചേര്‍ക്കാന്‍ സാധിച്ചിരുന്നില്ല. ആശ വര്‍ക്കേഴ്സ് ഫെഡറേഷന്‍ നല്‍കിയ ചര്‍ച്ചയെ തുടര്‍ന്ന് ഫെബ്രുവരി 13 മുതല്‍ ഒടിപി സംവിധാനവും ഒഴിവാക്കിയിരുന്നു. കൂടാതെ ശൈലി സര്‍വെയിലെ ചോദ്യങ്ങള്‍ പലതും കുഷ്ഠരോഗികള്‍ക്കായുള്ള അശ്വമേധം സര്‍വെയിലും ഉള്ളതുകൊണ്ട് ശൈലി സര്‍വെ മാത്രം മതിയെന്നും തീരുമാനമുണ്ടായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ മറ്റ് കാര്യങ്ങള്‍ കൂടി സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്നായിരുന്നു ഫെബ്രുവരി ഏഴിലെ ചര്‍ച്ചയില്‍ ധാരണയായത്.

ഉപാധികളില്ലാതെ എല്ലാ ആശ പ്രവര്‍ത്തകര്‍ക്കും 7,000 രൂപ വീതം ഓണറേറിയം നല്‍കാമെന്ന് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ച കാര്യത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പില്‍ വരുത്താമെന്നും തല്‍ക്കാലം അഞ്ച് മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഓണറേറിയം മുഴുവനായും കൊടുക്കാമെന്നുമായിരുന്നു നേരത്തെ നടന്ന ചര്‍ച്ചയില്‍ എടുത്ത തീരുമാനം.

എന്നാല്‍ ഫെബ്രുവരി ഏഴിന് നടന്ന ചര്‍ച്ചയെയും ഉണ്ടാക്കിയ ധാരണകളെയും ഇല്ലെന്ന് വരുത്തി നിലവിലെ സമരക്കാരുടെ വിജയമായി സര്‍ക്കാര്‍ ഉത്തരവിനെ മാറ്റാനാണ് എസ്.യു.സി.ഐ നേതൃത്വം നല്‍കുന്ന സമരക്കാരുടെ ശ്രമം എന്ന വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. asha workers strike; government order issued all criteria of honorarium

Content Summary: asha workers strike; government order issued all criteria of honorarium

Leave a Reply

Your email address will not be published. Required fields are marked *

×