ഗാസയിലെ മനുഷ്യര്‍ക്ക് വേണ്ടി ആക്രമണം അവസാനിപ്പിക്കാന്‍ ലോകം ഇസ്രയേലിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍, ഇസ്രയേല്‍ ഗാസയിലെ മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്നത് തുടരുന്നു. 57 പേരെയാണ് ഏറ്റവുമൊടുവിലായി ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയത്. ഗാസ നഗരത്തില്‍ കുടുങ്ങി കിടക്കുന്ന, പട്ടിണിയില്‍ വലയുന്ന സാധാരണക്കാരായ പലസ്തീനികളെയാണ്, എല്ലാ വെടിനിര്‍ത്തല്‍ സമ്മര്‍ദ്ദങ്ങളെയും അവഗണിച്ച് വെടിയുതിര്‍ത്തും വ്യോമാക്രമണം നടത്തിയും ഇസ്രയേല്‍ സൈന്യം കൊന്നത്.
നുസൈറത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ നടത്തിയ രണ്ട് ആക്രമണങ്ങളില്‍, ആദ്യത്തെ ആക്രമണത്തില്‍ ഒരു വീട്ടിലെ ഒമ്പത് കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടത്. പിന്നാലെയുണ്ടായ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 13 പേരും കൊല്ലപ്പെട്ടു. അല്‍-അവ്ദ ആശുപത്രിയിലെ ജീവനക്കാരാണ് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചത്.
അഭയാര്‍ത്ഥികളായ മനുഷ്യരെ പാര്‍പ്പിച്ചിരുന്ന താത്കാലിക ടെന്റില്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചു പേര് വേറെയും കൊല്ലപ്പെട്ടു.
തെക്കന്‍ ഗാസയില്‍ വെടിവയ്പ്പില്‍ ആരും കൊല്ലപ്പെട്ടതായി അറിയില്ലെന്നായിരുന്നു ഇസ്രയേല്‍ സൈന്യത്തിന്റെ മറുപടി. വ്യോമാക്രമണം നടത്തിയോ എന്ന കാര്യത്തില്‍ അവര്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിക്കാനും തയ്യാറായില്ല.
ഗാസയില്‍ അവശേഷിക്കുന്ന ആശുപത്രികളാണ് ഇപ്പോള്‍ ഏറ്റവും ഭയാനകമായ അന്തരീക്ഷത്തിലുള്ളത്. ഏതു സമയവും അവര്‍ ബോംബുകള്‍ പ്രതീക്ഷിക്കുന്നു. ജീവന് രക്ഷാകേന്ദ്രങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മരണ കേന്ദ്രങ്ങളായി മാറാവുന്ന അവസ്ഥയാണ്.
ഗാസ സിറ്റിയിലെ ഷിഫ ആശുപത്രി ഡയറക്ടര്‍ അസോസിയേറ്റഡ് പ്രസ്സിനോട് ഭയത്തോടെ പങ്കുവച്ച് കാര്യം, ഇസ്രയേലി ടാങ്കുകള്‍ ആശുപത്രിക്ക് സമീപം എത്തിയിട്ടുണ്ടെന്നാണ്. എല്ലാവരും ആശങ്കയിലാണ്. 159 രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇസ്രയേല്‍ ആക്രമണം ഭയന്ന് ആശുപത്രിയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുകയാണെന്നും ഡോക്ടര്‍ ഡോ. മുഹമ്മദ് അബു സെല്‍മിയ പറയുന്നത്. ‘ഒരു നിമിഷം പോലും ബോംബാക്രമണം നിലച്ചിട്ടില്ല’ എന്നു കൂടി ഡോക്ടര്‍ ഭയത്തോടെ പറയുന്നു.
ഹെലൗ ആശുപത്രിയിലെ ഇന്‍കുബേറ്ററുകളില്‍ മാസം തികയാതെ പ്രസവിച്ച 14 ശിശുക്കളുണ്ട്. ആ കുഞ്ഞുങ്ങളെ സൂക്ഷിച്ചിരിക്കുന്ന കെട്ടിടത്തിന് മുകളിലൂടെ ഇസ്രയേല്‍ ഡ്രോണുകള്‍ സ്ഥിരമായി പറക്കുകയാണ്. ഇതു കാരണം ആശുപത്രിയുടെ പ്രധാന ഗേറ്റ് അടച്ചിട്ടിരിക്കുകയാണെന്നാണ് നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗം മേധാവി ഡോ. നാസര്‍ ബുള്‍ബുള്‍ പറയുന്നത്.
‘ എന്റെ രാജ്യം ഗാസയിലെ ജോലി പൂര്‍ത്തിയാക്കും” എന്നായിരുന്നു വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ പൊതുസഭയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ലോകത്തെ വെല്ലുവിളിച്ചു കൊണ്ട് പറഞ്ഞത്. നെതന്യാഹൂ സംസാരിക്കാന്‍ കയറിയപ്പോള്‍ പൊതുസഭയില്‍ നിന്നും നിരവധി പ്രതിനിധികളാണ് പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോയത്, ഈ സമയത്ത് ഐക്യരാഷ്ട്ര സഭ ആസ്ഥാനത്തിന് പുറത്ത് ഇസ്രയേലിനെതിരേ കനത്ത പ്രതിഷേധവും നടക്കുന്നുണ്ടായിരുന്നു. ഇതൊന്നും തങ്ങള്‍ വകവയ്ക്കുന്നില്ലെന്നാണ് ഇസ്രയേല്‍ സൈന്യം തുടരുന്ന മനുഷ്യവേട്ട കാണിക്കുന്നത്.
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയാണെന്നാണ് യുഎന്‍ കമ്മീഷന് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. യുകെ, ഫ്രാന്‍സ്, കാനഡ, ഓസ്ട്രേലിയ എന്നിവര്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ പലസ്തീന് എന്ന സ്വതന്ത്ര രാഷ്ട്രത്തെ അംഗീകരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഇസ്രയേലിനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഗാസയില്‍ രണ്ട് വര്‍ഷമായി തുടരുന്ന സംഘര്‍ഷത്തിനും ആയിരക്കണക്കിന് ആളുകളുടെ ജീവന് അപഹരിച്ച മാനുഷിക പ്രതിസന്ധിക്കും അറുതി വരുത്താന്‍ കഴിയുന്ന ഒരു സമാധാന കരാര്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് അന്താരാഷ്ട്ര സമൂഹം എന്ന് യുകെയുടെ പുതിയ വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. ലോകം സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നാണ് കൂപ്പര്‍ പറയുന്നത്.
Content Summary; At least 57 people were killed in Gaza due to Israeli airstrikes and gunfire
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.