തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംസ്ഥാനത്തെ സംഗറെഡ്ഡി ജില്ലയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ എട്ട് പേർ മരിക്കുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിയാക്ടർ പൊട്ടിത്തെറിച്ചതാണ് തീപിടുത്തതിന് കാരണമായതെന്നാണ് നിഗമനം.
പശമൈലാരം വ്യാവസായിക മേഖലയിലെ സിഗാച്ചി കെമിക്കൽസിൽ ഡ്യൂട്ടി സമയത്തായിരുന്നു സംഭവം നടന്നത്. സ്ഫോടനം നടക്കുമ്പോൾ കെട്ടിടത്തിൽ ആകെ 61 പേർ ഉണ്ടായിരുന്നുവെന്നും നിരവധി പേർ ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. രക്ഷപ്പെടുത്തിയവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണ്. എത്ര പേർ അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയില്ലെന്നും പോലീസ് വ്യക്തമാക്കി. സ്ഫോടനം വളരെ ശക്തമായിരുന്നതിനാൽ ഫാക്ടറി കെട്ടിടം പൂർണ്ണമായി തകരുകയും തൊഴിലാളികൾ 100 മീറ്റർ വരെ ദൂരേക്ക് തെറിച്ചു വീഴുകയും ചെയ്തു. സ്ഫോടനത്തെ തുടർന്ന് കനത്ത പുകയും വിഷവാതകങ്ങളും ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് വ്യാപിച്ചു, സമീപത്തുള്ള കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടി വന്നു. റിയാക്ടറിലെ മർദ്ദം കൂടിയതാണ് സ്ഫോടനത്തിന് കാരണമെനാണ് പ്രാഥമിക നിഗമനം.
അഗ്നിശമന സേനയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ എട്ട് തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുക്കുകയും 13 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. 20-ൽ അധികം തൊഴിലാളികൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി 11 ഫയർ ടെൻഡറുകൾ സ്ഥലത്തേക്ക് അയച്ചതായി അഗ്നിശമന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അഗ്നിശമന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കെട്ടിടത്തിനുള്ളിൽ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു. സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് കണ്ടെത്താനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫാക്ടറിയിലുണ്ടായ ആകെ നാശനഷ്ടങ്ങളുടെ വ്യാപ്തി ഇപ്പോഴും വ്യക്തമല്ല.
ശക്തമായ സ്‌ഫോടനത്തിൽ പാടെ തകർന്ന കെട്ടിടത്തിൽ നിന്നും അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയതായി അഗ്നിരക്ഷാ സേന അറിയിച്ചു. രാവിലെ 9.37 നാണ് തീപിടിത്തം ഉണ്ടായതായി അറിയിപ്പ് കിട്ടിയത്. സ്‌ഫോടനത്തെ തുടർന്ന് കെട്ടിടം മുഴുവനായി തകർന്നതും തീയും പുകയും കാരണം, രക്ഷാപ്രവർത്തകർക്ക് അകത്തേക്ക് എത്താനാകാത്തതും സ്ഥിതിഗതികൾ വഷളാക്കിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കുന്നതിൽ കാലതാമസം നേരിടുന്നത് ആശങ്കയുയർത്തിയിട്ടുണ്ട്. ഇരുപതോളം തൊഴിലാളികൾക്ക് പരുക്കേറ്റെന്നും ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രാദേശിക വിവരങ്ങൾ അനുസരിച്ച്, സിഗാച്ചി ഇൻഡസ്ട്രീസ് ഫാർമസ്യൂട്ടിക്കൽ പൗഡറുകളാണ് നിർമ്മിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഏകദേശം 100 തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. കെമിക്കൽ, ഫാർമസ്യൂട്ടിക്കൽ നിർമ്മാണ കേന്ദ്രമായ പാഷാമൈലാറം വ്യാവസായിക മേഖലയിലാണ് ഈ കമ്പനി പ്രവർത്തിക്കുന്നത്.
content summary: At least 8 killed in major explosion at a chemical factory in Telangana; several others still trapped
This post was last modified on June 30, 2025 3:25 pm
Leave a Comment