ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിച്ച പ്രതി കുറ്റം സമ്മതിച്ചു. ഭയപ്പാടിലാണ് കുത്തിയതെന്ന് ബംഗ്ലാദേശ് പൗരനായ ഷരീഫുള്‍ ഇസ്ലാം ഷെഹ്‌സാദ് മുഹമ്മദ് റോഹില്ല അമീന്‍ ഫക്കീര്‍ മൊഴി നല്‍കി. വീടിന് പരിസരത്ത് എത്തി പല തവണ കവര്‍ച്ച ആസൂത്രണം ചെയ്തിരുന്നതായും സെയ്ഫിന്റെ വീടാണെന്ന് അറിഞ്ഞുകൊണ്ടാണ് കവര്‍ച്ചയ്ക്കായി കയറിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
എന്നാല്‍ മോഷണശ്രമം പരാജയപ്പെട്ടതോടെ സെയ്ഫിനെ ആക്രമിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. സെയ്ഫിനെ ആക്രമിച്ച സമയം ഇയാള്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും സംശയിക്കുന്നുണ്ട്. അനധികൃതമായാണ് ഇയാള്‍ ഇന്ത്യയിലേക്ക് എത്തിയത്. വിജയ്ദാസ് എന്ന പേരിലായിരുന്നു ഇയാള്‍ ഇവിടെ താമസിച്ചിരുന്നത്.
ബംഗ്ലാദേശിലെ ജലോക്തി സ്വദേശിയായ പ്രതി ആറുമാസത്തോളമായി മുംബൈയില്‍ താമസിച്ച് ഹൗസ് കീപ്പിങ് ഏജന്‍സിയില്‍ ജോലിചെയ്യുകയായിരുന്നു. ബാന്ദ്രയിലെ സെയ്ഫ് അലി ഖാന്റെ വീട്ടില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള കാസര്‍വദാവലിയിലെ ഹിരാനന്ദാനി എസ്റ്റേറ്റിന് സമീപത്തെ മെട്രോ നിര്‍മാണ സ്ഥലത്തിന് സമീപത്തെ തൊഴിലാളി ക്യാമ്പില്‍ നിന്നുമായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. 70 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
100 പേരടങ്ങുന്ന പോലീസ് സംഘം തനിക്കായി പരിശോധന നടത്തുന്ന വിവരം അറിഞ്ഞതോടെയാണ് കാട്ടിലേക്ക് ഒളിത്താവളം മാറ്റിയതെന്നും പ്രതി പറഞ്ഞു. നിലവില്‍ ജനുവരി 24 വരെ പോലീസ് കസ്റ്റഡിയിലാണ് പ്രതി.
ആക്രമണത്തില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്ന സംശയം തള്ളിക്കളയാനാവില്ലെന്ന് പോലീസ് പറഞ്ഞു. ഇന്ത്യയിലേക്ക് കടക്കാന്‍ പ്രതി ഉപയോഗിച്ച രേഖകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഷരീഫുള്‍ ഇസ്ലാമിന് ഇന്ത്യയിലെത്താനും വ്യാജരേഖകളുണ്ടാക്കാനും ആരുടെയെങ്കിലും സഹായം ഇന്ത്യയ്ക്കകത്ത് ലഭിച്ചിട്ടുണ്ടോയെന്നും മുംബൈ പോലീസ് പരിശോധിക്കുകയാണ്.
അതേസമയം പ്രതി ഗൂഗിള്‍ പേ വഴി നടത്തിയ യുപിഐ ഇടപാടാണ് പോലീസിന് പ്രതിയിലേക്ക് എത്താന്‍ സഹായകമായതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വോര്‍ളിയിലെ സെഞ്ച്വറി മില്ലിന് സമീപത്തുനിന്ന് പ്രതി പൊറോട്ടയും കുപ്പിവെള്ളവും വാങ്ങിയതിന്റെ പണം ജി പേ വഴി അയച്ചിരുന്നു. ഈ പണമിടപാടാണ് ഇയാളുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത്. കട ഉടമയുടെ നിന്നുമാണ് പോലീസിന് പ്രതിയുടെ ഫോണ്‍ നമ്പറും ലഭ്യമായത്. ഈ നമ്പര്‍ പിന്തുടര്‍ന്നാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്.
content summary; attack on saif ali khan the accused pleaded guilty