ഇനി കുമാരനെല്ലൂരിലോടും ഈ വേഗരാജാവ്. മൂന്ന് സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയുന്ന ലംബോര്‍ഗിനിയുടെ ‘ഹുറാകാന്‍’ സ്വന്തമാക്കിയത് കുമാരനെല്ലൂര്‍ ചെറുകര സിറില്‍ ഫിലിപ്പാണ്. അഞ്ച് കോടി രൂപ മുടക്കി വാഹനത്തിന്റെ ഏറ്റവും പുതിയ 6104 എന്ന വക ഭേദമാണ് പ്രവാസിയായ സിറില്‍ സ്വന്തമാക്കിയിരിക്കുന്നത്.
7 സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ സംവിധാനമുള്ള കാര്‍ ഫോര്‍ വീല്‍ ഡ്രൈവാണ്. കാര്‍ബണ്‍ ഫൈബര്‍, അലുമിനിയം എന്നിവയാണ് ബോഡി നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 10 സിലിന്‍ഡറുകളും 5200 സിസിയുമുള്ള എന്‍ജിന് 640 കുതിരശക്തി പുറത്തെടുക്കാന്‍ ശേഷിയുണ്ട്.രണ്ടു പേര്‍ക്കു മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ. റോഡിന്റെ സ്ഥിതിക്കനുസരിച്ച് മൂന്നു തരത്തില്‍ ഡ്രൈവിങ് ക്രമീകരിക്കാം. കുണ്ടും കുഴിയുമുള്ള റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ 45 മില്ലീമീറ്റര്‍ വരെ കാറിന്റെ ബോഡി ഉയര്‍ത്താനും സംവിധാനമുണ്ട്.
വാഹനം നാട്ടിലെത്തിയതോടെ വിശേഷങ്ങളറിയാന്‍ പരിചയക്കാര്‍ എത്തിയാതായും. കാറിന്റെ മൈലേജ് എത്രയെന്ന് രസികന്‍ ചോദ്യവും ഉണ്ടായെന്നും സിറില്‍ പറയുന്നു. ഈ ചോദ്യത്തിന് കമ്പനി പോലും ഇതുവരെ ഉത്തരം നല്‍കിയിട്ടില്ലെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. ബെന്‍സ്, ബിഎംഡബ്ല്യു തുടങ്ങിയ കമ്പനികളുടെ ഇതര ആഡംബര മോഡലുകളും പ്രവാസി വ്യവസായിയായ സിറിലിന്റെ ഗാരേജിലുണ്ട്.