April 20, 2025 |
Praveen Vattapparambath
Praveen Vattapparambath
Share on

രാഹുല്‍ ഗാന്ധീ, ആ പരിപ്പ് ഈ കലത്തില്‍ വേവില്ല

ടീം അഴിമുഖം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ നാളുകളാണ്. അതിനെതിരായുള്ള പ്രക്ഷോഭങ്ങള്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ടായെങ്കിലും അതിന്റെ ചലനങ്ങള്‍ ഇപ്പോള്‍ പ്രതിഫലിച്ചു തുടങ്ങിയതേയുള്ളു. അതിന്റെ ആദ്യ സൂചനയാണ് അരവിന്ദ് കെജ്‌രിവാള്‍ എന്ന അഴിമതി വിരുദ്ധ നായകന്‍ തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ നേടിയ വന്‍ വിജയം. അഴിമതി വിരുദ്ധ നിലപാടുകളുടെ വിലയിരുത്തലായിരിക്കും വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാണുകയെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഇത് തിരിച്ചറിഞ്ഞ കോണ്‍ഗ്രസിന്റെ അപ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി അഴിമതി വിരുദ്ധ […]

ടീം അഴിമുഖം
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ നാളുകളാണ്. അതിനെതിരായുള്ള പ്രക്ഷോഭങ്ങള്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ടായെങ്കിലും അതിന്റെ ചലനങ്ങള്‍ ഇപ്പോള്‍ പ്രതിഫലിച്ചു തുടങ്ങിയതേയുള്ളു. അതിന്റെ ആദ്യ സൂചനയാണ് അരവിന്ദ് കെജ്‌രിവാള്‍ എന്ന അഴിമതി വിരുദ്ധ നായകന്‍ തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ നേടിയ വന്‍ വിജയം. അഴിമതി വിരുദ്ധ നിലപാടുകളുടെ വിലയിരുത്തലായിരിക്കും വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാണുകയെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഇത് തിരിച്ചറിഞ്ഞ കോണ്‍ഗ്രസിന്റെ അപ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി അഴിമതി വിരുദ്ധ നിലപാടുകളുമായി രംഗത്തുവന്നിരിക്കുകയാണ്. രാഹുലിന്റെ അഴിമതി വിരുദ്ധ നിലപാടുകളെക്കുറിച്ചാണ് അഴിമുഖം ചര്‍ച്ച ചെയ്യുന്നത്. 
രാജ്യത്തെ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് രാഹുല്‍ ഗാന്ധിയെന്ന നെഹ്രു – ഗാന്ധി കുടുംബത്തിലെ ഏറ്റവും ശക്തനായ ചെറുപ്പക്കാരന്‍ എത്തിയിട്ട് ഇപ്പോള്‍ പത്ത് വര്‍ഷമാകുന്നു. 2004-ലെ തിരഞ്ഞെടുപ്പിലാണ് രാഹുല്‍ തന്റെ പാര്‍ലമെന്ററി ജീവിതം തുടങ്ങുന്നത്. അതിന് ശേഷമാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ ഉന്നത പദവികളിലേക്ക് ഉയര്‍ത്തിയതും. 2007-ല്‍ രാഹുലിനെ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി പദവിയിലേക്ക് ഉയര്‍ത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെയും വിദ്യാര്‍ത്ഥി യൂണിയന്റെയും ചാര്‍ജ്ജും നല്‍കി. അവിടെ അദ്ദേഹം പല തുഗ്‌ലക്ക് പരിഷ്‌കാരങ്ങളും നടപ്പാക്കി. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നതിന് പരീക്ഷയും അഭിമുഖവും നടത്തുന്ന രീതി വരെ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അദ്ദേഹം കൊണ്ടുവന്നു. ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ട പാര്‍ട്ടിയുടെ നിയമാവലിയില്‍ അതൊക്കെ രാഹുല്‍ ഉള്‍പ്പെടുത്തി. ഇതിനെയെല്ലാം തലമുതിര്‍ന്ന നേതാക്കള്‍ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. 
ഹെഡ്മിസ്റ്റ്ട്രസിന്റെ മകന് സ്‌കൂളില്‍ കിട്ടുന്ന വാത്സല്യം പോലെയാണ് കോണ്‍ഗ്രസില്‍ രാഹുലിനുള്ള സ്ഥാനം. എന്ത് ചെയ്താലും അദ്ധ്യാപകര്‍ കുട്ടിയെ വാത്സല്യത്തില്‍ മുക്കി കൊല്ലും. ഇതിനിടെ പത്ത് വര്‍ഷം കടന്നുപോയി, പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കളും രാഹുല്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യനാണെന്ന് ഒളിഞ്ഞും തെളിഞ്ഞും പ്രസ്താവനകളുമായി രംഗത്തുവന്നു. ഇപ്പോഴും അത് തുടരുന്നു. പക്ഷേ അമിതവാത്സല്യം കുട്ടിയെ ചീത്തയാക്കി. മൊത്തത്തില്‍ ഇന്ന് രാഹുല്‍ ഒരു കണ്‍ഫ്യൂസ്ഡ് പയ്യനാണ്. എന്ത് ചെയ്യണമെന്ന് അറിയില്ല. പലപ്പോഴും ഷര്‍ട്ടിന്റെ കഫ് ഉയര്‍ത്തി ഗുണ്ടകളെ പോലെ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. ചിലപ്പോള്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ വലിച്ചുകീറി കാറ്റില്‍ പറത്തണമെന്ന് ആഹ്വാനം ചെയ്യുന്നു. പോകേണ്ട സമയത്ത് പോകാതെ അസമയത്ത് ചെന്ന് കരിങ്കൊടി ഏറ്റുവാങ്ങി മടങ്ങുന്നു. ഇപ്പോള്‍ ഇതാ അഴിമതി വിരുദ്ധ പ്രക്ഷോഭ നായകനാണെന്ന് സ്വയം വാഴ്ത്താന്‍ ശ്രമിക്കുന്നു. 
അഴിമതിക്കെതിരായി പോരാടുന്ന നായകന്‍. അതാണ് രാഹുല്‍ ഇപ്പോള്‍ ആഗ്രഹിക്കുന്ന പദവി. കൊള്ളാം. ജനങ്ങള്‍ക്കിടയില്‍ അത്തരമൊരു ഇമേജ് ലഭിക്കുന്നതിന് പ്രത്യേക ഉടുപ്പ് വല്ലതുമുണ്ടായിരുന്നെങ്കില്‍ രാഹുല്‍ അത് പെട്ടെന്ന് വാങ്ങി ഇട്ടു ജനങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടേനെ. പക്ഷേ എന്ത് ചെയ്യാന്‍, അങ്ങനെയൊരു കുറുക്കുവഴിയുമില്ലല്ലോ. അപ്പോ പിന്നെ കഠിനാദ്ധ്വാനം ചെയ്യണം. അത് എങ്ങനെ ചെയ്യും. അതും അറിയില്ല. 
പക്ഷേ അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട്. അടുത്തിടെ നാലു സംസ്ഥാനങ്ങളില്‍ ദയനീയമായ പരാജയപ്പെട്ട വേളയില്‍ അദ്ദേഹം മാദ്ധ്യമങ്ങളെ കാണാന്‍ വരികയുണ്ടായി. സ്‌കൂളില്‍ കുറുമ്പുകാണിച്ചാല്‍ മാതാപിതാക്കളെയും കൊണ്ടുവന്ന് സ്‌കൂളില്‍ കയറിയാല്‍ മതിയെന്ന് പ്രധാന അദ്ധ്യാപകര്‍ നിര്‍ദ്ദേശിക്കാറുണ്ട്. അത്തരത്തിലാണ് രാഹുല്‍ തന്റെ അമ്മയും പാര്‍ട്ടി അദ്ധ്യക്ഷയുമായ സോണിയാ ഗാന്ധിക്ക് പിന്നില്‍ ചിരിച്ചുകൊണ്ട് നിന്നത്. എല്ലാം ഒപ്പിച്ചു വച്ചിട്ടു ചിരിക്കുന്നത് കണ്ടില്ലേയെന്നാണ് അത് കണ്ട് നിന്ന ഒരു കോണ്‍ഗ്രസുകാരന്‍ കമന്റ് അടിച്ചത്. അന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് ഒരു കാര്യം പ്രത്യേകം പറഞ്ഞിരുന്നു. കേജ്‌രിവാളിന്റെ പാര്‍ട്ടിയില്‍ നിന്ന് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുപാട് പഠിക്കാനുണ്ടെന്ന്. അത് ഉള്‍ക്കൊണ്ടുകൊണ്ട് ഇനിയുള്ള കാലം പ്രവര്‍ത്തിക്കുമത്രേ. രാഹുലിന്റെ ആ പ്രസ്താവന കേട്ടു നിന്നവര്‍ ചിന്തിച്ചു കാണുക, എങ്കില്‍ പിന്നെ ആം ആദ്മി പാര്‍ട്ടിയില്‍ പോയി ചേര്‍ന്നാല്‍ പോരേ എന്നായിരിക്കും. ഇവിടെ വന്ന് പഠിക്കേണ്ടതില്ലല്ലോ. ഇത്തരം അപക്വമായ പ്രസ്താവനകളും നയങ്ങളും തീരുമാനങ്ങളുമാണ് ഭാവി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയില്‍ നിന്ന് ജനം കാണുന്നത്. കഷ്ടമെന്നല്ലാതെ എന്ത് പറയാന്‍.
അഴിമതിക്കെതിരായ വന്‍ തീരുമാനങ്ങള്‍ ഉണ്ടായ ഒരു ആഴ്ചയാണ് ഇപ്പോള്‍ കടന്നുപോയത്. ലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കി. അഴിമതി വിരുദ്ധത കാണിച്ചാല്‍ മാത്രമേ ഇനി പിടിച്ചു നില്‍ക്കാനാവു എന്ന് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഏറ്റവും ഒടുവിലത്തെ നീക്കം. അതിന്റെ മുഴുവന്‍ ക്രെഡിറ്റും രാഹുല്‍ ഗാന്ധിക്ക് ലഭിക്കാന്‍ വേണ്ടി പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ഒരു വാര്‍ത്താസമ്മേളനം. മുതിര്‍ന്ന മന്ത്രിമാരായ പി ചിദംബരം, കപില്‍ സിബല്‍, വി നാരായണസ്വാമി തുടങ്ങിയവരും എ.ഐ.സി.സി അസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. രാഹുല്‍ ആണ് കേന്ദ്ര കഥാപാത്രം. വന്ന പാടെ അദ്ദേഹം പ്രഖ്യാപിച്ചു. ലോക്പാല്‍ ദോശക്കല്ലില്‍ ഇരിക്കുകയാണ്. ഇനി തിരിച്ചിട്ടാല്‍ മതി. ഞങ്ങള്‍ ഭരണപക്ഷം അത് കൊണ്ടുവന്നിരിക്കുകയാണ്. ഇനി എല്ലാവരും അതിനെ പിന്തുണയ്ക്കണം. കടന്നു വരു… കടന്നു വരു… അതിനെ പിന്തുണയ്ക്കു. മാദ്ധ്യമങ്ങള്‍ വെറുതേ വിടുമോ. ചോദ്യ ശരങ്ങള്‍ എറിഞ്ഞു. ചോദ്യങ്ങള്‍ ഏറ്റുവാങ്ങാന്‍ പണ്ടേ രാഹുല്‍ തയ്യാറല്ലല്ലോ. പറയാനുള്ള രണ്ട് വാചകം മന:പാഠമാക്കി വരും. അത് തട്ടിവിടും. കൂടുതല്‍ ചോദിച്ചാല്‍ മറ്റുള്ളവര്‍ ഉത്തരം പറഞ്ഞുകൊള്ളണം. ഇവിടെയും അത് തന്നെ സംഭവിച്ചു. ബുദ്ധിപരമായി പറയേണ്ട ഉത്തരങ്ങളെല്ലാം സാക്ഷാല്‍ ചിദംബരവും കപില്‍ സിബലും കൈകാര്യം ചെയ്തു. രാഹുല്‍ ആകട്ടെ ഒറ്റ വാചകം വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. പിന്തുണയ്ക്കു, പിന്തുണയ്ക്കു. അവിടെയും തീര്‍ന്നില്ല, യുവ രാജാവിന്റെ നാടകം. അദ്ദേഹം പാര്‍ലമെന്റില്‍ ലോക്പാലിനെ വാഴ്ത്തി. പിന്നെ ഹസാരെയ്ക്ക് കത്തും അയച്ചു. എന്നാല്‍ ഇതൊക്കെ മതിയാകുമോ താന്‍ ഒരു അഴിമതി വിരുദ്ധ നായകനാണെന്ന് കാണിക്കാന്‍. പോരാ. പിന്നെ എന്തു വേണം. 
അതിന് ആദ്യം സ്വന്തം അടുക്കളയില്‍ നിന്ന് തുടങ്ങണം വൃത്തിയാക്കല്‍ ചടങ്ങ്. അതിന് രാഹുല്‍ തയ്യാറാണോ. അവിടെനിന്നല്ലേ അഴിമതി വിരുദ്ധ പോരാട്ടം തുടങ്ങേണ്ടത്. അത് ചെയ്യാന്‍ രാഹുലിന് ധൈര്യമുണ്ടോ. എങ്കില്‍ ജനം നിങ്ങള്‍ക്കൊപ്പം നില്‍ക്കും.  അല്ലാതെ വല്ല നേതാവും വിളിച്ച വാര്‍ത്താസമ്മേളനത്തിലേക്ക് കയറി വന്ന് എനിക്കും ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പ്രസ്താവിച്ച് അത് കീറി കളയൂ, ഇങ്ങനെ ചെയ്യു, എന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. 
ഇതാ ഏറ്റവും ഒടുവില്‍ രാഹുലിന് മുന്നില്‍ ഒരു തുറുപ്പ് ചീട്ട് ഇരിക്കുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികളാന്നായ ആദര്‍ശ് കുംഭകോണത്തിന്റെ അന്വേഷണ കമ്മിറ്റി ഇക്കഴിഞ്ഞാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ തള്ളികളയുകയുണ്ടായി. അടുത്തക്കാലത്ത് ഇന്ത്യയിലെ ഒരു സര്‍ക്കാരും ഇത്രയും നിരത്തരവാദപരമായ ഒരു സമീപനം സ്വീകരിച്ചിരിക്കാനിടയില്ല. നാലു മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്ന് ചൂണ്ടിക്കാണിച്ചിട്ടുള്ള റിപ്പോര്‍ട്ടാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞത്. അതില്‍ മൂന്ന് പേര്‍ കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രിമാരാണ്. ഒരാള്‍ ആകട്ടെ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും ഗാന്ധി കൂടുംബവുമായി വളരെ നല്ല അടുത്തബന്ധം പുലര്‍ത്തുന്ന വ്യക്തിയുമായ സുശീല്‍ കുമാര്‍ ഷിന്‍ഡെയാണ്. റിപ്പോര്‍ട്ടിനെ തള്ളിക്കളയാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതും ഷിന്‍ഡെയുടെ സാന്നിദ്ധ്യമല്ലാതെ മറ്റൊന്നുമായിരിക്കില്ലതാനും. അഴിമതിക്കെതിരെ അടുത്തിടെ വാചാലനായി തുടങ്ങിയ രാഹുല്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്‌പോള്‍ അത് പറയാതെ പറ്റില്ലല്ലോ. അതിനെതിരെ എന്തുകൊണ്ടാണ് രാഹുല്‍ പ്രതികരിക്കാത്തത്. അദ്ദേഹത്തിന്റെ മൗനം അഴിമതിയെ പ്രോത്സാഹിപ്പിക്കല്ലല്ലെ. 
ആദര്‍ശ് കുംഭകോണം പുറത്തുവന്നപ്പോള്‍ അത് സി.ബി.ഐക്ക് വിട്ടതും അന്വേഷണ സമിതിയെ നിയോഗിച്ചതും പരിസ്ഥിതി ലംഘനങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ചതുമെല്ലാം ഇതേ കോണ്‍ഗ്രസാണ്. കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രം എന്നു സാരം. അല്ലെങ്കില്‍ പിന്നെയെന്തിന് ഇപ്പോള്‍ തള്ളിക്കളയണം. ഇത് കാപട്യമല്ലേ? രാഹുലിന്റെ ഏറ്റവും പ്രത്യക്ഷമായ കാപട്യത്തിന്റെ തെളിവാണ് ഇത്. ഇങ്ങനെയുള്ള കാപട്യങ്ങള്‍ കാണിച്ചുകൊണ്ട് ഇന്ത്യയില്‍ അഴിമതി വിരുദ്ധ നായകന്‍ എന്ന പദവിയിലേക്ക് ഉയരാന്‍ ശ്രമിക്കുന്നത് രാഹുല്‍ ചെയ്യുന്ന വലിയ മണ്ടത്തരങ്ങളിലൊന്നാണ്. 
അതുകൊണ്ടാണ് നേരത്തെ സൂചിപ്പിച്ചത് അഴിമതിക്കെതിരായ രാഹുലിന്റെ ശബ്ദം ഉയരേണ്ടത് സ്വന്തം അടുക്കളയില്‍ നിന്നാണെന്ന്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണം ഒഴുകുന്ന പ്രസ്ഥാനങ്ങളാണ് കോണ്‍ഗ്രസും ബി.ജെ.പിയും. അതിലൊന്നിന്റെ നേതാവാണ് രാഹുല്‍ ഗാന്ധി. സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ചാക്കില്‍ പണം കെട്ടി കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ഒഴുക്കി വിടുന്ന പാര്‍ട്ടികളാണ് ഇവ രണ്ടും. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രമന്ത്രിയായ ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി കേരളത്തിലേക്ക് കൊടുത്തുവിട്ട 50 ലക്ഷം രൂപയില്‍ 25 ലക്ഷം രൂപ കൊള്ളയടിക്കപ്പെട്ടുവെന്ന് ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് പരാതിപ്പെട്ടിരുന്നു. അതും ജനം കണ്ടതാണ്. ആന്ധ്ര, തമിഴ്‌നാട് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലേക്കും കോണ്‍ഗ്രസും ബി.ജെ.പിയും തിരഞ്ഞെടുപ്പ് സമയത്ത് കള്ളപ്പണം ഒഴുക്കുന്നുണ്ട്. ഇത് തടയാന്‍ രാഹുലിന് കഴിയുമോ? ഈ കള്ളപ്പണ ഒഴുക്ക് അവസാനിപ്പിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന്റെയും രാഹുലിന്റെയും നിലപാട് പൂര്‍ണമായും അഴിമതി വിരുദ്ധമാണ് എന്ന് അവകാശപ്പെടാനാകു. അഴിമതിക്കാരായ കോണ്‍ഗ്രസുകാരെ കെട്ടുകെട്ടിക്കും എന്നു നാടുനീളെ വീമ്പിളക്കി നടക്കുന്ന ബി.ജെ.പി നേതാക്കളും അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയും ഒട്ടും വ്യത്യസ്തമല്ല താനും. തൊട്ടാല്‍ തൊട്ടവനെ നാറും എന്നതാണ് ബി.ജെ.പിയുടെ അവസ്ഥ എന്നു ചുരുക്കം.  
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു അടുത്തകാലം വരെ ഇക്കാര്യത്തില്‍ വേറിട്ടു നിന്നത്. എന്നാല്‍ ലോട്ടറി കച്ചവടക്കാരന്റെ കൈയ്യില്‍ നിന്നും ബിസിനസുകാരന്റെ കൈയ്യില്‍ നിന്നുമൊക്കെ പണം സംഭാവനയായി സ്വീകരിക്കാന്‍ തുടങ്ങിയതോടെ അവര്‍ക്കും പൂര്‍ണമായി അഴിമതി വിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കാനാവുന്നില്ല. 
ഇവിടെയാണ് ആം ആദ്മി പാര്‍ട്ടി വ്യത്യസ്തമാകുന്നത്. വെള്ളപ്പണം ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാനാകുമെന്ന് അവര്‍ ഇന്ത്യയില്‍ തെളിയിച്ചു. ഇത് പകര്‍ത്താന്‍ കോണ്‍ഗ്രസും ബി.ജെ.പിയും തയ്യാറാകണം. മറ്റ് പാര്‍ട്ടികളും ഇത് ഉള്‍ക്കൊള്ളണം. എങ്കിലെ രാഹുല്‍ ഗാന്ധിക്ക് അഴിമതി വിരുദ്ധ നായക പരിവേഷം ലഭിക്കു. അല്ലെങ്കില്‍ ആ പൊന്‍തൂവല്‍ നിറഞ്ഞ തൊപ്പി അരവിന്ദ് കെജ്‌രിവാളിന്റെ തലയില്‍ തന്നെ അന്തസ്സോടെ ഇരിക്കും. സംശയമില്ല. 

Leave a Reply

Your email address will not be published. Required fields are marked *

×