സാജു കൊമ്പന്‍
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വലംകയ്യായ അമിത് ഷാ തളിപ്പറമ്പ ശ്രീ രാജരാജേശ്വര ക്ഷേത്രം സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തിയ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്ന അതേ ദിവസം തന്നെ കേരളത്തിലെ മൂന്ന് ക്ഷേത്രങ്ങളില്‍ ഇന്നും നിലനില്ക്കുന്ന അയിത്താചാരം നിര്‍ത്തലാക്കണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് വന്നത് യാദൃശ്ചികം മാത്രം. ഹിന്ദു മതത്തില്‍ ഇന്നും ജാതി വിവേചനങ്ങള്‍ നിലനില്ക്കുന്നുണ്ട് എന്നതിനു തെളിവായി മനുഷ്യാവകാശ കമ്മീഷന്‍ കണ്ടെത്തിയ മൂന്നു ക്ഷേത്രങ്ങളില്‍ ഒന്നാണ് തളിപ്പറമ്പ ശ്രീ രാജരാജേശ്വര ക്ഷേത്രം. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ടിടികെ (തളിപ്പറമ്പ,തൃച്ചംബരം,കാഞ്ഞിരങ്ങാട് ) ദേവസ്വത്തിന്‍ കീഴിലുള്ള കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം എന്നിവയാണു മറ്റു രണ്ട് ക്ഷേത്രങ്ങള്‍. കണ്ണൂര്‍ കല്യാശ്ശേരിയിലെ പി.ചന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ വിധി.
തളിപ്പറമ്പ ശ്രീ രാജരാജേശ്വര ക്ഷേത്രത്തില്‍ പുഷ്പാജ്ഞലി പ്രസാദം ബ്രാഹ്മണ സമുദായത്തില്‍പ്പെട്ടവര്‍ക്കു കൈയില്‍ കൊടുക്കുമ്പോള്‍ മറ്റു സമുദായത്തില്‍പ്പെട്ടവര്‍ക്ക് തറയില്‍ വെയ്ക്കുന്നതായും, ബ്രാഹ്മണരല്ലാത്തവര്‍ക്ക് തീര്‍ത്ഥം നല്കുന്നില്ലയെന്നുമാണ് പരാതി.അതുപോലെ സോപാന പടിയില്‍ നിന്ന് തൊഴുതു പ്രാര്‍ഥിക്കാന്‍ ബ്രാഹ്മണരെ മാത്രമേ അനുവദിക്കുന്നുള്ളൂവെന്നും, കളകാഭിഷേകം നടക്കുമ്പോള്‍ അബ്രാഹ്മണരെ നാലമ്പലത്തിനകത്ത് പ്രവേശിപ്പിക്കുന്നില്ലയെന്നും പരാതിക്കാരന്‍ പറയുന്നു.

അമിത് ഷാ തളിപ്പറമ്പ ക്ഷേത്രത്തില്‍
ഈ പരാതിയുമായി ബന്ധപ്പെട്ടു മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍ മൂന്നു ക്ഷേത്രങ്ങളിലും പ്രത്യക്ഷമായും പരോക്ഷമായും ഭക്തന്മാരില്‍ ബ്രാഹ്മണരെന്നും അബ്രാഹ്മണരെന്നുമുള്ള വിവേചനവും ഉച്ചനീചത്വവും നിലനിന്നുവരുന്നതായി കണ്ടെത്തുകയുണ്ടായി. ഇതില്‍ ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നത് തളിപ്പറമ്പ ശ്രീ രാജരാജേശ്വര ക്ഷേത്രത്തിലാണെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇവിടെ നടന്നു വരുന്ന ആചാരങ്ങള്‍ ക്ഷേത്രപ്രവേശന ചട്ടങ്ങള്‍ക്ക് എതിരാണെന്നും ഇവയ്ക്ക് വ്യക്തമായ തെളിവുകളുടെയോ രേഖകളുടെയോ പിന്‍ബലമില്ലെന്നും കീഴ്വഴക്കങ്ങളുടെയും പൂര്‍വ്വാചാരങ്ങളുടെയും പേരില്‍ ഇത് തുടര്‍ന്നുവരുന്നത് ക്രിമിനല്‍ നടപടി നിയമപ്രകാരം കുറ്റകരമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എന്നാല്‍ ശ്രീ രാജരാജേശ്വര ക്ഷേത്ര എക്‌സിക്യുട്ടിവ് ഓഫിസര്‍ സമര്‍പ്പിച്ച പ്രസ്താവനയില്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുന്നുണ്ടെങ്കിലും ബ്രാഹ്മണര്‍ക്ക് അനുവദിച്ചിട്ടുള്ള പ്രത്യേകാവകാശങ്ങളെ ശരിവെക്കുകയാണ് ചെയ്യുന്നത്. നിലവിലുള്ള ആചാരാനുഷ്ടാനങ്ങളില്‍ മാറ്റം വരുത്തുന്നത് തന്ത്രിമാരുടെ നിര്‍ദ്ദേശങ്ങള്‍ മാനിച്ചും മാത്രമേ സാധിക്കുകയുള്ളൂ എന്നും അബ്രാഹ്മണര്‍ക്ക് കയ്യില്‍ പ്രസാദം കൊടുക്കുന്നത് അശുദ്ധിക്കു കാരണമാകുമെന്നും പ്രസ്താവനയില്‍ പറയുന്നു.
1936ലെ ക്ഷേത്രപ്രവേശന വിളംബരത്തെത്തുടര്‍ന്നു 1947ല്‍ അയിത്താചാരം നിയമം മൂലം നിരോധിച്ചിട്ടുള്ള കാര്യം ഓര്‍മ്മിപ്പിക്കുന്ന ഉത്തരവ് സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങള്‍ കേരള സമൂഹത്തില്‍ നടത്തിയ ഇടപെടലുകളെ എടുത്തുപറയുന്നുണ്ട്. സാമുദായിക സ്പര്‍ധ വളര്‍ത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഇത്തരം ദേവസ്വം സമിതികള്‍ പിരിച്ചുവിടാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ ഇ ഗംഗാധരന്റെ ഉത്തരവ് ആവിശ്യപ്പെടുന്നു.

മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്
കണ്ണൂര്‍ ധര്‍മ്മശാലയിലെ ഒരു ചെറുകിട കച്ചവടക്കാരനായ പി.ചന്ദ്രന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇവിടെ വിജയം കണ്ടത് . ‘എല്ലാ ദിവിസവും ശ്രീ രാജരാജേശ്വര ക്ഷേത്രത്തില്‍ തൊഴാന്‍ പോകുന്നയാളാണു ഞാന്‍. വിവേചനം കണ്ടു സഹിക്കാന്‍ പറ്റാതെയാണ് ഞാന്‍ നിയമ പോരാട്ടത്തിനു ഇറങ്ങിത്തിരിച്ചത്”,ചന്ദ്രന്‍ അഴിമുഖത്തിനോട് പറഞ്ഞു.’എന്റെ പിന്നില്‍ ആരെല്ലാമോ ഉണ്ടെന്ന ആരോപണം തെറ്റാണ്. എനിക്ക് പ്രത്യേക രാഷ്ട്രിയ താത്പര്യങ്ങള്‍ ഒന്നുമില്ല. ഞാന്‍ തികഞ്ഞ ഭക്തനാണ്. 39 കൊല്ലം ശബരിമലയില്‍ പോയിട്ടുള്ള ഒരാളാണ് ഞാന്‍’. ചന്ദ്രന്‍ പറയുന്നു.’ബ്രാഹ്മണരല്ലാത്തവര്‍ക്ക് പ്രസാദം കയ്യിലിട്ടു കൊടുത്താല്‍ പോസിറ്റീവ് എനെര്‍ജി നഷ്ട്ടപ്പെട്ടുപോകുമെന്നാണ് ക്ഷേത്രം അധികാരികള്‍ പറയുന്നത്. എന്താ ഞങ്ങള്‍ക്കൊന്നും പോസിറ്റീവ് എനെര്‍ജിയില്ലേ?’ ചന്ദ്രന്‍ രോഷത്തോടെ ചോദിക്കുന്നു.
‘പ്രധാനപ്പെട്ട ചില പത്രങ്ങളില്‍ ഉത്തരവ് വാര്‍ത്തയായി വന്നില്ല. അവരിന്നു (ജൂലൈ 15) ഊരാണ്‍മയ്ക്കാര്‍ യോഗം ചേര്‍ന്നു ബ്രാഹ്മണരുടെ പ്രത്യേക അവകാശങ്ങള്‍ വേണ്ടെന്നു വെക്കാന്‍ തീരുമാനിച്ച കാര്യമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്തായാലും നടപടി ഉടന്‍ ഉണ്ടായതില്‍ വളരെ സന്തോഷമുണ്ട്” ചന്ദ്രന്‍ കൂട്ടിചേര്‍ത്തു. ക്ഷേത്ര ഭാരവാഹികളുമായി അഴിമുഖം പ്രതിനിധി ബന്ധപ്പെട്ടെങ്കിലും എക്‌സിക്യുട്ടിവ് ഓഫിസര്‍ സ്ഥലത്തില്ലായെന്ന ഉത്തരമാണ് കിട്ടിയത്.

മീരാ ജാസ്മിന്‍
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി യെദ്ദിയൂരപ്പ തുടങ്ങി നിരവധി പ്രമുഖര്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള ശ്രീ രാജരാജേശ്വര ക്ഷേത്രത്തില്‍ 2006ല്‍ പ്രശസ്ത മലയാള നടി മീര ജാസ്മിന്‍ സന്ദര്‍ശിച്ചത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.മീരാ ജാസ്മിന്‍ പിന്നീട് ഖേദം പ്രകടിപ്പിക്കുകയും പുണ്യാഹം തളിക്കുന്നതിനുള്ള ചിലവ് കെട്ടിവെക്കുകയും ചെയ്തതിനു ശേഷമാണ് വിവാദം കെട്ടടങ്ങിയത്.
അഴിമുഖത്തിന് പറയാനുള്ളത്
കേരളത്തില്‍ ക്ഷേത്രവുമായും അല്ലാതെയും ബന്ധപ്പെട്ടു നിലനില്‍ക്കുന്ന അയിത്തം ദേശീയ തലത്തില്‍ തന്നെ പലപ്പോഴും ചര്‍ച്ചയായിട്ടുള്ളതാണ്. സ്വാമി വിവേകാനന്ദന്‍ മുതല്‍ ഗാന്ധിജി വരെയുള്ളവര്‍ ഇതിനെ കുറിച്ച് പറഞ്ഞിട്ടുമുണ്ട്. കേരളത്തിലെ അയിത്തോച്ചാടന പ്രസ്ഥാനങ്ങളും രാഷ്ട്രീയ മുന്നേറ്റങ്ങളും ഒന്നിച്ചു തന്നെ മുന്നോട്ടു പോയിട്ടുള്ള സമയം ഉണ്ടായിരുന്നു. സാമൂഹിക പരിഷ്‌കരണത്തിന്റെ ഭാഗമായി ഇത്തരം മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരാണ് എ.കെ.ജിയും ഇ.എം.എസും കെ. കേളപ്പനും മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ സാഹിബുമൊക്കെ. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രത്തില്‍ നാഴികക്കല്ലുകളായ മാറിയ ഇത്തരം ഇടപെടലുകള്‍ക്ക് പില്‍ക്കാലത്ത് എന്തു സംഭവിച്ചുവെന്ന് പരിശോധിക്കേണ്ട സാഹചര്യം കൂടി മനുഷ്യാവകാശ കമ്മീഷന്റെ വിധി ഉയര്‍ത്തുന്നുണ്ട്.
ഈഴവ ശിവനെ പ്രതിഷ്ഠിച്ചും ഈഴവര്‍ക്ക് ശാന്തി, താന്ത്രിക വിദ്യകള്‍ പഠിക്കാനായി പാഠശാലകള്‍ തുടങ്ങിയും ജാതി അടിസ്ഥാനത്തില്‍ ബ്രാഹ്മണര്‍ക്ക് കിട്ടുന്ന മേല്‍ക്കോയ്മയെ ശ്രീനാരായണ ഗുരു വെല്ലുവിളിച്ചിട്ടുണ്ട്. എന്നാല്‍ ഈ പ്രക്രിയയ്ക്ക് പിന്നീടെന്തു സംഭവിച്ചുവെന്നു കൂടി നാം പരിശോധിക്കണം. വിശ്വാസിയായ ഏതൊരാള്‍ക്കും, അയാള്‍ പൂജാ, താന്ത്രിക കര്‍മങ്ങള്‍ പഠിച്ചിട്ടുണ്ടെങ്കില്‍ ക്ഷേത്രത്തില്‍ പൂജ നടത്താനുള്ള അവകാശം ഇവിടെയുണ്ടാകേണ്ടതുണ്ട്. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഇത് നിയമമാക്കിയിട്ടുണ്ടെങ്കിലും ഇത് എവിടെയൊക്കെ പാലിക്കപ്പെടുന്നുണ്ടെന്നു കൂടി പരിശോധിക്കേണ്ടതുണ്ട്. ജാതിയുടെ അടിസ്ഥാനത്തില്‍ കുലത്തൊഴിലെന്ന രീതിയില്‍ പ്രത്യേകാധികാരം ബ്രാഹ്മണര്‍ കൈയാളുന്നത് നിയമപരമായി തന്നെ എതിര്‍ക്കപ്പെടേണ്ടതാണ്. അത്തരം നിയമങ്ങള്‍ എത്രയും വേഗം ഭേദഗതി ചെയ്യുകയും വേണം.

തളിപ്പറമ്പ ശ്രീ രാജരാജേശ്വരി ക്ഷേത്രം
തളിപ്പറമ്പ് ക്ഷേത്ത്രിലെ കാര്യം മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ വിധി വന്നിട്ടുള്ളത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്റെ കുട്ടിയുടെ ചോറൂണ് ഗുരുവായൂരില്‍ നടത്തിയതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ ആരും മറന്നു കാണാന്‍ ഇടയില്ല. പുണ്യാഹം തളിച്ച് വയലാര്‍ രവിയുടെ മകന്‍ കയറിയതിന്റെ ‘അശുദ്ധി’ ക്ഷേത്രം കഴുകിക്കളഞ്ഞു. യേശുദാസിന്റെ ഗുരുവായൂര്‍ പ്രവേശം ഇന്നും നടന്നിട്ടില്ല. വിശ്വാസികളെ വേര്‍തിരിക്കുന്നത് ഒരു സമുദായത്തിനു മാത്രമായി പ്രത്യേകാധികാരങ്ങള്‍ കല്‍പ്പിച്ചു നല്‍കുന്നതും ഒരു സമൂഹത്തിനും ഭൂഷണമല്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അനാചാരങ്ങള്‍ വിശ്വാസത്തിന്റെ പേര് പറഞ്ഞത് തുടരാന്‍ അനുവദിക്കുന്നത് സമൂഹം ഇരുട്ടിലേക്ക് പോകുന്നു എന്നതിന്റെ തെളിവു കൂടിയാണ്. കേരളത്തിന് പുറത്തുള്ള പല ക്ഷേത്രങ്ങളിലും ദക്ഷിണയുടെ കനം അനുസരിച്ച് ഭക്തര്‍ക്ക് ശ്രീകോവില്‍ വരെ കയറാം. നല്ല ദക്ഷിണ കിട്ടുന്നത് വേണ്ടെന്നു വയ്ക്കാന്‍ ഏതു ക്ഷേത്രം തയാറാകും?