ടീം അഴിമുഖം
‘സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങളെ കുറിച്ച് തെഹല്‍ക്കയ്ക്ക് വേണ്ടി എഴുതുന്ന റിപ്പോര്‍ട്ടറാണ് ഞാന്‍. അതേ അക്രമങ്ങള്‍ക്ക് ഞാനും ഇരയായി – ഒരിക്കല്‍ ഞാന്‍ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്ത ‘അധികാരമുള്ള ഒരു പുരുഷ’നില്‍ നിന്ന്. തെഹല്‍ക്ക എന്ന ആശയം എപ്പോഴും നിലനില്‍ക്കണം എന്നാണ് എന്റെ ആഗ്രഹം. എന്റെ പരാതിയെപ്പറ്റി എത്രയും വേഗം അന്വേഷണം നടത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’.
തെഹല്‍ക്ക സ്ഥാപകനും കഴിഞ്ഞ ദിവസം വരെ അതിന്റെ എഡിറ്റര്‍ ഇന്‍ ചീഫുമായിരുന്ന തരുണ്‍ തേജ്പാലിനെതിരെ തെഹല്‍ക്കയിലെ റിപ്പോര്‍ട്ടറായ യുവതി അവിടുത്തെ മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരിക്ക് നല്‍കിയ പരാതിയിലെ വരികളാണിത്. ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ തരുണ്‍ തേജ്പാലിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. 50 വയസിനിടെ പ്രമുഖ സ്ഥാപനങ്ങളായ ഇന്ത്യന്‍ എക്‌സ്പ്രസ്, ഇന്ത്യാ ടുഡേ, ഔട്ട്‌ലുക്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുകയും പിന്നീട് തെഹല്‍ക്ക തുടങ്ങുകയും ചെയ്ത ആള്‍. ആയുധ ഇടപാടുകളെ കുറിച്ച് 2001-ല്‍ തെഹല്‍ക്ക ഒളിക്യാമറ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ അന്നത്തെ ബി.ജെ.പി അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണ്‍ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നത് ജനം കണ്ടു. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനൊപ്പം തന്നെ സ്ത്രീകള്‍ക്കു നേര്‍ക്കുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് തെഹല്‍ക്ക എല്ലാക്കാലവും എടുത്തിരുന്നു. ഇതൊക്കെ കൊള്ളാം. പക്ഷേ അതൊന്നും തരുണ്‍ തേജ്പാല്‍ ചെയ്ത കുറ്റത്തെ ന്യായീകരിക്കാന്‍ കഴിയുന്നതല്ല.
പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തിനെതിരെ ശക്തമായ നിയമനടപടി ഉണ്ടാകണം. കുറ്റസമ്മതം നടത്തിയ തരുണ്‍ ആറു മാസത്തേക്ക് തെഹല്‍ക്കയുടെ എഡിറ്റര്‍ പദവിയില്‍ നിന്ന് മാറുന്നതായി അറിയിച്ചിരുന്നു. പക്ഷേ, ഇതൊരു കുറ്റകൃത്യത്തിനുള്ള ശിക്ഷയല്ല. മറിച്ച് ഒരു ‘പെയ്ഡ് ഹോളിഡേ’ മാത്രമാണ്. ‘കണക്കു കൂട്ടല്‍ പിഴച്ചതും സാഹചര്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചതുമാണ് തനിക്കു പറ്റിയ അബദ്ധ’മെന്ന് തരുണ്‍ തേജ്പാല്‍ പറയുന്നത് മുഖവിലയ്ക്ക് എടുക്കാനാവില്ല. ഈ ന്യായീകരണത്തിലെ ധ്വനി അതിലേറെ അപകടകരവുമാണ്.
തരുണ്‍ മാപ്പു പറഞ്ഞെങ്കിലും ഈ സംഭവം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ പലതാണ്. അധികാര സ്ഥാനത്തിരിക്കുന്ന ഒരാള്‍ തന്റെ പദവി ദുര്‍വിനിയോഗം ചെയ്ത കാര്യം കൂടിയാണിത്. തരുണിന്റെ മകളുടെ അടുത്ത സുഹൃത്തു കൂടിയായ വനിതാ പത്രപ്രവര്‍ത്തകയോട് ‘ഇതൊക്കെ ചെയ്യുന്നതാണ് ജോലി സംരക്ഷിക്കാനുള്ള എളുപ്പവഴി’ എന്ന് പറയുന്നത് ആക്ഷേപകരവും അപകടകരവുമാണ്.
ഇന്ത്യന്‍ മതേതരത്വം മുതല്‍ മനുഷ്യാവകാശം വരെയുള്ള പ്രശ്‌നങ്ങളില്‍ ആധികാരികമായി അഭിപ്രായം പറയുകയും എല്ലാവര്‍ക്കും നല്ല നടപ്പ് ഉപദേശിക്കുകയും ചെയ്യുന്ന ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ തന്റെ പകുതി പ്രായം മാത്രമുള്ള യുവതിയോട് ഇങ്ങനെയൊക്കെ ചെയ്തിട്ട് അതിന്റെ ‘പശ്ചാത്താപ’മെന്നോണം മാപ്പു പറഞ്ഞിട്ടു കാര്യമില്ല. തെഹല്‍ക്കയില്‍ നിന്ന് മാറി നില്‍ക്കാനുള്ള തീരുമാനം കൊണ്ടും കാര്യമില്ല.
പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യയില്‍ മാധ്യമ സ്ഥാപനങ്ങള്‍ തമ്മില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് വളരെ കുറവാണ്. എല്ലാ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും എതിരെ അഭിപ്രായം പറയുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ പത്രപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ വാ തുറക്കാറില്ല. അതൊരു പരസ്പര പുറം ചൊറിയല്‍ പരിപാടിയാണ്. ഉദാഹരണത്തിന് പ്രമുഖ ദിനപത്രങ്ങളായ ടൈംസ് ഓഫ് ഇന്ത്യയും ദി ഹിന്ദുവും ആദ്യ ദിവസം ഇങ്ങനെയൊരു സംഭവം നടന്നതായി പോലും വായനക്കാരെ അറിയിച്ചില്ല. ഇന്ത്യന്‍ എക്‌സ്പ്രസ്, ടെലിഗ്രാഫ്, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നീ പത്രങ്ങള്‍ വാര്‍ത്ത കൊടുത്തിരുന്നു. പ്രശ്‌നം വിവാദമായതോടെ എഡിറ്റേഴ്‌സ് ഗില്‍ഡും രംഗത്തെത്തി. പ്രസാര്‍ ഭാരതി ബോര്‍ഡ് അംഗമായി നിയമിക്കപ്പെട്ട് രണ്ടു ദിവസങ്ങള്‍ക്കുള്ളിലാണ് തരുണിനെതിരെയുള്ള ആരോപണങ്ങള്‍ പുറത്തു വരുന്നത്.

വനിതാ പത്രപ്രവര്‍ത്തകയുടെ ഭാഗത്തു നിന്നു ചിന്തിക്കുമ്പോള്‍ നിസഹായതയുടെയും ചൂഷണത്തിന് ഇരയാകുന്നതിന്റേയും അവസ്ഥ കൂടിയുണ്ട്. പല വനിതാ പത്രപ്രവര്‍ത്തകരും ഇതേ അവസ്ഥ നേരിടുന്നവരുമാണ്. ഇതിനര്‍ഥം മാധ്യമ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്ന എല്ലാവരും മോശക്കാരാണ് എന്നല്ല. എന്നാല്‍ അധികാരമുള്ളവര്‍ ആ സ്ഥാനം ദുരുപയോഗിക്കുന്ന അവസ്ഥ എതിര്‍ക്കപ്പെടേണ്ടതാണ്.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ കുറിച്ച് ഡല്‍ഹിയിലെ കൂട്ട ബലാത്സംഗത്തിനു ശേഷം രാജ്യത്തു തന്നെ ഒരു പൊതുബോധം രൂപീകരിക്കപ്പെട്ടിരുന്നു. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ പരാതി പറയാന്‍ കൂടുതലായി മുന്നോട്ടു വരാന്‍ ഇപ്പോള്‍ തയാറാകുന്നുമുണ്ട്. ഇതിനൊക്കെ മാധ്യമങ്ങള്‍ ഒരു പ്രധാന പങ്കു വഹിക്കുകയും ചെയ്തിട്ടുണ്ട്, തെഹല്‍ക്ക ഉള്‍പ്പെടെ.
തരുണ്‍ തേജ്പാലിനെതിരെ ബി.ജെ.പിക്ക് സ്വാഭാവികമായും ചില വൈരാഗ്യങ്ങള്‍ തീര്‍ക്കാനുമുണ്ട്. എന്നാല്‍ ഇതൊന്നും ഈ എഡിറ്റര്‍ ചെയ്ത കുറ്റകൃത്യത്തെ കുറച്ചു കാണിക്കുന്നില്ല. നിയമം അതിന്റെ വഴിക്ക് പോകണമെന്നതിന് തെഹല്‍ക്കയ്ക്കു പോലും എതിരഭിപ്രായം ഉണ്ടാകാന്‍ പാടില്ല. ഇതോടൊപ്പം, ജോലി സ്ഥലത്തെ പീഡനങ്ങള്‍ തടയുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഓരോ സ്ഥാപനത്തിലും ലൈംഗിക പീഡന വിരുദ്ധ സമിതികള്‍ വേണമെന്നാണ് വൈശാഖാ വിധിന്യായത്തില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്. കേരളമടക്കമുള്ള സ്ഥലങ്ങളിലെ എത്ര മാധ്യമ സ്ഥാപനങ്ങളില്‍ ഇത്തരം സമിതികള്‍ രൂപീകരിച്ചിട്ടുണ്ടെന്നു കൂടി നാം പരിശോധിക്കേണ്ട സമയമാണിത്.