ഇതെഴുതുമ്പോള്‍ ആസ്‌ത്രേലിയയിലെ സിഡ്‌നിയില്‍ മിനി പ്രവാസി ഭാരതീയ ദിവസ് നടക്കുകയാണ്. കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയുടെ നേതൃത്വത്തില്‍ ആയിരത്തോളം പേര്‍ വട്ടംകൂടി ഇന്ത്യന്‍ കുടിയേറ്റത്തെക്കുറിച്ചും വിദേശരാജ്യങ്ങളിലെ തൊഴിലിന്റെ അഭിമാനത്തെക്കുറിച്ചുമെല്ലാം ചൂടന്‍ ചര്‍ച്ചകള്‍ നടക്കുന്നു. പക്ഷെ, ജീവിതം പച്ച പിടിപ്പിക്കാന്‍ സൗദി അറേബ്യയില്‍ പോയവര്‍ കേരളത്തിലേയ്ക്കു മടങ്ങിക്കൊണ്ടിരിക്കുന്നു.
ഇന്ത്യക്കാര്‍ വിദേശത്തു ജീവിക്കുന്നതില്‍ അഭിമാനം കൊള്ളുകയാണ് നമ്മുടെ സര്‍ക്കാര്‍. ഇന്ത്യയുടെ മഹത്തായ കഥകള്‍ അവര്‍ മറുനാടുകളില്‍ പ്രചരിപ്പിക്കുന്നു. അവനവനും കുടുംബത്തിനും വേണ്ടി കഠിനാധ്വാനം ചെയ്യുന്ന പ്രവാസികള്‍ അമേരിക്കയടക്കമുള്ള പല രാജ്യങ്ങളിലും സമ്മര്‍ദ്ദശക്തിയായും മാറിയിരിക്കുന്നു. വിദേശപണം കൂടുതല്‍ രാജ്യത്തെത്തുന്നവയുടെ പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേയ്ക്കു കുതിക്കുന്നു. എഴായിരം കോടി രൂപയാണ് ഇന്ത്യയിലേയ്ക്കുള്ള പ്രതിശീര്‍ഷ പണത്തിന്റെ ഒഴുക്കെന്നാണ് ലോകബാങ്ക് കണക്കുകള്‍. ഇതില്‍ നാലായിരം കോടി രൂപയും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വരുന്നു.
പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി രണ്ടു പ്രത്യേകതകള്‍ ഗള്‍ഫ് കുടിയേറ്റക്കാര്‍ക്കുണ്ട്. ഒന്ന്, അവര്‍ തൊഴില്‍ വൈദഗ്ദ്ധ്യമില്ലാത്തവരോ പാതി വൈദഗ്ദ്ധ്യം നേടിയവരോ ആയിരിക്കും. മറ്റൊന്ന്, ഒരിക്കല്‍ തങ്ങള്‍ സ്വദേശത്തേയ്ക്കു തിരിച്ചു പോവേണ്ടവരാണെന്ന ബോധം. അധ്വാനിച്ചു കിട്ടുന്ന പണം അവര്‍ നാട്ടില്‍ വീടു നിര്‍മ്മിക്കാനോ കുടുംബത്തിന്റെ ചെലവുകള്‍ കഴിക്കാനോ അയയ്ക്കുന്നു. അവരയയ്ക്കുന്ന മണി ഓര്‍ഡറുകളിലൂടെ കേരളത്തിന്റെ സാമ്പത്തികരംഗവും കൊഴുക്കുന്നു.
‘ഏഴു ലക്ഷം ഇന്ത്യക്കാര്‍ക്ക് ജീവിതസാഹചര്യമൊരുക്കിയതില്‍ ഞാന്‍ കുവൈത്ത് ഭരണാധികാരികള്‍ക്ക് നന്ദി പറയുന്നു. അവര്‍ കുവൈത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. അവിടുത്തെ വികസനത്തിനായി അമൂല്യമായ സംഭാവനകള്‍ നല്‍കുന്നു. അവരില്‍ മിക്കവരും അവിദഗ്ദ്ധരോ പാതി വിദഗ്ധരോ ആണെന്നിരിക്കേ, ഈ തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പു വരുത്തണമെന്ന് ഞാന്‍ കുവൈത്ത് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു.’- കഴിഞ്ഞ വെള്ളിയാഴ്ച നമ്മുടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കുവൈത്ത് പ്രധാനമന്ത്രി ഷെയ്ക്ക് ജാബര്‍ അല്‍-മുബാറക്ക് അല്‍-ഹമാദ് അല്‍-സബായുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.
സ്വന്തം പ്രവാസികാര്യ മന്ത്രാലയത്തെ നന്നായി ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പ്രധാനമന്ത്രി സിങ്ങിനും കുറച്ചു കൂടി നന്നായി കാര്യങ്ങള്‍ ചെയ്യാമായിരുന്നു. ഗള്‍ഫില്‍ 65 ലക്ഷം ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്നുണ്ട്. ആളുകളെ ജോലിക്ക് അയയ്ക്കുന്നതില്‍ യാതൊരു വ്യവസ്ഥകളും ഏര്‍പ്പെടുത്തിയിട്ടില്ലെന്നതാണ് വാസ്തവം. പ്രത്യേകിച്ചും, പ്രവാസി മന്ത്രാലയത്തിന്റെ പ്രൊട്ടക്ടേറ്റ് ഓഫ് എമിഗ്രന്‍സ് വഴി അയയ്ക്കുന്നതില്‍. ഏതു വിസയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പോയാലും എന്തെങ്കിലുമൊക്കെ ജോലി ചെയ്തു ജീവിതം പോറ്റാമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. തൊഴില്‍ നിയമങ്ങള്‍ ശക്തമാക്കുന്നതിന് വിദേശരാജ്യങ്ങളെ കുറ്റപ്പെടുത്തുന്നതില്‍ യാതൊരു അര്‍ഥവുമില്ല. സ്വന്തം രാജ്യത്തെ തൊഴിലാളികള്‍ക്കായി സൗദി നിയമം പാസ്സാക്കാന്‍ പാടില്ലെന്ന് ആര്‍ക്കും വാദിക്കാന്‍ പറ്റില്ല.

ഒരര്‍ഥത്തില്‍ സൗദി അറേബ്യയിലെ നിയമം എത്രയോ ഭേദമാണെന്ന് കാണാനാവും. സ്വന്തം പൗരന്മാര്‍ക്ക് പത്തു ശതമാനം തൊഴില്‍ സംവരണമേ അവര്‍ വ്യവസ്ഥ ചെയ്തിട്ടുള്ളൂ. ഓരോ രാജ്യവും ഇതു ചെയ്യുന്നു. ഉദാഹരണത്തിന്, ഇന്ത്യയിലെ വിദേശികളുടെ ജോലിയെക്കുറിച്ചു പരിശോധിച്ചു നോക്കാം. ഒന്നാമത്, ഇന്ത്യന്‍ നിയമം അനുസരിച്ച് ആകെ മൊത്തം തൊഴിലാളികളുടെ എണ്ണത്തിന്റെ ഒരു ശതമാനത്തിലധികം വരാന്‍ പാടില്ല. അവര്‍ അന്വേഷിക്കുന്ന ജോലികളാവട്ടെ, യോഗ്യത കണക്കാക്കിയാല്‍ ഇന്ത്യക്കാര്‍ക്ക് ചെയ്യാനാവുന്നതുമായിരിക്കില്ല. ഒരു കമ്പനിയില്‍ നൂറു പേരുണ്ടെങ്കില്‍ ഇന്ത്യയിലെ നിയമമനുസരിച്ച് അതില്‍ ഒരാള്‍ വിദേശിയാവാം. അതേസമയം, വിദേശത്തു നിന്നുള്ളവര്‍ 90 ശതമാനമാവാമെന്നാണ് സൗദിയിലെ നിയമം. പിന്നെയെങ്ങനെ ഇക്കാര്യത്തില്‍ നമുക്കവരെ പഴിക്കാനാവും?
നമ്മുടെ രാജ്യത്തെ നിയമസംവിധാനത്തെ ബഹുമാനിക്കാന്‍ നാം ബാധ്യസ്ഥരാണ്. 1983ലേതാണ് ഇന്ത്യന്‍ എമിഗ്രേഷന്‍ നിയമം. എമിഗ്രേഷന്‍ റാക്കറ്റുകള്‍ പെരുകുകയാണ്. ശരിയായ വിസയിലൂടെയല്ലാതെ വിദേശരാജ്യങ്ങളിലേയ്ക്കു ജോലിക്കു ശ്രമിക്കുന്നവരെ തടയാനോ മറ്റോ ഒരു സംവിധാനവുമില്ല. ഗൂഗിളില്‍ വയലാര്‍ രവിയെയും എമിഗ്രേഷന്‍ നിയമവുമൊക്കെ ഒന്നു തിരഞ്ഞു നോക്കുക. എമിഗ്രേഷന്‍ നിയമം മാറ്റുമെന്ന് 2006ല്‍ വയലാര്‍ രവി പുറപ്പെടുവിച്ച പ്രസ്താവന കാണാം. ഇങ്ങനെയൊരു മന്ത്രി പ്രവാസികാര്യ മന്ത്രാലയത്തില്‍ ഇരുന്നിട്ട് എന്തു കാര്യം? എമിഗ്രേഷന്‍ നിയമം മാറ്റുന്നതിനെ ഇവിടുത്തെ ലോബികള്‍ എതിര്‍ത്തു. ജനങ്ങളെ എങ്ങനെയെങ്കിലും വിദേശരാജ്യങ്ങളില്‍ എത്തിച്ചു പണമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. ശരിയായ പരിശോധനകളിലൂടെയാണ് ഇന്ത്യന്‍ തൊഴിലാളികള്‍ വിദേശരാജ്യങ്ങളില്‍ എത്തുന്നതെന്ന് ഉറപ്പാക്കാന്‍ പ്രവാസികാര്യ മന്ത്രാലയം ഒരു മാര്‍ഗ്ഗവും സ്വീകരിച്ചിട്ടില്ല.
ഇപ്പോള്‍ 26 ലക്ഷം ഇന്ത്യക്കാര്‍ സൗദിയിലുണ്ട്. നിതാഖത്ത് ആരംഭിക്കുന്ന വേളയില്‍ 22 ലക്ഷത്തിലേറെ പേരേ ഉണ്ടായിരുന്നുള്ളൂ എന്നു കൂടി ഓര്‍ക്കണം. ഇന്ത്യന്‍ എംബസ്സിയുടെ കണക്ക് അനുസരിച്ചു 90,000 പേര്‍ എമര്‍ജന്‍സി എക്സിറ്റില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയിട്ടുണ്ട്. തൊഴിലിനായി സൗദിയില്‍ തങ്ങാന്‍ കഴിയാത്തവരാണവര്‍. എന്നാല്‍, ഇന്ത്യയോട് പ്രത്യേക വിരോധമൊന്നും ഇല്ലെന്നതിന്റെ തെളിവാണ് നിതാഖത്തിന് ശേഷവും അവിടുത്തെ ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണം മുമ്പുള്ളതിലും അധികം വര്‍ധിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലെ മികച്ച തൊഴില്‍ ശക്തിയായി ഇന്ത്യക്കാര്‍ പരിഗണിക്കപ്പെടുന്നു എന്നത് മറ്റൊരു കാരണവും.
മറ്റാരെയും നാം പഴിച്ചിട്ടു കാര്യമില്ല. കള്ളന്‍ കപ്പലിലാണെന്നു പറയുമ്പോലെ, പ്രശ്‌നങ്ങളും പ്രശ്‌നക്കാരുമുള്ളത് ഇന്ത്യയില്‍ തന്നെയാണ്. മന്ത്രിയെയും സമ്പന്നരായ വ്യവസായികളെയും കൊട്ടിഘോഷിച്ച് അവതരിപ്പിക്കാനുള്ള വേദിയല്ല പ്രവാസി ഭാരതീയ ദിവസ്. കേരളത്തെ മുന്നോട്ടു നയിക്കുന്നതില്‍ പങ്കുവഹിക്കുന്ന, വിദേശങ്ങളില്‍ കഠിനാധ്വാനം ചെയ്യുന്ന നമ്മുടെ ജനങ്ങളെ സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള അവസരമാണ് ഇത്തരം സമ്മേളനങ്ങള്‍. അതിനായില്ലെങ്കില്‍ എന്തിനാണ് പ്രവാസികാര്യം നോക്കാന്‍ നമ്മുടെ രാജ്യത്തൊരു മന്ത്രാലയം?