April 20, 2025 |
Praveen Vattapparambath
Praveen Vattapparambath
Share on

ആം ആദ്മി ആകുന്നതിന് മുമ്പ് മലയാളി പരിശോധിക്കേണ്ട കാര്യങ്ങള്‍

സാജു കൊമ്പന്‍ രാജ്യ തലസ്ഥാനത്ത് മാത്രമല്ല ആം ആദ്മി തരംഗം. അതിങ്ങു കേരളത്തിലും എത്തിയെന്നാണ് ഇപ്പോഴത്തെ പ്രധാന വാര്‍ത്ത. മനോരമയുടെ റിപ്പോര്‍ട് തുടങ്ങുന്നത് ഇങ്ങനെ. “ഡെല്‍ഹിയില്‍ ചൂലെടുത്തു നേതാക്കളെ നേരിട്ട് അരവിന്ദ് കേജ്റിവാള്‍ മാതൃകയായപ്പോള്‍ ക്ലിഫ് ഹൌസിന് മുന്‍പിലെ ഉപരോധത്തിന്‍റെ പേരില്‍ നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന നേതാക്കളുടെ നടപടിയെ വീട്ടമ്മ നാക്കുകൊണ്ട് നേരിട്ടു.” എന്തായാലും രാഷ്ട്രീയ വിശകലനങ്ങളുടെ അനന്ത സാധ്യതകളെയും സാമാന്യ വത്ക്കരണങ്ങളെയും ചോദ്യം ചെയ്യാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. മറിച്ച് പ്രശസ്ത വ്യവസായിയായ കൊചൌസേപ്പ് ചിറ്റിലപ്പള്ളി […]

സാജു കൊമ്പന്‍

രാജ്യ തലസ്ഥാനത്ത് മാത്രമല്ല ആം ആദ്മി തരംഗം. അതിങ്ങു കേരളത്തിലും എത്തിയെന്നാണ് ഇപ്പോഴത്തെ പ്രധാന വാര്‍ത്ത. മനോരമയുടെ റിപ്പോര്‍ട് തുടങ്ങുന്നത് ഇങ്ങനെ. “ഡെല്‍ഹിയില്‍ ചൂലെടുത്തു നേതാക്കളെ നേരിട്ട് അരവിന്ദ് കേജ്റിവാള്‍ മാതൃകയായപ്പോള്‍ ക്ലിഫ് ഹൌസിന് മുന്‍പിലെ ഉപരോധത്തിന്‍റെ പേരില്‍ നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന നേതാക്കളുടെ നടപടിയെ വീട്ടമ്മ നാക്കുകൊണ്ട് നേരിട്ടു.” എന്തായാലും രാഷ്ട്രീയ വിശകലനങ്ങളുടെ അനന്ത സാധ്യതകളെയും സാമാന്യ വത്ക്കരണങ്ങളെയും ചോദ്യം ചെയ്യാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. മറിച്ച് പ്രശസ്ത വ്യവസായിയായ കൊചൌസേപ്പ് ചിറ്റിലപ്പള്ളി ധീരയായ വീട്ടമ്മയ്ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികമായി പ്രഖ്യാപിക്കുക കൂടി ചെയ്തതിന്‍റെ സാഹചര്യത്തില്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയം വന്നു പെട്ടിരിക്കുന്ന ഗതികേടിനെയും വളര്‍ന്നു വരുന്ന മധ്യവര്‍ഗ്ഗ സമരവിരുദ്ധ വികാരത്തെയും പരിശോധിക്കുകയാണ് ഇവിടെ.

 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സി കെ ജാനുവിന്‍റെ നേതൃത്വത്തില്‍ ആദിവാസി ഗോത്ര മഹാസഭ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്‍പില്‍ കുടില്‍ കെട്ടി ദിവസങ്ങളോളം സമരം നടത്തിയപ്പോള്‍ നഗരവാസികള്‍ക്കിടയില്‍ നിന്നുയര്‍ന്ന ഒരു വിമര്‍ശനം ആദിവാസികള്‍ സെക്രട്ടറിയേറ്റും പരിസരവും വൃത്തികേടാക്കി എന്നായിരുന്നു. എന്നാല്‍ ഇതേ നഗരവാസികള്‍ ഇരുട്ടിന്‍റെ മറവില്‍ തങ്ങളുടെ വീട്ടു മാലിന്യങ്ങള്‍ റോഡ് സൈഡില്‍ കൊണ്ടിടുന്നതിന് യാതൊരു മടിയും കാണിക്കാറില്ല. മാത്രമല്ല തങ്ങളുടെ മാലിന്യങ്ങള്‍ കാരണം ജീവിക്കാന്‍ പറ്റാതായപ്പോള്‍ സമരത്തിനിറങ്ങിയ വിളപ്പില്‍ ശാലയിലെ ഗ്രാമീണരോട് പ്രത്യേക മമതയോ ഐക്യദാര്‍ഡ്യമോ ഇവര്‍ പ്രകടിപ്പിച്ചതായി എവിടെയും കേട്ടിട്ടില്ല. ഇത് തിരുവനന്തപുരം നഗരവാസികളുടെ മാത്രം മനോനിലയല്ല. അനുദിനം വലിയ നഗരമായി മാറി കൊണ്ടിരിക്കുന്ന കേരളത്തില്‍ അതിശക്തമായ രാഷ്ട്രീയ സമ്മര്‍ദ ഗ്രൂപ്പായി വളര്‍ന്നു വരുന്ന മധ്യവര്‍ഗ്ഗത്തിന്‍റെ മനോനിലയാണ്. അത് ചിലര്‍ പറയുന്നതു പോലെ മുഖ്യധാര രാഷ്ട്രീയക്കാരുടെ സമരത്തോടുള്ള വിയോജിപ്പ് മാത്രമല്ല. തങ്ങളുടെ സ്വസ്ഥ ജീവിതത്തെ കുഴപ്പത്തിലാക്കുന്ന എല്ലാതരം സമരങ്ങളോടുമുള്ള വിയോജിപ്പാണ്.
 


 

സമരജീവികള്‍ എന്നു വിളിക്കപ്പെടുന്ന കേരളത്തിലെ ഇടതുപക്ഷം ഇപ്പോള്‍ എത്തിചേര്‍ന്നിരിക്കുന്ന വലിയ പ്രതിസന്ധിയുണ്ട്. ഏതെങ്കിലും തരത്തിലുള്ള സമരമില്ലാതെ രാഷ്ട്രീയ മുന്‍പോട്ടു കൊണ്ടുപോകാന്‍ അവര്‍ക്ക് ആലോചിക്കാന്‍ പറ്റാതായിരിക്കുന്നു. ഏറ്റവും ഒടുവില്‍ പത്തനംതിട്ടയിലെ ഒരു പ്രാദേശിക സി പി എം നേതൃത്വം മാധവ് ഗാഡ്ഗില്‍ തങ്ങളുടെ നാട്ടിലെ പാറമടകള്‍ സന്ദര്‍ശിക്കുന്നത് തടയാന്‍ വരെ തീരുമാനിക്കുകയുണ്ടായി. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ നിരവധി സമരങ്ങള്‍ ഇടതുപക്ഷം പ്രഖ്യാപിക്കുകയും ഒടുവില്‍ പ്രതീക്ഷിച്ച ലക്ഷ്യം കൈവരിക്കാന്‍ സാധിക്കാതെ പിന്‍മാറുകയും ചെയ്തിട്ടുണ്ട്. ഭൂ സമരം, പങ്കാളിത്ത പെന്‍ഷന്‍ സമരം തുടങ്ങി ചെറുതും വലുതുമായ നിരവധി സമരങ്ങള്‍ എവിടെയുമെത്താതെ അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ട്. അപ്പൊഴാണു സോളാര്‍ പ്രശ്നം വീണുകിട്ടുന്നത്. കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിന്‍റെ രാഷ്ട്രീയ ബന്ധങ്ങള്‍ക്കെതിരെ വലിയ സമര പ്രക്ഷോഭങ്ങള്‍ക്കിറങ്ങിയ ഇടതുപക്ഷത്തിന്‍റെയൊപ്പം കേരള ജനത മുഴുവനും അണിനിരന്നിരിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ ഇവിടത്തെ മാധ്യമങ്ങള്‍ക്ക് സാധിച്ചു. അതിന്റെ ആവേശത്തില്‍ വാള്‍ സ്ട്രീറ്റ് മോഡല്‍ സമരം തിരുവനന്തപുരത്ത് നടത്തിയ ഇടതുപക്ഷം പക്ഷേ പൊടുന്നനെ തങ്ങളുടെ സമരത്തില്‍ നിന്നു പിന്‍മാറുകയായിരുന്നു. പിന്നീട് സോളാര്‍ സമരം ആരാലും ശ്രദ്ധിക്കപ്പെടാതെ വഴിതടയലും കരിങ്കൊടികാണിക്കലും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ വസതി ഉപരോധിക്കലുമായി വൃഥാ വ്യായാമമായി തുടരുകയാണ്. പൊതുവെ സമരങ്ങളോട് പ്രതിപത്തി കാണിക്കാത്ത കേരളീയ നഗരവാസികള്‍ തങ്ങളുടെ ജീവിതം കുഴപ്പത്തിലാക്കാന്‍ വന്ന ഒരേര്‍പ്പാട് എന്ന് ഈ സമരത്തെ കണ്ടതില്‍ അത്ഭുതപ്പെടാനില്ല. സമരക്കാര്‍ ഉപരോധിച്ച സ്ഥലത്തുനിന്നും 250 മീറ്റര്‍ മാത്രം അകലെയുള്ള തന്റെ വീട്ടിലേക്ക് പോകാന്‍ സാധിക്കാത്ത സന്ധ്യ എന്ന വീട്ടമ്മയുടെ പ്രതികരണത്തിന് ഇത്ര ശക്തി കിട്ടിയത് യാതൊരു ലക്ഷ്യവുമില്ലാത്ത ഈ സമരത്തിന്‍റെ പോക്കുകൊണ്ട്കൂടിയാകാം. അവരുടെ പ്രതികരണത്തിനു മുന്‍പില്‍ നിന്നു വിയര്‍ത്ത പുരുഷ രാഷ്ട്രീയ നേതാക്കള്‍ തങ്ങള്‍ എത്രമാത്രം നിരായുധരാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാകും. മാത്രമല്ല ഈ പ്രതികരണത്തില്‍ വോട്ട് ലക്ഷ്യം മാത്രമുള്ള കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ നേതൃത്വം വഴുക്കി വീഴും എന്നും തീര്‍ച്ചായാണ്. ജനങ്ങളെ അലോസരപ്പെടുത്തുന്ന ഒരു സമര രീതിയും ഇനി അവലംബിക്കേണ്ടതില്ല എന്ന തീരുമാനം എടുക്കാനും ഇതിടക്കിയേക്കാം.
 


 

എന്തായാലും സമരത്തെ വെറുക്കുന്ന മധ്യവര്‍ഗ മലയാളി മനോനിലയ്ക്ക് ആനന്ദ കാഴ്ചയായി മാറി സന്ധ്യയുടെ പ്രതികരണം. സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടിയും നോക്കുകൂലിക്കെതിരെയും ശക്തമായ നിലപാടുകള്‍ പൊതുജന മധ്യത്തില്‍ പ്രകടിപ്പിച്ചിട്ടുള്ള കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയുടെ പാരിതോഷിക പ്രഖ്യാപനം കൂടിയായപ്പോള്‍ അതേറ്റവും ധീരമായ പ്രവൃത്തി എന്ന ധാരണയും സമൂഹത്തില്‍ ഉണ്ടാക്കി. കേരളീയരുടെ ‘വരവേല്‍പ്പ് സിന്‍ഡ്രോമിനെ’ ഒന്നുണര്‍ത്താന്‍ എന്തായാലും ഈ സംഭവം കൊണ്ട് സാധിച്ചു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന ഒരു പ്രതിഭാസം മാത്രമാണു സമരങ്ങള്‍ എന്ന ധാരണയാണ് പൊതുവെ ഉണ്ടായിരിക്കുന്നത്. എന്നാല്‍ വി ഐ പി സുരക്ഷയും മതാഘോഷങ്ങളും ഉണ്ടാക്കുന്ന യാത്രാതടസങ്ങളും മറ്റും പലരും കൌശല പൂര്‍വം മറച്ചുവയ്ക്കുകയാണ് പതിവ്. കഴിഞ്ഞ ദിവസം ഏറണാകുളത്ത് നടന്ന ജനസമ്പര്‍ക്ക പരിപാടിമൂലം തനിക്ക് ഹൈക്കോര്‍ട്ടിലേക്ക് പോകാന്‍ പറ്റിയില്ലെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവ് ഒരു ചര്‍ച്ചയില്‍ പറയുകയുണ്ടായി. തിരുവനന്തപുരത്തെ ആറ്റുകാല്‍ പൊങ്കാല ഒരു ദിവസം മുഴുവന്‍ നഗരത്തെ ബന്ധിയാക്കുന്ന ആഘോഷമാണ്. പലപ്പോഴും ഇത്തരം വിമര്‍ശനങ്ങള്‍ മുഴുവന്‍ രാഷ്ട്രീയ നേതൃത്വത്തിനെതിരെ മാത്രം തിരിച്ചു വിടുന്ന രീതി മധ്യവര്‍ഗ്ഗ സ്വാസ്ഥ്യത്തിലേക്ക് ചുരുങ്ങിപ്പോകുന്ന മലയാളിയില്‍ നടക്കുന്ന വന്‍പിച്ച ആരാഷ്ട്രീയ വത്ക്കരണത്തിന്റെ ലക്ഷണം കൂടിയാണ്.
 


 

എന്തായാലും കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ നേരിടുന്ന പ്രതിസന്ധി ഭരണകൂടത്തിനോട് രമ്യതയില്‍ പോകാന്‍ ആഗ്രഹിക്കുന്ന മധ്യ വര്‍ഗത്തിന്റെ കൂടെ നില്‍ക്കണോ അതോ കലഹിക്കുന്ന സമര പാത തുടരണോ എന്നുള്ളതാണ്. വോട്ട് മാത്രം കാംക്ഷിക്കുന്ന പാര്‍ടികള്‍ തങ്ങള്‍ക്ക് വോട്ട് കൂടുതല്‍ കിട്ടാന്‍ സാധ്യതയുള്ള നിലപാടേ എടുക്കുകയുള്ളൂ. അതെന്തായാലും കേരള സമൂഹത്തെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാനമാണ്. കാരണം ആം ആദ്മി ഒരു പേടി സ്വപ്നമായി രാഷ്ട്രീയ നേതൃത്വത്തിന്‍റെ തലയ്ക്ക് മുകളില്‍ തൂങ്ങി നില്‍പ്പുണ്ട്. ചാനല്‍ വര്‍ത്തവതാരകന്‍ ചോദിച്ചതുപോലെ സന്ധ്യയിലൂടെയും കൊചൌസേപ്പ് ചിറ്റിലപ്പള്ളിയിലൂടെയും പുതിയ ആം ആദ്മിയെ കേരളീയര്‍ ദര്‍ശിച്ചാല്‍ അതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല.

 

പിന്‍കുറിപ്പ്: മണല്‍ മാഫിയക്കെതിരെ കണ്ണൂരിലും പിന്നീട് തിരുവനന്തപുരത്തും ജസീറ നടത്തുന്ന സമരം ഇപ്പോഴും ഡെല്‍ഹിയില്‍ തുടരുകയാണ്. അപ്പോള്‍ ആരാണ് ആം ആദ്മി. ജസീറയോ? സന്ധ്യയോ?

Leave a Reply

Your email address will not be published. Required fields are marked *

×