മെഹബൂബ്
ജീവിതമെന്ന സമരത്തില്‍ ശാലിനി കണ്ടെത്തിയ ഏറ്റവും വലിയ സത്യമായിരുന്നു വിശപ്പ്. അന്നം കൊടുക്കുക എന്ന പുണ്യം ചെയ്യുമ്പോഴും ഉള്ളില്‍ പിടയുന്ന ലോകത്തെ മാറ്റി നിര്‍ത്താന്‍ ശാലിനിക്ക് കഴിയില്ലായിരുന്നു. അങ്ങനെ ഹോട്ടലിന്റെ അടുക്കളയില്‍ ചോറും കറികളും വേകുമ്പോള്‍ അവര്‍ ഉള്ളില്‍ കവിതയ്ക്ക് വാക്കുകള്‍ നെയ്തു. ശാലിനി സ്വന്തം ജീവിതം പറയുന്നു.
ബാലരാമപുരത്തിനടുത്തുള്ള ഒരുചെറു ഗ്രാമത്തിലാണ് ജനിച്ചുവളര്‍ന്നത്. കുട്ടിക്കാലം മുതലേ എന്തെങ്കിലും എഴുതുക എന്നത് എന്റെ ശീലമായിരുന്നു. അത് കവിതയായിരുന്നുവെന്നത് ഏറെവൈകിയായിരുന്നു തിരിച്ചറിഞ്ഞത്. കിളികളും തോടും പൂക്കളുമുണ്ടായിരുന്നു എന്റെ നാട്ടില്‍. ലൈന്‍ കമ്പിയില്‍ ഒരുപാടു കൊക്കുകള്‍ നിറഞ്ഞിരിക്കുമായിരുന്നു. ഒരിക്കല്‍ ഒരു ഇണകൊക്ക് മുറിവേറ്റ്‌വീണപ്പോള്‍ ഞാന്‍ ഓടിയെത്തി അതിനെ എടുത്തു. പച്ചമഞ്ഞളരച്ചുപുരട്ടി വീട്ടിലെ ഇറയത്ത് അതിനോടൊപ്പമിരുന്നു. അതെപ്പോഴോ മരിച്ചുവീണു. രാത്രിമുഴുവനും ഞാന്‍ ജനാലയുടെ അരികില്‍ കറുത്ത ആകാശത്തെ നോക്കിയിരുന്നു. ഏകാന്തതയിലെപ്പോഴോ കരഞ്ഞു. എന്റെ അനിയന്‍ കൗതുകത്തോടെ നോക്കിയിരുന്നു. അവന്‍ ചിന്തിച്ചിട്ടുണ്ടാവാം…’ എന്തിനായിരുന്നു ചേച്ചി കരഞ്ഞത് എന്ന്’. ആ സങ്കടത്തില്‍ നിന്നുമായിരുന്നു എന്റെ കവിതയുടെ ജീവിതം തുടങ്ങിയത്. അന്ന് പെയ്തമഴ നോക്കി… പിന്നീട് പൂത്ത പൂവുകള്‍ നോക്കി ഞാനെഴുതി…
എന്നും ഒരു എഴുത്തുകാരിയായിരിക്കുക എന്ന എന്റെ സ്വപ്നത്തിന്റെ ഭാഗമായിരുന്നു, അതൊക്കെ.
പ്രകൃതിയും അതിന്റെ ദൃശ്യങ്ങളുംഎന്നെ വളര്‍ത്തി. എന്നിലേക്ക് പ്രണയവും കടന്നു വന്നു. എനിക്കൊരു പ്രണയമുണ്ടായി. ‘ദേവാനന്ദ്’, എന്റെ ഭര്‍ത്താവ്. എന്റെ പതിനെട്ടാമത്തെ വയസ്സില്‍ കുടുംബ ജീവിതത്തിലേക്കു ഞാന്‍ കടന്നു.
പ്രണയം പൂവണിഞ്ഞിട്ടും എന്റെ മനസ്സില്‍ കാരണമില്ലാത്ത വിഷാദവും നിരാശയുമായിരുന്നു. ഭര്‍ത്താവിന്റെ കൂടെ ഹോട്ടല്‍ പണികളില്‍ മുഴുകുമ്പോഴും രണ്ടു കുട്ടികളെ ലാളിക്കുമ്പോഴും ഏതൊക്കെയോ സങ്കടങ്ങള്‍ തളംകെട്ടി നില്‍ക്കുന്നതായ് തോന്നി. അമ്മയെ നഷ്ടപ്പെട്ട, അച്ഛനെ നഷ്ടപ്പെട്ട, അനുജനെ നഷ്ടപ്പെട്ടവളായി ഞാന്‍ മാറിയെന്ന് വെറുതെചിന്തിച്ചുപ്പോയി. അവരിടയ്‌ക്കൊക്കെ വീട്ടിലേയ്ക്കു വരുമെങ്കിലും അവര്‍ പടിയിറങ്ങുമ്പോള്‍ ആ നഷ്ടബോധം എന്നെ നിരാശയിലാക്കി. എനിക്കു നഷ്ടമായ കൂട്ടുകാരികളെയും ഞാനോര്‍ത്തു. ഞാന്‍ പിന്നെയും പിന്നെയും ഒറ്റയ്ക്കിരുന്നു. രാവിലെ അഞ്ചുമണിക്ക് തുടങ്ങുന്ന ഹോട്ടല്‍ ജോലി രാത്രി വൈകുവോളം കഴിഞ്ഞ് ഒതുക്കി തീര്‍ത്ത് ഞാന്‍ ഒറ്റയ്ക്കിരുന്നു. വെറുതെയിരിക്കുന്ന സുഖം എനിക്ക് പുതിയ കവിതകള്‍ തന്നു. രാത്രി രണ്ടു മണിക്കും മൂന്നുമണിക്കുമാണ് ഞാന്‍ എഴുതുകയും വായിക്കുകയും ചെയ്യുന്നത്.

വായനയില്‍ എനിക്കിഷ്ടം മാധവിക്കുട്ടിയുടെകവിതകള്‍ വായിക്കാനാണ്. കൃഷ്ണനെയും അല്ലാഹുവിനെയും ഇഷ്ടപ്പെടുന്ന ആ എഴുത്തില്‍ ഞാന്‍ വല്ലാതെ അകപ്പെട്ടു പോയിട്ടുണ്ട്. വല്ലാത്ത പിരിമുറുക്കങ്ങള്‍ ഉണ്ടാകുമ്പോഴും ഞാന്‍ അവരോടുള്ള പ്രണയത്തില്‍ അഭയം തേടാന്‍ ശ്രമിച്ചു. ബേക്കറി ജംഗ്ഷനിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവരോട് ഞാന്‍ സംസാരിച്ചു. പതിനാലു വര്‍ഷമായിതുടങ്ങിയ ഈ കടയില്‍ എത്രയെത്ര പ്രശസ്തര്‍ വന്നു പോയി. എഴുത്തുകാര്‍, സിനിമാക്കാര്‍, രാഷ്ട്രീയക്കാര്‍; പേരറിയാത്തവരും അറിയുന്നവരും. കാശില്ലാതെ തിരുവനന്തപുരം നഗരത്തില്‍ വന്നുപെട്ടവര്‍ക്ക് ഭക്ഷണം കൊടുത്തു. എന്റെ പ്രണയം എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന എന്തും ആണ്. ഭക്ഷണം ഉണ്ടാക്കുമ്പോഴും അത് വിളമ്പുമ്പോഴും കവിതയെഴുതുമ്പോഴും അത് ആരൊക്കെയോ വായിക്കുമ്പോഴും എന്റെ ഹൃദയത്തില്‍ പ്രണയം വന്നുചേരുന്നു.
യാത്ര ചെയ്യാനാണെനിക്കേറെയിഷ്ടം. പക്ഷെ ജോലിത്തിരക്കുകള്‍ കാരണം ഒരുപാടൊന്നും യാത്ര ചെയ്യാന്‍ എനിക്കു കഴിയില്ല. ഒരിക്കല്‍ ഭര്‍ത്താവിനും കുടുംബത്തോടുമൊപ്പം ഊട്ടിയിലും കൊടൈക്കനാലിലും പോയി. പിന്നെ രണ്ടുവട്ടം മൂകാംബികയില്‍ പോയി. മൂകാംബികാ ദേവിയെ കണ്ടാണ് ഞാന്‍ ദിവസവും എഴുന്നേല്‍ക്കുക. എനിക്കുള്ള എല്ലാ ഐശ്വര്യങ്ങള്‍ക്കും കാരണം മൂകാംബികാ ദേവിയാണെന്നാണ് ഞാന്‍ കരുതുന്നത്. കുടജാദ്രിയില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും എന്നെങ്കിലും ഞാന്‍ കുടജാദ്രി മലകയറും. എന്റെ ഇഷ്ട ദൈവം ശിവനാണ്. ബാലരാമപുരത്തെ എന്റെ വീടിനടുത്ത് ഒരു ശിവ അമ്പലം ഉണ്ട്. അവിടെ തൊഴുതാണ് ഞാന്‍ ശിവന്റെ ആരാധന തുടങ്ങിയത്. ഇന്നും ശിവന്റെ അമ്പലത്തില്‍ പോകുമ്പോള്‍ ഞാന്‍ വല്ലാത്തയൊരു സംതൃപ്തി അനുഭവിക്കുന്നുണ്ട്. എന്നാലും ദു:ഖം വരുമ്പോള്‍ ഞാന്‍ ഒറ്റയ്ക്കിരുന്നു കരയും. ആരും കേള്‍ക്കാതിരിക്കാന്‍ ശ്രമിക്കും. പേരറിയാത്തൊരു ദു:ഖം എന്നുമെന്നെ പിന്തുടരുന്നതായ് എനിക്കുതോന്നാറുണ്ട്.
ഹോട്ടലും ഭര്‍ത്താവും കുട്ടികളും ചേര്‍ന്ന വളരെ ചെറിയ ലോകമാണ് എന്റേത്. പാതിരാത്രിയിലും പകലിലെ ബഹളങ്ങളിലും ഈ ലോകത്തിരുന്നു ഞാന്‍ കവിതയില്‍ അഭയംതേടുന്നു. എന്റെ കടയ്ക്ക് പേരില്ല. എല്ലാവരും ‘ചേച്ചിയുടെ കട’യെന്നാണ് പറയുന്നത്. അതെനിക്ക് പറയാനാകാത്ത സന്തോഷം തരുന്നു.
ഒരിക്കല്‍ പിരപ്പന്‍കോടു മുരളിസാര്‍ കടയില്‍വന്നു എന്റെ കവിത കാണാനിടയായി. അദ്ദേഹമത് വായിച്ചിട്ട് പ്രസിദ്ധീകരിക്കാന്‍ കൊള്ളാമല്ലൊ എന്ന് പറഞ്ഞു. മലയാളത്തിലെ പ്രശസ്തനായ ഒരു കവിയുടെ കൈയ്യില്‍ കൊടുത്തു അവതാരിക എഴുതാന്‍. പക്ഷേ അദ്ദേഹം എന്റെ കവിതയ്ക്ക് അവതാരിക എഴുതില്ലെന്നു പറഞ്ഞു. എന്റെ ജീവിതത്തില്‍ ഏറ്റവും ദു:ഖവും അപമാനവും നേരിട്ട നിമിഷങ്ങളായിരുന്നു അത്.
പിന്നീട് ഓ.എന്‍.വി സര്‍ എന്റെ കവിത കണ്ട് എന്റെ ആദ്യ കവിതാസമാഹാരത്തിന് അവതാരിക എഴുതി. ‘ഇലച്ചാര്‍ത്ത്’ എന്ന എന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ഓ.എന്‍.വിയെ ഞാന്‍ ആദ്യമായി കണ്ടത്. വി.എസ് ആണ് അതു പ്രകാശനം ചെയ്തത്. പിന്നീട് രണ്ടാമത്തെ പുസ്തകത്തിന് സുഗതകുമാരി ടീച്ചര്‍ അവതാരിക എഴുതി. ‘മഴനാരുകള്‍’എന്നാണ് അതിന്റെ പേര്. ടീച്ചര്‍ എന്റെ വീടിനടുത്താണ് താമസിക്കുന്നത്.
ഒരു അവതാരിക എഴുതിത്തരാതെ മലയാളത്തിലെ ഒരു കവി എന്നെ വിഷമിപ്പിച്ചു. അതിന്റെ ദു:ഖം അടുത്തിയിടെയാണ് തീര്‍ന്നത്. എം.റ്റി.വാസുദേവന്‍ നായര്‍ സാര്‍ വീട്ടില്‍ വന്നപ്പോഴായിരുന്നു അത്. തലേദിവസം എം.ടി സാറിന്റെയാരോ ഫോണില്‍ വിളിച്ചു പറഞ്ഞു; ചിലപ്പോള്‍ നാളെ സാര്‍ ഹോട്ടലില്‍ വരുമെന്ന്. ഞാന്‍ അത് കാര്യമായ് എടുത്തില്ല. എങ്കിലും ഉച്ചയൂണിന് ഞാന്‍ സ്‌പെഷ്യലായ് കണവയ്ക്കും, കക്കയ്ക്കും, ചിപ്പിക്കും ഒപ്പം നെയ്മീന്‍ കൂടി കരുതി. എം.റ്റി സാര്‍ ഉച്ചയ്ക്ക് വീട്ടില്‍ വന്നു. എന്റെ ചെറിയ കടയില്‍ സ്ഥിരമായി ഊണു കഴിക്കുന്ന കൂലിപ്പണിക്കാര്‍ക്കൊപ്പമിരുന്നു സാര്‍ ഊണ് കഴിച്ചു. പോകുമ്പോള്‍ ഊണിന്റെ വിലയും തിരക്കി, ഞാന്‍ ചിരിച്ചു. എന്റെ ജീവിതത്തിലെ അനര്‍ഘനിമിഷമായിരുന്നു അത്. ഞാന്‍ ഇപ്പോള്‍ എം.റ്റി സാറിന്റെ ഒരു നോവല്‍ വായിച്ചുകൊണ്ടിരിക്കുകയാണ്. ‘അക്ഷരത്തുട്ടുകള്‍’ എന്ന എന്റെ അടുത്ത സമാഹാരത്തിന് എം.റ്റി സാര്‍ ആണ് അവതാരിക എഴുതി തന്നത്.
എനിക്ക് ഒരുപാടു വായിക്കാന്‍ പറ്റില്ല. ക്ഷീണം കാരണം ഉറക്കംവരും. കവിതയോടുളള പ്രണയം കാരണം ഉറങ്ങാനും പറ്റില്ല. ക്ഷീണത്തിനും ഉറക്കത്തിനുമിടയില്‍ എവിടെ നിന്നക്കെയോ…വരികള്‍ മനസിലേക്കു നിറയുന്നു. ഒരു ഭാര്യയുടെ കടമ നിറവേറ്റുക. നല്ല ഒരു അമ്മയായിരിക്കുക, മകളായിരിക്കുക, മരുമകളായിരിക്കുക, ഈ ചെറിയ ലോകത്തിരുന്നു എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാനാണെനിക്കു ഇഷ്ടം. ഇനിയും ഞാന്‍ പാതിരാത്രിയില്‍ ഒറ്റയ്ക്കിരിക്കും, മഴകാണും, സംഗീതംകേള്‍ക്കും. മലകളോടും പൂക്കളോടും നക്ഷത്രങ്ങളോടും സംസാരിക്കും. അടങ്ങാത്ത പ്രണയത്തില്‍ ഞാന്‍ ചോറും കവിതയും വിളമ്പും. ജീവിതകാലം മുഴുവനും എനിക്കൊരു എഴുത്തുകാരിയായി ജീവിക്കണം .