June 11, 2026 |
Praveen Vattapparambath
Praveen Vattapparambath
Share on

എഴുത്തിന്റെ പിടച്ചിലുകള്‍ – വി.എച്ച് നിഷാദുമായി അഭിമുഖം

യുവതലമുറയില്‍ ബഹുമുഖമായ ഇടപെടലുകള്‍ കൊണ്ട് ശ്രദ്ധേയനായ എഴുത്തുകാരനാണ് വി.എച്ച് നിഷാദ്. സാമ്പ്രദായികമായ രചനാശീലങ്ങളെ മറികടക്കാനുള്ള വ്യഗ്രത അദ്ദേഹത്തിന്റെ ഓരോ കൃതിയിലും കാണാം. വ്യവസ്ഥാപിതമായ ചട്ടക്കുടിനുള്ളില്‍ നിശബ്ദരാക്കപ്പെടുന്നവരുടെയും പുറന്തള്ളപ്പെടുന്നവരുടെയും ശബ്ദങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഈ കൃതികള്‍ ശ്രമിക്കുന്നുണ്ട്. അധികാരം കൂടുതല്‍ ശക്തമാകുകയും പുറന്തള്ളപ്പെടുന്നവരുടെ എണ്ണം പെരുകുകയും ചെയ്യുന്നുവെന്നത് സമകാലിക സമൂഹത്തിന്റെ മുദ്രയാണ്. അതിന്റെ അടയാളങ്ങള്‍ പേറുന്നതാണ് നിഷാദിന്റെ പുതിയ നോവല്‍ – ‘മൂന്ന്’. പ്രേമം എന്ന രാജ്യത്തില്‍ ‘മൂന്ന്’ എന്ന നിയമം നടപ്പാക്കുന്നതാണ് അതിലെ പ്രമേയം. മൂന്നിന്റെ പരിമിതികളും സാധ്യതകളുമാണ് നോവല്‍. ഭരണകൂടങ്ങളുടെ […]

യുവതലമുറയില്‍ ബഹുമുഖമായ ഇടപെടലുകള്‍ കൊണ്ട് ശ്രദ്ധേയനായ എഴുത്തുകാരനാണ് വി.എച്ച് നിഷാദ്. സാമ്പ്രദായികമായ രചനാശീലങ്ങളെ മറികടക്കാനുള്ള വ്യഗ്രത അദ്ദേഹത്തിന്റെ ഓരോ കൃതിയിലും കാണാം. വ്യവസ്ഥാപിതമായ ചട്ടക്കുടിനുള്ളില്‍ നിശബ്ദരാക്കപ്പെടുന്നവരുടെയും പുറന്തള്ളപ്പെടുന്നവരുടെയും ശബ്ദങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഈ കൃതികള്‍ ശ്രമിക്കുന്നുണ്ട്. അധികാരം കൂടുതല്‍ ശക്തമാകുകയും പുറന്തള്ളപ്പെടുന്നവരുടെ എണ്ണം പെരുകുകയും ചെയ്യുന്നുവെന്നത് സമകാലിക സമൂഹത്തിന്റെ മുദ്രയാണ്. അതിന്റെ അടയാളങ്ങള്‍ പേറുന്നതാണ് നിഷാദിന്റെ പുതിയ നോവല്‍ – ‘മൂന്ന്’. പ്രേമം എന്ന രാജ്യത്തില്‍ ‘മൂന്ന്’ എന്ന നിയമം നടപ്പാക്കുന്നതാണ് അതിലെ പ്രമേയം. മൂന്നിന്റെ പരിമിതികളും സാധ്യതകളുമാണ് നോവല്‍. ഭരണകൂടങ്ങളുടെ ഉരുക്കുകൈകളില്‍ പിടയുകയും അതിജീവനം തേടുകയും ചെയ്യുന്ന ജനതയുടെ അടയാളങ്ങള്‍ ഇതിലുണ്ട്. പത്രപ്രവര്‍ത്തകനും അധ്യാപകനും കൂടിയായ അദ്ദേഹം പുതിയ നോവലിനെയും എഴുത്തിനെയും കുറിച്ച് അഴിമുഖം പ്രതിനിധി രേഖാ ചന്ദ്രയുമായി സംസാരിക്കുന്നു. 
 
എന്തുകൊണ്ട് മൂന്ന് എന്ന പേര്?
 
മൂന്ന് എന്ന അക്കത്തോട് എനിക്ക് പണ്ടു മുതലേ ഒരു താത്പര്യമുണ്ടായിരുന്നു. മൂന്ന് എന്ന തോന്നലിനെ കുറിച്ച് ഭ്രാന്തമായി ചിന്തിച്ച് മുന്നേറിയതാണ് ഈ നോവല്‍. ‘മൂന്നി’ന്റെ പല നിയമങ്ങളും ഉള്ള, ഒരു രാജ്യത്തു ജീവിക്കുന്ന ജനത എങ്ങനെ ആയിരിക്കും എന്ന ഭ്രാന്തന്‍ ചിന്തയാണ് മൂന്ന് എന്ന നോവല്‍. കുറെക്കാലം ചിന്തകള്‍ മുഴുവന്‍ മൂന്നിനെ കുറിച്ചു മാത്രമായിരുന്നു. ഇനിയും മുന്നോട്ട് പോയാല്‍ എനിക്ക് വട്ടാവും എന്ന് തോന്നിയിടത്ത് നോവല്‍ നിര്‍ത്തി. പുസ്തകത്തിന്റെ പ്രകാശനം മൂന്നാം തീയ്യതി മൂന്ന് മണിക്ക് നടത്താം എന്ന് ചിലര്‍ പറഞ്ഞിരുന്നു. ജനാധിപത്യത്തിന്റെ നാലു തൂണുകളില്‍ മൂന്നാമതായി പറയാറുളളത് ഭരണകൂടമാണല്ലോ. ഭരണകൂട ഭീകരത തന്നെയാണ് ഇതിലെ പ്രമേയവും.
 
 
വ്യത്യസ്തമായ രചനാശൈലി പരീക്ഷിക്കാനുള്ള ശ്രമം ഈ നോവലിലുണ്ട്. കവിതാശകലങ്ങള്‍, എസ്.എം.എസ്, പാചകവിധി, ഇന്റര്‍വ്യൂ… ഇങ്ങനെ പലതും വരുന്നുണ്ട് ആഖ്യാനത്തില്‍?
 
ആദ്യ നോവല്‍ ‘പേരയ്ക്ക’ സാമ്പ്രദായിക ശൈലിയിലായിരുന്നു. പക്ഷേ ഞാനും നിങ്ങളും ഒക്കെ ഉള്‍പ്പെടുന്ന സമൂഹം, മലയാളി സമൂഹം, ഒക്കെ മാറുകയാണ്. വളരെക്കാലമായി നാം കാത്തിരുന്ന ഒരു മാറ്റമാണത്. സിനിമയിലായാലും രാഷ്ട്രീയത്തിലായാലും സാഹിത്യത്തിലായാലും ഒരു വല്ലാത്ത കെട്ട കാലം കഴിഞ്ഞുള്ള മാറ്റമുണ്ട്. എല്ലാവരും അനവധി വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടുണ്ടാവും ഇതിനായി. ഞാനും അതില്‍ പങ്കാളിയാണ്. 
 
പതിനെട്ട് വര്‍ഷമായി എഴുതാന്‍ തുടങ്ങിയിട്ട്. ഈ കാലത്തിനിടയില്‍ രണ്ട് റോളുണ്ടായിരുന്നു. എഴുത്തുകാരനായും പത്രപ്രവര്‍ത്തകനായും. പത്രപ്രവര്‍ത്തനത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്ന കാലത്ത് എഴുത്ത് കുറഞ്ഞു. എല്ലാകാലത്തും ചിന്തിച്ചിരുന്ന ഒരു കാര്യം, എന്തുകൊണ്ടാണ് ലീനിയര്‍ ആയി മാത്രം എഴുതുന്നത് എന്നാണ്. അത് ബ്രേക്ക് ചെയ്യണം എന്ന ആഗ്രഹമുണ്ടായിരുന്നു. ഈ ചിന്തയുടെ ഫലമാണ് മൂന്ന് എന്ന നോവലിന്റെ രചനാരീതി. ആദ്യ പുസ്തകമായ ‘വാന്‍ഗോഗിന്റെ ചെവി’യില്‍ തന്നെ ഇത്തരം മാറ്റങ്ങള്‍  കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. ‘ബയോഡാറ്റ’ എന്ന കഥയിലൂടെ. ബയോഡാറ്റയുടെ രൂപത്തിലായിരുന്നു കഥ. ‘നോക്കൂ, ഇവിടെയതാ ഒരു കുപ്പായം..’, ‘നൃത്തക്കാരിയുടെ മകള്‍..’ എന്നിവയെല്ലാം ക്രാഫ്റ്റില്‍ പുതുമകള്‍ പരീക്ഷിച്ച കഥകളായിരുന്നു. എസ്.എം.എസ് കവിതകളും കഥകളും വരെ ഉള്ള ഒരു കാലമാണിത്. മൂന്ന് എന്ന നോവലില്‍ എസ്.എം.എസുകളും അഭിമുഖവും കയ്യെഴുത്തു മാസികയും ഒക്കെ കണ്ടന്റിന്റെ ഭാഗമായി വരുന്നുണ്ട്. 
 

വി.എച്ച് നിഷാദ്
 
എഴുത്തിലേക്കുള്ള വഴി എങ്ങനെയായിരുന്നു?
 
പത്രപ്രവര്‍ത്തകനാകാനാണ് ചെറുപ്പത്തിലേ ആഗ്രഹിച്ചത്, എഴുത്തുകാരനാകാനല്ല. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു കയ്യെഴുത്ത് മാസിക നടത്തിയിരുന്നു. ‘കല’ എന്ന പേരില്‍. അതില്‍ വായനക്കാര്‍ക്ക് വേണ്ടി ഒരു പേജ് ഉണ്ടായിരുന്നു. ആ പേജില്‍ എല്ലാവരും എഴുതിയിരുന്നത്, നല്ലൊരു എഡിറ്ററാകട്ടെ എന്നായിരുന്നു. എഴുത്തുകാരനാകട്ടെ എന്നല്ല. (അത് മുഴുവന്‍ ഞാനാണ് എഴുതിയിരുന്നതെങ്കിലും). പിന്നീട് പ്രീഡിഗ്രി കാലം തൊട്ട് ഫ്രീലാന്‍സ് എഴുത്തിലൂടെ ജേര്‍ണലിസത്തിലെത്തി. എന്റെ വീട്ടില്‍ ഒരാള്‍ക്കു പോലും ഗൗരവമായി വായനാശീലം ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയും അധ്യാപകരായിട്ടു കൂടി പാഠ്യേതര പുസ്തകങ്ങളുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ടി.പദ്മനാഭന്‍ എന്ന എഴുത്തുകാരനെ കുറിച്ച് കേള്‍ക്കുന്നത്. പത്മനാഭന്റെ പ്രകാശം പരത്തുന്ന കഥകള്‍ ഒരല്‍ഭുതമായിരുന്നു. എന്നാല്‍  പ്രീഡിഗ്രി ഒക്കെ ആയപ്പോഴാണ് വായനയോട് ശരിക്കും ആവേശം തോന്നി തുടങ്ങിയത്.
 
എനിക്ക് തോന്നുന്ന ഒരു കാര്യമിതാണ് – ഇപ്പോള്‍ കേരളത്തിലുള്ള അറുപത് – എഴുപത് ശതമാനം വായനക്കാരും മുസ്ലിം സമുദായത്തില്‍ പെട്ടവരാണ്. എന്തുകൊണ്ടാണെന്നു വെച്ചാല്‍ മുസ്ലിം സമുദായമാണ് ഇവിടുത്തെ നവസാക്ഷരര്‍. വളരെ വൈകി മാത്രം വിദ്യാഭ്യാസവും സാമൂഹിക മുന്നേറ്റവും സാധ്യമായവര്‍. താമസിച്ചു കിട്ടുന്നതെന്തും ആര്‍ത്തിയോടെ സ്വീകരിക്കാന്‍ താത്പര്യമുണ്ടാകുമല്ലോ. ഞാനും അതിന്റെ ഉപോല്‍പന്നമാണ്. വൈകി കിട്ടിയത് കൊണ്ട് ഒന്ന് വായിക്കേണ്ടിടത്ത് മൂന്നെണ്ണം വായിക്കും. ഒന്നെഴുതേണ്ടിടത്ത് മൂന്നെണ്ണം എഴുതും. അങ്ങനെയാണ് എന്റെ എഴുത്തിന്റെ ഒരു തുടക്കം. 
 
പത്രപ്രവര്‍ത്തനം എങ്ങനെയാണ് എഴുത്തിനെ സ്വാധീനിച്ചത് ?
 
ജേര്‍ണലിസം പി.ജി കഴിഞ്ഞ് ‘ഫ്രീപ്രസ്’ മാഗസിന്‍ ഡല്‍ഹിയില്‍ തുടങ്ങാനുള്ള ആലോചനയിലാണ് സീരിയസ്സ് പത്രപ്രവര്‍ത്തനത്തില്‍ ഞാന്‍ എത്തുന്നത്. ഇന്ന് ഇന്ത്യയില്‍ നരേറ്റീവ് ജേണലിസം ആഘോഷിക്കുന്ന ‘കാരവ’ന്റെ ഡെപ്യൂട്ടി എഡിറ്ററായ വിനോദ് കെ.ജോസിന്റെ നേതൃത്വത്തിലാണ് ‘ഫ്രീപ്രസ്’ തുടങ്ങിയത്. അക്കാലത്ത് എനിക്ക് സാഹിത്യമെഴുത്ത് കുറവായിരുന്നു. എന്നാല്‍ പത്രപ്രവര്‍ത്തനവും ഫ്രീപ്രസും തന്ന കുറെ അനുഭവങ്ങളുണ്ട്. ഇന്ത്യയെക്കുറിച്ചും ഭരണകൂടത്തെക്കുറിച്ചും ജനങ്ങളെക്കുറിച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ജേര്‍ണലിസത്തില്‍ നിന്ന് കിട്ടിയിട്ടുണ്ട്. എങ്കിലും എന്നിലെ എഴുത്തുകാരനെ പത്രപ്രവര്‍ത്തനം നശിപ്പിച്ചു. ‘ഇന്ത്യാടുഡേ’യില്‍ ജോലി ചെയ്യുന്ന കാലത്ത് എനിക്കു നന്നായി ഫീച്ചര്‍ എഴുതാന്‍ കഴിയുമായിരുന്നു. പക്ഷേ അപ്പോഴൊക്കെ ഞാന്‍ ബലികൊടുത്തത് എന്റെ എഴുത്തിനെയായിരുന്നു എന്ന സത്യം വളരെ താമസിച്ചാണ് തിരിച്ചറിഞ്ഞത്. ഞാന്‍ പല കഥകള്‍ക്കുമായി കരുതിവെച്ച വാക്കുകളും വാചകങ്ങളും ഐഡിയകളും ഒക്കെയാണ് ഇങ്ങനെ ഫീച്ചറുകളിലേക്ക് വിരുന്നു പോയത്. 
 
 
അധികാരവ്യവസ്ഥയോടുള്ള അമര്‍ഷം നോവലിലുണ്ട്. അനുഭവങ്ങളാണോ ഇതിനുപിന്നില്‍?
 
മൂന്നിനെ അടിയന്തരാവസ്ഥയുമായി ബന്ധപ്പെടുത്തി വായിക്കുന്നവരുണ്ട്. മോദിയെ പോലുള്ള ഒരാള്‍ പ്രധാനമന്ത്രിയായാലുള്ള അവസ്ഥ എന്തായിരിക്കും എന്ന രീതിയില്‍ ചിന്തിച്ചുനോക്കിയാല്‍ ഈ നോവലിനു വലിയ പ്രസക്തിയുണ്ട് എന്നു ഞാന്‍ പറയും. ‘ഫ്രീപ്രസി’ല്‍ ഡല്‍ഹിയിലുണ്ടായിരുന്ന രണ്ട് വര്‍ഷങ്ങള്‍, വ്യക്തി എന്ന നിലയിലും മലയാളി എന്ന നിലയിലും എന്നെ വല്ലാതെ മാറ്റിമറിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ അധികാര കേന്ദ്രങ്ങളെ വളരെ അടുത്തുനിന്ന് കാണാനും പോലീസ് സംവിധാനത്തെയൊക്കെ നിരീക്ഷിക്കാനും കഴിഞ്ഞിട്ടുണ്ട്. അധികാര വ്യവസ്ഥയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്നു തോന്നിയതുകൊണ്ടാണ് ‘ഫ്രീപ്രസ്’ എന്ന സ്ഥാപനം പൂട്ടേണ്ടിവന്നത്. ഭരണകൂട ഭീകരത അന്നുതൊട്ടേ അറിഞ്ഞിരുന്നു.
 
കത്തുകളിലൂടെ സൗഹൃദം നിലനിര്‍ത്തിയിരുന്ന ഒരാളായിരുന്നു ഞാന്‍. ഏതുനാട്ടില്‍ പോയാലും അവിടത്തെ അഡ്രസ് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കും. എന്നാല്‍ ഡല്‍ഹിയിലെത്തി ഒന്നരമാസം കഴിഞ്ഞിട്ടും എനിക്ക് ഒരു കത്തുപോലും കിട്ടിയില്ല. പിന്നീട് ഒരു ദിവസം ഞങ്ങളുടെ എഡിറ്ററായ വിനോദ് കെ.ജോസിനോട് വീട്ടുടമ ചോദിച്ചു – നിങ്ങളുടെ കൂടെ ഏതാണ് ഒരു ‘ടെററിസ്റ്റ്’ താമസിക്കുന്നത്, ‘നിഷാദ്’ എന്ന പേരില്‍ എന്ന്. പിന്നീടാണ് ഞങ്ങള്‍ മനസിലാക്കിയത്, കേരളത്തില്‍ നിന്ന് മുസ്ലിം പേരുള്ള ചെറുപ്പക്കാരന്‍ ഡല്‍ഹിയില്‍ താമസിക്കുകയും ഒരുപാട് കത്തുകള്‍ വരികയും ചെയ്യുന്നത് നിരീക്ഷിക്കപ്പെട്ടിരുന്നു എന്ന്. ഈ കത്തുകള്‍ മുഴുവന്‍ ഇന്റലിജന്‍സ് വിങ് പിടിച്ചെടുത്ത് പരിഭാഷപ്പെടുത്താന്‍ കൊണ്ടുപോയിരുന്നു. അതു വരെ ഞാന്‍ മനസ്സിലാക്കിയിരുന്നത് നിഷാദ് എന്ന പേര്‍ വളരെ സെക്കുലറായ ഒന്നാണെന്നായിരുന്നു.  ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് ഈ പേരില്‍ പോലും ചോദ്യം ചെയ്യപ്പെടാം എന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞത്. നിങ്ങള്‍ നിഷാദ് അഹമ്മദാണോ അല്ല മുഹമ്മദാണോ എന്നാണ് അവര്‍ക്കറിയേണ്ടത്. നിഷാദ് എന്ന പേരിന്റെ കൂടെ ഒരു മുസ്ലിം ടാഗു കൂടി തൂങ്ങിക്കിടക്കുന്നു എന്ന സത്യം ദല്‍ഹിയില്‍ വെച്ചാണ് തിരിച്ചറിഞ്ഞത്. 
 
ഇക്കാലത്ത് പാര്‍ലമെന്റ് ആക്രമണ കേസില്‍ ഗീലാനി അറസ്റ്റ് ചെയ്യപ്പെട്ടതിനെ കുറിച്ച് ‘ഫ്രീപ്രസ്’ മാസിക കവര്‍ സ്റ്റോറി ചെയ്തിരുന്നു. സിഖ് കൂട്ടക്കൊല, റിലയന്‍സ് അഴിമതി എന്നിവയെ കുറിച്ചുള്ള വാര്‍ത്തകളും അക്കാലത്ത് പ്രസിദ്ധീകരിച്ചു. ഒരു ദിവസം ഞാന്‍ റിപ്പോര്‍ട്ടിങിന് പോയി തിരിച്ചു വന്നപ്പോള്‍ കാണുന്നത് മഫ്ടിയില്‍ വന്ന ഇന്റര്‍-സ്‌റ്റേറ്റ് പോലീസ് സെല്‍ ഫ്രീ പ്രസിന്റെ ഓഫീസ് റെയ്ഡ് നടത്തി മടങ്ങുന്നതാണ്. അതിന് തൊട്ടുമുമ്പ് എന്റെ അച്ഛന്‍ മുഹമ്മദ്ഖാന്‍ നാട്ടില്‍ നിന്ന് ഒരു കൊറിയര്‍ അയച്ചിരുന്നു, അതു ഓഫീസില്‍ ഡെലിവര്‍ ചെയ്ത ഉടനേയായിരുന്നു ഈ റെയ്ഡ്. ആ കൊറിയര്‍ അവര്‍ എടുത്തുകൊണ്ടുപോയി. ഇങ്ങനെയുള്ള പല പല കാരണങ്ങള്‍ കൊണ്ട്, ദല്‍ഹിയില്‍ നിന്ന് ഫ്രീപ്രസ് അച്ചടിക്കാനാവാത്ത ഒരവസ്ഥ വന്നതോടെ മാസിക നിര്‍ത്തേണ്ടി വരികയായിരുന്നു.
 
നമ്മെ നിശബ്ദരാക്കാന്‍ ഭരണകൂടം നടത്തുന്ന ഇടപെടല്‍ അക്കാലത്ത് നേരിട്ട് അറിഞ്ഞിട്ടുണ്ട്. എന്റെ ഫോണ്‍ ടേപ്പ് ചെയ്യുന്നുണ്ടായിരുന്നു. അക്കാലത്ത് വളരെ സൂക്ഷ്മതയോടെയാണ് ഫോണില്‍ സംസാരിക്കുക. അധികാരം എങ്ങനെ ജനങ്ങളില്‍ ഇടപെടുന്നു എന്ന് ഈ നോവലില്‍ വന്നത് ആ ഒരു അനുഭവത്തില്‍ നിന്നാണ്. ഡല്‍ഹിയില്‍ ജീവിക്കുന്ന ചില മുസ്ലിം സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞിട്ടുണ്ട്, ഞങ്ങള്‍ക്കൊന്നും ഒരു പ്രശ്‌നവും ഇല്ലല്ലോ എന്ന്. ആഗോളവല്‍ക്കരണത്തിനെതിരേയും ഫാസിസത്തിനെതിരേയും പൊതുവായി സമരം ചെയ്താല്‍ അതൊരു വലിയ പ്രശ്‌നമൊന്നുമല്ല. എന്നാല്‍ കൃത്യമായ മുഖമുള്ള ഒന്നിനെ ചോദ്യം ചെയ്യുമ്പോഴാണ് എല്ലാം പ്രശ്‌നത്തിലാവുന്നത്. നിങ്ങളുടെ മുസ്ലിം പേരു പോലും അപകടകാരിയാവുന്നത്. ഈ തിരിച്ചറിവ് തന്നത് ഡല്‍ഹി ജീവിതമാണ്. 
 
 
നോവലില്‍ പുസ്തകങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നുണ്ട്. അതിന്റെ സാഹചര്യമെന്താണ്?
 
ഇറാഖില്‍ നടത്തിയ അധിനിവേശത്തില്‍ അവിടത്തെ ലൈബ്രറി കത്തിച്ചിരുന്നു. സംസ്‌കാരത്തെയും ചരിത്രത്തെയും ഇല്ലാതാക്കാനുള്ള എളുപ്പവഴി അവിടത്തെ ലിറ്ററേച്ചര്‍ ഇല്ലാതാക്കുക എന്നതാണ്. കേരളത്തിലും സംഘര്‍ഷങ്ങള്‍ ഉണ്ടാവുമ്പോള്‍ വായനശാലകള്‍ കത്തിക്കാറുണ്ട്. കൂട്ടായ്മയെ ഇല്ലാതാക്കലാണ് ലക്ഷ്യം. അറിവുതേടി ഗുരുവിന്റെ അടുത്തേക്ക് പോകുന്ന മൊണോപ്പൊളിയെ ഇല്ലാതാക്കിയത് പുസ്തകങ്ങളാണ്. നമുക്കും സ്വന്തമാക്കാം അറിവ് എന്നൊരു സന്ദേശം പുസ്തകങ്ങള്‍ തന്നു. അതിനെ തകര്‍ക്കുക എന്ന് പറയുന്നത്, ഈ മൊണോപ്പൊളിയിലേക്ക് തിരിച്ച് പോകുക എന്നതാണ്. 
 
ഓരോ എഴുത്തിലും ചങ്ങാത്തത്തിന്റെ അടയാളങ്ങള്‍ ഏറെയുണ്ട്. വരയായും പേരുകളായും ഒക്കെ?
 
എം.ടി പണ്ട് പറഞ്ഞിട്ടുണ്ട്, നൂറു പേര്‍ എഴുതട്ടെ, ആയിരം പേര്‍ എഴുതട്ടെ, വളരുന്നത് എഴുത്താണ്, സാഹിത്യമാണ് എന്ന്. ഇന്ന് ഞാന്‍ മാത്രം എഴുതിയാല്‍ മതി നിങ്ങളൊന്നും എഴുതണ്ട എന്ന കാഴ്ചപ്പാട് പല എഴുത്തുകാര്‍ക്കുമുണ്ട്. അത് വളരെ മോശമാണ്. എന്റെ തലമുറയില്‍ തന്നെ സാഹിത്യമെഴുത്തില്‍ നിന്ന് മറഞ്ഞുപോയ എഴുത്തുകാരുണ്ട്. അവരൊക്കെ എഴുതുന്നില്ല എന്ന് കരുതാന്‍ വയ്യ. പക്ഷെ ഇന്നത്തെ വ്യവസ്ഥയോട് അവര്‍ക്ക് ചേര്‍ന്നുപോകാന്‍ കഴിയുന്നില്ല. അതില്‍ അസ്വസ്ഥരാണവര്‍. അവരെയൊക്കെ എഴുത്തിലേക്ക് തിരിച്ചുകൊണ്ട് വരണം എന്നത് എന്റെ വലിയ സ്വപ്‌നമാണ്. ടി.ബി ലാല്‍, പുതിയ തലമുറയിലെ പ്രോമിസിങ് ആയ എഴുത്തുകാരനായിരുന്നു. ഗംഭീരമായി കഥകളെഴുതിയിരുന്ന ലാല്‍ ഇപ്പോള്‍ എഴുതുന്നില്ല. എത്രയോ നല്ല കവിതകള്‍ എഴുതിയിരുന്ന അബ്ദുള്‍ സലാം ഇപ്പോള്‍ നിശബ്ദനാണ്. വളരെ കുറച്ചേ എഴുതുന്നുള്ളൂ. ഇങ്ങനെ നിരവധി പേരുണ്ട്. വീണ, ജേക്കബ് എബ്രഹാം, ഷീജാ വക്കം, എം പി പവിത്ര… എനിക്കതില്‍ സങ്കടമുണ്ട്. 
 
എന്റെ പുസ്തകത്തില്‍ ചിത്രങ്ങളായോ എസ്.എം.എസ് ആയോ പേരുകളായോ ഒക്കെ സുഹൃത്തുക്കള്‍ ഉള്‍പ്പെടാറുണ്ട്. അതേസമയം ഈ കൂട്ടായ്മയെ വേറൊരു രീതിയില്‍ വ്യാഖ്യാനിക്കുന്നവരുമുണ്ട്. ഇതൊരു ട്രിക്കാണ്, ഇതത്രയും ആളുകള്‍ ഇനി എന്നെ വിമര്‍ശിക്കില്ല എന്ന് അക്കൂട്ടര്‍ പറയും. ഇങ്ങനെ പറയാന്‍ മലയാളിക്ക് മാത്രമേ കഴിയൂ. മലയാളത്തില്‍ പത്തോ പതിനഞ്ചോ എഴുത്തുകാരെ ഉള്‍പ്പെടുത്തി ഒരു നോവല്‍ എഴുതാനുള്ള ശ്രമത്തിലാണ് ഞാന്‍. ഓരോ അധ്യായം ഓരോരുത്തര്‍ വീതം എന്ന രീതിയില്‍. അഞ്ചധ്യായം ആയി. ഇത്തരം കൂട്ടായ്മ സിനിമയിലുണ്ട്. അത് സാഹിത്യത്തിലും വരണം. 
 
 
എഴുത്തുകാരന് സ്വയം മാര്‍ക്കറ്റ് ചെയ്യേണ്ട അവസ്ഥയുണ്ടോ?
 
സങ്കടകരമായ ഒരവസ്ഥയാണത്. മലയാളിക്ക് ഫ്രീകോപ്പി മാനിയ ഉണ്ട്. ഈ ഫ്രീകോപ്പി വാങ്ങുന്നവരൊന്നും വായിക്കാന്‍ വേണ്ടിയല്ല. എഴുത്തുകാരന്‍ ഭാവനയും ചിന്തയും സമയവും ജീവിതവുമൊക്കെ ഉപയോഗിച്ച് എഴുതിയ പുസ്തകം അവന്‍ തന്നെ സ്വന്തം പൈസ മുടക്കി പ്രസാധകരില്‍ നിന്ന് വാങ്ങി സൗജന്യമായി കൊടുക്കണം എന്നു വിചാരിക്കുന്നവര്‍ ഇവിടെയുണ്ട്. അതൊരു ന്യൂനപക്ഷമാണ്. ആ ന്യൂനപക്ഷത്തെ മൂന്ന് എന്ന നോവലിലൂടെ ഞാന്‍ വേണ്ടെന്നുവെക്കുകയാണ്. എന്റെ ആറാമത്തെ പുസ്തകമാണിത്. അതും സൗജന്യമായി നല്‍കി വായിപ്പിക്കുകയാണെങ്കില്‍ ഞാന്‍ എഴുത്തുകാരനല്ല. എഴുത്തുകാരന് എന്തുകൊണ്ടാണ് ഇങ്ങനെയൊരു ദുര്യോഗം എന്നറിയില്ല. സെല്‍ഫ് മാര്‍ക്കറ്റിങ്ങ് നടത്തുന്ന എഴുത്തുകാര്‍ ഉള്ളതുകൊണ്ട് അങ്ങനെ അല്ലാത്ത എഴുത്തുകാര്‍ ധര്‍മസങ്കടത്തിലാണ്. ഇന്ന് വിജയിയായ എഴുത്തുകാരനേ ഉള്ളൂ, മിടുക്കനായ എഴുത്തുകാരനില്ല. എളുപ്പത്തില്‍ ഒന്നാമതെത്തുന്നവനാണ് ഇവിടെ വിജയി. അത് ചിലപ്പോള്‍ ഇടയ്ക്ക് നിന്ന് ഓടിയിട്ടാവാം. എളുപ്പത്തില്‍ എത്തേണ്ടവര്‍ അതിനുള്ള കുറുക്കുവഴിയും കണ്ടെത്തേണ്ടി വരും. പക്ഷേ അതൊന്നും അധികകാലം നിലനില്‍ക്കില്ല.
 
പുസ്തകം ഇറക്കുമ്പോള്‍ എഴുത്തുകാരന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ് ?
 
ആദ്യത്തെ പുസ്തകം മാത്രമാണ് ഞാന്‍ പ്രസാധകര്‍ക്ക് പൈസ കൊടുത്ത് ഇറക്കിയത്. അത് പഠിക്കുന്ന കാലത്താണ്. ഒന്നില്‍ കൂടുതല്‍ പുസ്തകങ്ങള്‍ പൈസ കൊടുത്ത് ഇറക്കുന്നുണ്ടെങ്കില്‍ ഒന്നുകില്‍ അത് പരീക്ഷണ പുസ്തകമായിരിക്കണം. അല്ലാതെ കുറേ പൈസ ചെലവിട്ട് പുസ്തകം ഇറക്കിയിട്ട്, വീട്ടില്‍ കെട്ടി വെച്ചിട്ട് എന്ത് ആത്മസംതൃപ്തി നേടാനാണ്? എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ സര്‍ഗാത്മക എഴുത്തിന് ഡിമാന്റ് കുറവാണ്. അതു കൊണ്ടു തന്നെ പ്രശസ്തരുടെ പട്ടികയില്‍ നാം പെടുത്തിയിട്ടുള്ള ചില എഴുത്തുകാര്‍ക്കു പോലും സ്വന്തം പുസ്തകം അച്ചടി ചെലവിന്റെ ഒരു വിഹിതം നല്‍കി ഇറക്കേണ്ടുന്ന ഗതികേടാണ്. അല്ലെങ്കില്‍ അത് വല്ല തുറന്നെഴുത്തുകളോ (അങ്ങനെ മറ്റുള്ളവര്‍ കരുതുന്നവ) അല്ലെങ്കില്‍ ജീവിത വിജയ പുസ്തകങ്ങളോ ആയിരിക്കണം. നോവലിനും പ്രസാധകരുണ്ട്. 
 
പുതിയ എഴുത്തുകാര്‍  നേരിടുന്ന പ്രധാന പ്രശ്‌നം പ്രസാധകരെ കിട്ടാനില്ല എന്നതാണ്. പ്രത്യേകിച്ച് കവിതകളാണെങ്കില്‍. എന്നാല്‍ നിങ്ങള്‍ സെല്‍ഫ് മാര്‍ക്കറ്റ് ചെയ്യാന്‍ റെഡിയാണെങ്കില്‍ നിങ്ങള്‍ക്ക് പ്രസാധകരെ കിട്ടും. എഴുത്തുകാരന്‍ തന്നെ ഒരു ആയിരം കോപ്പി വിറ്റുതരുമെന്നുണ്ടെങ്കില്‍ പ്രസാധകര്‍ക്ക് പ്രശ്‌നമില്ല. പാവമായി ഒതുങ്ങിക്കൂടുന്ന എഴുത്തുകാരനാണ് നിങ്ങള്‍ എങ്കില്‍ ഇന്നത്തെ ലോകത്തില്‍ നിങ്ങള്‍ക്ക് സ്‌പേസ് ഇല്ല. അതു കൊണ്ടു തന്നെ ആത്മാര്‍ത്ഥമായി എഴുതുന്ന പല എഴുത്തുകാരും നിശബ്ദരാകുന്നു.
 
പരമാവധി ഒരു മണിക്കൂര്‍ കൊണ്ട് വായിക്കാം എല്ലാ പുസ്തകങ്ങളും. ബോധപൂര്‍വ്വമാണോ ചെറുതാക്കി എഴുതുന്നത്?
 
‘മൂന്നി’നെ കുറിച്ച് ചിലര്‍ പറഞ്ഞത് ഇത് വലിയ കാന്‍വാസില്‍ എഴുതാവുന്ന നോവലായിരുന്നു, വളരെ ചുരുക്കിക്കളഞ്ഞു എന്നൊക്കെയാണ്. കുറേ കൂടി ലിറിക്കല്‍ ആവാമായിരുന്നു എന്നാണ് സിവിക് ചന്ദ്രന്‍ മാഷ് അഭിപ്രായപ്പെട്ടത്. പതിനെട്ടു വര്‍ഷമായി എഴുത്തുകാരനായും വായനക്കാരനായും വായനാസമൂഹത്തെ നിരീക്ഷിക്കുന്ന ഒരാള്‍ എന്ന നിലയില്‍ എനിക്കു മനസിലായത് മലയാളികള്‍ക്കിടയില്‍ വായന നന്നായി കുറഞ്ഞു എന്നാണ്. ഞാനുള്‍പ്പെടെയുള്ള ആളുകള്‍ പുസ്തകങ്ങള്‍ ഇഷ്ടംപോലെ വാങ്ങുന്നുണ്ട്. പക്ഷേ മിക്കതും വായിക്കുന്നില്ല. മലയാളിയില്‍ ഇപ്പോള്‍ ഉള്ളത് വാങ്ങല്‍ സംസ്‌കാരം മാത്രമാണ്. സ്വകാര്യ ഹോം ലൈബ്രറികളുടെ വരവ് വായനയെ സാരമായി ബാധിച്ചു. പുസ്തകങ്ങള്‍ നന്നായി വിറ്റു പോകുന്നുണ്ട് ഇപ്പോള്‍. അവാര്‍ഡ് കിട്ടിയ പുസ്തകങ്ങള്‍ക്ക് നല്ല ഡിമാന്റാണ്. വായിക്കുന്നതിനേക്കാളേറെ സ്വീകരണമുറിയില്‍ വെക്കാനാണത്. ശ്രദ്ധേയമായ പുസ്തകങ്ങള്‍ വാങ്ങി അലമാരയുടെ തടവിലിടാനാണ് ഏവര്‍ക്കും താല്‍പര്യം.
 
അതുകൊണ്ട് ഇന്നത്തെ എഴുത്തുകാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഈ സമൂഹത്തെ വായിപ്പിക്കലാണ്. എന്റെ പുസ്തകങ്ങളില്‍ കൂടുതല്‍ പേര്‍ വായിച്ചിട്ടുളളത് ‘മിസ്ഡ്‌ കോള്‍’ എന്ന കുറുങ്കഥകളുടെ സമാഹാരമാണ്. അതാണ് എന്റെ പുസ്തകങ്ങളില്‍ ഏറ്റവും ചെറുത്. ഓരോ പുതിയ രചനയുമായി വരുമ്പോഴും ഞാന്‍ പുതിയ വായനക്കാരെക്കൂടി ലക്ഷ്യമിടുന്നുണ്ട്. പുതുതായി വന്നെത്തുന്ന പുസ്തകത്തിലേക്ക് ഒന്നെത്തിനോക്കാന്‍ അവര്‍ക്ക് തോന്നണം. പിന്നെ ബഷീറിന്റെ പുസ്തകങ്ങളൊക്കെ ജനപ്രിയമാകാന്‍ കാരണം അവയുടെ വലുപ്പക്കുറവ് കൂടിയാണ്. കുടിയേറ്റവുമായി ബന്ധപ്പെട്ട് വലിയ ഒരു നോവല്‍ മനസ്സിലുണ്ട്. കണ്ണൂര്‍ ജില്ലയിലെ അടയ്ക്കാത്തോട് എന്ന സ്ഥലത്തെ മുസ്ലിം – കൃസ്ത്യന്‍ കുടിയേറ്റമാണ് വിഷയം. ഒപ്പം റാവുത്തര്‍ വിഭാഗത്തിന്റെ കഥയും അതില്‍ പറയാനാഗ്രഹിക്കുന്നു. ഒരു തരത്തില്‍ എന്റെ വേരുകള്‍ തേടിയുളള ഒരു അന്വേഷണം കൂടിയായിരിക്കും അത്. വലിയ കാന്‍വാസിലുള്ള ഒരു നോവലാണ് ഉദ്ദേശിക്കുന്നത്. മറ്റു എഴുത്തുകാരെപ്പോലെ എന്നെയും  വായിക്കാന്‍ പറ്റും എന്ന തോന്നലുണ്ടാക്കാന്‍ വേണ്ടിയാണ് ചെറുതെഴുന്നത്. മൂന്ന് എന്ന നോവല്‍ ചെറുതായി എഴുതിയത് അങ്ങനെ ഒരു പുതിയ വായനക്കാരനെ കൂട്ടു കിട്ടുമെങ്കില്‍ നാളെ ഒരു വലിയ നോവലെഴുതിയാല്‍ വായിക്കാന്‍ അവനും/ അവരും ഉണ്ടാകുമല്ലോ എന്ന വിശ്വാസത്തിലാണ്. 
 
 
മൂന്ന് എന്ന നോവല്‍ വളരെ അശ്രദ്ധമായി, തിരക്കിട്ടെഴുതി എന്നൊരു പരാതിയും ചിലര്‍ ഉയര്‍ത്തി കേട്ടല്ലോ? 
 
മൂന്ന് എന്ന നോവല്‍ വളരെ ബോധപൂര്‍വം തന്നെയാണ് ആ വിധത്തില്‍ എഴുതിയത്. ചെറിയ വലുപ്പത്തിലും, അതേ ക്രാഫ്റ്റിലും. നിലവിലുള്ള ഒരു നോവല്‍ ഘടനയെ അട്ടിമറിക്കണെന്ന ഒരാഗ്രഹം ഉണ്ടായിരുന്നു. മേതിലിനു ശേഷം അത്തരം ശ്രമങ്ങള്‍ എന്റെ തലമുറയില്‍ പെട്ട സുരേഷ് പി തോമസ്, വി എം ദേവദാസ് എന്നിവരിലാണ് കണ്ടിട്ടുള്ളത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അതിനു തുടര്‍ച്ചകള്‍ കണ്ടില്ല. ശരിക്കും പോസ്റ്റ് മോഡേണായി മാറിക്കഴിഞ്ഞ ഒരു കാലത്ത് നമ്മുടെ രചനാ സങ്കേതങ്ങള്‍ മാറാത്തതെന്താണെന്ന് ആലോചിച്ചിട്ടുണ്ട്. ബര്‍മുഡയും ടീ ഷര്‍ടും ധരിക്കുമ്പോഴും പഴയ ഫ്യൂഡല്‍ തമ്പുരാന്റെ കാമാന്ധതയിലാണ് ഇന്നും മലയാളിയുടെ ഉറക്കം. അതൊക്കെ മാറുമായിരിക്കാം. ആളുകള്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും ഇങ്ങനെയൊരു പരീക്ഷണം നടത്താന്‍ മൂന്ന് എന്ന നോവലിലൂടെ  തീരുമാനിക്കുകയായിരുന്നു. ഒന്നു കൂടി പറയാം, മൂന്നിലെ ചില അധ്യായങ്ങളില്‍ വരുന്ന ജേണലിസറ്റിക് സ്‌റ്റൈല്‍ ഓഫ് റൈറ്റിംഗ്, തുടര്‍ച്ചയുടെ അഭാവം, ഓണ്‍ലൈന്‍ ലിങ്കുകള്‍ പോലെ നല്‍കിയിരിക്കുന്ന കുറിപ്പുകളും ചിത്രങ്ങളും… ഇതെല്ലാം ബോധപൂര്‍വം ഞാന്‍ വരുത്തിയിരിക്കുന്ന രചനാ രീതികളാണ്. തിരക്കിട്ടെഴുതിയ ഒരു നോവലല്ല മൂന്ന്. അഞ്ചു വര്‍ഷമെടുത്ത് മാറ്റി മാറ്റി എഴുതിയതാണ്. വിവരണങ്ങള്‍ക്കു പകരം സംഭവങ്ങളാണ് നോവലില്‍. എവിടേയും നില്‍ക്കാതെ ഓടുകയാണ് നോവല്‍. നാമെല്ലാം സമയമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത് അവരേക്കാള്‍ വേഗത്തിലോടുന്ന ഒരു നോവല്‍ വേണമെന്നു തോന്നി. അതാണ് മൂന്നിലെത്തിച്ചത്. 
 
പുരുഷ എഴുത്തുകാരുടെ പ്രശ്‌നങ്ങള്‍ എന്താണ്?
 
ഞാന്‍ കവിതകള്‍ എഴുതി തുടങ്ങിയത് പെണ്‍ പേരിലാണ്. കാരണം പെണ്ണായി എഴുതുമ്പോള്‍ നിങ്ങള്‍ക്ക് സ്വീകാര്യത കൂടുതലാണ്. സൂന്ദരി ആണെങ്കില്‍ ഇരുപത്തഞ്ച് ശതമാനം കഴിവു മതി. ബാക്കി പ്രശസ്തി പിന്നാലെ വന്നോളും. കവിതയില്‍ എനിക്ക് ഒരു ആത്മവിശ്വാസക്കുറവുണ്ടായിരുന്നു. അതുകൊണ്ട് ‘സുമക്കുട്ടി’ എന്ന പേരിലാണ് ആദ്യകാലത്ത് എഴുതിയത്. ഞാന്‍ നടത്തിയിരുന്ന കയ്യെഴുത്തു മാസികയുടെ അഡ്രസാണ് നല്‍കിയിരുന്നത്. പെണ്‍ പേരില്‍ എഴുതിയ ഒറ്റ കവിതയും തിരിച്ചു വന്നിട്ടില്ല. എല്ലാം പ്രസിദ്ധീകരിച്ചു. ആ അഡ്രസില്‍ പ്രേമലേഖനങ്ങള്‍ വന്നിരുന്നു. നമ്മുടെ സമൂഹത്തിന്റെ അടക്കിവെച്ച വികാരങ്ങള്‍ സ്ത്രീകളുടെ എഴുത്തിന് സ്വീകാര്യത കൂട്ടുന്നുണ്ട്. ആ സ്വീകാര്യത പലപ്പോഴും ജനൂയിനായ ആള്‍ക്കാര്‍ക്ക് അല്ല കിട്ടുന്നത് എന്നതാണ് പക്ഷേ സങ്കടകരം. നിങ്ങള്‍ ഒരു ആണ്‍ എഴുത്തുകാരനാണെങ്കില്‍ ഒരേ ലക്ഷ്യത്തിലേക്ക് കൂടുതല്‍ ഓടേണ്ടി വരും. അങ്ങനെ അല്ലാത്ത സ്ത്രീ എഴുത്തുകാരെ നോക്കുകയാണെങ്കില്‍ ഒന്നുകില്‍ അവര്‍ക്ക് ജേണലിസത്തിന്റെ പിന്‍ബലമുണ്ടാകും. അല്ലെങ്കില്‍ നല്ലൊരു മെന്റര്‍ ഉണ്ടാകും. രോഗാതുരമായ ഒരു സമൂഹത്തില്‍ ആണായി എഴുതുക, അതും പി.ആര്‍ വര്‍ക്ക് ഇല്ലാതെ എന്നത് സാഹസമാണ്. 
 
 
(ഫ്രീപ്രസ്, ഇന്ത്യാടുഡേ, ന്യൂസ് ടുഡേ, കവേര്‍ഡ് മാഗസിന്‍, ടൈംസ് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ പത്തുവര്‍ഷത്തോളം പത്രപ്രവര്‍ത്തകനായിരുന്ന നിഷാദ് ഇപ്പോള്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കമ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം വിഭാഗം കോഴ്‌സ് ഡയറക്ടറാണ്. വാന്‍ഗോഗിന്റെ ചെവി, പേരയ്ക്ക, മിസ്ഡ് കോള്‍, ഷോക്ക്, മരമാണ് മറുപടി എന്നിവയാണ് പുറത്തിറങ്ങിയ പുസ്തകങ്ങള്‍. ഡൂള്‍ ന്യൂസ് ലിറ്റററി എഡിറ്റര്‍ കൂടിയാണ്.) 
 
 

Leave a Reply

Your email address will not be published. Required fields are marked *

×