ടീം അഴിമുഖം
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പ്രധാന എതിരാളിയായ നരേന്ദ്ര മോദി ഇതുവരെ മുതിരാത്ത ഒരു കാര്യം രാഹുല്‍ ഗാന്ധി ഈയിടെ ചെയ്തു. കഴിഞ്ഞ ദിവസം ടൈംസ് നൌ ചാനലില്‍ അതിന്റെ ചീഫ് എഡിറ്ററായ അര്‍ണാബ്ബ് ഗോസ്വാമിയുടെ എഴുപത്തഞ്ചോളം ചോദ്യങ്ങള്‍ക്ക് നേര്‍ക്കുനേര്‍ മറുപടി പറഞ്ഞുകൊണ്ട് നല്കിയ അഭിമുഖമായിരുന്നു ആ ധീരകൃത്യം. ഒരു നേതാവിന്റെ മുഴുവന്‍ മൂല്യവും അളക്കാന്‍ ഒരഭിമുഖത്തിലൂടെ സാധിക്കില്ലെങ്കില്‌പ്പോലും രാഹുല്‍ ഗാന്ധി എന്ന നേതാവിനേയും അതിലുപരി വ്യക്തിയേയും കുറിച്ചുള്ള പലതും നമുക്കതില്‍ കാണാനാവും.
രാഷ്ട്രീയക്കളികളില്‍പ്പെടാതെ പുറമെ നില്ക്കുന്നൊരാളായാണ് കുറെക്കാലം നാം രാഹുലിനെ കണ്ടത്. നിലനില്ക്കുുന്ന വ്യവസ്ഥയെ മാറ്റിത്തീര്‍ക്കാനും ജനങ്ങളെ ശാക്തീകരിക്കാനും രാഷ്ട്രീയ രംഗത്തെ ശുദ്ധീകരിക്കാനുമുള്ള താല്പര്യവും സത്യസന്ധതയും, ദൃഢനിശ്ചയവും ചേര്‍ന്ന ഒരു നല്ല മനുഷ്യനായാണ് അന്നൊക്കെ പലരും അദ്ദേഹത്തെ വിലയിരുത്തിയതും. എന്നാലിന്ന്, സജീവ രാഷ്ട്രീയത്തില്‍ വന്നിട്ട് പത്തു വര്‍ഷം കഴിയുമ്പോള്‍ അത്തരമൊരു സാന്നിധ്യമാണോ അദ്ദേഹത്തിന്റേത് എന്നാലോചിക്കേണ്ടിയിരിക്കുന്നു.
ടൈംസ് നൌവില്‍ നല്കിയ അഭിമുഖത്തിന്റെ പകര്‍പ്പ് വായിച്ചാല്‍ 45-ല്‍ അധികം തവണ ‘വ്യവസ്ഥ’ (system) എന്ന പദം അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത് കാണാനാകും. ഒരു പാര്‍ലമെന്‍റ് അംഗം എന്നതിലുപരി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അനിഷേധ്യ നേതാവ് കൂടിയാണ് രാഹുല്‍. കഴിഞ്ഞ ഒരു ദശാബ്ദമായി ഭരിക്കുന്നത് യു.പി.എയും. അപ്പോള്‍ ഈ വ്യവസ്ഥിതി മാറ്റാന്‍ അദ്ദേഹം ഒരു ചെറുവിരലെങ്കിലും അനക്കാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന്റ്‌റെ പ്രധാന്യമേറുന്നു.
അഭിമുഖത്തിനടിയില്‍ ഉന്നയിക്കപ്പെട്ട പലതും ഉപരിപ്ലവമെന്ന് പറഞ്ഞ് അദ്ദേഹം തള്ളിക്കളഞ്ഞു. എന്നാല്‍ താന്‍ മാത്രം ശരിയും മറ്റുള്ളവരെല്ലാം ഉപരിപ്ലവവുമെന്ന് പറഞ്ഞൊഴിയാന്‍ ഒരു നേതാവിനാവില്ല. മുന്പ് മോദി ചെയ്തിട്ടുള്ളത് പോലെ ‘തേഡ് പേഴ്‌സണി’ല്‍ സംസാരിക്കുകയും ചെയ്തു രാഹുല്‍. തന്റെ സ്ഥാനത്തിനല്‍പ്പമെങ്കിലും വില കല്‍പ്പിക്കുന്ന ഒരു നേതാവും ജനങ്ങളോട് സംവദിക്കുന്ന ഘട്ടങ്ങളില്‍ ആ രീതി ഒഴിവാക്കേണ്ടതാണ്. താന്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്ന ‘ഉടമസ്ഥതാ മനോഭാവം’ (entitelment) ആണ് സത്യത്തില്‍ അത്തരം സംസാരരീതി ധ്വനിപ്പിക്കുക.

ജനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതും അവരോടു ഫലപ്രദമായി സംവദിക്കുന്നതും ഈ കാലഘട്ടത്തിലെ നേതൃപാടവത്തിന്റെ സുപ്രധാന ഘടകങ്ങളാണ്. സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ മുലായം സിംഗ് യാദവ് ഒരു മോശം പ്രാസംഗികനാണ്; പലപ്പോഴും അദ്ദേഹം പറയുന്നതു മനസ്സിലാകാന്‍ തന്നെ പ്രയാസം. എന്നാല്‍, ഒരാള്‍ക്കൂട്ടത്തില്‍ നിന്നും ഒരുപാട് പേരെ പേരെടുത്ത് വിളിക്കാനുള്ളത്ര അടുപ്പവും പരിചയവും അദ്ദേഹത്തിന് തന്റെ അണികളോടുണ്ട്. ദില്ലിയില്‍ ഓസ്‌കാര്‍ ഫെര്‍ണാണ്ടസിനെയോ കേരളത്തില്‍ ഉമ്മന്‍ ചാണ്ടിയെയോ പോലെ നിരവധി പ്രവര്‍ത്തകരെയും ജനങ്ങളെയും നേരില്‍ കണ്ടിടപഴകുന്നയാളല്ല രാഹുല്‍ ഗാന്ധി. ഉമ്മന്‍ ചാണ്ടിയുടെ പ്രസംഗങ്ങള്‍ അത്ര മികച്ചതല്ലെന്നും ഇവിടെ ഓര്‍ക്കാം. വലിയ പ്രാസംഗികനോ ടി.വി സംഭാഷണങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നയാളോ അല്ലെങ്കില്‍ കൂടി ഒരു ജനനേതാവിനു സഹജമായുണ്ടാകേണ്ട സാമാന്യ ധാരണകള്‍ പോലും തനിക്കില്ലെന്ന് ഈ അഭിമുഖത്തില്‍ പലയിടത്തും രാഹുല്‍ വ്യക്തമാക്കി.
ഉദാഹരണത്തിന്, 1984ലെ സിഖ് കലാപത്തെക്കുറിച്ച് താങ്കള്‍ക്ക് ഖേദമുണ്ടോ എന്ന ചോദ്യത്തിന് രാഹുല്‍ ആദ്യം വിക്കിവിക്കി പറഞ്ഞ മറുപടി ‘ഞാന്‍ അവിടെ ഇല്ലായിരുന്നു’ എന്നാണ്. സിഖു കലാപത്തില്‍ ക്ഷമ ചോദിക്കുകയും ഒരു സിഖുകാരനെ പ്രധാനമന്ത്രിയാക്കുകയും ചെയ്തിരുന്നു അദേഹത്തിന്റെ സ്വന്തം പാര്‍ട്ടി എന്നും ഓര്‍ക്കണം. അത് സൂചിപ്പിച്ചുകൊണ്ട്, ‘മോദിയോ ബി.ജെ.പിയോ ഗുജറാത്ത് കലാപത്തെക്കുറിച്ച് മാപ്പ് പറഞ്ഞുകൊണ്ട്, ഒരു മുസ്ലീമിനെ പ്രധാനമന്ത്രിയാക്കാന്‍ ഒരുമ്പെടുമോ എന്ന കുറിക്കുകൊള്ളുന്ന മറുചോദ്യം ചോദിക്കാന്‍ ആയില്ലെന്നതോ പോട്ടെ, ഒരു മാപ്പെങ്കിലും രാഹുലിന് പറയാമായിരുന്നു.
രാഹുല്‍ ഗാന്ധി സത്യസന്ധനാണെന്ന് ന്യായമായും തോന്നാം. ഒരുപാട് ചോദ്യങ്ങള്‍ കേട്ട് അല്പം വിരണ്ടതുമാകാം. എന്നാല്‍, തന്റ്‌റെ പറച്ചിലും പ്രവൃത്തിയും തമ്മിലുള്ള അന്തരം കഴിഞ്ഞ പത്തുകൊല്ലക്കാലം രാഹുല്‍ വീണ്ടും വീണ്ടും നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. ഹൈദരാബാദില്‍ നടന്ന 2006ലെ എ.ഐ.സി.സി. പ്ലീനറി യോഗത്തില്‍ നേതാക്കള്‍ ജനങ്ങളിലേക്ക് പോകാത്തതും അവരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്താത്തതും മൂലം കോണ്‍ഗ്രസ് ദുര്‍ബലമായിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇക്കാലമത്രയും അദ്ദേഹം ഈ വാക്കുകള്‍ പിന്തുടര്‍ന്ന്, ദിവസവും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂടെ സമയം ചെലവഴിച്ചിരുന്നെങ്കില്‍ ഇത്ര വലിയൊരു പ്രതിസന്ധി ഒരുപക്ഷേ കോണ്‍ഗ്രസിന് നേരിടേണ്ടി വരില്ലായിരുന്നു.
രാജീവ് ഗാന്ധിയെപ്പോലെ തന്നെ രാഷ്ട്രീയത്തിലെ കുടുംബാധിപത്യം അവസാനിപ്പിക്കാന്‍ രാഹുലും ആഗ്രഹിച്ചിരുന്നു. എന്നാല്‍, താന്‍ കണ്ടെത്തിയ സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, ജിതേന്ദ്ര പൈലറ്റ് എന്നിവര്‍ മുതല്‍ ഹൈബി ഈഡന്‍ വരെ ഇത്തരത്തില്‍ ഉള്ളവരാണെന്ന് അദ്ദേഹം വിസ്മരിച്ചു. അതുകൊണ്ടു തന്നെ, വാക്കുകളും പ്രവൃത്തികളും ഒരുപോലെ നാമമാത്രമാവുമ്പോള്‍ രാഹുല്‍ ഗാന്ധി മാറേണ്ട സമയമായി എന്നു നാം പറയേണ്ടിവരും.