ടീം അഴിമുഖം ഇന്ത്യന്‍ മാധ്യമങ്ങള്‍ സത്യത്തില്‍ നരേന്ദ്ര മോദിയോടും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വമ്പന്മാരോടും കടപ്പാടുള്ളവരായിക്കേണ്ടതാണ്. അഴിമുഖം മുഖവരയില്ലാതെ കാര്യത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ കുറേ നാളുകളായി അവശത അനുഭവിക്കുന്ന രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ക്ക് മോദിയും കൂട്ടരും വലിയ തോതിയിലാണ് സാമ്പത്തിക സഹായം നല്‍കുന്നത്. അത് പക്ഷേ നേരിട്ടുള്ള സഹായമായിട്ടല്ല, മറിച്ച് പരസ്യമായിട്ടാണെന്ന് മാത്രം. നെടുനീളന്‍ പരസ്യങ്ങളാണ് മോദിക്കായി ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നതെന്നത് കൂടി ഓര്‍ക്കേണ്ടതുണ്ട്. അച്ചടി മാദ്ധ്യമങ്ങളില്‍ ഇതത്ര വലിയ തോതില്‍ കാണാന്‍ പറ്റുന്നില്ലെങ്കിലും മിക്ക ചാനലുകളുടെയും മുതലാളിമാരും ഈ അച്ചടി […]
ടീം അഴിമുഖം
ഇന്ത്യന്‍ മാധ്യമങ്ങള്‍ സത്യത്തില്‍ നരേന്ദ്ര മോദിയോടും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വമ്പന്മാരോടും കടപ്പാടുള്ളവരായിക്കേണ്ടതാണ്. അഴിമുഖം മുഖവരയില്ലാതെ കാര്യത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ കുറേ നാളുകളായി അവശത അനുഭവിക്കുന്ന രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ക്ക് മോദിയും കൂട്ടരും വലിയ തോതിയിലാണ് സാമ്പത്തിക സഹായം നല്‍കുന്നത്. അത് പക്ഷേ നേരിട്ടുള്ള സഹായമായിട്ടല്ല, മറിച്ച് പരസ്യമായിട്ടാണെന്ന് മാത്രം. നെടുനീളന്‍ പരസ്യങ്ങളാണ് മോദിക്കായി ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നതെന്നത് കൂടി ഓര്‍ക്കേണ്ടതുണ്ട്. അച്ചടി മാദ്ധ്യമങ്ങളില്‍ ഇതത്ര വലിയ തോതില്‍ കാണാന്‍ പറ്റുന്നില്ലെങ്കിലും മിക്ക ചാനലുകളുടെയും മുതലാളിമാരും ഈ അച്ചടി മാദ്ധ്യമങ്ങളുടെ കൈയ്യിലായതിനാല്‍ അത് പ്രത്യേകിച്ചു മാറ്റമൊന്നും ഉണ്ടാക്കുന്നുമില്ല. മാത്രമല്ല, ഏറെക്കാലമായി ദുരിതത്തില്‍ കഴിയുന്ന അച്ചടി മാദ്ധ്യമങ്ങളെ സംബന്ധിച്ച് പരസ്യങ്ങളായി എത്തുന്ന ഈ സഹായം വലിയ ആശ്വാസവുമാണ്.
മോദിയുടെ തിരഞ്ഞെടുപ്പ് പ്രചരണം ഏതായാലും കുറേ കാലത്തേക്ക് ഓര്‍മ്മിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം, അത് പരസ്യത്തിന്റെ കാര്യത്തില്‍ ചെയ്ത ‘വിപ്‌ളവം’ അത്രത്തോളമാണ്. സോഷ്യല്‍ മീഡിയ സജീവമായ ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പ് എന്ന നിലയ്ക്ക് അതില്‍ മോദി അതെങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്ന രീതിയും ഓര്‍ക്കപ്പെടും. സോഷ്യല്‍ മീഡിയയുടെ എല്ലാ പരിധികളും മറികടന്നുകൊണ്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് അതില്‍ നടത്തുന്നതും. ഏതായാലും മോദിയും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം വിശദമാക്കാന്‍ മാത്രമായി അഴിമുഖം ഈ അവസരം ഉപയോഗിക്കുന്നില്ല.
രാജ്യത്തെ ചാനല്‍ വ്യാപാര മേഖല രോഗബാധിതമായി കിടക്കാന്‍ തുടങ്ങിയിട്ട് കുറേ നാളുകളായി. ചാനല്‍ വിപണി നിയന്ത്രിക്കുന്ന നായകരൊഴിച്ച്, എല്ലാ ഭാഷകളിലുമുള്ള ചാനലുകള്‍ കടുത്ത സാമ്പത്തിക പ്രസിസന്ധിയാണ് നേരിടുന്നത്. അതിന് പിന്നില്‍ ഒട്ടേറെ കാരണങ്ങളുമുണ്ട്. അതില്‍ സുപ്രധാനമായ ഒന്നാണ് ചാനലുകളുടെ ‘കാര്യേജ് കോസ്റ്റ് ‘. അതായത് കാര്യങ്ങള്‍ കാണികളിലേക്ക് എത്തിക്കാനുള്ള ചെലവ്. കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഡി.റ്റി.എച്ച് കൈയ്യടക്കി വച്ചിരിക്കുന്നവര്‍ക്കും നല്‍കേണ്ടി വരുന്ന ഭീമമായ തുകയാണ് ഇത്. കഴിഞ്ഞ കുറേ വര്‍ഷമായി ഈ മേഖലയെതന്നെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ഒന്നാണ് ഈ ഭീമമായ ചെലവ്.
യഥാര്‍ത്ഥത്തില്‍ വാര്‍ത്താചാനലുകളില്‍ മികച്ചത് എന്ന ശ്രേണിയിലേക്ക് ചിലത് ഉയര്‍ന്നു വന്നതിന് പിന്നില്‍ തന്നെ എത്ര മാത്രം പ്‌ളാറ്റ്‌ഫോമുകളില്‍ അവര്‍ തങ്ങളെ പ്രദര്‍ശിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. അതിന് വലിയ സാമ്പത്തിക കെട്ടുറുപ്പ് തന്നെ വേണം.
അടുത്തിടെ ഈ മേഖലയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുകയും ചെയ്തു. സി.എന്‍.ബി.സി ഗ്രൂപ്പിന്റെ കീഴിലുള്ള സി.എന്‍.എന്‍ – ഐ.ബി.എന്‍, ഐ.ബി.എന്‍7 എന്നീ ചാനലുകളില്‍ നിന്ന് 400- ഓളം പേരെ പുറത്താക്കിയത് തന്നെ അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. എന്‍.ഡി.ടി.വിയുടെ സ്ഥിതിയും മെച്ചമല്ല. പ്രാദേശിക ചാനലുകളുടെ കാര്യവും മറിച്ചല്ല. രാജ്യത്തെ ഏറ്റവും ഭീമമായ തുക ലോണ്‍ എടുത്ത് കുടിശ്ശിക വരുത്തികൊണ്ടിരിക്കുന്നത് തന്നെ ബീഹാറില്‍ നിന്നുള്ള ഒരു ചാനലാണ്.
ഈ അവസ്ഥയിലാണ് മോദി ടീം പരസ്യത്തിന്റെ ഈ മിന്നല്‍യുദ്ധം തുടങ്ങിവച്ചിരിക്കുന്നത്. പലതും വമ്പന്‍ പരസ്യങ്ങളുമാണ്. സര്‍ദാര്‍ പട്ടേലിന്റെ ‘ഐക്യത്തിനായുള്ള പ്രതിമ’യുടെ പരസ്യം തന്നെ ഒട്ടുമിക്ക ചാനലുകളിലും വലിയ ഇടവേളകളില്ലാതെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിന് ഗുജറാത്ത് സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നാണോ പണം നല്‍കുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം, മോദിയുടെ നേതൃപാടവം ഉയര്‍ത്തിക്കാണിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് രാജ്യമൊട്ടാകെ നിരവധി പരസ്യങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഇതിന് പുറമേ മോദിക്കായി നിരവധി എന്‍.ജി.ഒകളും മറ്റു സംഘടനകളും പരസ്യദാതാക്കളായി രംഗത്തുണ്ട്.
ഇനി ദിനപത്രങ്ങളുടെ കാര്യമെടുത്താലും ചിത്രം മറ്റൊന്നല്ല. മോദിയെ പ്രകീര്‍ത്തിച്ചുകൊണ്ട് നേരിട്ടോ അല്ലാതെയോയുള്ള പരസ്യമില്ലാതെ ഒരു ദിവസവും പത്രങ്ങള്‍ ഇറങ്ങുന്നില്ല. ജനവരി 25ന് ദേശീയ വോട്ടര്‍ ദിനത്തില്‍, മോദിയുടെ പൂര്‍ണ ചിത്രത്തോടെ മിക്ക പത്രങ്ങളും പരസ്യം പ്രസിദ്ധീകരിച്ചു. ഇന്ന് വരെ കേട്ടുകേള്‍വിയില്ലാത്ത ഒരു എന്‍.ജി.ഓയാണ് പരസ്യം നല്‍കിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.
മിക്ക കോര്‍പ്പറേറ്റ് മാധ്യമങ്ങളുമായും മോദിയുടെ അനുയായികള്‍ കരാറിലെത്തിക്കഴിഞ്ഞതായി കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളിലെ ഉന്നതവൃത്തങ്ങള്‍ അഴിമുഖത്തോട് പറഞ്ഞു. മോഡിയുടെ പ്രസംഗങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുക, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മോദിയെ നല്ല രീതിയില്‍ ഉയര്‍ത്തിക്കാണിക്കുക തുടങ്ങിയവയാണ് ഈ ഡീലുകള്‍ക്ക് പിറകില്‍. ഒരു പ്രമുഖ ഇംഗ്‌ളീഷ് ചാനലിന് മാത്രം 22 കോടി രൂപയാണ് ഗുജറാത്തിലെ ഒരു കോര്‍പ്പറേറ്റ് ഹൌസ് നല്‍കിയതെന്നും അറിയുന്നു.
മോദിയുടെ പരസ്യനയം മറ്റ് മേഖലകളിലും അലയടിക്കാന്‍ തുടങ്ങിയതാണ് നോക്കിക്കാണേണ്ട മറ്റൊരു കാര്യം. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ തങ്ങളുടെ എല്ലാ മന്ത്രിമാരെയും കൊണ്ട് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ചാനലുകളിലൂടെ പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതു കൊണ്ട് ഒരു ഗുണമുണ്ടായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഖജനാവിലെ കാശാണ് ഇതിലൂടെ ഇല്ലാതാകുന്നതെങ്കിലും സ്വന്തം മന്ത്രിമാരെ ഇപ്പോഴെങ്കിലും കാണാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തിലാണ് ജനങ്ങള്‍ എന്നും ചിലര്‍ അടക്കം പറയുന്നു. ഈ പണമൊഴുക്ക് ഏതായാലും തിരഞ്ഞെടുപ്പ് അവസാനിക്കുന്ന മേയ് മാസം തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ഇക്കാര്യത്തില്‍ വിട്ടുകൊടുക്കില്ലെന്നും ഈ മത്സരം കാണുമ്പോള്‍ മനസിലാക്കാനും കഴിയുന്നുണ്ട്.
എന്നാല്‍ ഈ കോപ്രായം അലോസരപ്പെടുത്തുന്ന ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. മോദിയും യു.പി.എയും തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി രാജ്യത്തിന്റെ പൊതുസ്വത്ത് ഇങ്ങനെ ധൂര്‍ത്തടിക്കുന്നത് ശരിയാണോ? ഈ പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യാന്‍ ആരാണ് പണം നല്‍കുന്നതെന്ന കാര്യത്തില്‍ സുതാര്യത വേണ്ടേ? തങ്ങള്‍ക്ക് അനുകൂലമായ ഒരു രാഷ്ട്രീയാന്തരീക്ഷം ഉണ്ടാക്കുന്നതിന് വിദേശ കാരങ്ങളല്ല ഇത്തരം പരസ്യങ്ങള്‍ക്ക് പുറകില്‍ എന്ന്‍ ആര് കണ്ടു?
ഏതായാലും ഈ ചോദ്യങ്ങളുമായി ചില നല്ല അഭിഭാഷകരും സാമുഹിക പ്രവര്‍ത്തകരും കോടതികളിലേക്ക് പോകുമെന്ന് തന്നെയാണ് നമ്മുടെ പ്രതീക്ഷ. ഒട്ടേറെ ചോദ്യങ്ങള്‍ ഇനിയും ഇക്കാര്യത്തില്‍ ഉയര്‍ന്നുവരും. അതാണ് ഇന്ത്യയിലെ മാസ് മീഡിയയുടെ ശക്തി. പ്രത്യേകിച്ച് ഉത്തരേന്ത്യയിലും രാജ്യത്തിന്റെ മദ്ധ്യമേഖലയിലും.
രാജ്യത്തെ ഏറ്റവും ശക്തമായ മാധ്യമം ടിവിയാണെന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. പ്രത്യേകിച്ച് 50 ശതമാനം വീടുകളിലേക്കും അത് എത്തിച്ചേരുന്നു എന്നതുകൊണ്ടുതന്നെ. അച്ചടി മാധ്യമങ്ങള്‍ക്ക് അത്ര ശക്തമായ സ്വാധീന ശേഷിയില്ല. ഇന്‍റര്‍നെറ്റ് ആകട്ടെ രാജ്യത്തെ ജനസംഖ്യയുടെ 12 ശതമാനം പേരിലേക്ക് മാത്രമേ എത്തിച്ചേരുന്നുള്ളു. ഈ മാദ്ധ്യമ മിന്നല്‍ യുദ്ധങ്ങളെല്ലാം കൂടി ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുമോ? അതോ ഇന്ത്യയിലെ നിരക്ഷര്‍ വന്‍കിട പൈസക്കാരുടെയും രാഷ്ട്രീയക്കാരുടെയും അവരുടെ മാധ്യമങ്ങളുടെയും മുകളില്‍ വിജയം കാണുമോ?