ടീം അഴിമുഖം
ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയത്തേക്കാള്‍ ഏറ്റവും കുറഞ്ഞത് 60 മിനിറ്റ് മുമ്പിലുള്ള ഒരു പ്രാദേശിക സമയ മേഖല തന്റെ സംസ്ഥാനത്ത് കൊണ്ടുവരുമെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് പ്രസ്താവിച്ചിട്ട് കുറച്ചു ദിവസങ്ങളായി. പഴയ ഒരു സംവാദത്തെ വീണ്ടും പൊടിതട്ടിയെടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. വേനല്ക്കാലത്ത് 4 എ എമ്മിന് സൂര്യന്‍ ഉദിക്കുകയും 4 പി എമ്മിന് അസ്തമിക്കുകയും ചെയ്യുന്ന പ്രദേശത്തെ പകല്‍ സമയത്തിന്റെ ദൈര്‍ഘ്യം കൂട്ടുകയാണ് അദ്ദേഹത്തിന്റെ ആശയം. എന്നാല്‍ ഇതേ പ്രതിഭാസം ഏകദേശം 2900 കിലോമീറ്റര്‍ അകലെയുള്ള ഗുജറാത്തിന്റെ പടിഞ്ഞാറേ മുനമ്പില്‍ സംഭവിക്കുന്നത് രണ്ടു മണിക്കൂര്‍ വൈകിയാണ്. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലൂടെ 82.5 ഈസ്റ്റ് ലോംഗിറ്റ്യൂഡിനെ അടിസ്ഥാനമാക്കിയതു മുതല്‍ പടിഞ്ഞാറന്‍ പ്രദേശങ്ങളെക്കാള്‍ കുറഞ്ഞ പകല്‍ സമയമാണ് രേഖയ്ക്ക് കിഴക്കുള്ള പ്രദേശങ്ങളിലുള്ളത്. 150 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടീഷ് ഭരണാധികാരികള്‍ തേയില തോട്ടങ്ങള്‍ക്ക് വേണ്ടി കൊണ്ടുവന്ന, ഇപ്പൊഴും നിലനില്‍ക്കുന്ന chaibagaan എന്ന സമയ ക്രമം പുന:സ്ഥാപിക്കണമെന്നാണ് ഗൊഗോയ് ആവശ്യപ്പെടുന്നത്. ഇത്തരമൊരു മാറ്റം ഊര്‍ജം ലാഭിക്കാനും ഉത്പാദനക്ഷമത കൂട്ടാനും സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഈ വാദത്തില്‍ കഴമ്പുണ്ടെങ്കിലും പുതിയ സമയമേഖല കൊണ്ടുവരുന്നതുമൂലം ഉണ്ടായേക്കാവുന്ന പ്രതികൂല കാര്യങ്ങള്‍ നിരവധിയാണ്. അടുത്തടുത്ത പ്രദേശങ്ങളിലായി ഒന്‍പത് സമയമേഖലകളുള്ള റഷ്യയില്‍ ഓരോ ആഭ്യന്തര സമയമേഖലകള്‍ കടന്നു പോകുമ്പോഴും വാച്ച് ക്രമീകരിക്കേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഗതാഗതത്തെയും വാണിജ്യത്തെയുമാണ് ഈ സമയക്രമം കൂടുതല്‍ ബാധിക്കുന്നത്.

റെയില്‍വേ ഗതാഗത മേഖലയില്‍ അപകടം സംഭവിക്കാനുള്ള സാധ്യതയാണ് ഇതില്‍ പ്രദാനം. മറ്റൊന്ന്, എന്തുകൊണ്ടാണ് അസമിന് വേണ്ടി മാത്രം ഇതാവശ്യപ്പെടുന്നത് എന്നുള്ളതാണ്. അങ്ങനെയാണെങ്കില്‍ മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഈ മാറ്റം വേണ്ടേ? വടക്ക് കിഴക്കന്‍ മേഖലയിലെ എല്ലാ പ്രദേശത്തും സമയ മേഖലയിലെ ഈ വ്യതിയാനം നടപ്പാക്കുകയാണെങ്കില്‍ നിലവില്‍ ഈ പ്രദേശം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി നേരിടുന്ന ഒറ്റപ്പെടല്‍ തീവ്രമാകുകയേയുള്ളൂ. എന്നാല്‍ ഇടക്കിടെ ഉയര്‍ന്നു വരാറുള്ള ഈ ആവശ്യത്തോട് ആത്ര അനുകൂലമല്ലാത്ത നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളാറ്. പ്രത്യേകിച്ചും അതുയര്‍ത്താവുന്ന ഭരണപരമായ പ്രതിസന്ധികള്‍ പരിഗണിച്ചുകൊണ്ട്. ഈ പ്രശ്‌നത്തിന്റെ എല്ലാ വശങ്ങളും പരിഗണിച്ചുകൊണ്ടുള്ള പുതിയൊരാലോചനയ്ക്ക് സമയമായിരിക്കുന്നു.
ബാംഗ്ലൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡിയുടേതടക്കം നിരവധി ഗവേഷകരുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചുകൊണ്ട് ഐ എസ് ടിയെ അരമണിക്കൂര്‍ മുന്‍പോട്ടാക്കി യൂണിവേഴ്‌സല്‍ കോഓര്‍ഡിനേറ്റഡ് ടൈമിന്റെ 6 മണിക്കൂര്‍ മുന്‍പിലേക്ക് ക്രമീകരിക്കാവുന്നതാണ്. 82.5 ഡിഗ്രി കിഴക്ക് നിന്നും 90 ഡിഗ്രി കിഴക്കോട്ട് മാറ്റി സമയം കണക്കാക്കുമ്പോള്‍ ലോംഗിറ്റ്യൂഡ് കടന്നു പോവുക വെസ്റ്റ് ബംഗാള്‍ – അസാം അതിര്‍ത്തിയിലൂടെയായിരിക്കും. ഇതൊരു തരത്തില്‍ അസമിന്റെ ആവശ്യങ്ങളോട് അടുത്തു നില്ക്കുന്ന ഒരു പരിഹാരമായിരിക്കും. ഒരു മണിക്കൂര്‍ മുന്‍പില്‍ ആകുന്നതിലൂടെ വടക്ക് പടിഞ്ഞാറന്‍ മേഖല നേരിടുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച പരാതികള്‍ ഇങ്ങനെ പരിഹരിക്കാന്‍ കഴിയും.
സമയ മേഖലകളുടെ മാറ്റം സംബന്ധിച്ച ചര്‍ച്ചയ്ക്ക് ചരിത്രത്തിലുടനീളം പ്രാധാന്യമുണ്ട്. വലിയ രാജ്യമായിട്ടും ചൈനയ്ക്ക് ബീജിങ്ങ് സ്റ്റാന്‍ഡേര്‍ഡ് ടൈം (ബി.എസ്.ടി) അഥവാ ചൈന സ്റ്റാന്‍ഡേര്‍ഡ് ടൈം (സി എസ് ടി) എന്ന ഒറ്റ സമയ മേഖല മാത്രമേയുള്ളൂ. ഗ്രീന്‍വിച്ച് മീന്‍ ടൈമിനേക്കാള്‍ 8 മണിക്കൂര്‍ മുന്‍പിലാണ് അത്. ചൈനയില്‍ 5 സമയ മേഖലകളുണ്ടെങ്കിലും 1940-കളുടെ ഒടുവില്‍ കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റ് ഇതിനെ ഒറ്റ സമയ മേഖലയാക്കി മാറ്റി. ഇത് ബീജിങ്ങില്‍ നിന്നു വളരെ അകലെ താമസിക്കുന്നവര്‍ക്ക് പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. അതിന്റെ ഫലമായി ചില പ്രദേശങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് ടൈമുമായി ചേര്‍ന്ന് പോകാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. ഇന്ത്യക്ക് പുറമെ ചൈന മാത്രമാണ് ഒറ്റ സമയ മേഖല അംഗീകരിച്ചിരിക്കുന്ന രാജ്യം.

ചൈന ഒരു സമയ മേഖല മാത്രം അംഗീകരിച്ചതിന് പിന്നില്‍ പ്രയോഗികവും രാഷ്ട്രീയവുമായ കാരണങ്ങളാണ് കണ്ടെത്താന്‍ കഴിയുക. ചൈനയില്‍ ഇന്ന് നിലവിലുള്ള സമയ മേഖല നിലവില്‍ വന്നത് 1949-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന രൂപീകരിച്ചതോടെയാണ്. രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുന്നതിനോടൊപ്പം തങ്ങള്‍ കൂടുതല്‍ ഐക്യത്തിലാണ് എന്നു കാണിക്കാന്‍ കൂടിയാണ് ഇത് ചെയ്തത്. നിരവധി പ്രവിശ്യകളും വംശീയ ന്യൂനപക്ഷങ്ങളും ഉള്ള രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ശക്തമായ രാഷ്ട്രീയ നീക്കമാണ്. വ്യത്യസ്തമായ നിരവധി പ്രദേശങ്ങളെ ഒരൊറ്റ ശക്തിയുടെ കീഴില്‍ നിലനിര്‍ത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ചരിത്രത്തില്‍ തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ശൈഥില്യത്തിന്റെയും 20 വര്‍ഷത്തോളം നീണ്ടു നിന്ന ആഭ്യന്തര യുദ്ധത്തിന്റ്റെയും കാലഘട്ടത്തിന് ശേഷം രാജ്യത്തിനു മേല്‍ ഒരു അധികാരശക്തിയെ സ്ഥാപിക്കുക എന്നത് എന്തുകൊണ്ടും പ്രധാന്യമേറിയ കാര്യമാണ്.
റഷ്യയ്ക്ക് ഒന്‍പത് സമയമേഖലകളാണുള്ളത്. പക്ഷെ അതുകൂടാതെ വ്യത്യസ്ത സാഹചര്യങ്ങള്‍ക്കനുസരിച്ച് നിരവധി നിര്‍ദേശങ്ങള്‍ അവിടെ പാലിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് റെയില്‍വേ പിന്തുടരുന്നത് മോസ്‌കോ സമയ മേഖലയാണെങ്കില്‍ (സഖാലിന്‍ റെയില്‍പാത ഒഴിച്ച്) വ്യോമയാന മേഖല പിന്തുടരുന്നത് പ്രാദേശിക സമയ മേഖലയാണ്. ഇത് കുറച്ച് ആശയകുഴപ്പം ഉണ്ടാക്കുന്ന ഒന്നാണ്. അതായത് യാത്ര ചെയ്യുന്ന വേളയില്‍ വാച്ചില്‍ നോക്കി സമയം കണക്കാക്കുന്നതില്‍ നിങ്ങള്‍ക്ക് കൂടുതല്‍ കൃത്യത വേണ്ടിവരും. മറുവശത്ത് ചൈന ആഭ്യന്തര യുദ്ധത്തിന്നു ശേഷം നേരത്തെ നിലനിന്നിരുന്ന അഞ്ചു സമയ മേഖലകളെയും ഇല്ലാതാക്കി ഒറ്റ സമയമേഖലയാക്കി മാറ്റുകയും ചെയ്തു.