പെൺകുട്ടികൾക്കായുള്ള അസിം പ്രേംജി സ്കോളർഷിപ്പ് 18 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ച് അസിം പ്രേംജി ഫൌണ്ടേഷൻ. 18 സംസ്ഥാനങ്ങളിലെ സർക്കാർ സ്‌കൂളുകളിൽ നിന്നുള്ള 2.5 ലക്ഷം പെൺകുട്ടികൾക്കാവും ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി അസിം പ്രേംജി ഫൗണ്ടേഷൻ സ്കോളർഷിപ്പ് നൽകുക.
സർക്കാർ സ്കൂളുകളിൽ നിന്ന് 10, 12 ക്ലാസ് പരീക്ഷകളിൽ വിജയിച്ച് ഒരു ഉത്തമ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ (HEI) പ്രവേശനം നേടുന്ന പെൺകുട്ടികൾക്ക് പ്രതിവർഷം 30,000 വരെ സ്കോളർഷിപ്പ് പദ്ധതിയിലൂടെ ലഭിക്കും. എല്ലാ സർക്കാർ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തിരഞ്ഞെടുത്ത സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾക്ക് ഈ പദ്ധതി പ്രകാരം ധനസഹായം ലഭിക്കും. പെൺകുട്ടി വിജയകരമായി പഠനം തുടരുന്നിടത്തോളം, പെൺകുട്ടികളുടെ കോളേജ്/സർവകലാശാല പ്രോഗ്രാമിന്റെ കാലാവധി തീരുന്നത് വരെ സ്കോളർഷിപ്പ് തുടരും.
“അപേക്ഷകർക്ക് മുമ്പാകെ അധിക മാനദണ്ഡങ്ങളോ യോഗ്യതയോ വച്ചിട്ടില്ല. ഞങ്ങൾ പരീക്ഷ നടത്തുകയോ വിദ്യാർത്ഥികളുടെ സാമ്പത്തിക പശ്ചാത്തലം പരിശോധിക്കുകയോ ചെയ്യുന്നില്ല,” അസിം പ്രേംജി ഫൗണ്ടേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അനുരാഗ് ബെഹാർ പറഞ്ഞു.
സർക്കാർ സ്കൂളുകളിലെ 90 ശതമാനം കുട്ടികളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണെന്നതാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെ കാരണമെന്നും അനുരാഗ് ബെഹാർ പറഞ്ഞു. ഉന്നത വിദ്യാഭ്യാസം നേടുന്ന പെൺകുട്ടികളുടെ സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കുക എന്നതാണ് സ്കോളർഷിപ്പിന്റെ ലക്ഷ്യമെന്ന് ഫൌണ്ടേഷൻ വ്യക്തമാക്കി. പ്രൈമറി സ്കൂൾ പ്രവേശനം നേടുന്ന പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളുടേതിന് തുല്യമാണെങ്കിലു, ഉന്നത വിദ്യാഭ്യാസ പ്രവേശനം നേടുന്ന പെൺകുട്ടികളുടെ ശതമാനം കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികൾക്കുള്ള ട്യൂഷൻ ഫീസ് പലപ്പോഴും ഒഴിവാക്കുകയോ ഫീസിൽ കിഴിവിൽ നൽകുകയോ ചെയ്യാറുണ്ട്. എന്നാൽ യാത്രാചിലവ് വസ്ത്രങ്ങൾ, പുസ്തകങ്ങൾ തുടങ്ങിയ അധിക ചെലവുകൾ അവരെ ഉന്നത വിദ്യാഭ്യാസം എന്ന സ്വപ്നത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നതെന്ന്,” അനുരാഗ് ബെഹാർ കൂട്ടിച്ചേർത്തു
2024-25 സാമ്പത്തിക വർഷത്തിൽ ആയിരുന്നു ‘അസിം പ്രേംജി സ്കോളർഷിപ്പിന്റെ’ ആദ്യ ഘട്ടം ആരംഭിച്ചത്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ ചില ജില്ലകളിൽ നിന്ന് 25,000ത്തിലധികം പെൺകുട്ടികളെ സ്കോളർഷിപ്പിന് തിരഞ്ഞെടുത്തിരുന്നു. 2025-26 അധ്യയന വർഷത്തേക്ക്, അരുണാചൽ പ്രദേശ്, അസം, ബീഹാർ, കർണാടക, തെലങ്കാന, ത്രിപുര, ഒഡീഷ, മിസോറാം എന്നിവയുൾപ്പെടെ 18 സംസ്ഥാനങ്ങളിൽ സ്കോളർഷിപ്പ് ഔദ്യോഗികമായി ആരംഭിക്കാനാണ് ഫൌണ്ടേഷന്റെ തീരുമാനം. 2025-26 ലെ അപേക്ഷാ പ്രക്രിയ 2025 സെപ്റ്റംബറിൽ ആരംഭിക്കും. വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. മൂന്ന് വർഷത്തേക്ക് 2,250 കോടി രൂപ മുടക്കി സ്കോളർഷിപ്പ് പ്രോഗ്രാം പൂർത്തിയാക്കുകയാണ് ഫൌണ്ടേഷന്റെ ലക്ഷ്യം. വരും വർഷങ്ങളിൽ സ്കോളർഷിപ്പ് പദ്ധതി വ്യാപിപ്പിക്കാനും സാധ്യതയുണ്ട്.
content summary: Azim Premji Foundation to award scholarships to 2.5 lakh girls