ഇൻസ്റ്റഗ്രാം റീലുകളും വീഡിയോകളും ഇന്ന് മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ സ്വാധീനിക്കുന്നുണ്ട്. ഡിജിറ്റൽ ലോകം എഐയിലേക്ക് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വഴിമാറിയിരിക്കുന്ന സമയം കൂടിയാണിത്. നിരവധി നല്ല വശങ്ങൾക്കൊപ്പം ദോഷവും ഇതിനുണ്ടെന്ന് വിദഗ്ധരടക്കം അഭിപ്രായപ്പെട്ടിട്ടുമുണ്ട്. ആനിമേഷൻ കഥാപാത്രങ്ങളും വീഡിയോകളും കുട്ടികളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കയെന്നോണമാണ് കഴിഞ്ഞ ദിവസം കേരള പൊലീസ് സോഷ്യൽ മീഡിയയിൽ എഐ ആനിമേറ്റഡ് കഥാപാത്രമായ ഓറഞ്ച് പൂച്ചകളെക്കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചത്. ക്രൂരതയും അക്രമ സ്വഭാവവും മുഖമുദ്രയാക്കിയ ഓറഞ്ച് പൂച്ചകളിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തണമെന്നായിരുന്നു അതിന്റെ ഉള്ളടക്കം.
ആക്രമണസ്വഭാവത്തെ നോർമലൈസ് ചെയ്യുകയാണ് ഇത്തരം വീഡിയോകളിലൂടെ ചെയ്യുന്നതെന്നും അനുകരണ പ്രവണതയുള്ള കുട്ടികളിൽ ഇത് നാർസിസിസ്റ്റിക്ക് സ്വഭാവം വളർത്താൻ സാധ്യതയുണ്ടെന്നും സൈക്കോളജിസ്റ്റ് അഞ്ജു മിനേഷ് അഴിമുഖത്തോട് പറഞ്ഞു.
‘ആനിമേഷൻ കഥാപാത്രങ്ങളും വീഡിയോകളും കുട്ടികളെ വളരെ പെട്ടെന്ന് ആകർഷിക്കുന്നവയാണ്. അങ്ങനെയുള്ള രീതിയിലാണ് ആനിമേഷൻ ആയാലും കാർട്ടൂണുകളായലും ചിത്രീകരിച്ചിരിക്കുന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വയറലായ ഓറഞ്ച് പൂച്ചയുടെ വീഡിയോയുടെ കാര്യം നോക്കുകയാണെങ്കിൽ ആക്രമണസ്വഭാവത്തെ നോർമലൈസ് ചെയ്യുകയാണ് ഇതിലൂടെ ചെയ്യുന്നത്. സഹജീവികളെ ചതിച്ച് കെണിയിലാക്കി മാരകമായി ആക്രമിച്ചു കൊന്നു തിന്നുന്നതും ഉറ്റസുഹൃത്തുക്കളെ ഭക്ഷണത്തിന് വീട്ടിലേക്ക് ക്ഷണിച്ച് മദ്യം നൽകി മയക്കി കൊല്ലുന്നതാണ് ഒട്ടുമിക്ക വീഡിയോകളുടെയും ഉള്ളടക്കം.
പെപ്പ പിഗ് എന്നൊരു കാർട്ടൂൺ കഥാപാത്രമുണ്ട്. അതിൽ വളരെ പോസിറ്റീവ് ആയിട്ടുള്ള നിരവധി കാര്യങ്ങൾ പറയുന്നുണ്ട്. കുട്ടികളുടെ ഭാഷ മെച്ചപ്പെടുത്താൻ വലിയൊരു പരിധി വരെ ഇത്തരം ആനിമേറ്റഡ് വീഡിയോകൾ സഹായിക്കുന്നുണ്ട് എന്നത് ശരിയാണ്. അതേസമയം, അതിൽ ചിത്രീകരിക്കുകയും പറയുകയും ചെയ്യുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഇവയെല്ലാം കുട്ടികളെ പെട്ടെന്ന് സ്വാധീനിക്കുന്നവയാണ്. ഈയടുത്ത് വന്ന ഒരു കേസിനെക്കുറിച്ച് പറയാം, മാഷ എന്ന കാർട്ടൂൺ കണ്ടിട്ട് അതിലേത് പോലെ ഉപദ്രവിക്കാൻ ശ്രമിക്കുന്നു എന്ന് ഒരു കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു. മറ്റുള്ളവരെ അനുകരിക്കാൻ കുട്ടികൾ എപ്പോഴും ശ്രമിക്കാറുണ്ട്. അതാണ് ഓറഞ്ച് പൂച്ച പോലത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ളവയുടെ ദോഷം എന്ന് പറയുന്നത്. എന്തൊരു ക്രൂരമായ രീതിയിലാണ് ഈ പൂച്ചയെ ചിത്രീകരിച്ചിരിക്കുന്നത്. തങ്ങൾ കാണുന്ന ഈ പൂച്ചയ്ക്ക് സഹജീവികളെ ആക്രമിക്കാമെങ്കിൽ തങ്ങൾക്കുമാകാം എന്നൊരു ചിന്ത കുട്ടികളിൽ വരും. അത് പ്രാവർത്തികമാക്കാൻ അവർ ശ്രമിക്കുകയും ചെയ്യും’, സൈക്കോളജിസ്റ്റ് അഞ്ജു മിനേഷ് അഴിമുഖത്തോട് പറഞ്ഞു.
സഹജീവികളെ ചതിച്ച് കെണിയിലാക്കി മാരകമായി ആക്രമിച്ചു കൊന്നു തിന്നുന്നതും ഉറ്റസുഹൃത്തുക്കളെ ഭക്ഷണത്തിന് വീട്ടിലേക്ക് ക്ഷണിച്ച് മദ്യം നൽകി മയക്കി കൊല്ലുന്നതാണ് ഓറഞ്ച് പൂച്ചകളുടെ ഒട്ടുമിക്ക വീഡിയോകളുടെയും ഉള്ളടക്കം. ഇവ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങുമാണ്.
Content Summary: Orange cat AI videos are not good for children
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.