ബാബറി മസ്ജിദ് തകര്‍ത്തത് വെറും കലാപമായി ചെറുതാക്കി എന്‍സിആര്‍ടിസി. കുട്ടികളെ കലാപത്തെക്കുറിച്ച് എന്തിന് പഠിപ്പിക്കണമെന്നാണ് ചരിത്രം തിരുത്തിയ വിവാദത്തില്‍ എന്‍സിഇആര്‍ടി ഡയറക്ടര്‍ ചോദിക്കുന്നത്. പന്ത്രാണ്ടാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സിന്റെ പുതുക്കിയ പാഠപുസ്തകത്തില്‍ നിന്നാണ് ബാബറി പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകള്‍ നീക്കം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഡയറ്കടറുടെ ന്യായീകരണം വന്നത്.
തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ് എല്ലാ മാറ്റങ്ങളും കൊണ്ടുവന്നിരിക്കുന്നതെന്നും പാഠ്യപദ്ധതിയെ കാവിവത്കരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടില്ലെന്നുമാണ്. നാഷണല്‍ കരിക്കുലം ഫോര്‍ എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ്(എന്‍സിഇആര്‍ടി) ഡയറക്ടര്‍ ദിനേഷ് പ്രസാദ് സക്ലാനി പിടിഎയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞത്.
‘ നമ്മള്‍ എന്തിന് കലാപങ്ങളെ കുറിച്ച് കുട്ടികളെ പഠിപ്പിക്കണം? പാഠപുസ്തകങ്ങളുടെ ലക്ഷ്യം അക്രമം സൃഷ്ടിക്കാനും നിരാശരായ പൗരന്മാരെ ഉണ്ടാക്കാനുമല്ല. വസ്തുതകള്‍ അടിസ്ഥാനമാക്കിയുള്ള ചരിത്രം വേണം സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍. അല്ലാതെ യുദ്ധക്കളങ്ങള്‍ സൃഷ്ടിക്കുകയല്ല വേണ്ടത്”’ സക്ലാനിയുടെ വാദം ഇങ്ങനെയാണ്. വെറുപ്പും, അക്രമവും സ്‌കൂളുകളില്‍ പഠിപ്പിക്കേണ്ട വിഷയമല്ലെന്നും എന്‍സിഇആര്‍ടി ഡയറക്ടര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
കഴിഞ്ഞാഴ്ച്ച പുറത്തിറങ്ങിയ പുതിയ പാഠപുസ്തകത്തിലാണ് ബാബറിയെ വെട്ടിയത്. 12 ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തില്‍ ബാബറി മസ്ജിദിനെ ഒഴിവാക്കി പകരം ‘ മൂന്നു മിനാരങ്ങളുള്ള നിര്‍മിതി’ എന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്. മുമ്പ് അയോധ്യയ എന്ന ഭാഗത്തില്‍ ബാബറിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാല് പേജുകളില്‍ ഉണ്ടായിരുന്നത് രണ്ട് പേജുകളാക്കി കുറച്ചിട്ടുമുണ്ട്. പേജുകള്‍ കുറച്ചതിനൊപ്പം ബാബറി തകര്‍ക്കലുമായി ബന്ധപ്പെട്ട നേരത്തെയുണ്ടായിരുന്ന വിശദീകരണങ്ങളും വെട്ടിക്കളഞ്ഞിരിക്കുകയാണ്.
മുന്‍ പാഠപുസ്തകത്തില്‍ ബാബറി തകര്‍ക്കലുമായി ബന്ധപ്പെട്ട പത്ര വാര്‍ത്തകളിലെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. 1992 ഡിസംബര്‍ ഏഴിലെ ബാബറി മസ്ജിദ് പൊളിച്ചു, കേന്ദ്രം കല്യാണ്‍ സിംഗ് സര്‍ക്കാരിനെ പുറത്താക്കി, ഡിസംബര്‍ 13 ലെ ‘ അടല്‍ ബിഹാരി വാജ്പേയിയുടെ പ്രസ്താവനയായ, ബിജെപിയുടെ മോശം കണക്കുകൂട്ടല്‍, തുടങ്ങിയ തലക്കെട്ടുകളും പ്രസ്താവനകളുമെല്ലാം പുതിയ പുസ്തകത്തില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
ബാബറി പള്ളിയുടെ തകര്‍ച്ചയ്ക്ക തുടക്കം കുറച്ച ഗുജറാത്തിലെ സോമനാഥില്‍ നിന്നും അയോധ്യയിലേക്കുള്ള രഥയാത്ര, പള്ളി തകര്‍ത്ത കര്‍സേവകരുടെ പങ്ക്, 1992 ഡിസംബര്‍ ആറില്‍ പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട് ഉണ്ടായ സാമുദായിക കലാപം, ബിജെപി ഭരണ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം, അയോധ്യയില്‍ സംഭവിച്ചതിനെ കുറിച്ചുള്ള ബിജെപിയുടെ ഖേദം തുടങ്ങിയ കാര്യങ്ങളൊക്കെ പുസ്തകത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
മുമ്പത്തെ പാഠപുസ്‌കതത്തില്‍ 16 ആം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ സൈനിക മേധാവിയായിരുന്ന ജനറല്‍ മിര്‍ ബാഖി നിര്‍മിച്ച ആരാധനാലയമാണ് ബാബറി മസ്ജിദ് എന്ന് വിശദീകരിച്ചിട്ടുണ്ടായിരുന്നു. പുതുക്കിയ പുസ്തകത്തില്‍ 1528 ല്‍ ഹിന്ദു ദൈവമായ രാമന്റെ ജന്മസ്ഥലത്ത് നിര്‍മിച്ച മൂന്നു മിനാരങ്ങളുള്ള ഒരു നിര്‍മിതി മാത്രമായി മാറി ബാബറി പള്ളി. ഈ നിര്‍മിതിയുടെ അകത്തും പുറത്തും ഹിന്ദു ചിഹ്നങ്ങളുടെ അവശിഷ്ടങ്ങള്‍ ദൃശ്യമായിരുന്നുവെന്നു കൂടി കൂട്ടി ചേര്‍ത്തിട്ടുണ്ട്.
1986 ഫെബ്രുവരിയില്‍ ഫൈസാബാദ്(ഇപ്പോഴത്തെ അയോധ്യ) ജില്ല കോടതി മസ്ജിദ് തുറക്കാന്‍ ഉത്തരവിട്ടശേഷം ഇരു വിഭാഗങ്ങളില്‍ നിന്നുമുണ്ടായ സംഘം ചേരലുകളെക്കുറിച്ച് പഴയ പുസ്തകത്തിലെ രണ്ടു പേജുകളില്‍ വിശദീകരിച്ചിരുന്നു. കോടതിക്ക് വിധിക്കു പിന്നാലെയുണ്ടായ വര്‍ഗീയാന്തരീക്ഷം, സോമനാഥില്‍ നിന്നും അയോധ്യയിലേക്ക് നടന്ന രഥയാത്ര, രാമക്ഷേത്ര നിര്‍മാണത്തിനായി തീവ്രഹിന്ദുവിഭാഗം ഏറ്റെടുത്ത കര്‍സേവ, പള്ളി പൊളിക്കല്‍, അതിന്റെ തുടര്‍ച്ചയായി 1993 ജനുവരിയില്‍ നടന്ന സാമുദായിക ലഹള, ബിജെപിയുടെ ഖേദപ്രകടനം, മതനിരപേക്ഷതയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചര്‍ച്ചകള്‍ ഇതെല്ലാം എന്‍സിഇആര്‍ടി കുട്ടികള്‍ പഠിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്.
പള്ളി പൊളിക്കുന്ന കാലത്ത് ഉത്തര്‍പ്രദേശ് ഭരിച്ചിരുന്ന ബിജെപി മുഖ്യമന്ത്രി കല്യാണ്‍ സിംഗിനെ കുറ്റക്കാരനായി വിധിച്ചുകൊണ്ടുള്ള സുപ്രീം കോടതി ചീഫ് ജസ്റ്റീസ് വെങ്കടാചലയ്യ, ജസ്റ്റീസ് ജി എന്‍ റായ് എന്നിവരുടെ വിധിയും പുതിയ പുസ്തകത്തില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. Babri masjid history change in text book ncert director explanation
Content Summary; Babri masjid history change in text book ncert director explanation