June 13, 2026 |

ടാബ്ലോയിൽ ലവ് ജിഹാദും മുസ്ലീം വിദ്വേഷവും; ബീഹാറിലെ ബജ്‌രംഗ് ദളിന്റെ ശിവരാത്രി ആഘോഷം വിവാദത്തിൽ

പെൺകുട്ടികളുടെ ഛിന്നഭിന്നമായ ശരീരഭാഗങ്ങൾ അടയാളപ്പെടുത്തുന്നതിനായി മുറിഞ്ഞ് കഷണങ്ങളായ പാവകളെ ഉപയോഗിച്ചിരുന്നു

ബീഹാറിലെ മുൻഗറിൽ ശിവരാത്രി ആഘോഷങ്ങൾക്കായി സംഘടിപ്പിച്ച ഘോഷയാത്രയിലെ ‘ലവ് ജിഹാദ്’ പ്രമേയമാക്കിയുള്ള ടാബ്ലോ (നിശ്ചല ദൃശ്യങ്ങൾ) വിവാദത്തിന് വഴിയൊരുക്കി. 50ലധികം ടാബ്ലോകൾ ഉൾക്കൊള്ളിച്ച വലിയ ഘോഷയാത്ര നഗരത്തെ മുഴുവൻ വലംവച്ച് മങ്കേശ്വർനാഥ് ക്ഷേത്രത്തിൽ സമാപിക്കുകയായിരുന്നു.

50 ടാബ്ലോകളിൽ ഒന്ന് ഹിന്ദു പെൺകുട്ടികൾക്ക് നേരെ മുസ്ലീങ്ങൾ നടത്തിയ അതിക്രമങ്ങൾ എന്ന പ്രമേയത്തെ ആസ്പദമാക്കിയായിരുന്നു. പെൺകുട്ടികളുടെ ഛിന്നഭിന്നമായ ശരീരഭാഗങ്ങൾ അടയാളപ്പെടുത്തുന്നതിനായി മുറിഞ്ഞ് കഷണങ്ങളായ പാവകളെ ഉപയോഗിച്ചിരുന്നു.

ഹിന്ദു പെൺകുട്ടികൾക്കെതിരെ നടന്നിട്ടുള്ള അക്രമങ്ങളുടെ പത്രക്കുറിപ്പുകളും അതോടൊപ്പം പ്രദർശിപ്പിച്ചിരുന്നു, ഇത് വിവാദത്തെ ആളിക്കത്തിക്കുന്നതിന് കാരണമായി.

ഭരണകക്ഷിയായ ജെഡിയു സാമുദായിക സൗഹാർദം നിലനിർത്തുന്നതിൽ പരാജയപ്പെട്ടുവെന്നാണ് സംഭവത്തിൽ ആർജെഡി നേതാവായ മൃത്യുഞ്ജയ് തിവാരി ആരോപിച്ചത്. ഇതോടെ ടാബ്ലോയ്‌ക്കെതിരെ നിശിത വിമർശനവുമായി പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി.

”സമാധാനപരമായ അന്തരീക്ഷം തകർക്കാനും, കലാപമുണ്ടാക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്തിനാണ് ശിവരാത്രി ആഘോഷത്തിൽ ‘ലൗ ജിഹാദ്’ തീം കാണിച്ചത്? ബീഹാറിൽ ഹിന്ദു-മുസ്ലീം സംഘർഷങ്ങൾ ഉണ്ടാകില്ലെന്ന് നിതീഷ് കുമാർ പറയുന്നു, എന്നാൽ ഇപ്പോൾ ബജ്‌റംഗ്ദളും ബിജെപിയും ഒരുക്കിയ ടോബ്ലോയെ എതിർക്കാൻ ജെഡിയുവിന് കഴിയുമോ” മൃത്യൂഞ്ജയ് ചോദിച്ചു.

ഒന്നിലധികം ടാബ്ലോകൾ ടോബ്ലോകൾ ഉണ്ടായിരുന്ന ഒരു പരിപാടിയിൽ ഒന്നിനെ മാത്രം കുറ്റപ്പെടുത്തുന്നത് അന്യായമാണെന്ന വാദവുമായി എൽജെപി(ആർ) നേതാവ് ധീരേന്ദ്ര മുന്ന രംഗത്തെത്തി. ബീഹാറിലെ ക്രമസമാധാനം ഇപ്പോൾ നല്ല നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അധികാരികൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് വ്യക്തമാക്കി, സംസ്ഥാന സർക്കാരിനെ ന്യായീകരിച്ചുകൊണ്ട് ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് ശ്യാം സുന്ദർ ശരൺ പറഞ്ഞു.

ബീഹാറിലെ മതസൗഹാർദം തകർക്കാൻ അനുവദിക്കില്ലെന്നും എല്ലാവർക്കും അവരവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ അവകാശമുണ്ടെന്നും ശരൺ കൂട്ടിച്ചേർത്തു.

content summary; Bajrang Dal’s ‘Love Jihad’ Tableau on Maha Shivratri Stirs Controversy in Bihar

Leave a Reply

Your email address will not be published. Required fields are marked *

×