ബാങ്കോക്കിലെ പബ്ബിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 27 പേര്‍ മരണപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ദുരന്തമുണ്ടായത്. പരിക്കേറ്റ 22 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. തായ്ലന്‍ഡിലെ വിനോദസഞ്ചാര മേഖലയെ നടുക്കിയ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിത്.
തിങ്കളാഴ്ച പുലര്‍ച്ചെ തന്നെ പ്രധാനമന്ത്രി അനുതിന്‍ ചാര്‍ണ്‍വിരകുല്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. തീപിടിത്തമുണ്ടായ ഉടന്‍ തന്നെ ഹാളിനുള്ളില്‍ ആകെ പുക നിറഞ്ഞുവെന്നു രക്ഷപ്പെട്ടവര്‍ പറഞ്ഞതായി പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് പലരും രക്ഷപ്പെടാനായി പബ്ബിന്റെ പിന്‍ഭാഗത്തുള്ള ശുചിമുറികള്‍ക്ക് സമീപത്തേക്ക് ഓടുകയായിരുന്നു. നിലവില്‍ 27 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും മറ്റുള്ളവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു.
അപകടത്തില്‍ പരിക്കേറ്റ മറ്റ് 63 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ബാങ്കോക്ക് മെട്രോപൊളിറ്റന്‍ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥനായ സുരിയാചായ് രവിവാന്‍ അറിയിച്ചു. ഇതില്‍ 22 പേരുടെ നില ഗുരുതരമാണെന്ന് ബാങ്കോക്ക് ഗവര്‍ണര്‍ ഛാഡ്ചാര്‍ട്ട് സിത്തിപണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്.
പബ്ബിന്റെ മുന്‍ഭാഗത്തുനിന്നാണ് തീപടര്‍ന്നതെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോഴേക്കും പബ്ബിന്റെ ഭൂരിഭാഗം പ്രദേശവും തീ വിഴുങ്ങിയിരുന്നു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാകേണ്ടതുണ്ടെന്ന് സുരിയാചായ് വ്യക്തമാക്കി.
‘റോങ് ബിയര്‍ നാ ലാറ്റ് ഫ്രാവോ’ പബ്ബിലാണ് ദുരന്തമുണ്ടായത്. പുക നിറഞ്ഞ കെട്ടിടത്തിനുള്ളില്‍ ഓക്‌സിജന്‍ മാസ്‌കുകള്‍ ധരിച്ച് അഗ്‌നിശമനസേനാംഗങ്ങള്‍ ടോര്‍ച്ച് വെളിച്ചത്തില്‍ തിരച്ചില്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശുചിമുറികള്‍ക്ക് സമീപം നിരവധി പേര്‍ നിലത്തു വീണുകിടക്കുന്ന അവസ്ഥയിലായിരുന്നു. പബ്ബിന് ആവശ്യമായ പെര്‍മിറ്റുകളും അടിയന്തിരമായി പുറത്തുകടക്കാനുള്ള ഫയര്‍ എക്‌സിറ്റുകളും ഉണ്ടായിരുന്നുവെന്നും, എന്നാല്‍ തീ അതിവേഗം പടര്‍ന്നതും പുക നിറഞ്ഞതുമാണ് ആളുകള്‍ക്ക് രക്ഷപ്പെടാന്‍ തടസ്സമായതെന്നും ഗവര്‍ണര്‍ ഛാഡ്ചാര്‍ട്ട് പറഞ്ഞു.
അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ പബ്ബിലെ ബാന്‍ഡ് സംഘത്തിലെ ഒരംഗം ഞെട്ടിക്കുന്ന വിവരങ്ങളാണ് മാധ്യമങ്ങളോട് പങ്കുവെച്ചത്. ലൈറ്റുകള്‍ പെട്ടെന്ന് അണഞ്ഞതിന് പിന്നാലെ മുറിയില്‍ പുക നിറയുകയും, തൊട്ടുപിന്നാലെ വലിയ സ്‌ഫോടനത്തോടെ തീപടരുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തിന് ശേഷം ആര്‍ക്കും ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നും ഭൂരിഭാഗം ആളുകളും സഹായത്തിനായി നിലവിളിച്ചുകൊണ്ട് തറയില്‍ വീഴുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫോറന്‍സിക് സംഘവും പോലീസും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചുവരികയാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Content Summary; At least 27 people were killed and dozens injured after a massive fire broke out at the Rong Beer Na Lat Phrao pub in Bangkok, Thailand
This post was last modified on July 13, 2026 7:23 am
Leave a Comment