ബംഗ്ലാദേശില്‍ സംവരണ വിരുദ്ധ കലാപം കൂടുതല്‍ രൂക്ഷമാകുന്നു. മരണ സംഖ്യ 105 ല്‍ എത്തിയെന്നാണ് ഒടുവിലത്തെ വിവരം. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ രാജ്യ വ്യാപകമായി കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കലാപം അടിച്ചമര്‍ത്താന്‍ സൈന്യത്തെ രംഗത്തിറക്കി.
കലാപരൂക്ഷിതമായ ബംഗ്ലാദേശില്‍ 8,500 വിദ്യാര്‍ത്ഥികള്‍ അടക്കം 15,000 ഇന്ത്യക്കാരുണ്ട്. ഇവരെല്ലാം തന്നെ സുരക്ഷിതരാണെന്നാണ് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചത്. 405 വിദ്യാര്‍ത്ഥികള്‍ ഇതിനകം മടങ്ങിയെത്തിയിട്ടുണ്ട്. രാജ്യത്തെ സ്വകാര്യ-സര്‍ക്കാര്‍ സര്‍വകലാശാലകളെല്ലാം അനിശ്ചിത കാലത്തേക്ക് അടച്ചു പൂട്ടിയിട്ടിരിക്കുകയാണ്.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പത്തു പതിനഞ്ച് പേരടങ്ങുന്ന സംഘങ്ങളായി സ്വകാര്യം വാഹനങ്ങളെ ആശ്രയിച്ചും ട്രെയിന്‍ കയറിയുമൊക്കെയാണ് കൊല്‍ക്കത്തയില്‍ മടങ്ങിയെത്തിയിരിക്കുന്നത്. സാഹചര്യങ്ങള്‍ ഒട്ടും നല്ലതല്ലെന്നാണ് അവിടെ നിന്നും കുട്ടികള്‍ വിളിച്ചറിയിച്ചിട്ടുള്ളതെന്നാണ് മാതാപിതാക്കള്‍ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞത്.
ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് ദുഷ്‌കരമായിരുന്നുവെന്നാണ് മടങ്ങിയെത്തിയ 80 അംഗ വിദ്യാര്‍ത്ഥികളില്‍ ഒരാളായ ആസിഫ് ഹുസൈന്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞത്. മണിഗഞ്ജിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയാണ് ആസിഫ് ഹുസൈന്‍. നഗരത്തില്‍ നിന്നും പതിനഞ്ച് മിനിട്ട് യാത്രയുള്ള തങ്ങളുടെ കോളേജില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും നഗരത്തിലെ സ്ഥിതി മോശമാണെന്ന് അറിഞ്ഞതോടെയാണ് ഇന്ത്യയിലേക്ക് മടങ്ങിയതെന്നാണ് ആസിഫ് പറയുന്നത്. സ്വകാര്യ ടാക്‌സി പിടിച്ചാണ് 170 കിലോമീറ്റര്‍ ദൂരത്ത് കിടക്കുന്ന ഇന്ത്യന്‍ അതിര്‍ത്തി വരെ ആസിഫും സംഘവും എത്തിയത്. യാത്ര ഭയപ്പെടുത്തുന്നതായിരുന്നു. ധാക്കയിലുള്ള സുഹൃത്തുക്കളോടൊന്നും ഇതുവരെ സംസാരിക്കാനായിട്ടില്ല. ആറു മണിക്കൂര്‍ എടുത്താണ് ഇന്ത്യന്‍ അതിര്‍ത്തിവരെ എത്തിയത്. ഇമിഗ്രിഷേന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പിന്നെയും മണിക്കൂറുകള്‍ വേണ്ടി വന്നു. അസം സ്വദേശിയാണ് ആസിഫ് ഹുസൈന്‍.
കര്‍ഫ്യൂ മൂലം അടഞ്ഞു കിടക്കുന്ന ധാക്കയിലെ തെരുവുകളില്‍ ബംഗ്ലാദേശ് സൈന്യത്തിന്റെ സജീവ സാന്നിധ്യമുണ്ടെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനങ്ങള്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ നടത്താന്‍ വേണ്ടി രണ്ടു മണിക്കൂര്‍ ഇളവ് നല്‍കിയിട്ടുണ്ട്.
ആളുകള്‍ കൂട്ടം ചേരുന്നത് കര്‍ശനമായി വിലക്കിയിരിക്കുകയാണ്. ടെക്‌സ്റ്റ് മെസേജുകള്‍ അയക്കുന്നതും തടസ്സപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച്ച രാവിലെ പത്തു മണിവരെയാണ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്.
രാജ്യത്തെ പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധത്തില്‍ തങ്ങളും പങ്കാളികളാകുമെന്നാണ് പ്രതിപക്ഷം പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച്ച തെരുവിലിറങ്ങിയ ബിഎന്‍പി പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് റബര്‍ ബുള്ളറ്റ് പ്രയോഗിച്ചിരുന്നു. മുതിര്‍ന്ന നേതാവ് രാഹുല്‍ കബീര്‍ റിസ്വിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിഷേധക്കാര്‍ക്കു നേരെ റബര്‍ ബുള്ളറ്റുകളും കണ്ണീര്‍വാതക പ്രയോഗവുമാണ് പൊലീസ് പ്രധാനമായും നടത്തുന്നത്.
സര്‍ക്കാര്‍ ജോലികളില്‍ 1971 ലെ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ പങ്കെടുത്തവരുടെ പിന്‍ഗാമികള്‍ക്ക് 30 ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ കാരണം. നാല് മാസത്തോളം നീണ്ട പ്രക്ഷോഭത്തിലൂടെ 2018 ല്‍ നിര്‍ത്തലാക്കിയ സംവരണമാണ് കോടതി പുനസ്ഥാപിക്കാന്‍ കോടതി ഉത്തരവിട്ടത്. Bangladesh protest 105 killed, indians are safe says central government
Content Summary. Bangladesh protest 105 killed, indians are safe says central government