April 25, 2025 |
Share on

സെന്റ്. മാര്‍ട്ടിന്‍സ് ദ്വീപിന്റെ ചരിത്രം

ഒരു ദ്വീപാണോ ബംഗ്ലാദേശിലെ കുഴപ്പങ്ങള്‍ക്ക് കാരണം?

ബംഗ്ലാദേശില്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്നൊരു പേരാണ് സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ്. അധികാരത്തില്‍ നിന്നും പുറത്തായ ഷെയ്ഖ ഹസീനയുടെ വാക്കുകള്‍ എന്ന പേരില്‍ ഒരു മാധ്യമത്തില്‍ വന്ന ചില ആക്ഷേപങ്ങള്‍ ദ്വീപിന് അന്താരാഷ്ട്ര രാഷ്ട്രീയ പ്രാധാന്യം നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ് അമേരിക്കയ്ക്ക് വിട്ടു നല്‍കിയിരുന്നെങ്കില്‍ താന്‍ ഇപ്പോഴും പ്രധാന മന്ത്രി കസേരയില്‍ ഉണ്ടാകുമായിരുന്നുവെന്നാണ് പത്രത്തില്‍ വന്ന ഹസീനയുടെ പരാതി.

എന്നാല്‍, അമ്മയുടെയെന്ന പേരില്‍ വന്നിരിക്കുന്ന പാരാമര്‍ശങ്ങള്‍ തെറ്റായതും കെട്ടിച്ചമച്ചതുമാണെന്നാണ് ഹസീനയുടെ മകന്‍ സജീബ് വസേദ് പറയുന്നത്. ഹസീനയുടെ പുറത്താകലിനും സെന്റ് മാര്‍ട്ടിന്‍സ് ദ്വീപിനും തമ്മില്‍ ബന്ധമില്ലെന്നാണ് വസേദിന്റെ വാദം.

2023 ല്‍ ഹസീന നടത്തിയൊരു പ്രസംഗത്തില്‍ നിന്നെടുത്ത പരാമര്‍ശങ്ങളാണ് പുതിയ സംഭവ വികാസങ്ങളുടെ പശ്ചാതലത്തില്‍ പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അന്ന് ഹസീന പറഞ്ഞത് ഇങ്ങനെയായിരുന്നു; ‘ സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ് പാട്ടത്തിന്ന നല്‍കിയാല്‍ അധികാരത്തില്‍ തുടരുന്നതിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല, പക്ഷേ, ഞാനത് ചെയ്യില്ല’. എന്നാല്‍ അന്നത്തെ പ്രസംഗത്തില്‍ ഏതെങ്കിലും രാജ്യത്തിന്റെ പേര് ദ്വീപുമായി ചേര്‍ത്ത് ഹസീന പറഞ്ഞിരുന്നില്ല.

അന്നത്തെ പ്രസംഗത്തില്‍ പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി(ബിഎന്‍പി)യെയാണ് ദ്വീപുമായി ബന്ധപ്പെടുത്തി ഹസീന കുറ്റപ്പെടുത്തിയത്. സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ് വില്‍ക്കാന്‍ ബിഎന്‍പി ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു മുന്‍ പ്രധാനമന്ത്രിയുടെ ആരോപണം. ‘ ബിഎന്‍പി 2021 ല്‍ അധികാരത്തില്‍ വന്നത് എങ്ങനെയായിരുന്നു? പ്രകൃതിവാതകം വില്‍ക്കാന്‍ അനുവദിക്കാമെന്ന് ഉറപ്പു നല്‍കിയാണ് അവര്‍ അധികാരത്തില്‍ വന്നത്. ഇപ്പോള്‍ അവര്‍ ആഗ്രഹിക്കുന്നതെന്താ, ഈ രാജ്യം വില്‍ക്കാമെന്നോ, അല്ലെങ്കില്‍ സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ് വില്‍ക്കാമെന്നോ? ഇതായിരുന്നു ഹസീനയുടെ ചോദ്യം.

അമേരിക്ക ഈ ദ്വീപില്‍ അവരുടെ സൈനിക താവളം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്. ഏറെ നിര്‍ണായകമായൊരു സ്ഥാനമാണ് സെന്റ്.മാര്‍്ട്ടിന്‍സ് ദ്വീപ്. അമേരിക്കയുടെ ഈ പദ്ധതി വിജയം കാണുകയാണെങ്കില്‍ ഇന്ത്യയ്ക്ക് അടക്കം അതൊരു ഭീഷണിയായി മാറും.

ഇത്രയേറെ നിര്‍ണായകമായി മാറുന്ന സെന്റ്. മാര്‍ട്ടിന്‍സ് ദ്വീപിന്റെ ചെറു ചരിത്രം ഇതാണ്;

ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്ക് കിഴക്ക് ഭാഗത്തായി, ബംഗ്ലാദേശിന്റെയും മ്യാന്മറിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ദ്വീപാണ് സെന്റ്. മാര്‍ട്ടിന്‍സ്. ബംഗ്ലാദേശിന്റെ കോക്‌സ് ബസാര്‍- ടെക്‌നാഫ് ഉപദ്വീപിന്റെ തെക്കന്‍ മുമ്പില്‍ നിന്നും വെറും ഒമ്പത് കിലോമീറ്റര്‍ ദൂരം മാത്രമാണ് ദ്വീപിലേക്കുള്ളത്. 7.3 കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന ദ്വീപ് സമുദ്ര നിരപ്പില്‍ നിന്നും ശരാശരി 3.6 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ബംഗ്ലാദേശിലെ ഏക പവിഴ ദ്വീപ് എന്ന പ്രത്യേകതയും സെന്റ് മാര്‍ട്ടിന്‍സിനുണ്ട്. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് മേഖലകളിലായി 10 മുതല്‍ 15 കിലോമീറ്റര്‍ ദൂരത്തില്‍ പാറക്കൂട്ടങ്ങള്‍ കാണാം. കടലാമകളുടെ പ്രജനന കേന്ദ്രം കൂടിയാണിവിടം.

മനുഷ്യവാസമുള്ള ഈ ദ്വീപിലെ ജനസംഖ്യ 10,000 ആണ്. ലോകത്തിലെ തന്നെ പ്രശസ്തമായൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിവിടം. ഓരോ ദിവസവും ശരാശരി 10,000 വിനോദ സഞ്ചാരികള്‍ ഈ ദ്വീപില്‍ തങ്ങുന്നുണ്ടെന്നാണ് ദ ഡെയ്‌ലി സണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ടെക്‌നാഫ് ഉപദ്വീപിന്റെ ഭാഗമായിരുന്നു സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ് എന്നാണ് ചരിത്രം പറയുന്നത്. എന്നാല്‍ കാലക്രമേണ ഈ ദ്വീപ് കടലില്‍ മുങ്ങിപ്പോവുകയായിരുന്നു. ഏതാണ്ട് 450 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇന്നത്തെ സെന്റ് മാര്‍ട്ടിന്‍സ് ദ്വീപിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങള്‍ കടലില്‍ നിന്ന് ഉയര്‍ന്നു വരുന്നത്. ദ്വീപിന്റെ വടക്കും ബാക്കിയുള്ള ഭാഗങ്ങളും പിന്നീടുള്ള 100 വര്‍ഷങ്ങള്‍ക്കുള്ളിലാണ് സമുദ്ര നിരപ്പിന് മുകളിലേക്ക് വരുന്നതെന്നുമാണ് ദ്വീപിനെ പറ്റിയുള്ള ചരിത്രത്തില്‍ പറയുന്നത്.

ആദ്യമായി ഈ ദ്വീപിലേക്ക് വന്ന മനുഷ്യര്‍ അറബി വ്യാപാരികള്‍ ആണെന്നാണ് പറയുന്നത്. 18 ആം നൂറ്റാണ്ടിലാണ് അവരുടെ ആഗമനമുണ്ടായതെന്ന് കണക്കാക്കുന്നു. അറബികള്‍ നല്‍കിയ പേര് ജസീറ എന്നായിരുന്നു(ജസീറ എന്നാല്‍ അറബിയില്‍ ദ്വീപ്, ഉപദ്വീപ് എന്നൊക്കെയാണ് അര്‍ത്ഥം). പിന്നീട് ദ്വീപിന്റെ പേര് നാരികേല്‍ ജിന്‍ജിറ അഥവ കോക്കനട്ട് ഐലന്‍ഡ് എന്നായി.

1900 ല്‍ ബ്രിട്ടീഷ് ഇന്ത്യയുടെ അധികാര പരിധിയിലായി ദ്വീപ്. അതിനുശേഷമാണ് ദ്വീപില്‍ മാനുഷ്യവാസം തുടങ്ങുന്നത്. ആദ്യം ഇങ്ങോട്ട് കുടിയേറിയവര്‍ ബംഗാളികളും റാഖൈന്‍ സമുദായക്കാരുമായിരുന്നു(റാഖൈന്‍ ഇന്ന് മ്യാന്മറിലാണ്). ബ്രിട്ടന്റെ കീഴിലായിരിക്കുമ്പോഴാണ് ദ്വീപിന്റെ പേര് സെന്റ്. മാര്‍ട്ടിന്‍സ് എന്നാകുന്നത്. ചിറ്റഗോങ് ഡെപ്യൂട്ടി കമ്മീഷണറായിരുന്നു മാര്‍ട്ടിന്റെ പേരാണ് ദ്വീപിനും നല്‍കിയതെന്നാണ് ചില രേഖകളില്‍ പറയുന്നത്.

1947 ല്‍ ബ്രീട്ടീഷ് ഭരണം അവസാനിച്ചപ്പോള്‍ സെന്റ്. മാര്‍ട്ടിന്‍സ് ദ്വീപ് വിഭജനത്തിന്റെ ഭാഗമായി പാകിസ്താന്റെ കൈകളിലെത്തി. 1971 ലെ വിമോചന പോരാട്ടത്തില്‍ വിജയിച്ച് ബംഗ്ലാദേശ് സ്വതന്ത്ര രാഷ്ട്രമായതോടെ സെന്റ്. മാര്‍ട്ടിന്‍സ് ദ്വീപ് ബംഗ്ലാദേശിന്റെ ഉടമസ്ഥതയിലേക്ക് വന്നു. Bangladesh-s st martin’s island history 

Content Summary; Bangladesh’s st martin’s island history

Leave a Reply

Your email address will not be published. Required fields are marked *

×