സര്‍ക്കാര്‍ ജോലിയില്‍ സംവരണം തിരിച്ചു കൊണ്ടുവരാനുള്ള കോടതി ഉത്തരവിന് പിന്നാലെ തുടങ്ങിയ പ്രതിഷേധം ബംഗ്ലാദേശില്‍ വലിയ കലാപത്തിലേക്ക് വഴി മാറിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യുവാക്കള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. പ്രതിഷേധം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഇതിനോടകം 32 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് എഎഫ്പി, റോയിട്ടേഴ്‌സ് അടക്കുമുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 39 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ദ ഗാര്‍ഡിയന്‍ പറയുന്നത്.
അക്രമാസക്തരായ പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസം രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്ത ചാനലായ ബിടിവിയുടെ ഓഫിസ് തകര്‍ത്തിരുന്നു. ചാനല്‍ ഓഫിസിന്റെ റിസപ്ഷന്‍ തീവച്ച പ്രതിഷേധക്കാര്‍, പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളും തകര്‍ത്തു. ഓഫിസിന് തീ വയ്ക്കുന്ന സമയത്ത് നിരവധി ജീവനക്കാര്‍ അകത്ത് കുടുങ്ങിപ്പോയിരുന്നുവെന്നാണ് ഒരു ജീവനക്കാര്‍ എഎഫ്പിയോട് പറഞ്ഞത്. അകത്ത് കുടുങ്ങിയവരെ പിന്നീട് രക്ഷിച്ചു പുറത്തു കൊണ്ടു വന്നിരുന്നു.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ദേശീയ ടെലിവിഷനിലൂടെ ബുധനാഴ്ച്ച രാത്രി ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച പ്രധാനമന്ത്രി, ഉത്തരവാദികളായവരെ രാഷ്ട്രീയബന്ധം നോക്കാതെ ശിക്ഷിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ചാനല്‍ ഓഫീസ് ആക്രമിക്കപ്പെട്ടത്.
ദ ഗാര്‍ഡിയന്‍ പറയുന്നത് കലാപത്തില്‍ ഇതുവരെ 39 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്. 32 പേര്‍ വ്യാഴാഴ്ച്ചയും ഏഴു പേര്‍ ഈയാഴ്ച്ച ആദ്യവും കൊലപ്പെട്ടുവെന്നാണ് ഗാര്‍ഡിയന്‍ പറയുന്നത്. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാരെ കൂടാതെ പൊലീസുകാരും മാധ്യമപ്രവര്‍ത്തകരും പരിക്കേറ്റവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒരു ബസ് ഡ്രൈവറെ നെഞ്ചില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. റബര്‍ ബുള്ളറ്റുകളാണ് പ്രതിഷേധക്കാര്‍ക്കു നേരെ പ്രയോഗിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ധാക്ക ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏഴ് മരണങ്ങളില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ റബര്‍ ബുള്ളറ്റ് ഏറ്റാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്ന് ആശുപത്രി ജീവനക്കാരനായൊരാള്‍ ദ ഗാര്‍ഡിയനോട് പറയുന്നുണ്ട്. രാജ്യത്തെ വാര്‍ത്തവിനിമിയ സംവിധാനം തകരാറിലാണെന്നു വാര്‍ത്തകളുണ്ട്. തലസ്ഥാനമായ ധാക്കയിലടക്കം ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ട്. കലാപത്തിന്റെ സാഹചര്യം പരിഗണിച്ച് മൊബൈല്‍ ഇന്റര്‍നെറ്റ് രാജ്യത്ത് താത്കാലികമായി റദ്ദ് ചെയ്തിരിക്കുകയാണെന്ന് ഫെഡറല്‍ മന്ത്രി അറിയിച്ചിട്ടുണ്ട്.
പ്രതിഷേധക്കാരുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നാണ് നിയമമന്ത്രി അനിസുല്‍ ഹഖ് പറയുന്നത്. ചര്‍ച്ച നടത്താന്‍ തങ്ങളും തയ്യാറാണെന്ന്് പ്രതിഷേധിക്കുന്നവരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരു വശത്ത് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നു പറയുകയും മറുവശത്ത് വെടിവയ്ക്കുകയും ചെയ്യുന്നത് എങ്ങനെ ശരിയാകുമെന്നാണ് പ്രതിഷേധിക്കാര്‍ ഉയര്‍ത്തുന്ന മറ്റൊരു ചോദ്യം. ചര്‍ച്ചകളും വെടിയുണ്ടകളും ഒരുമിച്ച് കൊണ്ടു പോകാനില്ല, മൃതദേഹങ്ങളെ ചവിട്ടി മെതിച്ചുകൊണ്ട് ചര്‍ച്ച നടത്താനുമാകില്ല” എന്നാണ് പ്രതിഷേധ സംഘടനയുടെ കോര്‍ഡിനേറ്ററായ നഹിദ് ഇസ്ലാം റോയിട്ടേഴ്‌സിനോട് പറഞ്ഞത്.
പാകിസ്താനുമായി 1971 ല്‍ നടന്ന സ്വാതന്ത്രസമര പോരാട്ടത്തില്‍ പങ്കെടുത്തവരുടെ പിന്‍മുറക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ ഏര്‍പ്പെടുത്തിയിരുന്ന 30 ശതമാനം സംവരണം ബംഗ്ലാദേശ് ഹൈക്കോടതി പുനസ്ഥാപിച്ചതിനു പിന്നാലെയാണ് പ്രതിഷേധം ഉയര്‍ന്നത്. 2018 ല്‍ നാല് മാസത്തോളം നീണ്ടു നിന്ന സമരത്തിന്റെ ഫലമായി സ്വാതന്ത്ര്യ സമര ക്വാട്ട സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. ഇത് വീണ്ടും കൊണ്ടുവരാനുള്ള തീരുമാനമാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായിരിക്കുന്നത്. ലക്ഷക്കണക്കിന് പേര്‍ ഓരോ വര്‍ഷവും ബിരുദധാരികളായി പുറത്തിറങ്ങുന്നുണ്ടെങ്കിലും അവര്‍ക്ക് മുന്നിലുണ്ടാകുന്നത് ആയിരത്തോളം ഒഴിവുകള്‍ മാത്രമായിരിക്കും. 56 ശതമാനം സംവരണമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ഇതില്‍ 30 ശതമാനവും സ്വാതന്ത്ര സമര പോരാളികളുടെ കുടുംബങ്ങള്‍ക്കായിരുന്നു. ബാക്കി വരുന്ന 46 ശതമാനം ഒഴിവിലേക്കായിരുന്നു ലക്ഷക്കണക്കിന് പേര്‍ ഭാഗ്യം പരീക്ഷിക്കേണ്ടിയിരുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
പിന്നാക്കക്കാര്‍, അംഗപരിമിതര്‍ തുടങ്ങിയവരുടെ സംവരണം നിലനിര്‍ത്തിയാലും 30 ശതമാനം സ്വാതന്ത്ര സമര ക്വാട്ട തിരികെ കൊണ്ടുവരാന്‍ പാടില്ലെന്നും, ഇത് വ്യക്തമാക്കി പാര്‍ലമെന്റില്‍ നിയമം പാസാക്കണമെന്നുമാണ് പ്രതിഷേധത്തിലുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യം. എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ നോക്കാതെ സമരക്കാരെ റസാക്കര്‍മാര്‍ എന്ന് വിളിച്ച് ആക്ഷേപിക്കുകയായിരുന്നു പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ചെയ്തത്. 71 ലെ യുദ്ധത്തില്‍ ബംഗ്ലാദേശികളെ അടിച്ചമര്‍ത്താന്‍ പാകിസ്താന്‍ സൈന്യം അയച്ച ക്രൂരന്മാരായ അര്‍ദ്ധ സൈനിക വിഭാഗമായിരുന്നു റസാക്കര്‍മാര്‍.
കലാപം രൂക്ഷമായ സാഹചര്യത്തില്‍ യാത്രകള്‍ ഒഴിവാക്കി സുരക്ഷിതരായി കഴിയണമെന്നാണ് ബംഗ്ലാദേശിലുള്ള ഇന്ത്യക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കൊടുത്തിരിക്കുന്നത്. bangladesh student protest over quota for government job 39 dead state broadcaster’s building attacked
Content Summary; bangladesh student protest over quota for government job 39 dead state broadcaster’s building attacked