അദാനി ഗ്രൂപ്പില്‍ കൂട്ടാളികള്‍ക്കുള്ള രഹസ്യ നിക്ഷേപത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്ന ബാങ്ക് രേഖകള്‍ പുറത്ത്

അദാനി ഗ്രൂപ്പിന്റെ പിണിയാളുകളായ നിക്ഷേപകര്‍ എന്ന് നേരത്തെ ആരോപിക്കപ്പെട്ടിരുന്ന ഈ രണ്ടുപേര്‍ക്കും കരുതിയിരുന്നതിനേക്കാള്‍ വളരെ വലിയ നിക്ഷേപമാണ് ഗ്രൂപ്പിലുള്ളത്

adani groups secret associates

വിപണിയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങള്‍ നേരിടുന്ന അദാനി കോര്‍പറേഷനെ പുതിയ വിവാദം ചുറ്റി വരിയുന്നു. അദാനി കുടുംബവുമായി അടുത്ത ബന്ധമുള്ള രണ്ട് വ്യക്തികള്‍ അദാനി ഓഹരികളില്‍ നടത്തിയ കോടികളുടെ നിക്ഷേപത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. അദാനിയുമായി ബന്ധപ്പെട്ട കമ്പനികളില്‍ ഡയറക്ടര്‍മാരായും ഓഹരി ഉടമകളായും പ്രവര്‍ത്തിച്ചിട്ടുള്ള ഇവര്‍, ഏകദേശം 27,240 കോടി രൂപയുടെ (3 ബില്യണ്‍ ഡോളര്‍) ഓഹരികളാണ് കൈവശം വെച്ചിരുന്നത്. അദാനി ഗ്രൂപ്പിന്റെ പിണിയാളുകളായ നിക്ഷേപകര്‍ എന്ന് നേരത്തെ ആരോപിക്കപ്പെട്ടിരുന്ന ഈ രണ്ടുപേര്‍ക്കും മുന്‍പ് കരുതിയിരുന്നതിനേക്കാള്‍ വളരെ വലിയ നിക്ഷേപം ഗ്രൂപ്പിലുണ്ടെന്നാണ് പുതിയ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

ഫോട്ടോ ക്രെഡിറ്റ്: Kabir Jhangiani/NurPhoto/NurPhoto via AFP

2023 ഫെബ്രുവരിയില്‍ തങ്ങളുടെ ബാങ്കര്‍മാരുമായി നടത്തിയ സ്വകാര്യ സംഭാഷണങ്ങളിലാണ് അദാനി കുടുംബവുമായി അടുത്ത ബന്ധമുള്ള രണ്ട് വ്യക്തികള്‍ അദാനി ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ കമ്പനികളില്‍ അവര്‍ക്ക് ഒട്ടേറെ ഹെഡ്ജ് ഫണ്ടുകള്‍ വഴി കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുണ്ടെന്നത് സ്ഥിരീകരിച്ചത്.

ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റ് (ഒ.സി.സി.ആര്‍.പി) കണ്ടെത്തിയ ബാങ്ക് രേഖകളിലൂടെയാണ് ഇതുവരെ പുറം ലോകം അറിഞ്ഞിട്ടില്ലാത്ത ഈ വെളിപ്പെടുത്തല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ പിടിച്ചുലച്ച ഒരു വലിയ വിവാദവുമായി ഈ വെളിപ്പെടുത്തലിന് നേരിട്ട് ബന്ധമുണ്ട്. അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യത്തിലുണ്ടായ ദശാബ്ദങ്ങള്‍ നീണ്ട വര്‍ദ്ധനവ്, കമ്പനിക്കുള്ളിലുള്ളവര്‍ തന്നെ നടത്തിയ നിര്‍ലജ്ജമായ ക്രമക്കേടുകളിലൂടെ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് അമേരിക്കന്‍ ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് ചെയ്ത് ഏതാനും ആഴ്ചകള്‍ക്ക് ശേഷമായിരുന്നു ബാങ്കര്‍മാരോട് അവര്‍ തങ്ങളുടെ രഹസ്യനിക്ഷേപം വെളിപ്പെടുത്തുന്നത്.

അദാനി ഗ്രൂപ്പിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുണ്ടെന്ന് കരുതപ്പെടുന്ന അടുത്ത ബന്ധം കാരണം ഈ വിഷയം ആഗോളതലത്തില്‍ തന്നെ വാര്‍ത്താപ്രാധാന്യം നേടി. എന്നാല്‍ ഒരു ഘട്ടത്തില്‍ കുത്തനെ ഇടിഞ്ഞ അദാനി ഓഹരികള്‍ പിന്നീട് തിരിച്ചുപിടിച്ചു. എല്ലാ ആരോപണങ്ങളെയും നിഷേധിച്ചുകൊണ്ട് അദാനി ഗ്രൂപ്പ് വിശദമായ മറുപടി നല്‍കുകയും, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ‘ഇന്ത്യക്ക് നേരെയുള്ള ആക്രമണമാണെന്ന്’ വിശേഷിപ്പിക്കുകയും ചെയ്തു. നീണ്ട അന്വേഷണത്തിന് ശേഷം, രാജ്യത്തെ മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി, കേസിലെ രണ്ട് കാര്യങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയില്ലെന്ന് വ്യക്തമാക്കി അദാനി ഗ്രൂപ്പിന് അനുകൂലമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ട മറ്റ് നിരവധി അന്വേഷണങ്ങളുടെ കണ്ടെത്തലുകളൊന്നും ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.

ഫോട്ടോ ക്രെഡിറ്റ്: Debajyoti Chakraborty/NurPhoto SRL/Alamy Stock Photo

ഇതിനിടെ, അദാനി കുടുംബവുമായി ദീര്‍ഘകാല ബന്ധമുള്ള രണ്ട് നിക്ഷേപകരുടെ പേരുകള്‍ ഒസിസിആര്‍പിയും അവരുടെ പങ്കാളികളായ ഫിനാന്‍ഷ്യല്‍ ടൈംസ്, ദി ഗാര്‍ഡിയന്‍ എന്നിവരും പുറത്തുവിട്ടിരുന്നു. യുഎഇ പൗരനായ നാസര്‍ അലി ഷാബാന്‍ അഹ്‌ലിയും തായ്വാന്‍ പൗരനായ ചാങ് ചുങ്-ലിംഗുമാണ് വര്‍ഷങ്ങളോളം രഹസ്യമായി അദാനി ഓഹരികളില്‍ ഇടപാടുകള്‍ നടത്തിയത്. എന്നാല്‍ അദാനി ഗ്രൂപ്പ് ഈ ആരോപണങ്ങളെല്ലാം വീണ്ടും നിഷേധിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ച ഗ്രൂപ്പ്, ഈ മാധ്യമങ്ങളെല്ലാം ജോര്‍ജ്ജ് സോറോസിന്റെ ഫണ്ട് വാങ്ങി അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവരാണെന്നും കുറ്റപ്പെടുത്തി.

എന്നാല്‍ അഹ്‌ലിയുടെയും ചാങ്ങിന്റെയും അദാനി ഗ്രൂപ്പിലെ നിക്ഷേപങ്ങള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വളരെ വലുതും പുതിയതുമാണെന്നാണ്, ഇപ്പോള്‍ ജനീവ ആസ്ഥാനമായ സ്വിസ് ബാങ്കിംഗ് ഗ്രൂപ്പ് ‘ആര്‍ ഇ വൈ എല്‍ ഇന്‍തെസാ സാന്‍പാവോളോ’യുടെ ആഭ്യന്തര രേഖകള്‍ വ്യക്തമാക്കുന്നത് . 2013-നും 2018-നും ഇടയില്‍ ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം മാത്രമാണ് മുമ്പത്തെ റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നതെങ്കില്‍, പുതിയ രേഖകള്‍ പ്രകാരം 2023 വരെ ഇവര്‍ക്ക് അദാനി ഓഹരികളില്‍ ഏകദേശം 27,240 കോടി രൂപയുടെ (3 ബില്യണ്‍ ഡോളര്‍) നിക്ഷേപമുണ്ട്. ആര്‍ ഇ വൈ എല്‍ ഇന്‍തെസാ സാന്‍പാവോളോ ദുബായ് ആസ്ഥാനമായുള്ള സബ്സിഡിയറി ‘റെയ്ല്‍ ഫിനാന്‍സ് ലിമിറ്റഡ്’ വഴിയുള്ള വിവിധ ഹെഡ്ജ് ഫണ്ടുകളിലൂടെയാണ് ഈ നിക്ഷേപം നടത്തിയിരിക്കുന്നത്.

ബാങ്കിന്റെ ആഭ്യന്തര റിപ്പോര്‍ട്ട് പ്രകാരം, അഹ്‌ലിയും ചാങ്ങും ഇക്കാര്യം ബാങ്കിന് രേഖാമൂലം സ്ഥിരീകരിച്ചു നല്‍കിയിട്ടുണ്ട്. അദാനി കുടുംബാംഗങ്ങളുമായുള്ള വ്യക്തിപരവും ഔദ്യോഗികവുമായ ബന്ധവും അവരുടെ ബിസിനസ്സ് നൈപുണ്യത്തിലുള്ള വിശ്വാസവുമാണ് ഈ നിക്ഷേപങ്ങള്‍ക്ക് കാരണമെന്ന് അവര്‍ വിശദീകരിച്ചു. ബാങ്കിന് നല്‍കിയ പ്രസ്താവനയില്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങള്‍ ഇരുവരും നിഷേധിക്കുകയും ചെയ്തു.

ചാങ്, അഹ്‌ലി, അദാനിമാര്‍

അഹ്‌ലിക്കും ചാങ്ങിനും അദാനി കുടുംബവുമായുള്ള ബന്ധം വര്‍ഷങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. അദാനി ഗ്രൂപ്പ് നടത്തിയെന്ന് ആരോപിക്കപ്പെട്ട ക്രമക്കേടുകളെക്കുറിച്ചുള്ള രണ്ട് വ്യത്യസ്ത സര്‍ക്കാര്‍ അന്വേഷണങ്ങളില്‍ ഈ രണ്ട് വ്യക്തികളുടെയും പേരുകള്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ രണ്ട് കേസുകളും പിന്നീട് തള്ളപ്പെട്ടു. ആദ്യത്തേത്, 2007-ല്‍ കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള പ്രധാന അന്വേഷണ ഏജന്‍സിയായ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നടത്തിയ അന്വേഷണമായിരുന്നു. വജ്രവ്യാപാരവുമായി ബന്ധപ്പെട്ട നിയമവിരുദ്ധമായ ഒരു പദ്ധതിയെക്കുറിച്ചായിരുന്നു ഈ അന്വേഷണം. ഡിആര്‍ഐ റിപ്പോര്‍ട്ട് ചാങ്ങിനെ വിശേഷിപ്പിച്ചത് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട, അദാനിയുടെ മൂന്ന് കമ്പനികളുടെ, ഡയറക്ടര്‍ എന്നാണ്. അഹ്‌ലി ആകട്ടെ, ഇതില്‍ ഉള്‍പ്പെട്ട മറ്റൊരു ട്രേഡിങ് സ്ഥാപനത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്. സിംഗപ്പൂരില്‍ ചാങ്ങിന്റേയും ഗൗതം അദാനിയുടെ മൂത്ത സഹോദരനായ വിനോദ് അദാനിയുടേയും താമസസ്ഥലത്തിന്റെ വിലാസം ഒന്നു തന്നെയായിരുന്നുവെന്നും ഈ കേസില്‍ തെളിഞ്ഞു. രണ്ടാമത്തേത്, 2014-ല്‍ ഡിആര്‍ഐ തന്നെ നടത്തിയ ‘ഓവര്‍ ഇന്‍വോയിസിംഗ്’ തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണമായിരുന്നു. വൈദ്യുതി ഉല്‍പ്പാദനത്തിനായുള്ള ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനായി, തങ്ങളുടെ തന്നെ വിദേശ സബ്സിഡിയറി കമ്പനിക്ക് ഏകദേശം 9,080 കോടി രൂപ (1 ബില്യണ്‍ ഡോളര്‍) അധികമായി നല്‍കിക്കൊണ്ട് അദാനി ഗ്രൂപ്പ് ഇന്ത്യയില്‍ നിന്ന് നിയമവിരുദ്ധമായി പണം കടത്തിയെന്നായിരുന്നു ഏജന്‍സിയുടെ വാദം.ഇവിടെയും ചാങ്ങിന്റെയും അഹ്‌ലിയുടെയും പേരുകള്‍ കടന്നുവന്നു. ഈ തട്ടിപ്പിലൂടെ ലഭിച്ച പണം കൈകാര്യം ചെയ്ത യുഎഇയിലെയും മൗറീഷ്യസിലെയും രണ്ട് കമ്പനികളുടെ ഡയറക്ടര്‍മാരായി ഇരുവരും വ്യത്യസ്ത കാലയളവുകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ രണ്ട് കമ്പനികളുടെയും ഉടമസ്ഥാവകാശം പിന്നീട് വിനോദ് അദാനിക്കായിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം, ഒരു അദാനി കമ്പനി തങ്ങളുമായി ബന്ധപ്പെട്ടത് എന്ന് സമ്മതിച്ചിട്ടുള്ള സിംഗപ്പൂര്‍ കമ്പനിയുടെ ഡയറക്ടറോ ഓഹരി ഉടമയോ ആയിരുന്നു ചാങ്.

അദാനി ഓഹരികളില്‍ ഇരുവരും നടത്തിയ ഇടപാടുകള്‍ അദാനി കുടുംബത്തിന്റെ താത്പര്യപ്രകാരമായിരുന്നുവെന്നതിന് തെളിവുകളുണ്ടെന്ന് ഒസിസിആര്‍പി മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത, അദാനി ഗ്രൂപ്പിന്റെ ബിസിനസ്സുമായി അടുത്ത ബന്ധമുള്ള ഒരു വ്യക്തി നല്‍കിയ വിവരമനുസരിച്ച്, ചാങ്ങിന്റെയും അഹ്‌ലിയുടെയും നിക്ഷേപങ്ങളുടെ ചുമതലയുള്ള ഫണ്ട് മാനേജര്‍മാര്‍ക്ക് നിക്ഷേപ സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ നേരിട്ട് ലഭിച്ചിരുന്നത് ഒരു അദാനി കമ്പനിയില്‍ നിന്നായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ച രേഖകള്‍ ഈ വിവരത്തെ ശരിവെക്കുന്നുണ്ട്.

അഹ്‌ലിയയും ചാങ്ങിനെയും കുറിച്ച് സ്വിസ് അധികൃതരില്‍ നിന്ന് ബാങ്കിന് ലഭിച്ച അന്വേഷണങ്ങളെക്കുറിച്ചും ഈ ആഭ്യന്തര റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. 2024 ഓഗസ്റ്റിലെ ഒരു കോടതി വിധി പ്രകാരം, അദാനി ഗ്രൂപ്പിന്റെ നിക്ഷേപങ്ങള്‍ക്കായി ‘ബിനാമി’ആയി പ്രവര്‍ത്തിച്ചു എന്ന സംശയത്തിന്മേല്‍ ചാങ്ങിനെതിരെ സ്വിറ്റ്സര്‍ലന്‍ഡിലെ പ്രോസിക്യൂട്ടര്‍മാര്‍ ക്രിമിനല്‍ അന്വേഷണം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി 2,814.8 കോടിയിലധികം രൂപയുടെ (310 മില്യണ്‍ ഡോളര്‍) ആസ്തികള്‍ അവര്‍ മരവിപ്പിച്ചു. എന്നാല്‍ ഇതുവരെ കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിട്ടില്ല. കേസിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോള്‍, ചാങ്ങിന്റെ വ്യക്തിവിവരങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ഓഫീസ് തയ്യാറായില്ലെങ്കിലും, കള്ളപ്പണം വെളുപ്പിക്കല്‍, വ്യാജ രേഖകള്‍ ചമയ്ക്കല്‍ എന്നിവയില്‍ ക്രിമിനല്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് അവര്‍ സ്ഥിരീകരിച്ചു. ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ബാങ്ക് തയ്യാറായിട്ടില്ല. തങ്ങള്‍ക്ക് ഇതില്‍ പങ്കില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ നിലപാട്.

അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഒസിസിആര്‍പിയുടെ മുന്‍ റിപ്പോര്‍ട്ടുകളുടെ അതേ സ്വഭാവത്തിലുള്ള ഈ സ്വിസ്സ് കേസ്, സമീപവര്‍ഷങ്ങളില്‍ അദാനി ഗ്രൂപ്പ് നേരിട്ട നിയമപരമായ വെല്ലുവിളികളില്‍ ഒന്ന് മാത്രമാണ്. 2024 നവംബറില്‍, അദാനി ഗ്രൂപ്പ് സ്ഥാപകന്‍ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവനുമെതിരെ യുഎസ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി വാഗ്ദാനം ചെയ്തെന്നാരോപിച്ച് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ സിവില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഈ ആരോപണങ്ങള്‍ ‘അടിസ്ഥാനരഹിതമാണെന്ന്’ വിശേഷിപ്പിച്ച അദാനി ഗ്രൂപ്പ്, ഇതിനെതിരെ നിയമപരമായ എല്ലാ വഴികളും തേടുമെന്ന് അറിയിച്ചു.

അദാനിക്കെതിരായ ഇന്ത്യന്‍ അന്വേഷണങ്ങള്‍

വിദേശത്ത് ക്രിമിനല്‍ അന്വേഷണങ്ങള്‍ നേരിടുമ്പോഴും, ഇന്ത്യയില്‍ അദാനി ഗ്രൂപ്പിന് കാര്യമായ തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടില്ല. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിന് പിന്നാലെ, ആരോപണങ്ങളെക്കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം പൊതുതാല്‍പര്യ ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

2023 മാര്‍ച്ചിലെ ഇടക്കാല ഉത്തരവില്‍, ഇന്ത്യയിലെ മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി ഇതിനകം തന്നെ അദാനിയെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അന്വേഷണം വ്യാപിപ്പിക്കാന്‍ ഏജന്‍സിയോട് നിര്‍ദ്ദേശിച്ച കോടതി, വിഷയം വിലയിരുത്താന്‍ സഹായിക്കുന്നതിനായി ഒരു വിദഗ്ധ സമിതിയെ നിയമിക്കുകയും ചെയ്തു.

സെബിയുടെ ഭാഗത്തുനിന്ന് വീഴ്ചകള്‍ ഉണ്ടായതിന് തെളിവുകളില്ലെന്ന് സമിതി റിപ്പോര്‍ട്ട് നല്‍കി. എങ്കിലും, ചില വിദേശ സ്ഥാപനങ്ങളുടെ യഥാര്‍ത്ഥ ഉടമകളെ കണ്ടെത്താന്‍ റെഗുലേറ്റര്‍ക്ക് സാധിച്ചിട്ടില്ലെന്നും, അതിനാല്‍ നിയമപരമായ പരിധിക്കപ്പുറം ഓഹരി പങ്കാളിത്തം ഉണ്ടോ എന്ന കാര്യത്തില്‍ കൃത്യമായ നിഗമനത്തിലെത്താന്‍ കഴിയില്ലെന്നും സമിതി ചൂണ്ടിക്കാട്ടി.

2024 ജനുവരിയിലെ അന്തിമ വിധിയില്‍, അന്വേഷണം സെബിയില്‍ നിന്ന് മാറ്റണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം സുപ്രീം കോടതി തള്ളി. അദാനിക്കെതിരായ 24 അന്വേഷണങ്ങളില്‍ 22 എണ്ണവും സെബി പൂര്‍ത്തിയാക്കിയെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ വിശ്വാസയോഗ്യമാണെന്നും കോടതി നിരീക്ഷിച്ചു.

2025 സെപ്റ്റംബറില്‍, ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച രണ്ട് ഇടപാടുകളുമായി ബന്ധപ്പെട്ട് സെബി രണ്ട് ‘അന്തിമ ഉത്തരവുകള്‍’ പുറപ്പെടുവിച്ചു. ഈ ആരോപണങ്ങള്‍ ‘തെളിയിക്കപ്പെട്ടിട്ടില്ല’ എന്നായിരുന്നു സെബിയുടെ കണ്ടെത്തല്‍. പത്തിലധികം കേസുകളില്‍ അന്തിമ ഉത്തരവുകള്‍ വരാനുണ്ടെന്ന് അതേ മാസം റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അദാനി ഗ്രൂപ്പിനെതിരായ അന്വേഷണങ്ങളെക്കുറിച്ച് സമഗ്രമായ ഒരു റിപ്പോര്‍ട്ട് സെബി ഇതുവരെ പ്രസിദ്ധീകരിക്കാത്തതിനാല്‍ പല വിവരങ്ങളും ഇപ്പോഴും പൊതുജനങ്ങള്‍ക്ക് ലഭ്യമല്ല.

വിഷയത്തില്‍ പ്രതികരണത്തിനായി സെബിയെ സമീപിച്ചിട്ടുണ്ട്.

അദാനി കുടുംബത്തിന്റെ ‘ബിനാമികള്‍’എന്ന് ആരോപിക്കപ്പെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ ‘പൊതു ഓഹരി ഉടമകള്‍’ മാത്രമാണെന്ന് അദാനി ഗ്രൂപ്പ് വക്താവ് അറിയിച്ചു.

”ഇന്ത്യന്‍ നിയമപ്രകാരം, ലിസ്റ്റ് ചെയ്യപ്പെട്ട ഒരു കമ്പനി പൊതു വിപണിയില്‍ ഓഹരികള്‍ വാങ്ങുന്നത് ആരാണെന്ന് നിയന്ത്രിക്കുകയോ നിര്‍ദ്ദേശിക്കുകയോ ചെയ്യുന്നില്ല. കൂടാതെ, റെഗുലേറ്റര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന വെളിപ്പെടുത്തലുകള്‍ക്കപ്പുറം പൊതു ഓഹരി ഉടമകളുടെ പണത്തിന്റെ ഉറവിടം പരിശോധിക്കാനോ അതില്‍ ഉത്തരവാദിത്തം ഏല്‍ക്കാനോ കമ്പനിക്ക് കഴിയില്ല,” വക്താവ് വ്യക്തമാക്കി. ”പ്രൊമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം തെറ്റായി രേഖപ്പെടുത്തുകയോ മറച്ചുവെക്കുകയോ ചെയ്തിട്ടുണ്ടെന്ന ഏതൊരു സൂചനയും തെറ്റാണെന്ന് മാത്രമല്ല, നിയമാനുസൃതമായി നടത്തിയിട്ടുള്ള വെളിപ്പെടുത്തലുകള്‍ക്ക് വിരുദ്ധവുമാണ്.”

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ തങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്തിട്ടുള്ളതാണെന്നും, സുപ്രീം കോടതി ഉള്‍പ്പെടെ ഇന്ത്യയിലെ പരമോന്നത റെഗുലേറ്ററി-നീതിന്യായ സംവിധാനങ്ങള്‍ ഇവ പരിശോധിച്ചിട്ടുള്ളതാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. ”അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികള്‍ എല്ലാ നിയമങ്ങളും പാലിക്കുയും അതത് നിയമ പരിധികളില്‍ വെളിപ്പെടുത്തേണ്ട കാര്യങ്ങള്‍ മാനദണ്ഡങ്ങളനുസരിച്ച് പാലിക്കുകയും ചെയ്യുന്നുണ്ട്. നിയമവ്യവസ്ഥയിലും നീതിനിര്‍വ്വഹണ പ്രക്രിയയിലും ഗ്രൂപ്പിന് പൂര്‍ണ്ണ വിശ്വാസമുണ്ട്.”

ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ അഹ്‌ലിയും ചാങ്ങും തയ്യാറായില്ല. അതേസമയം, ഇറ്റലി, യുഎഇ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലെ നിയമങ്ങള്‍ വെളിപ്പെടുത്തലുകള്‍ അനുവദിക്കാത്തതിനാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ സാധിക്കില്ലെന്ന് ആര്‍ ഇ വൈ എല്‍ ഇന്‍തെസാ സാന്‍പാവോളോയുടെ പ്രതിനിധി അറിയിച്ചു.

യുഎഇ ആസ്ഥാനമായ എമിറാത്തി റെയ്ല്‍ എംഇഎ, അതിന്റെ സ്വിസ് മാതൃകമ്പനിയായ ആര്‍ ഇ വൈ എല്‍ ഇന്‍തെസാ സാന്‍പാവോളോ, ഇറ്റാലിയന്‍ ബാങ്കിംഗ് ഗ്രൂപ്പായ ഫിഡ്യൂറം ഇന്‍തെസാ സാന്‍പോളോ പ്രൈവറ്റ് ബാങ്കിംഗ് എന്നിവരും പ്രതികരണത്തിന് തയ്യാറായില്ല.

ഫോട്ടോ ക്രെഡിറ്റ്: XXX Niharika Kulkarni/NurPhoto/NurPhoto via AFP

ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്‌സ് വഴി നിക്ഷേപിച്ചത്
ആയിരക്കണക്കിന് കോടി

അഹ്‌ലിയെയും ചാങ്ങിനെയും കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകള്‍ രണ്ട് പ്രധാന രേഖകളിലാണുള്ളത്. സ്വിസ് ബാങ്കായ ആര്‍ ഇ വൈ എല്‍ ഇന്‍തെസാ സാന്‍പാവോളോയുടെ സ്ലൈഡ് ഡെക്കിലും (ദൃശ്യങ്ങളുടെ സഹായത്തോടെ പ്രദര്‍ശിപ്പിക്കാനുതകുന്ന ഔദ്യോഗിക രേഖ) അവരുടെ ഇറ്റാലിയന്‍ മാതൃ സ്ഥാപനമായ ഫിഡ്യൂറം ഇന്‍തെസ സാന്‍പാവോളോ പ്രൈവറ്റ് ബാങ്കിംഗിന്റെ ഒരു റിപ്പോര്‍ട്ടിലും. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിനോടും അതിനെത്തുടര്‍ന്നുണ്ടായ വിവാദത്തോടും അദാനി ഗ്രൂപ്പ് എങ്ങനെയാണ് പ്രതികരിച്ചത് എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഈ രേഖകളില്‍ അടങ്ങിയിരിക്കുന്നു.

ഈ രേഖകള്‍ പ്രകാരം, ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന്, അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരെങ്കിലും തങ്ങളുടെ പ്രൈവറ്റ് ബാങ്കിംഗ് യൂണിറ്റുകളില്‍ അക്കൗണ്ടുകള്‍ കൈവശം വെച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ഇറ്റാലിയന്‍ ബാങ്ക് ഒരു ആഭ്യന്തര അന്വേഷണം നടത്തി.

ആ അന്വേഷണത്തില്‍, ആര്‍ ഇ വൈ എല്‍ ഇന്‍തെസാ സാന്‍പാവോളോയുടെ ദുബായ് സബ്സിഡിയറിയായ ‘റെയ്ല്‍ എംഇഎ’യില്‍ അദാനിയുമായി ബന്ധപ്പെട്ട മൂന്ന് അക്കൗണ്ടുകള്‍ കണ്ടെത്തി. ഈ അക്കൗണ്ടുകളിലായി ഏകദേശം 27,240 കോടി രൂപയിലധികം (3 ബില്യണ്‍ ഡോളര്‍) ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നാസര്‍ അലി ഷാബാന്‍ അഹ്‌ലി ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്‌സ് ആസ്ഥാനമായ ‘ഗള്‍ഫ് ഏഷ്യ ട്രേഡ് & ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ്’ എന്ന കമ്പനി വഴി 18,341.6 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഈ തുകയുടെ ഏതാണ്ട് മുഴുവന്‍ ഭാഗവും ഹെഡ്ജ് ഫണ്ടുകളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഈ ഫണ്ടുകളുടെ മൂല്യത്തില്‍ ‘ഗണ്യമായ വര്‍ദ്ധനവ്’ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇവ ‘മിക്കവാറും’ അദാനി ഗ്രൂപ്പ് കമ്പനികളിലാണ് നിക്ഷേപിക്കപ്പെട്ടിട്ടുള്ളതെന്നും രേഖകള്‍ സൂചിപ്പിക്കുന്നു.

ചാങ് ചുങ്-ലിംഗ് മറ്റൊരു ബിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ് കമ്പിനിയായ ‘ലിംഗോ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ്’ എന്ന കമ്പനി വഴി 9,261.6 കോടി രൂപ (1.02 ബില്യണ്‍ ഡോളര്‍) നിക്ഷേപിച്ചു. ഈ തുകയുടെ ഭൂരിഭാഗവും മുകളില്‍ സൂചിപ്പിച്ച അതേ ഹെഡ്ജ് ഫണ്ടുകളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇവയും ‘ഒരുപക്ഷേ അദാനി ഗ്രൂപ്പ് കമ്പനികളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കാം’ എന്ന് രേഖകളിലുണ്ട്.

അദാനി കുടുംബത്തിലെ മൂത്ത സഹോദരനായ വിനോദ് അദാനി, യുഎഇയില്‍ രജിസ്റ്റര്‍ ചെയ്ത ‘കൊമേഴ്‌സ് ട്രേഡ് & സര്‍വീസസ്’ എന്ന തന്റെ കമ്പനി വഴി 59.02 കോടി രൂപ (6.5 മില്യണ്‍ ഡോളര്‍) നിക്ഷേപിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലാണ് നിക്ഷേപിച്ചിരിക്കുന്നത്. എങ്കിലും, അദ്ദേഹത്തിന്റെ കമ്പനിയും ചാങ്ങിന്റെ കമ്പനിയും തമ്മില്‍ ‘അത്ര വലിയ തുകയല്ലാത്ത’ ചില വായ്പാ ഇടപാടുകള്‍ നടന്നതായി അന്വേഷകര്‍ നിരീക്ഷിച്ചു. പ്രതികരണം ആരാഞ്ഞെങ്കിലും വിനോദ് അദാനി മറുപടി നല്‍കിയില്ല.

ഈ അന്വേഷണങ്ങള്‍ക്ക് ശേഷം, ഇന്‍തെസാ സാന്‍പാവോളോയുടെ ചീഫ് ഓഡിറ്റ് ഓഫീസറും സാമ്പത്തിക കുറ്റകൃത്യ വിരുദ്ധ വിഭാഗവും ഒരു സുപ്രധാന തീരുമാനം എടുത്തു. തങ്ങളുടെ നിക്ഷേപങ്ങളെക്കുറിച്ചും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ആരോപണങ്ങളിലുള്ള നിലപാടിനെക്കുറിച്ചും വിശദീകരിക്കാന്‍ അഹ്‌ലിയെയും ചാങ്ങിനെയും നേരിട്ട് വിളിച്ചുവരുത്താന്‍ അവര്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് 2023 ഫെബ്രുവരിയില്‍ റെയ്ല്‍ എംഇഎയുടെ സിഇഒയും ഒരു ബോര്‍ഡ് അംഗവുമായും നടത്തിയ കൂടിക്കാഴ്ചയില്‍, തങ്ങളുടെ നിക്ഷേപങ്ങള്‍ അദാനി ഓഹരികളിലാണെന്ന് സ്ഥിരീകരിക്കുന്ന രേഖാമൂലമുള്ള പ്രസ്താവനയില്‍ ഇരുവരും ഒപ്പുവെച്ചു. അദാനി കുടുംബവുമായി തങ്ങള്‍ക്ക് ദീര്‍ഘകാലമായി വ്യക്തിപരവും ബിസിനസ്സ്പരവുമായ ബന്ധമുണ്ടെന്ന് അവര്‍ വിശദീകരിക്കുകയും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് അവകാശപ്പെടുകയും ചെയ്തു. കൂടാതെ, തങ്ങളുടെ നിക്ഷേപങ്ങള്‍ ‘ഉടന്‍ തന്നെ’ വൈവിധ്യവത്കരിക്കുമെന്നും അവര്‍ ബാങ്കിന് ഉറപ്പുനല്‍കി.

ഇതോടൊപ്പം ബാങ്ക് കൂടുതല്‍ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിച്ചു. കള്ളപ്പണവും നിയമവിരുദ്ധ പണസമ്പാദനവും തടയാന്‍ ചുമതലപ്പെട്ട ഓഫീസറുടെ പ്രത്യേക അനുമതിയില്ലാതെ ഇവരുടെ അക്കൗണ്ടുകള്‍ വഴി യാതൊരു ഇടപാടുകളും നടത്താന്‍ പാടില്ലെന്ന് ബാങ്ക് നിര്‍ദ്ദേശിച്ചു.

എങ്കിലും, ചാങ്ങും അഹ്‌ലിയുമായുള്ള ബാങ്കിന്റെ ഇടപാടുകളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ബാങ്ക് തയ്യാറായിട്ടില്ല.

ഹെഡ്ജ് ഫണ്ടുകള്‍

ഫിഡ്യൂറം ഇന്‍തെസാ സാന്‍പാവോളോ പ്രൈവറ്റ് ബാങ്കിംഗ് നടത്തിയ അന്വേഷണത്തില്‍, അഹ്‌ലിയും ചാങ്ങും അദാനി ഓഹരികളില്‍ നിക്ഷേപം നടത്താന്‍ ഉപയോഗിച്ച ബര്‍മുഡ ആസ്ഥാനമായുള്ള മൂന്ന് ഹെഡ്ജ് ഫണ്ടുകളെ തിരിച്ചറിഞ്ഞു: ഗ്ലെനീഗിള്‍സ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, പാന്‍ജിയ ഫണ്ട്, ഓയ്സ്റ്റര്‍ ബേ ഫണ്ട് എന്നിവയാണവ.

ഈ ഫണ്ടുകളുമായി ബന്ധപ്പെട്ട പല സ്ഥാപനങ്ങള്‍ക്കും അദാനി ഗ്രൂപ്പുമായി മറ്റ് ബന്ധങ്ങളുമുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ച രേഖകള്‍ പ്രകാരം, ഈ മൂന്ന് ഫണ്ടുകളുടെയും അഡ്മിനിസ്ട്രേറ്ററായിരുന്ന ‘അപെക്സ് ഫണ്ട് സര്‍വീസസ്’ തന്നെയാണ് ബര്‍മുഡ ആസ്ഥാനമായുള്ള ‘ഗ്ലോബല്‍ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ടിന്റെയും’ അഡ്മിനിസ്ട്രേറ്റര്‍. ചാങ്ങിനെയും അഹ്‌ലിയെയും കുറിച്ച് ഒസിസിആര്‍പി പ്രസിദ്ധീകരിച്ച ആദ്യ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്ന ഈ ഫണ്ട് വഴി ഏകദേശം 3,904.4 കോടി രൂപ (430 മില്യണ്‍ ഡോളര്‍) അദാനി ഓഹരികളില്‍ നിക്ഷേപിച്ചിട്ടുണ്ട്.

ബര്‍മുഡയിലെ രണ്ട് ഹെഡ്ജ് ഫണ്ടുകളുടെ പാന്‍ജിയ, ഓസ്റ്റര്‍ ബേ ഇന്‍വെസ്റ്റ്‌മെന്റ് മാനേജര്‍ ‘എലാര ക്യാപിറ്റല്‍ ലിമിറ്റഡ്’ ആണ്. അദാനി ഓഹരികളില്‍ വലിയ നിക്ഷേപമുള്ള മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് ഫണ്ടുകളും -പാന്‍ജിയയും ഓയ്സ്റ്റര്‍ ബേയും- കൈകാര്യം ചെയ്തിരുന്നത് എലാരയാണ്.

മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, തങ്ങളുടെ യഥാര്‍ത്ഥ ഉടമകളെ വെളിപ്പെടുത്തണമെന്ന സെബിയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചതിന് ശേഷം ഈ ഫണ്ടുകള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു.

സ്വിസ്സ് അന്വേഷണങ്ങള്‍

അദാനി ഗ്രൂപ്പിന് മേല്‍ സ്വിസ്സ് നിയമപാലകര്‍ നടത്തുന്ന നിരീക്ഷണങ്ങളെക്കുറിച്ച് ലഭ്യമായ വിവരങ്ങളിലേക്ക് പുതിയ വെളിച്ചം വീശുന്നതാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ച ഈ രേഖകള്‍.

ഫിഡ്യൂറം ഇന്‍തെസാ സാന്‍പാവോളോ പ്രൈവറ്റ് ബാങ്കിംഗിന്റെ ആഭ്യന്തര റിപ്പോര്‍ട്ട് പ്രകാരം, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് ഏകദേശം ആറുമാസം മുമ്പ് തന്നെ അഹ്‌ലിയുടെയും ചാങ്ങിന്റെയും അക്കൗണ്ടുകളെക്കുറിച്ച് സ്വിസ്സ് ‘ജുഡീഷ്യല്‍ അധികൃതര്‍’, ആര്‍ഇവൈഎല്‍ ഇന്‍തെസ സാന്‍പാവോളോയോട് വിശദാംശങ്ങള്‍ തേടിയിരുന്നു. ഇതിനെത്തുടര്‍ന്ന്, ഇരുവര്‍ക്കും പുറമെ വിനോദ് അദാനിയുമായും ബന്ധപ്പെട്ട സംശയാസ്പദമായ ഇടപാടുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സ്വിസ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിന് ബാങ്ക് സമര്‍പ്പിച്ചു. ഇടപാടുകള്‍ ഒന്നും നടക്കാത്തതിനെത്തുടര്‍ന്ന് ഈ അക്കൗണ്ടുകളില്‍ 2022 ഡിസംബര്‍ അവസാനത്തോടെ റദ്ദാക്കിയിരുന്നു. പിന്നീട് 27,240 കോടി രൂപയുടെ (3 ബില്യണ്‍ ഡോളര്‍) നിക്ഷേപം കണ്ടെത്തിയ അക്കൗണ്ടുകളല്ല ഇവ എന്നത് ശ്രദ്ധേയമാണ്.

ഫിഡ്യൂറം ഇന്‍തെസാ സാന്‍പാവോളോ പ്രൈവറ്റ് ബാങ്കിംഗ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, അങ്കോള, ഇറ്റലി. ഫോട്ടോ ക്രെഡിറ്റ്: Riccardo Milani/Hans Lucas/Hans Lucas via AFP

സ്വിസ് ഫെഡറല്‍ ക്രിമിനല്‍ കോടതിയുടെ 2024 ഓഗസ്റ്റിലെ വിധി പ്രകാരം, ‘കള്ളപ്പണം വെളുപ്പിക്കല്‍, രേഖകളില്‍ കൃത്രിമം കാണിക്കല്‍’ എന്നീ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ 2021 മുതല്‍ ചാങ്ങിനെതിരെ നടന്നുവരുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് സ്വിസ് അധികൃതര്‍ വിവരങ്ങള്‍ തേടിയത്. (ഗോതം സിറ്റിയും ഫിനാന്‍ഷ്യല്‍ ടൈംസും അക്കാലത്ത് റിപ്പോര്‍ട്ട് ചെയ്തതുപോലെ, കോടതി വിധിയില്‍ ചാങ്ങിന്റെ പേര് നേരിട്ട് പരാമര്‍ശിക്കുന്നില്ലെങ്കിലും നല്‍കിയിട്ടുള്ള വിവരങ്ങള്‍ വെച്ച് അത് അദ്ദേഹമാണെന്ന് തിരിച്ചറിയാന്‍ സാധിക്കും.)

ജനീവയിലെ പ്രോസിക്യൂട്ടര്‍മാര്‍ ആരംഭിക്കുകയും പിന്നീട് ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ഓഫീസ് ഏറ്റെടുക്കുകയും ചെയ്ത ഈ അന്വേഷണത്തില്‍, അദാനി ഗ്രൂപ്പിന്റെ ‘ബിനാമി’ ആയി ചാങ് പ്രവര്‍ത്തിച്ചു എന്നാണ് സംശയിക്കുന്നത്. നിയമം അനുവദിക്കുന്നതിലും കൂടുതല്‍ ഓഹരികള്‍ ഗ്രൂപ്പിനുള്ളിലുള്ളവര്‍ക്ക് തന്നെ കൈവശം വെക്കാന്‍ സഹായിക്കുന്ന ഒരു പദ്ധതിയുടെ ഭാഗമായാണ് ഇതെന്നും കരുതപ്പെടുന്നു- ഇതാകട്ടെ ഒസിസിആര്‍പിയും ഫിനാന്‍ഷ്യല്‍ ടൈംസും തങ്ങളുടെ മുന്‍ റിപ്പോര്‍ട്ടുകളില്‍ കൃത്യമായി ചൂണ്ടിക്കാണിച്ചതുമാണ്. ഈ കേസുമായി ബന്ധപ്പെട്ട് ചാങ്ങിന്റെ അഞ്ച് ബാങ്ക് അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന 2,823.8 കോടി രൂപ (311 മില്യണ്‍ ഡോളര്‍) സ്വിസ് പ്രോസിക്യൂട്ടര്‍മാര്‍ മരവിപ്പിച്ചു. കേസിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ തയ്യാറായില്ല.

2024 ഓഗസ്റ്റിലെ വിധിയില്‍, തങ്ങളുടെ പണം മരവിപ്പിച്ചത് നീക്കണമെന്നാവശ്യപ്പെട്ട് ചാങ്ങിന്റെ കമ്പനി നല്‍കിയ അപ്പീല്‍ സ്വിസ് ഫെഡറല്‍ ക്രിമിനല്‍ കോടതി തള്ളി. അദ്ദേഹത്തിന്റെ 9,261.6 കോടി രൂപ (1 ബില്യണ്‍ ഡോളര്‍) നിക്ഷേപമുണ്ടായിരുന്ന അതേ ‘ലിംഗോ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ്’ തന്നെയാണ് ഈ അപ്പീല്‍ നല്‍കിയത്.

”അന്വേഷണം നടത്താന്‍ പ്രോസിക്യൂഷന്‍ അധികൃതര്‍ക്ക് മതിയായ സമയം നല്‍കേണ്ടതുണ്ട്,” കോടതി ഉത്തരവിട്ടു. ”ന്യായമായും ഉയര്‍ന്നു വന്നിട്ടുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ആവശ്യമായ രേഖാമൂലമുള്ള വിശദീകരണങ്ങള്‍ നല്‍കാന്‍ അപ്പീല്‍ നല്‍കിയ കക്ഷിക്ക് (ചാങ്ങിന്റെ കമ്പനി) സാധിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.’- കോടതി വ്യക്തമാക്കി.


കടപ്പാട്; ഒസിസിആര്‍പി, ഫിനാന്‍ഷ്യല്‍ ടൈംസ്

Content Summary; Bank documents expose scale of secret investments in Adani group by Adani family associates

This post was last modified on February 18, 2026 7:16 am

രവി നായര്‍:
Related Post
Leave a Comment