ബംഗാളില്‍ ബിജെപിയുടെ ‘ചക്രവ്യൂഹം’; മമതയെ തളയ്ക്കാന്‍ സുവേന്ദു അധികാരി!

മമത ബാനര്‍ജിയുടെ രാഷ്ട്രീയ ജീവിതത്തിലെ സുരക്ഷിത മണ്ഡലം

മഹാഭാരത യുദ്ധത്തില്‍ ശത്രുക്കളെ കുടുക്കാന്‍ ദ്രോണാചാര്യര്‍ ഒരുക്കിയ അതിസങ്കീര്‍ണ്ണമായ യുദ്ധതന്ത്രമായിരുന്നു ചക്രവ്യൂഹം. സമാനമായ ഒരു രാഷ്ട്രീയ ചക്രവ്യൂഹം 2026-ലെ പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ചുറ്റും രൂപപ്പെടുന്നതായാണ് സൂചനകള്‍. തങ്ങളുടെ കരുത്തനായ നേതാവ് സുവേന്ദു അധികാരിയെ മമതയുടെ സ്വന്തം തട്ടകമായ ഭബാനിപൂരില്‍ തന്നെ മത്സരിപ്പിക്കാനുള്ള ബിജെപിയുടെ തീരുമാനം ഈ തന്ത്രത്തിന്റെ ഭാഗമാണ്.

മമത ബാനര്‍ജിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും സുരക്ഷിതമായ മണ്ഡലമായാണ് കൊല്‍ക്കത്തയിലെ ഭബാനിപൂര്‍ കണക്കാക്കപ്പെടുന്നത്. 2021-ലെ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട ശേഷം, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ മമത ആശ്രയിച്ചത് ഭബാനിപൂരിലെ ഉപതിരഞ്ഞെടുപ്പിനെയായിരുന്നു. അന്ന് 58,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച മമതയെ അതേ മണ്ഡലത്തില്‍ നേരിടാനാണ് ഇക്കുറി സുവേന്ദു അധികാരി ഒരുങ്ങുന്നത്.

ഇതിലൂടെ മമതയെ ഭബാനിപൂര്‍ മണ്ഡലത്തില്‍ മാത്രം ഒതുക്കി നിര്‍ത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. സംസ്ഥാനവ്യാപകമായി തൃണമൂലിന്റെ ഏക സ്റ്റാര്‍ കാമ്പെയ്നറായ മമത സ്വന്തം മണ്ഡലത്തിലെ പോരാട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ബന്ധിതയായാല്‍, മറ്റ് 293 മണ്ഡലങ്ങളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണം ദുര്‍ബലപ്പെടുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

2021-ല്‍ നന്ദിഗ്രാമില്‍ മമതയെ 1,956 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ചരിത്രം കുറിച്ച നേതാവാണ് സുവേന്ദു അധികാരി. ഇക്കുറി അദ്ദേഹം രണ്ട് സുപ്രധാന ദൗത്യങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. ഒന്ന് മമതയെ അവരുടെ തട്ടകമായ ഭബാനിപൂരില്‍ നേരിടുക. രണ്ട് സ്വന്തം മണ്ഡലമായ നന്ദിഗ്രാം നിലനിര്‍ത്തുക എന്നതാണ്. ‘നന്ദിഗ്രാമില്‍ ഞാന്‍ അവരെ തോല്‍പ്പിച്ചു, ഇത്തവണ ഭബാനിപൂരിലും അത് ആവര്‍ത്തിക്കും’ എന്ന സുവേന്ദുവിന്റെ പ്രഖ്യാപനം തൃണമൂല്‍ നേതൃത്വത്തിന് മേല്‍ വലിയ മാനസിക സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നത്.

മിനി ഭാരതം എന്നറിയപ്പെടുന്ന ഭബാനിപൂരിലെ വോട്ടര്‍മാരുടെ ഘടന ബിജെപിക്ക് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. ഗുജറാത്തികള്‍, മാര്‍വാഡികള്‍, പഞ്ചാബികള്‍ തുടങ്ങിയ സമുദായങ്ങള്‍ക്ക് ഈ മണ്ഡലത്തില്‍ വലിയ സ്വാധീനമുണ്ട്. ബംഗാളികളല്ലാത്ത 40 ശതമാനം പേര്‍ ഭബാനിപൂരില്‍ ഉണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പുറത്തുള്ളവര്‍ എന്ന വാചോടോപം ഈ വിഭാഗങ്ങളെ ബിജെപിയിലേക്ക് അടുപ്പിക്കാന്‍ സാധ്യതയുള്ളതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഈ വോട്ട് ബാങ്കുകളില്‍ വിള്ളലുണ്ടാക്കാന്‍ മമത ഇതിനോടകം തന്നെ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായാണ് സൂചന. ജൈന ക്ഷേത്രത്തിനായി ഭൂമി അനുവദിച്ചതും ഹിന്ദിയില്‍ പ്രസംഗിക്കുന്നതും ഇതിന്റെ ഭാഗമാണ്. എന്നാല്‍ കാലങ്ങളായി മമതയെ പിന്തുണയ്ക്കുന്ന 20 ശതമാനത്തോളം മുസ്ലീം വോട്ടര്‍മാരും ഇവിടെ സജീവമാണ്.

തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ഭബാനിപൂരില്‍ നിന്ന് 47,000-ത്തിലധികം പേരുകള്‍ നീക്കം ചെയ്തത് വലിയ വിവാദമായിട്ടുണ്ട്. തങ്ങളുടെ വോട്ടര്‍മാരെ ബോധപൂര്‍വ്വം നീക്കം ചെയ്യാനുള്ള ബിജെപിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഗൂഢാലോചനയാണിതെന്ന് മമത ആരോപിക്കുന്നു. എന്നാല്‍, ഇരട്ടിപ്പുകളും അസാധുവായ എന്‍ട്രികളും ഒഴിവാക്കുക മാത്രമാണ് ചെയ്തതെന്ന് ബിജെപി വ്യക്തമാക്കുന്നു.

മമതയുടെ അനന്തരവനും തൃണമൂലിലെ രണ്ടാമനുമായ അഭിഷേക് ബാനര്‍ജി നന്ദിഗ്രാമില്‍ സുവേന്ദുവിനെതിരെ മത്സരിക്കുമോ എന്ന ഊഹാപോഹങ്ങള്‍ ശക്തമാണ്. അവിടെ അദ്ദേഹം നടത്തുന്ന ആരോഗ്യ ക്യാമ്പുകളും ജനസമ്പര്‍ക്ക പരിപാടികളും ബിജെപിയുടെ ചക്രവ്യൂഹത്തിന് തൃണമൂല്‍ നല്‍കുന്ന മറുപടിയാണോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. ബിജെപിയുടെ ഈ ‘ചക്രവ്യൂഹം’ മമതയെ പ്രതിരോധത്തിലാക്കുമോ അതോ 2021-ലേതുപോലെ മമത ഈ തന്ത്രങ്ങളെ ഭേദിച്ച് പുറത്തുവരുമോ എന്നതാണ് 2026-ലെ ബംഗാള്‍ തിരഞ്ഞെടുപ്പിലെ പ്രധാന ചോദ്യം. ഒരു വശത്ത് സുവേന്ദുവിന്റെ വീര്യവും മറുവശത്ത് മമതയുടെ സംഘടനാ കരുത്തും ഏറ്റുമുട്ടുമ്പോള്‍ ഭബാനിപൂര്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടഭൂമിയായി മാറും.

Content Summary: Battle for Bhawanipur: Mamata vs Suvendu in a political Chakravyuh

This post was last modified on March 17, 2026 6:27 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment