സര്‍ക്കാര്‍ വക പൂജയും ചലപതി റാവുവുവിന്റെ എഡിറ്റോറിയലും; രാജ്ഭവന്‍-ഭാരതാംബ വിവാദത്തില്‍ ഓര്‍ക്കേണ്ടൊരു ചരിത്രം

എന്തുകൊണ്ട് നെഹ്‌റു നാഷണല്‍ ഹെറാള്‍ഡിന്റെ എഡിറ്റോറിയല്‍ പേജ് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും അയച്ചു കൊടുത്തു?

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടി ഗവര്‍ണറുടെ നേതൃത്വത്തില്‍ ആര്‍എസ്എസ്‌വത്കരിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് കൃഷിവകുപ്പ് പിന്‍മാറിയ സംഭവം വലിയ വിവാദമായിരിക്കുകയാണ്. ആര്‍എസ്എസ് ഉപയോഗിക്കുന്ന ഒരു ചിത്രം സര്‍ക്കാര്‍ വക പരിപാടിയില്‍ ഉപയോഗിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പരിപാടി ബഹിഷ്‌കരിക്കാന്‍ തന്റെ വകുപ്പിന് നിര്‍ദേശം കൊടുത്തത്. എന്നാല്‍ ബിജെപി ആരോപിക്കുന്നത്, മന്ത്രി ഭാരതാംബയെ അപമാനിച്ചുവെന്നാണ്. ഏതെങ്കിലും മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ ചിഹ്നം സര്‍ക്കാര്‍ വക പൊതുപരിപാടികളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഭരണഘടന പറയുന്നത്. അത്തരത്തില്‍ ഉപയോഗിച്ച അവസരത്തില്‍ ലോകത്തിന് മാതൃകയാകുന്നതരത്തില്‍ ഒരു സംഭവം ഇന്ത്യയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അഴിമുഖം ഉടന്‍ പ്രസിദ്ധീകരിക്കുന്ന പി. രാംകുമാറിന്റെ ‘ന്യൂസ് റൂമിലെ ഏകാകികള്‍ ‘ എന്ന പുസ്തകത്തിലെ, ‘എം. ചലപതി റാവു – യുഗപ്രഭാവനായ എഡിറ്റര്‍ ‘ എന്ന അദ്ധ്യായത്തിലാണ് ഈ ചരിത്രം ഓര്‍മിപ്പിക്കുന്നത്. ആ അധ്യായത്തില്‍ നിന്ന് ഒരു ഭാഗം.

ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു അധ്യായമാണ് മണിക്കൊണ്ട ചലപതി റാവു. നെഹ്‌റു യുഗത്തിലെ പ്രശസ്തനായ പത്രാധിപന്മാരിലൊരാള്‍. 32 വര്‍ഷം തുടര്‍ച്ചയായി നാഷണല്‍ ഹെറള്‍ഡിന്റെ പത്രാധിപരും ഗ്രന്ഥകാരനും ഇന്ത്യയിലെ പത്രപ്രവര്‍ത്തകരുടെ ആദ്യ സംഘടനയുടെ സ്ഥാപകാംഗവുമായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പത്രലോകത്തെ കുലകൂടസ്ഥനായ എം. ചലപതിറാവു ഓര്‍മ്മയായിട്ട് നാലു പതിറ്റാണ്ടു പിന്നിട്ടു. ഇപ്പോള്‍ വിവാദങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന, 86 വയസ്സ് പൂര്‍ത്തിയായ നാഷണല്‍ ഹെറാള്‍ഡ് ഇംഗ്ലീഷ് ദിനപത്രം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രിയപ്പെട്ട പത്രമായിരുന്നു.

നാഷണല്‍ ഹെറാള്‍ഡിന്റെ എഡിറ്റാറായിരുന്ന എം. ചലപതി റാവുവിന്റെ എഡിറ്റോറിയലുകള്‍ കേന്ദ്ര ഭരണസംവിധാനത്തില്‍ വരെ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. 50 കളില്‍ ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിയായ ഗോവിന്ദവല്ലഭ് പന്ത് പങ്കെടുത്ത ഒരു പൊതുമേഖലാ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി നടന്ന പൂജയുടെ ഫോട്ടോ ദിനപത്രങ്ങളില്‍ വന്നു. ഇതു ചലപതി റാവുവിനെ പ്രകോപിപ്പിച്ചു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നല്‍കിയ പൂജയുടെ ചിത്രം നാഷണല്‍ ഹെറാള്‍ഡില്‍ കൊടുത്ത ശേഷം ഒരു മതേരത രാഷ്ട്രമായ ഇന്ത്യയില്‍, സര്‍ക്കാരിന്റെ പരിപാടികളില്‍ മതപരമായ ചടങ്ങുകളെ ഉള്‍പ്പെടുത്തുന്നതിനെ നാഷണല്‍ ഹെറാള്‍ഡിലെഴുതിയ എഡിറ്റോറിയലിലൂടെ ചലപതി റാവു ശക്തിയായി വിമര്‍ശിച്ചു.

ചലപതി റാവു, നെഹ്‌റു, ഗോവിന്ദ് വല്ലഭായ് പന്ത്‌

ഇത് വായിച്ച പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഈ എഡിറ്റോറിയലിന്റെ കോപ്പികള്‍ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും അയയ്ക്കുകയും സര്‍ക്കാര്‍ തലത്തില്‍ ഇത്തരത്തിലുള്ള നടപടികള്‍ ഒഴിവാക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്തു. പത്രാധിപന്മാരുടെ വാക്കുകള്‍ക്കു ഭരണാധികാരികള്‍ വില കല്‍പ്പിച്ചിരുന്ന കാലമായിരുന്നു അത്. ഗോവിന്ദവല്ലഭ് പന്തിന്റെ ജീവചരിത്രമെഴുതിയ പത്രപ്രവര്‍ത്തകനാണ് ചലപതി റാവു. അതൊന്നും അദ്ദേഹം ഈ വിമര്‍ശനത്തിന് തടസമായില്ല.  Bharat Mata picture controversy. Chalapathi Rao’s National Herald editorial and Nehru

Content Summary; Bharat Mata picture controversy. Chalapathi Rao’s National Herald editorial and Nehru

This post was last modified on June 6, 2025 10:22 am

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment