June 04, 2026 |
Share on

ബിഹാറില്‍ ബലാത്സംഗം ചെയ്യപ്പെട്ട ദളിത് പെണ്‍കുട്ടി ചികിത്സ കിട്ടാതെ മരിച്ചു

11 കാരി ആംബുലന്‍സില്‍ കഴിയേണ്ടി വന്നത് മണിക്കൂറുകള്‍

ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് കൃത്യ സമയത്ത് ചികിത്സ കിട്ടാതെ വന്നതിനെ തുടര്‍ന്ന് ദാരുണാന്ത്യം. ലൈംഗിക പീഡനത്തിന് ഇരയായ കുട്ടിയെ പാറ്റ്‌ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായി കുടുംബം മണിക്കൂറുകളോളമാണ് ഒരു ആംബുലന്‍സിനുള്ളില്‍ കാത്തിരുന്നത്. ആ ദളിത് കുടുംബത്തിന് നേരിടേണ്ടി വന്ന അവഗണനയുടെ ഫലമായി ആ പെണ്‍കുട്ടിക്ക് ജീവനും നഷ്ടമായി.

11 വയസുള്ള പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. 30 വയസുള്ള രോഹിത് കുമാര്‍ സാഹ്നി എന്നയാളാണ് പ്രതി. ഇയാളെ പൊലീസ് അറസ്റ്റ ്‌ചെയ്തിട്ടുണ്ട്.

മേയ് 26 നാണ് സാഹ്നി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. ലൈംഗിക ഉപദ്രവം കൂടാതെ ഇയാള്‍ പെണ്‍കുട്ടിയെ ക്രൂരമായി മുറിവേല്‍പ്പിക്കുകയും ചെയ്തു. അയാള്‍ കുട്ടിയുടെ കഴുത്തിലും നെഞ്ചിലും വയറിലും പലതവണ കുത്തി, കൂടാതെ കഴുത്ത് അറക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ് കുട്ടിയെ മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. മേയ് 31 ന് കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി. തുടര്‍ന്ന് ഡോക്ടര്‍മാര്‍ കുട്ടിയെ പാറ്റ്‌ന മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദേശം നല്‍കി.

മുസാഫര്‍പൂര്‍ ആശുപത്രയിലെ ഡോക്ടര്‍മാര്‍ ആദ്യം നിര്‍ദേശിച്ചത്, കുട്ടിയെ പാറ്റ്‌ന എയിംസിലേക്ക് മാറ്റാനായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ താത്പര്യം കാണിക്കാതിരുന്നതോടെ ആ നിര്‍ദേശം അവഗണിക്കപ്പെട്ടുവെന്നാണ് കോണ്‍ഗ്രസ് എംപി രഞ്ജിത്ത് രഞ്ജന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ ആരോപിച്ചത്.

പാറ്റ്‌ന മെഡിക്കല്‍ കോളേജില്‍ ബന്ധപ്പെട്ടപ്പോള്‍ അത്യാഹിത വിഭാഗത്തില്‍ കുട്ടിയെ പ്രവേശിപ്പിക്കാന്‍ സ്ഥലമില്ലെന്നും മറ്റേതെങ്കിലും വാര്‍ഡിലേക്ക് മാറ്റാനാണ് അധികൃതര്‍ പറഞ്ഞതെന്നും കുട്ടിയുടെ അമ്മാവന്‍ ആരോപിക്കുന്നു. രണ്ടോ മൂന്നോ വാര്‍ഡുകളില്‍ നിന്നവര്‍ ഞങ്ങളെ പറഞ്ഞയച്ചു. പിന്നീടവര്‍ ഞങ്ങളെ പീഡിയാട്രിക് വിഭാഗത്തിലേക്ക് അയച്ചു. ആ സമയമൊക്കെയും അവള്‍ മണിക്കൂറുകളോളം ആംബുലന്‍സില്‍ കഴിയുകയായിരുന്നു. ചില രാഷ്ട്രീയക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ അവള്‍ മരിച്ചു; കുട്ടിയുടെ അമ്മാവന്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഏകദേശം അഞ്ചു മണിക്കൂറോളം പെണ്‍കുട്ടി ആംബുലന്‍സില്‍ തന്നെ കഴിയേണ്ടി വന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിഹാര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് റാം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയില്‍ എത്തിയതിന് ശേഷമാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറായത്.

കുട്ടിയുടെ അമ്മാവന്‍ പറഞ്ഞതായ മറ്റൊരു പരാതി, ആംബുലന്‍സില്‍ ആയിരുന്ന സമയത്ത് ഉപയോഗിച്ച ഓക്‌സിജന്റെ തുകയായി 2000 രൂപ തങ്ങളോട് ആവശ്യപ്പെട്ടുവെന്നാണ്. ഞായറാഴ്ച്ച രാവിലെ കുട്ടിയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വരുന്ന അവസ്ഥയായിരുന്നിട്ടും ഒരു ഡോക്ടര്‍പോലും വന്നു നോക്കിയില്ലെന്നും അമ്മാവന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പരാതിപ്പെടുന്നുണ്ട്.

പാറ്റ്‌ന മെഡിക്കല്‍ കോളേജ് അധികൃതര്‍ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്. കുട്ടിയെ ആദ്യം ഇഎന്‍ടി വിഭാഗത്തില്‍ പ്രവേശിപ്പിച്ചെന്നും പിന്നീട് ഗൈനക്കോളജി വിഭാഗത്തിലേക്ക് മാറ്റുകയാണുണ്ടായതെന്നും അധികൃതര്‍ പറയുന്നു.

സംഭവത്തില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രതിഷേധിച്ചു. മുസാഫര്‍പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിക്ക് നേരെയുണ്ടായ ക്രൂരതയും, ചികിത്സ അവഗണനയും അങ്ങേയറ്റം ലജ്ജാകരമാണെന്നാണ് രാഹുല്‍ എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്. കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ അവളുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് രാഹുല്‍ പറയുന്നത്. എന്നാല്‍ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ സുരക്ഷ ഒരുക്കുന്നതില്‍ മാത്രമല്ല, അവളുടെ ജീവന്‍ രക്ഷിക്കുന്നതിലും അശ്രദ്ധ കാണിച്ചു. ഇരയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ ഞങ്ങള്‍ നിശബ്ദരായിരിക്കില്ല. കുറ്റവാളികള്‍ക്കും ചികിത്സ നല്‍കാതെ അശ്രദ്ധ കാണിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്നും രാഹുല്‍ എഴുതുന്നു.  In Bihar , 11 year old Dalit girl raped and died without receiving proper treatment

Content Summary; In Bihar , 11 year old Dalit girl raped and died without receiving proper treatment

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×