June 04, 2026 |
Share on

ബിഹാർ തിരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കാൻ 2 ലക്ഷത്തിലധികം അപേക്ഷകൾ, പുതുതായി ചേർത്തത് 33,000 പേർ മാത്രം

അന്തിമ വോട്ടർ പട്ടിക സെപ്റ്റംബർ 30 ന് പ്രസിദ്ധീകരിക്കും

ബിഹാറിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാനും ഒഴിവാക്കാനുമുള്ള ഒരു മാസത്തെ സമയപരിധി ഇന്ന് അവസാനിക്കുമ്പോൾ, പുതിയതായി പേര് ചേർക്കാൻ അപേക്ഷിച്ചത് 33,000 പേർ മാത്രമാണെന്ന് റിപ്പോർട്ടുകൾ. അതേസമയം, വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യാൻ 2 ലക്ഷത്തിലധികം അപേക്ഷകളാണ് ലഭിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യ (ഇസിഐ) പുറത്തിറക്കിയ പ്രതിദിന ബുള്ളറ്റിൻ വ്യക്തമാക്കുന്നു.

കരട് വോട്ടർ പട്ടികയിൽ തെറ്റായി ഉൾപ്പെടുത്തിയ പേരുകൾ നീക്കം ചെയ്യാനാണ് കൂടുതൽ അപേക്ഷകൾ ലഭിച്ചത്. പുതിയ പേരുകൾ ചേർക്കുന്നതിനേക്കാൾ ആറ് മടങ്ങ് കൂടുതലാണ് പേരുകൾ ഒഴിവാക്കാനുള്ള അപേക്ഷകൾ.

കുടിയേറിയവർ, മരണപ്പെട്ടവർ, ഡൂപ്ലിക്കേഷൻ, തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഏകദേശം 65 ലക്ഷം വോട്ടർമാരെയാണ് ഇസിഐ ബിഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. രാഷ്ട്രീയ പാർട്ടികൾ നിയോഗിച്ച ബൂത്ത് ലെവൽ ഏജന്റുമാർ കരട് പട്ടികയിൽ പേരുകൾ ചേർക്കാൻ 25 അപേക്ഷകളും ഒഴിവാക്കാൻ 103 അപേക്ഷകളും സമർപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് 1ന് പുറത്തിറക്കിയ കരട് വോട്ടർ പട്ടികയിൽ പേര് ചേർക്കാനും ഒഴിവാക്കാനുമുള്ള അപേക്ഷകൾ സെപ്റ്റംബർ 1 വരെ സ്വീകരിച്ചിരുന്നു.

തിരഞ്ഞെടുപ്പ് നിയമങ്ങൾ അനുസരിച്ച് അയോഗ്യരെന്ന് കരുതുന്നവരുടെ പേര് ഒഴിവാക്കാനും, പട്ടികയിൽ നിന്ന് വിട്ടുപോയവരുടെ പേര് ചേർക്കാനും വ്യക്തികൾക്കും പാർട്ടികൾക്കും ആവശ്യപ്പെടാമെന്നും അറിയിച്ചിരുന്നു.

നവംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ബിഹാറിലെ അന്തിമ വോട്ടർ പട്ടിക സെപ്റ്റംബർ 30 ന് പ്രസിദ്ധീകരിക്കും. ബിഹാർ തിരഞ്ഞെടുപ്പ് പട്ടികയുടെ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ സമയത്ത് പട്ടികയിൽ നിന്ന് ഒഴിവാക്കിയവർക്ക് അപേക്ഷ നൽകാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ ജനതാ ദൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി നിലവിൽ പരിഗണനയിലാണ്.
എസ്ഐആറിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ല”എന്ന ഇസിഐയുടെ വാദത്തിന് വിരുദ്ധമായി, 89 ലക്ഷം പരാതികൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചെന്നും അതിന്റെ രേഖകൾ കൈവശമുണ്ടെന്നും ഓഗസ്റ്റ് 31ന് കോൺഗ്രസ് അറിയിച്ചിരുന്നു.

പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യാനുള്ള നാല് പ്രധാന കാരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടിയത്. ഇതിൽ 25 ലക്ഷം പേരെ മറ്റ് സ്ഥലങ്ങളിലേക്ക് മാറിയെന്ന കാരണത്താലും, 22 ലക്ഷം പേരെ മരിച്ചവരെന്ന് രേഖപ്പെടുത്തിയും, 9.7 ലക്ഷം പേരെ വിലാസങ്ങളിൽ കണ്ടെത്താത്തതിനാലും, 7 ലക്ഷം പേരെ ഒന്നിലധികം മണ്ഡലങ്ങളിൽ പേരുള്ളതിനാലും ഒഴിവാക്കിയെന്നാണ് കാരണങ്ങളായി പറഞ്ഞിരുന്നത്.

89 ലക്ഷം പരാതികൾ സമർപ്പിച്ചതായി കോൺഗ്രസ് പറഞ്ഞതിന് തൊട്ടുപിന്നാലെ പരാതി നൽകുന്നതിനുള്ള ശരിയായ ഫോം പൂരിപ്പിച്ച് സമർപ്പിക്കാനുള്ള നടപടിക്രമങ്ങൾ പാർട്ടി പാലിച്ചില്ലെന്ന് ബിഹാർ ചീഫ് ഇലക്ഷൻ ഓഫീസർ പ്രതികരിച്ചു. എസ്ഐആർ പ്രക്രിയയുടെ ഭാഗമായി ബിഹാറിലെ 7.24 കോടി വോട്ടർമാരിൽ 99.11ശതമാനം പേരും രേഖകൾ സമർപ്പിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ അല്ലെങ്കിൽ മറ്റ് 11 രേഖകൾ സ്വീകരിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Content Summary: Bihar elections: Over 2 lakh applications to remove names from voter list, only 33,000 new additions

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×