സ്വത്തു തര്‍ക്കവും രഹസ്യ കൊലപാതകവും; പ്രവീണിനെ പ്രതിയാക്കി സെബാസ്റ്റ്യന്റെ കേസ്

ഒരു നിഗൂഢ വൃദ്ധനും ചാരം മൂടാത്ത രഹസ്യങ്ങളും; പരമ്പര-6

cherthala serial killer sebastian. bindu padmanabhan murder case

കേരളത്തിലെ പ്രമാദമായ കേസുകളില്‍ ഒന്നാണ് ബിന്ദു പത്മനാഭന്‍ തിരോധനം. 2017 ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസ് എട്ടുവര്‍ഷങ്ങള്‍ക്കിപ്പുറം കൊലപാതക കേസായി മാറി. ബിന്ദു തിരോധാനത്തില്‍ മുഖ്യമായും സംശയിക്കപ്പെട്ട സിഎം സെബാസ്റ്റ്യന്‍ തന്നെയാണ് കൊലപാതക കുറ്റം സമ്മതിച്ചിരിക്കുന്നത്. (ഒന്നര ലക്ഷത്തിനായി ഒരു അരുംകൊല!, ബിന്ദുവിനെ ചാരമാക്കിയ ‘അമ്മാവന്‍’) ഏകദേശം 19 വര്‍ഷം മുമ്പ് ബിന്ദു കൊല്ലപ്പെട്ടിരുന്നു. ഇക്കാലമത്രയും സെബാസ്റ്റ്യന്‍ മൂടിവച്ചിരുന്ന സത്യം പുറത്തു വരുമ്പോള്‍, ഇതിനു പിന്നില്‍ നടന്നിരുന്ന പല കാര്യങ്ങളും ഒരു ക്രൈം ത്രില്ലര്‍ സിനിമയെ ഓര്‍മിപ്പിക്കുന്നതാണ്. പൊലീസ് റിപ്പോര്‍ട്ടുകളെയും നേരിട്ട് സംസാരിച്ചവര്‍ നല്‍കിയ വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ഈ പരമ്പരയില്‍ ആ കാര്യങ്ങളാണ് പറയുന്നത്. മുന്‍ ഭാഗങ്ങള്‍ ഇവിടെ വായിക്കാം; ഒരു ലൈസന്‍സും ഒരു മുക്ത്യാറും; ക്രിമനല്‍ ബുദ്ധിയിലെഴുതിയ തിരക്കഥആധാരമെഴുത്ത് ഓഫിസിലെ ഗൂഢാലോചനയും സബ് രജിസ്ട്രാര്‍ ഓഫിസിലെ ആള്‍മാറാട്ടവും. ജയയെ ബിന്ദു പത്മനാഭനാക്കിയ ‘അമ്മാവന്‍’; ആ കുടിലതയുടെ പിന്നിലെ കഥറിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരുടെ മുന്നറിയിപ്പ്; ബിന്ദുവിനെ തേടി പ്രവീണ്‍ ഇറങ്ങുന്നു, സെബാസ്റ്റ്യന്റെ പരാജയപ്പെട്ട ‘എസ്എസ്എല്‍സി പരീക്ഷണം’

ചേര്‍ത്തലയിലെ പോറ്റിക്കവലയില്‍ വച്ച് വാഹന പരിശോധനയില്‍ ഒരു വ്യാജ ലൈസന്‍സുകാരനെ ആര്‍ടിഒ പിടികൂടി. അയാളെ ചോദ്യം ചെയ്തപ്പോള്‍, തനിക്ക് ആ ലൈസന്‍സ് തരപ്പെടുത്തി തന്നത് തങ്കച്ചന്‍ എന്നയാളാണെന്ന് അയാള്‍ കുറ്റസമ്മതം നടത്തി. തങ്കച്ചനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തമിഴ്‌നാട് ലൈസന്‍സിന്റെ കഥകളൊക്കെ പൊലീസ് അറിഞ്ഞു. തങ്കച്ചനും സുനിലും ഉള്‍പ്പെടെ പലരും അറസ്റ്റിലായി. മേട്ടുപാളയത്ത് നിന്നും ഷണ്‍മുഖത്തെയും പിടികൂടി.

തങ്കച്ചന്‍-ഷണ്‍മുഖം കൂട്ടുകെട്ട് തരപ്പെടുത്തി കൊടുത്ത വ്യാജ ലൈസന്‍സുകളുടെ കൂട്ടത്തില്‍ കണ്ണന്‍ വഴിയെത്തിയ ബിന്ദുവിന്റെ പേരുള്ള ലൈസന്‍സും ഉണ്ടായിരുന്നു. തങ്കച്ചനും കണ്ണനും നടത്തിയ കുറ്റസമ്മതം സെബാസ്റ്റ്യനുള്ള കുരുക്കായി.

ബിന്ദുവിന്റെ ഒറിജിനല്‍ ലൈസന്‍സ്
യഥാര്‍ത്ഥ ബിന്ദു പത്മനാഭന്റെ പേരില്‍ ലൈസന്‍സ് ഉണ്ടായിരുന്നു. അതുപക്ഷേ തമിഴ്‌നാട്ടില്‍ നിന്നായിരുന്നില്ല. ബിന്ദു പി എന്ന പേരില്‍ ചേര്‍ത്തല സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും 1997 ല്‍ ഗിയര്‍ ഇല്ലാത്ത ടൂ വിലര്‍ വാഹനം ഓടിക്കാനുള്ള ലൈസന്‍സ് ഇഷ്യു ചെയ്തു കൊടുത്തിട്ടുണ്ട്.

സേലം ആര്‍ടിഒ യില്‍ നടത്തിയ അന്വേഷണത്തില്‍, ബിന്ദുവിന്റെ പേരില്‍ ലൈസന്‍സ് അനുവദിച്ചെന്നു പറയുന്ന സേലം വെസ്റ്റ് ആര്‍ടിഒ ഓഫീസ് 2007 ല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെന്നു വ്യക്തമായി. അതുമല്ല, 7025/N/ 2007 എന്ന നമ്പറില്‍ ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചിരിക്കുന്നത് ബിന്ദു പത്മനാഭനല്ല, അട്ടയംപടി സ്വദേശി രാജേന്ദ്രബാബുവിനായിരുന്നു.

കേസുകള്‍ വരുന്നു
വ്യാജരേഖകള്‍ ചമച്ച്, അതുപയോഗിച്ച് തയ്യാറാക്കിയ വ്യാജ മുക്ത്യാര്‍ ഉപയോഗിച്ച് സെബാസ്റ്റിയന്‍ ബിന്ദുവിന്റെ പേരില്‍ ഇടപ്പള്ളിയിലുള്ള സ്ഥലം വില്‍പ്പന നടത്തിയെന്ന് ബോധ്യമായതോടെ പട്ടണക്കാട് പൊലീസ് സ്റ്റേഷനില്‍, ബിന്ദു പത്മനാഭന്റെ പേരിലുള്ള സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി വ്യാജരേഖകള്‍ ചമച്ചതിന് 668/ 2018, 709/ 2018, 710/ 2018 എന്നീ നമ്പറുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 668/ 2018 എന്ന കേസിലാണ് ഒന്നാം പ്രതിയായ സെബാസ്റ്റ്യന്‍ ആദ്യമായി അറസ്റ്റിലാകുന്നതും റിമാന്‍ഡില്‍ കിടക്കുന്നതും.

എന്നാല്‍ അധിക നാളൊന്നും സെബാസ്റ്റ്യന്‍ ജയിലില്‍ കിടന്നില്ല. പുറത്തിറങ്ങിയ അയാള്‍ ഭാര്യയുടെ വീട്ടിലേക്ക് താമസം മാറ്റി. പള്ളിപ്പുറത്തെ വീട്ടില്‍ വല്ലപ്പോഴും വന്നുപോകുന്നൊരാളായി. നാട്ടുകാര്‍ അയാളുടെ അസാന്നിധ്യം ശ്രദ്ധിക്കാതെയായി. ബിന്ദു തിരോധന കേസും, വ്യാജ ഇടപാടിലൂടെ ബിന്ദുവിന്റെ വസ്തുക്കള്‍ വിറ്റതിന് സെബാസ്റ്റ്യന്‍ അറസ്റ്റിലായതും ജയില്‍ കിടന്നതുമൊക്കെ കുറച്ചു കാലത്തേക്ക് മാത്രം വാര്‍ത്തകളായി. വാര്‍ത്തകള്‍ മാറിയതോടെ ജനവും അതു മറന്നു. ആ കാര്യങ്ങള്‍ ചോദിച്ചവരോടൊക്കെ സെബാസ്റ്റിയന് പറയാന്‍ ഒരേ ഉത്തരമായിരുന്നു; ഞാനൊന്നും ചെയ്തിട്ടില്ല. ആ പെണ്ണിനെ അറിയാരുന്നു, ബന്ധമുണ്ടായിരുന്നു. ബാക്കിയൊന്നും അറിയില്ല.

പ്രവീണിനെതിരേ സെബാസ്റ്റ്യന്റെ കേസ്
ബിന്ദുവിനെ കാണാതായതിന് പിന്നില്‍ സഹോദരന്‍ പ്രവീണ്‍ ആണെന്നായിരുന്നു സെബാസ്റ്റ്യന്‍ ആരോപിച്ചത്. ബിന്ദുവിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ സ്വന്തം സഹോദരിയെ പ്രവീണ്‍ തന്നെയാണ് തടവില്‍ വച്ചത്. അവരുടെ തിരോധാനം പ്രവീണ്‍ നടത്തിയ ഗൂഢാലോചനയാണ്. അതിന് പൊലീസും കൂട്ടു നിന്നു. അവരെല്ലാവരും കൂടി എന്നെ പ്രതിയാക്കി. ഇതായിരുന്നു സെബാസ്റ്റ്യന്റെ ആരോപണം. ഇക്കാര്യങ്ങളെല്ലാം ചേര്‍ത്ത് 2018 ല്‍ സെബാസ്റ്റ്യന്‍ അഭിഭാഷകന്‍ മുഖേന ചേര്‍ത്തല കോടതിയില്‍ പരാതി നല്‍കി.

ഈ പരാതിയില്‍ ചാരയക്കച്ചവടം നടത്തി കോടികളുടെ കടബാധ്യത ഉണ്ടാക്കി വച്ചവനായാണ് പ്രവീണിനെ സെബാസ്റ്റ്യന്‍ ചിത്രീകരിച്ചത്. ബാധ്യതകള്‍ തീര്‍ക്കാനായി സ്വന്തം അമ്മാവന്റെ വസ്തുക്കള്‍ അമ്മാവന്‍ അറിയാതെ ബാധ്യതപ്പെടുത്തിയെന്നും പ്രവീണിനെതിരേ ആരോപണം ഉന്നയിക്കുന്നു. മറ്റുള്ളവരുടെ വസ്തുക്കള്‍ അന്യായമായി കൈക്കലാക്കുന്നൊരാളാണ് പ്രവീണ്‍. മാത്രമല്ല, പ്രവീണ്‍ ബിന്ദുവിനെ തിരക്കി സെബസ്റ്റ്യന്റെ വീട്ടില്‍ എത്തിയതിനു മുമ്പും ശേഷവും ബിന്ദു സെബാസ്റ്റ്യന്റെ ചൊങ്ങുംതറ വീട്ടില്‍ വന്നിരുന്നു. ഇക്കാര്യങ്ങള്‍ മറച്ചു വച്ചാണ് ബിന്ദുവിനെ കാണാനില്ലെന്ന പരാതി നല്‍കിയതും അതില്‍ തന്നെ കുറ്റക്കാരനാക്കിയതെന്നും സെബാസ്റ്റ്യന്‍ ആരോപിച്ചു.

ബിന്ദു തന്നോടും തന്റെ കുടുംബത്തോടും വളരെ സൗഹൃദത്തിലായിരുന്നുവെന്നാണ് സെബാസ്റ്റിയന്‍ പറയുന്നത്. മാത്രമല്ല അവര്‍ക്കിടയില്‍ പണമിടപാടുകളും നടന്നിരുന്നു. ഇടപാടുകളെല്ലാം വളരെ സത്യസന്ധമായിട്ടായിരുന്നു നടത്തിയിരുന്നതെന്നും സെബാസ്റ്റ്യന്‍ ആണയിടുന്നു.

സ്വത്തിന്റെ പേരില്‍ ബിന്ദുവും സഹോദരന്‍ പ്രവീണുമായി തര്‍ക്കത്തിലായിരുന്നു. സഹോദരനുമായി സ്വത്തവകാശത്തര്‍ക്കങ്ങള്‍ ഉണ്ടെന്നു ബിന്ദുവാണ് പറഞ്ഞത്. സ്വയം വരുത്തിവച്ച കോടികളുടെ കടങ്ങള്‍ തീര്‍ക്കാന്‍ അച്ഛന്റെയും അമ്മയുടെയും പേരിലുള്ള സ്വത്തുക്കള്‍ വിറ്റാലേ കഴിയൂ എന്നു പ്രവീണ്‍ കണക്കുകൂട്ടി, അതിന് തടസമായി അയാള്‍ കണ്ടത് ബിന്ദുവിനെയാണ്. ബിന്ദുവിനെ വിവാഹം കഴിക്കാന്‍ പ്രവീണ്‍ അനുവദിച്ചില്ല. സഹോദരി വിവാഹം കഴിച്ചാല്‍, ഭര്‍ത്താവായി വരുന്നയാള്‍ തന്റെ പദ്ധതികള്‍ നടക്കാന്‍ അനുവദിച്ചില്ലെങ്കിലോ എന്ന പേടിയായിരുന്നു പ്രവീണിന്. തനിക്ക് വന്ന 20 ഓളം വിവാഹാലോചനകള്‍ പ്രവീണ്‍ മുടക്കിയെന്ന് സങ്കടത്തോടെ ബിന്ദു പറഞ്ഞിട്ടുണ്ട്; ഇങ്ങനെ പോകുന്നു സെബാസ്റ്റിയന്റെ ആരോപണങ്ങള്‍.

സെബാസ്റ്റ്യന്റെ ആരോപണങ്ങള്‍
ബിന്ദുവിനെ തിരക്കി പ്രവീണ്‍ സുഹൃത്തുക്കളുമായി സെബാസ്റ്റ്യന്റെ വീട്ടില്‍ ചെന്ന കാര്യം മുന്‍പ് പറഞ്ഞിരുന്നല്ലോ. ഇതേ കാര്യം സെബാസ്റ്റിയന്‍ അവതരിപ്പിക്കുന്നത് മറ്റൊരു രീതിയിലാണ്.

2013 സെപ്തംബര്‍ ആദ്യ ആഴ്ച്ച. സെബാസ്റ്റിയനും ഓട്ടോറിക്ഷ ഡ്രൈവര്‍ മനോജും കൂടി പള്ളിപ്പുറത്തുള്ള ചൊങ്ങുംതറ വീട്ടിലെത്തുമ്പോള്‍ കാണുന്നത് പ്രവീണും കുറച്ചു പേരും വീടിന്റെ വരാന്തയില്‍ ഇരിക്കുന്നതാണ്. ബിന്ദു പറഞ്ഞു മാത്രം പരിചയമുളള പ്രവീണിനെ അന്നാണ് ആദ്യമായാണ് കാണുന്നത്. പ്രവീണ്‍ സ്വയം പരിചയപ്പെടുത്തി. വരവിന്റെ ഉദ്ദേശം തിരക്കിയപ്പോള്‍ ബിന്ദുവിനെ അന്വേഷിച്ചു വന്നതാണെന്നു പറഞ്ഞു. ബിന്ദുവിന്റെ പേരിലുള്ള വസ്തുവിന്റെ കച്ചവടവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നു പറഞ്ഞു.

പ്രവീണിന്റെ പെരുമാറ്റത്തില്‍ എന്തോ ദുരൂഹതകള്‍ തോന്നി. അത്യാവശ്യമായി ചില കുടുംബ സ്വത്തുക്കള്‍ വില്‍ക്കേണ്ടതുണ്ടെന്നും അതിന്റെ പേപ്പറുകള്‍ ശരിയാക്കിയിട്ട് ജോലി സ്ഥലത്തേക്ക് മടങ്ങേണ്ടതുണ്ടെന്നും അറിയിച്ചശേഷം സുഹൃത്തുക്കളുമായി പ്രവീണ്‍ മടങ്ങിപ്പോയി.

2018 ല്‍ പട്ടണക്കാട് പൊലീസ് വീട്ടിലെത്തി. പ്രവീണ്‍ നല്‍കിയ പരാതിയില്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ്. ഞാന്‍ സ്റ്റേഷനിലെത്തി. ഏകദേശം അഞ്ചു തവണ ഇതേ കാര്യത്തിന് സ്റ്റേഷനില്‍ ചെല്ലേണ്ടി വന്നെങ്കിലും അന്നൊന്നും പ്രവീണ്‍ സ്റ്റേഷനില്‍ എത്തിയിരുന്നില്ല. പിന്നെ കുത്തിയതോട് സ്‌റ്റേഷനില്‍ ചെല്ലാന്‍ പട്ടണക്കാട് സ്റ്റേഷനില്‍ നിന്നും അറിയിച്ചു. കുത്തിയതോട് പ്രവീണിന്റെ അഭിഭാഷകന്‍ എത്തുമെന്നാണ് അറിയിച്ചത്. എന്നാല്‍ അഭിഭാഷകനും വന്നില്ല. അവിടെവച്ചാണ് അറിയുന്നത്, പ്രവീണിനു വേണ്ടി അഭിഭാഷകനാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി കോപ്പി ആവശ്യപ്പെട്ടെങ്കിലും പൊലീസുകാര്‍ നല്‍കിയില്ല.

പട്ടണക്കാട് പൊലീസ് സ്റ്റേഷനില്‍ നിന്നും വീണ്ടും വിളി വന്നു. ബിന്ദു പത്മനാഭനെ കാണാനില്ലെന്ന പരാതിയില്‍ ചോദ്യം ചെയ്യണം. സ്‌റ്റേഷനില്‍ ചെന്ന് ചോദ്യം ചെയ്യലിന് ഹാജരായി. അതിനുശേഷം ഏറ്റുമാനൂരുള്ള ഭാര്യ വീട്ടിലേക്ക് താമസം മാറ്റി. അവിടെ വച്ചാണ് ബിന്ദു പത്മനാഭന്‍ തിരോധന കേസില്‍ എന്റെ പേര് ചേര്‍ത്ത വാര്‍ത്തകള്‍ പത്രത്തില്‍ വരുന്നതായി കണ്ടത്. ഇതിനൊപ്പം പൊലീസുകാരില്‍ നിന്നും ഭീഷണിയും വരാന്‍ തുടങ്ങി. ഇതോടെ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. ഈ സമയത്താണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

കോടിക്കണക്കിന് സ്വത്തിന് അവകാശിയാണ് ബിന്ദു പത്മനാഭന്‍. എന്നാല്‍ ആ സ്വത്തുവകകള്‍ കൈക്കലാക്കാന്‍ തനിക്കല്ല, കോടികളുടെ ബാധ്യതയുള്ള പ്രവീണിനായിരുന്നു ആഗ്രഹം. അതിനുവേണ്ടി എന്തും ചെയ്യാന്‍ പ്രവീണ്‍ തയ്യാറായിരുന്നു. ഇക്കാര്യം ബിന്ദു തന്നെ എന്നോട് പറഞ്ഞിട്ടുള്ളതാണ്.

2017 സെപ്തംബറിലാണ് പ്രവീണും സുഹൃത്തുക്കളും എന്റെ വീട്ടില്‍ വന്നു പോയതിന് ശേഷം(8.09.2017) ബിന്ദു എന്റെ വീട്ടില്‍ വന്നിരുന്നു. അതേമാസം 25 ആം തീയതിയും ബിന്ദു വീട്ടില്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പ്രവീണ്‍ മറച്ചു വയ്ക്കുകയാണ് ചെയ്തത്.

എന്റെ വീട്ടില്‍ പ്രവീണും സുഹൃത്തുക്കളും വന്ന ദിവസം, അവരുടെ സംസാരത്തില്‍ നിന്നും മനസിലായത്, ബിന്ദുവിനെ ഏതുവിധേനയും ഇല്ലാതാക്കാന്‍ അവര്‍ക്ക് പദ്ധതിയുണ്ടെന്നാണ്. എന്നാല്‍ പൊലീസും മാധ്യമങ്ങളും സൃഷ്ടിച്ച സംശയങ്ങള്‍ എന്റെ നേര്‍ക്കായിരുന്നു. പൊതുജന മധ്യത്തില്‍ എന്നെ കൊലയാളിയായി ചിത്രീകരിക്കുകയായിരുന്നു.

യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്, പ്രവീണും സുഹൃത്തുക്കളും ചേര്‍ന്ന് ബിന്ദുവിനെ രഹസ്യമായി തടവില്‍ വച്ച് ബിന്ദുവിന്റെ പേരിലുള്ള സ്വത്തുക്കള്‍ തട്ടിയെടുക്കുകയായിരുന്നു. അതിന്റെ മറവില്‍ എനിക്കെതിരേ പൊലീസിനെയും മാധ്യമങ്ങളെയും ദുഷ്ടപ്രചാരണങ്ങള്‍ക്ക് ഉപയോഗിച്ചു.

ബിന്ദു തിരോധാനത്തിന് പിന്നില്‍ പ്രവീണും സുഹൃത്തുക്കളുമാണ്. അത് മറച്ചു വയ്ക്കാന്‍ അവര്‍ എന്നെ പ്രതിയാക്കി. ഈ ഗൂഢാലോചന പുറത്തു വരണമെങ്കില്‍ പ്രവീണിനെ നുണപരിശോധനയ്ക്ക് വിധേയനാക്കണം. എന്നാല്‍ അത്തരം അന്വേഷണ സംവിധാനങ്ങളൊന്നും ഉപയോഗപ്പെടുത്താതെ പൊലീസുകാര്‍ എന്നെ പ്രതിയാക്കാന്‍ ശ്രമിക്കുകയായിരുന്നു.

ബിന്ദു കാണാതായതില്‍ തനിക്ക് പങ്കില്ല. ബിന്ദു കാണാതായതിനു പിന്നില്‍ പ്രവീണ്‍ ആണ്. സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ വേണ്ടിയാണ് പ്രവീണ്‍ അത് ചെയ്തത്. ആ ഗൂഢാലോചനയില്‍ പൊലീസും കൂട്ടു നിന്നു. ഈ കേസില്‍ താന്‍ നിരപരാധിയാണ്; ഈ കാര്യങ്ങളാണ് സെബാസ്റ്റ്യന്‍ ഇക്കാലമത്രയും പറഞ്ഞു നടന്നത്.

തെളിവുകള്‍ പലതും സെബാസ്റ്റ്യന് എതിരായിരുന്നിട്ടും ബിന്ദുവിന് എന്തു സംഭവിച്ചു എന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞ എട്ടു വര്‍ഷമായി കഴിഞ്ഞില്ല. ബിന്ദുവിന്റെ വസ്തുവകകള്‍ വില്‍പ്പന നടത്തി കോടികള്‍ സെബാസ്റ്റിയന്‍ സ്വന്തമാക്കിയിട്ടുണ്ടെന്നത് വാസ്തവം. കാരണം,ബസിലെ ക്ലീനര്‍ ജോലി മുതല്‍ വസ്തു കച്ചവടക്കാരന്റെ വേഷം വരെ ജീവിക്കാന്‍ വേണ്ടിയണിഞ്ഞിട്ടുള്ള സെബാസ്റ്റിയന്‍ ഒരു സുപ്രഭാതത്തിലെന്നപോലെയാണ് ചേര്‍ത്തല പട്ടണത്തിലെ പ്രധാന പലിശക്കാരനായി മാറിയത്. മാസം ഏഴും എട്ടും ലക്ഷം പലിശയിനത്തില്‍ പിരിച്ചെടുക്കാന്‍ മാത്രം അയാള്‍ എങ്ങനെയാണ് ‘കുബേരന്‍’ ആയത്?

ആ കഥകള്‍ അടുത്ത ഭാഗത്തില്‍

Content Summary; Cherthala Bindu Padmanabhan murder case: Sebastian’s allegations against Bindu’s brother praveen. Azhimukham Investigation

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Me:Add me on Facebook

This post was last modified on October 6, 2025 1:48 pm

രാകേഷ് സനല്‍: ന്യൂസ് എഡിറ്റര്‍, അഴിമുഖം
Related Post
Leave a Comment