March 20, 2025 |
Share on

മറുപടി കൊടുത്ത് മണിപ്പൂര്‍

ബിജെപിയെ കൈവിട്ട് വടക്ക്-കിഴക്ക് സംസ്ഥാനങ്ങള്‍

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നേരിട്ടത് വലിയ തിരിച്ചടി. കലാപം കത്തിയെരിഞ്ഞ മണിപ്പൂരടക്കം ബിജെപിയോടും അവരുടെ സഖ്യകക്ഷികളോടും തങ്ങള്‍ക്കുള്ള വിയോജിപ്പ് ബാലറ്റിലൂടെ പ്രകടമാക്കിയിരിക്കുകയാണ്. അസമിലും അരുണാചല്‍ പ്രദേശിലും മാത്രമാണ് ബിജെപിക്കോ എന്‍ഡിഎയ്‌ക്കോ ആശ്വസം കിട്ടിയിരിക്കുന്നത്. ബാക്കി മേഖലയിലെ ആദിവാസി ഭൂരിപക്ഷ സംസ്ഥാനങ്ങളെല്ലാം അവരെ കൈയൊഴിഞ്ഞു. bjp and nda setback in-north-east states including manipur, congress and regional parties gain 

മേഘാലയ, മണിപ്പൂര്‍, നാഗാലാന്‍ഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസോ, എന്‍ഡിഎ ഇതര കക്ഷികളോ ആണ് വിജയം നേടിയിരിക്കുന്നത്. മേഘാലയയിലും മണിപ്പൂരിലും രണ്ട് സീറ്റുകളും, നാഗാലാന്‍ഡിലും മിസോറാമിലും ഓരോ സീറ്റുകളുമാണ് ലോക്‌സഭയിലുള്ളത്. ഇത്തവണ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ശക്തി നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ്.

2019 ല്‍ അരുണാചല്‍ പ്രദേശിലെ രണ്ട് സീറ്റുകളും നേടിയത് ബിജെപിയായിരുന്നു. നാഗാലാന്‍ഡിലെ ഏക സീറ്റ് എന്‍ഡിഎ സഖ്യകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പീപ്പിള്‍സ് പാര്‍ട്ടിക്കായിരുന്നു. മിസോറിമിലെ ഒരു സീറ്റ് മറ്റൊരു എന്‍ഡിഎ സഖ്യകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ട് നേടി. മേഖലയിലെ തുറ സീറ്റ് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയിലൂടെ എന്‍ഡിഎ നേടിയെടുത്തപ്പോള്‍ മേഖലയിലെ രണ്ടാമത്തെ സീറ്റായ ഷില്ലോംഗ് മാത്രമാണ് കോണ്‍ഗ്രസിന് കിട്ടിയത്. മണിപ്പൂരിലെ ഇന്നര്‍ മണിപ്പൂര്‍ ബിജെപിയും ഔട്ടര്‍ മണിപ്പൂര്‍ അവരുടെ പങ്കാളിയായ നാഗ പീപ്പിള്‍സ് ഫ്രണ്ടുമായിരുന്നു കൈക്കലാക്കിയത്.

ഇത്തവണ ആ സാഹചര്യങ്ങളെല്ലാം പാടെ മാറിയിരുന്നു. മിസോറാമില്‍ ഒഴിച്ച് ബാക്കി സംസ്ഥാനങ്ങളിലെല്ലാം എന്‍ഡിഎ സഖ്യമാണ് മത്സരിച്ചത്. മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് ബിജെപിയെ വിട്ടതോടെ രണ്ടു പാര്‍ട്ടികളും തനിച്ചായിരുന്നു മത്സരിച്ചത്. മേഘാലായയിലെ രണ്ട് സീറ്റുകളിലും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയാണ് എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിച്ചത്. നാഗാലാന്‍ഡില്‍ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും, അരുണാചലില്‍ ബിജെപിയും സീറ്റ് പിടിക്കാനിറങ്ങി. മണിപ്പൂരിലാകട്ടെ മുന്‍കാലത്തേതു പോലെ ഔട്ടര്‍ മണിപ്പൂരില്‍ നാഗ പീപ്പിള്‍സ് ഫ്രണ്ടും, ഇന്നര്‍ മണിപ്പൂരില്‍ ബിജെപിയും കളത്തിലിറങ്ങി.

മണിപ്പൂരില്‍ രണ്ട് സീറ്റും ഇത്തവണ കോണ്‍ഗ്രസ് നേടി. ഒരു വര്‍ഷത്തിലേറെയായി അവിടെ നടക്കുന്ന വംശീയ കലാപം അവസാനിപ്പിക്കാന്‍ സാധ്യമായതൊന്നും ചെയ്യാതിരുന്ന കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി സര്‍ക്കാരുകള്‍ക്കുള്ള ജനങ്ങളുടെ മറുപടിയായിരുന്നു എന്‍ഡിഎയ്ക്കുണ്ടായ തോല്‍വി. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് ലോക്‌സഭ വിജയങ്ങള്‍. അതോടൊപ്പം പ്രാദേശിക പാര്‍ട്ടികള്‍ കരുത്താര്‍ജ്ജിക്കുന്ന സൂചനകളും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തിലുണ്ട്. ബിജെപിക്ക് ആശ്വാസത്തിനൊട്ടും വകയില്ലാത്തകാര്യങ്ങളാണ് മണിപ്പൂരില്‍ സംഭവിക്കുന്നത്.

ദേശീയ പാര്‍ട്ടികളോടുള്ള മമത മാറി പ്രാദേശിക കക്ഷികളോട് ജനങ്ങള്‍ ചേര്‍ന്ന് നില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നതും വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഇത്തവണത്തെ ജനവിധി വ്യക്തമാക്കുന്നുണ്ട്. മോദി തരംഗത്തിലും കൈവിടാതെ കോണ്‍ഗ്രസ് നിലനിര്‍ത്തിയ സീറ്റായിരുന്നു മേഘാലയയിലെ ഷില്ലോംഗ്. ഇത്തവണ വോയ്‌സ് ഓഫ് ദ പീപ്പിള്‍സ് പാര്‍ട്ടി(വിപിപി)യാണ് ഷില്ലോംഗ് സ്വന്തമാക്കിയത്. അതും 3.7 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍. ലോക്‌സഭയിലേക്കുള്ള വിപിപിയുടെ കന്നി മത്സരമായിരുന്നു ഇത്തവണ. വിപിപിയുടെ റിക്കി സിങ്കോണ്‍ പരാജയപ്പെടുത്തിയതാകട്ടെ, 2009 മുതല്‍ മൂന്നു തവണയായി ഷില്ലോംഗില്‍ വിജയിച്ചു പോരുന്ന കോണ്‍ഗ്രസിലെ വിന്‍സെന്റ് പാലായെ ആയിരുന്നു. ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പോയത്, സംസ്ഥാനത്തെ ഭരണകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ അംപരീന്‍ ലിങ്‌ദോ ആയിരുന്നു. സംസ്ഥാന സര്‍ക്കാരിലെ കാബിനറ്റ് മന്ത്രിയാണ് ലിങ്‌ദോ. മേഘാലയയില്‍ ഒരു ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ഭരണകൂടം നടപ്പിലാക്കുക, ജനങ്ങളുടെ പാരമ്പര്യങ്ങളെയും ആചാരങ്ങളെയും ബാധിക്കുന്ന കേന്ദ്ര നിയമങ്ങളില്‍ നിന്ന് സംസ്ഥാനത്തെ സംരക്ഷിക്കുന്നതിനായി ഭരണഘടനയുടെ 371-ാം അനുച്ഛേദത്തിന് കീഴില്‍ സംസ്ഥാനത്തെ കൊണ്ടുവരുക എന്നീ ആവശ്യങ്ങള്‍ക്കായി പോരാടുമെന്ന വാഗ്ദാനം നല്‍കിയാണ് വിപിപി ജനങ്ങള്‍ക്കിടയില്‍ സ്വാധീനം നേടിയെടിത്തിരിക്കുന്നത്. അതേസമയം മേഘാലയയിലെ രണ്ടാമത്തെ സീറ്റായ തുറു സ്വന്തമാക്കി കോണ്‍ഗ്രസ് തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. നിലവിലെ എംപിയും ഭരണകക്ഷിയായ എന്‍പിപിയുടെ സ്ഥാനാര്‍ത്ഥിയുമായ അഗത സാഗ്മയെ പരാജയപ്പെടുത്തിയാണ് സലേംഗ് സാഗ്മ കോണ്‍ഗ്രസിന് വേണ്ടി മണ്ഡലം പിടിച്ചെടുത്തത്. ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് നേടിയത്. മുന്‍ കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റ് സ്പീക്കറുമായിരുന്ന പി എ സാഗ്മ, തുടര്‍ന്ന് അദ്ദേഹത്തിന്റെ മകനും നിലവിലെ മേഘാലായ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാഗ്മ എന്നിവരിലൂടെ 1977 മുതല്‍(1989 നും 1991 നും ഇടയിലെ രണ്ട് വര്‍ഷങ്ങള്‍ ഒഴിച്ചാല്‍) കൈവശം വച്ചു പോന്നിരുന്ന മണ്ഡലത്തിലാണ് അഗതയ്ക്ക് ഇത്തവണ വീഴ്ച്ചയുണ്ടായിരിക്കുന്നത്.

നാഗാലാന്‍ഡിലും കോണ്‍ഗ്രസിന് അഭിമാനിക്കാവുന്ന വിജയമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് നിയമ സഭ തെരഞ്ഞെടുപ്പിലും ഇവിടെ കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത് പരാജയമായിരുന്നു. അവര്‍ ഇവിടെ നിന്ന് അവസാനമായി ലോക്‌സഭ സീറ്റ് നേടിയത് 1999ല്‍ ആയിരുന്നു. നിലവില്‍ എന്‍ഡിപിപി-ബിജെപി കൂട്ടുകെട്ടിലുള്ള എന്‍ഡിഎ സഖ്യമാണ് നാഗാലാന്‍ഡ് ഭരിക്കുന്നത്. മറ്റൊരു പ്രത്യേക, നാഗാലാന്‍ഡില്‍ പ്രതിപക്ഷം ഇല്ലായെന്നതാണ്. എന്‍സിപി, എന്‍പിപി, എന്‍പിഎഫ് എന്നീ പാര്‍ട്ടികളുടെ എംഎല്‍എമാരും സംസ്ഥാന സര്‍ക്കാരിനെയാണ് പിന്തുണയ്ക്കുന്നത്. അതുവഴി ഒരൊറ്റ പ്രതിപക്ഷ എംഎല്‍എ പോലും നാഗാലാന്‍ഡ് നിയമസഭയില്‍ ഇല്ല. എന്നിരിക്കെയാണ് നാഗാലാന്‍ഡിലെ ഏക പാര്‍ലമെന്റ് സീറ്റ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്.

മിസോറാം രാഷ്ട്രീയത്തില്‍ സ്ഥിരതയാര്‍ന്ന മുന്നേറ്റം കാഴ്ച്ചവച്ചു കൊണ്ടിരിക്കുന്ന സോറം പീപ്പിള്‍സ് മൂവ്‌മെന്റ് ആണ് അവിടെ നിന്നുള്ള ഏക പാര്‍ലമെന്റ് സീറ്റ് സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും പാര്‍ട്ടി ഉജ്വല വിജയമാണ് നേടിയത്. സംസ്ഥാനത്തെ അതികായന്മാരായിരുന്ന മിസോ നാഷണല്‍ ഫ്രണ്ടിനെയും കോണ്‍ഗ്രസിനെയും മറി കടന്നാണ് സോറം പിപ്പീള്‍സ് മൂവ്‌മെന്റ് അവിടെ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചെടുക്കുന്നത്.

Content Summary; bjp and nda setback in-north-east states including manipur, congress and regional parties gain

×